ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഷര്‍മിള എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അയാളുടെ തിരക്കുകള്‍ കേള്‍ക്കുമ്പോള്‍
ഒന്ന് കാണണം മിണ്ടണം എന്ന തോന്നല്‍ 
അവള്‍
അപ്പൂപ്പന്‍ താടി പോലെ
കാറ്റില്‍പ്പറത്തും.

തൊട്ടടുത്ത ദിവസമാവും
തിരക്കുകള്‍ മാറ്റിവച്ചയാള്‍
അവളുടെ നാട്ടിലേക്ക്
വണ്ടി കയറുന്നത്.

കണ്ടേ മടങ്ങൂ എന്ന സന്ദേശം
വായിച്ചവള്‍
എന്നെ കാണാനല്ലല്ലോ
ഈ യാത്രയെന്ന്
പരിഭവിക്കാതിരിക്കില്ല.

നിന്നെയും കൂടിയെന്ന്
പതിവുപോലയാളും.

തന്നെമാത്രം കാണാനെത്തു-
ന്നൊരാളെ കാത്തിരിക്കുന്ന 
കുറുമ്പിയാവണമെന്ന് തോന്നാറുണ്ട്
ചിലപ്പോഴെങ്കിലും അവള്‍ക്ക്.

കുറ്റം പറയരുതല്ലോ
ഒരുമിച്ചുള്ള നേരമത്രയും
അയാള്‍ അവളുടേതും 
കൂടിയാണന്നവള്‍ക്കും 
തോന്നാറുണ്ട്.

എങ്കിലും
കരുതലായും വിഷാദമായും 
കാമമായും മിന്നിമറയുന്ന
അയാളിലെ പ്രണയഭാവങ്ങള്‍
സത്യമോ മിഥ്യയോയെന്ന-
റിയാതവള്‍ നെടുവീര്‍പ്പിടും.

ആത്മകാമനകളെ
തൊട്ടുണര്‍ത്തുന്നവള്‍
സ്വന്തമാവില്ലെന്നറിഞ്ഞിട്ടും
ഒന്നിനുമല്ലാതൊപ്പം കൂടിയവള്‍.

ഈ പ്രണയമഴയില്‍
നനയുമ്പോഴല്ലേ പൊട്ടീ
ഞാന്‍ പച്ച മനുഷ്യനാവുന്നതെന്ന്
പതിവുപോലയാളും.


പക്ഷേ, ഇടയ്ക്കിടയ്ക്ക്
അയാളുടെ കണ്ണുകള്‍
വാച്ചിലേയ്ക്ക് നീളുമ്പോള്‍
പരോളിലിറങ്ങിയ
രണ്ട് ജയില്‍പുള്ളികള്‍ 
കണ്ടുമുട്ടിയതുപോലെയാ
ണവള്‍ക്ക് തോന്നാറ്.


പിരിയാറാവുമ്പോള്‍
വീടണയാനുള്ള വ്യഗ്രത മാത്രമാവും 
അയാളുടെ കണ്ണുകളില്‍.

അല്‍പം മുമ്പ് മിന്നി മറഞ്ഞ
പ്രണയഭാവങ്ങള്‍ എങ്ങോ 
പോയ് മറഞ്ഞിട്ടുണ്ടാവും.

ഇനിയെന്നാ എന്നു ചോദിച്ചയാള്‍
ധൃതിയില്‍ കൈവീശി പിരിയുമ്പോള്‍
ഒരു നിമിഷം ഏതോ തുരുത്തില്‍ 
ഒറ്റപ്പെട്ടു പോവുമവള്‍.

രണ്ടു പേരിലേക്ക് നടന്നു നടന്ന്
ഒടുവില്‍ തന്നിലേയ്ക്കുതന്നെ
എത്തിച്ചേര്‍ന്നതു പോലെ.


(ഹോ! അവര്‍ പരോളിലിറങ്ങിയ രണ്ട് ജയില്‍പ്പുള്ളികളാണെന്നത് അവളെപ്പോലെ ഞാനും മറന്നു പോയി.. )


ഇപ്പോള്‍ അവര്‍
എതിര്‍ ദിശകളിലേക്ക് പായുന്ന
രണ്ട് തീവണ്ടികളിലെ
യാത്രക്കാരാണ്.
രാത്രിയില്‍ ചപ്പാത്തിക്ക് 
എന്താ കറിയെന്നാലോചിക്കുന്ന 
വീട്ടമ്മയാണാവളിപ്പോള്‍.

അയാളോ
ഭാര്യ വീടെത്തിയോന്നാരായുന്ന
സ്‌നേഹസമ്പന്നനായ ഗൃഹനാഥനും.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...