ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷര്‍മിള സി നായര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അബ്ദൂന്റെ ഉമ്മാന്റെ മയ്യത്തിന്റന്നാണ്
നീയും ഞാനും വീണ്ടും പുഴക്കരയില്‍ പോയത്
പുഴ വരണ്ട് വരണ്ട് മെലിഞ്ഞു പോയിരുന്നു.

ഉമ്മ വിളമ്പി തന്നിരുന്ന 
നെയ്‌ച്ചോറിന്റെ രുചി 
നാവിന്‍തുമ്പില്‍ നിന്ന് മാഞ്ഞിരുന്നില്ല.
മരണത്തിന്റെ അനിശ്ചിതത്വം
നിന്നെ വാചാലനാക്കി,
എന്നെ മൗനത്തിലും.

ഞാന്‍ ചൂണ്ടയിടുന്ന
കുട്ടികളിലേക്ക് നോട്ടം പായിച്ചു.
ചൂണ്ടയില്‍ കുടുങ്ങിയ
പരല്‍ മീനുകളിലൊരെണ്ണം
വഴുതിമാറിയ വരാലിനെ 
അസൂയയോടെ നോക്കി.
ഞാനും 

നീ ഒരു ചൂണ്ടക്കാരനും 
ഞാനൊരു പരല്‍ മീനുമായാലോന്ന്
വെറുതേ സങ്കല്പിച്ചു.
ആ ചിന്ത വരാല്‍പോലെ വഴുതിപ്പോയി.

അസ്തമയ സൂര്യന്റെ ചെങ്കതിരുകള്‍
വൃക്ഷത്തലപ്പിലൂടെ പതിയെ പതിയെ
ഭൂമിയെ ചുംബിച്ചു തുടങ്ങിയിരുന്നു.
വല്ലാത്തൊരു വിടപറച്ചില്‍!
ഒരു 'ഷോര്‍ട്ട് ബ്രേക്ക്' പോലും
എത്ര വികാരതരളിതം 

മുമ്പൊരിക്കല്‍ വിടപറയാന്‍ നേരം
നമ്മള്‍ ചുംബിച്ചതിന്റെ ഓര്‍മ്മ
തെളിഞ്ഞു നിവരുന്നു.
എന്റെ ചുണ്ടുകളില്‍ അന്നത്തെ
അതേ നനവ്..!

(ഹൃദയം കൊണ്ട് കൊരുക്കപ്പെട്ടവര്‍ക്ക് മാത്രമേ ഇത്ര ആഴത്തില്‍ ചുംബിക്കാനാവൂന്നല്ലേ എന്നെപ്പോലെ നിങ്ങളും ഇപ്പോള്‍ ചിന്തിക്കുന്നത്. )

ഞാന്‍ വീണ്ടും
കടല്‍ത്തീരത്ത് മണല്‍ക്കൂനകൊണ്ട് 
സൗധംപണിയുന്ന പഴയ പൊട്ടിപ്പെണ്ണായി.
അടുത്ത തിരയതു കവരുമെന്നറിയാതെ
മോടിപിടിപ്പിച്ചുകൊണ്ടിരുന്നൊരുവള്‍!

വിടപറയാന്‍ നേരമായെന്ന്
പതിവുപോലൊരാള്‍ നിന്നെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
മറ്റൊരാളാണല്ലോ നമ്മുടെ സമയം
നിശ്ചയിക്കുന്നതെന്ന ചിന്തയില്‍
നിന്നില്‍ നിന്നിറങ്ങിയോടാന്‍ തോന്നി.

അത്രമേല്‍ പ്രിയപ്പെട്ടൊരാളില്‍നിന്ന്
ഇറങ്ങിയോടാന്‍ തോന്നുന്നത്
എപ്പോഴായിരിക്കുമെന്ന്
നീ പോയിക്കഴിഞ്ഞ് വീണ്ടും ഓര്‍ത്തു.

പക്ഷേ,
നിന്നെ വിട്ടൊരുയാത്രയില്‍
എന്ത് ചെയ്യണമെന്ന് പതിവുപോലെ
അപ്പോഴും ഞാന്‍ മറന്നുപോയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...