ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സിന്ദുമോള്‍ തോമസ് എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

മഴയില്‍ കുതിര്‍ന്ന 
പനിനീര്‍ പൂക്കളുമായ് 
വീണ്ടും വന്നുവോ നീ
ജൂലിയ, 
തോപ്രാംകുടിയിലെ 
നീലക്കുന്നുകള്‍ക്കുമേല്‍ 
നനുത്ത കോടമഞ്ഞിറങ്ങും
പ്രഭാതത്തില്‍.


ജൂലിയ,
നീ മരതകക്കുന്നിന്‍ നെഞ്ചില്‍
വെളളിനീരൊഴുക്കിന്‍ ചരടില്‍ 
കോര്‍ത്തിട്ട ഇന്ദ്രനീലം,
നിന്‍ മിഴിത്തിളക്കമെന്‍
വാനിലെ താരകള്‍,
ചിരിയോ ശരത്കാലരാവിന്‍
നിലാവ്.


പ്രണയത്തിന്‍ 
വയലറ്റു പൂക്കളുമായ് 
കാറ്റുണര്‍ത്തുന്ന 
നീണ്ട മുടി വിതിര്‍ത്തിട്ട്
ഏലച്ചെടിയുടെ
തളിരിലകള്‍ തഴുകി,
നീ കുന്നിറങ്ങി വരുന്നു.

കുരുമുളകുതിരികളുടെ 
ഭാരത്താല്‍ 
മുഖം കുനിച്ചു നില്‍ക്കുന്ന 
കൊടികള്‍ക്കിടയിലൂടെ 
വാലന്‍കൊട്ടയുമൊക്കത്തു വെച്ച്
പ്രണയാര്‍ദ്രമിഴികളുമായി.

കമുകിന്‍ചോട്ടിലൂടെ 
നടന്നു നീ
കുന്നിക്കുരുച്ചോപ്പണിഞ്ഞ
പഴുക്ക ശേഖരിച്ചും 
വാഴക്കുടപ്പനൊന്നൊടിച്ചും
മൂത്ത കാന്താരികളടര്‍ത്തിയും.


കളളിനീലത്തോര്‍ത്ത്
മറയ്ക്കാത്ത 
മുടിയിഴകള്‍ 
മുഖത്തുപാറിവീണൊരു 
സുന്ദരദൃശ്യമാവുന്നു.


ജൂലിയ,
തോരാകര്‍ക്കിടക രാവുകള്‍ക്കപ്പുറം
മഞ്ഞിറങ്ങും 
പ്രഭാതങ്ങളുടെ കാവലാളാവുക,
ചുവന്നു സൂചികാഗ്രമിതളുളള
ഡാലിയപ്പൂക്കളതിരിടും 
മുറ്റത്ത്
ചുക്കുകാപ്പിമൊത്തിക്കുടി-
ച്ചെന്നെയുംകാത്തിരിക്കുക.