ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീജ ജെ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ആരവങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കുമിടയില്‍
'ഒറ്റയാണ്' താനെന്ന പൊള്ളുന്ന നീറ്റലില്‍
കരള്‍ പിടഞ്ഞ് ചിരി മറക്കുന്നവരെ കണ്ടിട്ടുണ്ടോ?

ഒറ്റമുറിയിലെ നിശ്ശബ്ദതയെ
ടി വിയുടെ ഒച്ചപ്പാടിനാല്‍ മുഖരിതമാക്കാന്‍ 
പാഴ്ശ്രമങ്ങള്‍ നടത്തി 
മൗനത്തിന്റെ മരവിപ്പിലേക്ക് 
നിലം പറ്റി ഹൃദയതാളം ചെവിയോര്‍ക്കുന്നവര്‍!

ഉടലകങ്ങള്‍ തളര്‍ന്ന് വൈകിയെത്തുന്ന
വൈകുന്നേരങ്ങളില്‍,
ഏകാന്തത ചത്തുകിടക്കുന്ന വീടിനകത്തേക്ക് 
മരവിച്ച കാലെടുത്തു വെയ്ക്കുമ്പോള്‍
ഓര്‍മയില്‍, സ്‌കൂളുവിട്ടെത്തും നേരം 
മാമൂട്ടാന്‍ കാത്തിരിക്കുന്ന അമ്മയെ
ഓര്‍ത്തു വിങ്ങി കരഞ്ഞു പോയിട്ടുണ്ടോ ?

ആരോടെങ്കിലുമൊന്നു മിണ്ടിപ്പറഞ്ഞ് 
മയക്കത്തിലേക്കുവീഴാന്‍
വെറുതെ കൊതിച്ച്
തലയിണ നനഞ്ഞുകുതിരുന്ന 
മരവിച്ച രാത്രികള്‍ക്കു കൂട്ടിരിക്കുന്നവര്‍!

കുടുംബകൂട്ടായ്മകളില്‍ മുഴച്ചു നില്‍ക്കുന്ന
ചേരായ്കയാണ് താനെന്ന തിരിച്ചറിവിലും,
നഷ്ടമാകുന്ന ബന്ധങ്ങളുടെ നോവ് മറച്ച് 
ആരവങ്ങളില്‍ സ്വയം മറക്കാന്‍ പാടുപെടുന്നവര്‍!

ചില നേരങ്ങളില്‍
നാട്ടിലേക്ക് ഒരു തുണക്കയറെത്തിപ്പിടിച്ച്
ആശ്വസിക്കാനായുമ്പോള്‍
'തിരക്ക്' എന്ന' തിരസ്‌ക്കരണ കുത്തേറ്റ് 
കരളു പിളര്‍ക്കും.
തൊണ്ടയില്‍ വാക്കുകള്‍ സൂചി പോലെ കുത്തും.
എത്ര അനായാസമാണ് ചിലര്‍ നമ്മെ മുറിച്ചിടുന്നത്!

പ്രവാസമെന്നത് മണല്‍ക്കാടെന്ന്
നാമറിയുമ്പോഴും
നാട്ടിലെ മഴയില്‍ കുളിരുവോര്‍ 
ഇവിടേക്ക് നോക്കിയാല്‍
മരുപ്പച്ചയും 
അത്തറിന്റെ മണവും മാത്രമേ കാണാറുള്ളൂ!

എങ്കിലും ഓരോ നിമിഷവും 
ഒറ്റയാണെന്ന് തൊട്ടറിയുമ്പോള്‍
ഇഷ്ടമുള്ള ഒരിടത്തേക്ക്
കാറ്റിനൊപ്പം കുതിക്കാനായി 
സ്വയം ഒരു പട്ടമാകാന്‍ മനസ്സ്
കൊതിക്കും!

സ്വയം നഷ്ടമാവുന്നത് തിരിച്ചറിഞ്ഞാലും,
ഉള്ളിലെ സ്വപ്നങ്ങള്‍ മരിച്ചു പോയാലും 
ഉറ്റവര്‍ക്കായി കൊതിക്കും.
കാണാന്‍ കൊതിച്ച് കാവലാകും..
മറ്റുള്ളവര്‍ക്ക് വിളക്കാകാന്‍ വേണ്ടി മാത്രം
സ്വയമെരിഞ്ഞടങ്ങും!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...