ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഷീജ പള്ളത്ത് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കാണുന്ന കടലെല്ലാം
ഒരേ നിറം, ഒരേഭാവം
ഒരേ അല, ഒരേ ചിരി.

സന്ധ്യകളിലവള്‍
ചമഞ്ഞൊരുങ്ങും 
പതഞ്ഞൊറിഞ്ഞുടുത്ത
നീലയാട, കവിളാകെ
ചെഞ്ചോപ്പ്, സൂര്യനെ
ചാര്‍ത്തിയ നെറ്റിത്തടം.
നിലാമാലയണിഞ്ഞ്
നക്ഷത്രക്കമ്മലിട്ട്
തിരമാലക്കയ്യാട്ടി
ക്ഷണിക്കും.

തീരമവളിലേക്കിറങ്ങും
അവളാഞ്ഞു പുല്‍കും.
കള്ളിയെന്നു
കളിയാക്കുന്നവരെ
മായ്ച്ചു മായ്ച്ചു
മടുപ്പിക്കും.

എന്നിലലിഞ്ഞത്രയുപ്പ്
ആരുമിറ്റിയിട്ടില്ലെന്ന്
പാറക്കെട്ടുകളില്‍
തലതല്ലും.

എന്റെയാഴങ്ങളെ
അറിഞ്ഞില്ലെന്ന്
പിന്‍വലിഞ്ഞു കുതറും.

രാവേറുമ്പോഴവള്‍
ആര്‍ദ്രയാകും 
കാറ്റിനോട്
കഥ പറഞ്ഞുറങ്ങും.
ഉണര്‍ന്നെണ്ണീറ്റ് 
ഈറന്‍ മാറി
ചോപ്പുടുക്കും,
ജ്വലിക്കുന്ന സൂര്യനെ
നെഞ്ചേറ്റി തിളച്ചു തൂകും.

പിന്നെ,
നിറം ചോര്‍ന്ന
സ്വപ്നമണിഞ്ഞ് 
വെളുത്തുപോയ
ആകാശത്തെ
താനെന്നു
തുറന്നു വയ്ക്കും.