ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സിന്ദുകൃഷ്ണ കോട്ടോപ്പാടം എഴുതിയ  രണ്ട് കവിതകള്‍  

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മനുഷ്യരിടങ്ങള്‍

ഇഷ്ടങ്ങളെയൊക്കെ
മയില്‍പ്പീലി പോലെ
മനചെപ്പിലാരുമറിയാതെ
കൊണ്ടു നടക്കുന്ന
ഒരുവളാണ്!

ആരുടെ പ്രീതിക്കും
വഴങ്ങി കൊടുക്കാത്ത
ഒരുവള്‍!
എന്നാലും 
മാറ്റി നിര്‍ത്താതെ
അണച്ചു
പിടിച്ചേക്കണം.

രണ്ടില കണ്ടാല്‍
കാട് തിരയുന്നവളും
ഒറ്റ പൂവില്‍
വസന്തമാകാന്‍
കൊതിക്കുന്നവളുമാണ് 

ഓരോ ചാറ്റല്‍മഴയിലും
വരികളുടെ
പെരുമഴക്കാലം
തീര്‍ത്തു കവിതയില്‍
നനയുന്നവളാണ്!

എന്നിട്ടും
ചില ദിനങ്ങള്‍
വറ്റിപ്പോയൊരു
കാട്ടരുവി പോലെയാണ്.

ഒറ്റപ്പെട്ടൊരു
കുന്നുപോലെയാണ്!
ഏകാന്ത ദ്വീപിലേക്കു
വരച്ചു ചേര്‍ക്കപ്പെട്ടതു
പോലെയാണ്.

എത്രയെത്ര
നിലാ രാത്രികളെയാണ്
നിറഞ്ഞ മൗനത്താല്‍
കുടിച്ചു വറ്റിക്കുന്നത്.

എത്രയെത്ര പകലുകളാണ്
ആരുമില്ലായ്മകളായി
വിയര്‍പ്പാറ്റുന്നത്.

എത്രയെത്ര
നിശ്വാസങ്ങളെയാണ്
ഞാനെന്റെ ഹൃദയമിടിപ്പിന്റെ
താളക്രമങ്ങളാക്കുന്നത്.

എന്നിട്ടുമെന്നിലെ
ജീവകോശങ്ങള്‍
പറയുന്ന മന്ത്രധ്വനികളെ
രേഖപ്പെടുത്താനിടം
തേടിയൊരു പ്രതലം
തിരയുമ്പോള്‍.

എന്നിടങ്ങളില്‍
ലിഖിതപ്പെട്ടതെല്ലാം 
മനുഷ്യരിടങ്ങളിലേക്കു 
കൂടി ഞാന്‍ പകര്‍ത്തി
വെയ്ക്കുകയാണ്.

കാറ്റെടുത്ത വീട്

എന്നോ അടച്ചിട്ട വീടിന്റെ
മേല്‍ക്കൂര കാറ്റില്‍
പറന്നു പോയിരിക്കുന്നു
അകത്തളങ്ങളിലെ
ആത്മാക്കള്‍
മഴ നനഞ്ഞിരിക്കുന്നു

അവിടെയിന്നും
ഒരിക്കലും വിരിയാത്ത
കിനാ മുല്ലകളുണ്ട്
നിശ്വാസമുതിര്‍ക്കുന്ന
കല്‍ചുമരുകളില്‍
കണ്ണീരിന്റെ നനവുണ്ട്

ഇല പെരുക്കങ്ങളില്‍
മുറ്റമൊരു ചതുപ്പായി
തീര്‍ന്നിട്ടുണ്ടാകണം
പവിഴമല്ലികളിന്നും
കല്‍പ്പടവുകളില്‍
ഉതിര്‍ന്നു വീണിട്ടുണ്ടാകണം

മൗനം കുടിച്ചുറങ്ങിയ
വീടിന്റെ മച്ചില്‍ തൂങ്ങി
കാറ്റിലാടിയ മരപ്പാവ
ഒറ്റയ്ക്കാടി മടുത്തപ്പോള്‍
കാലുകള്‍ക്ക് ജീവന്‍
വെയ്പ്പിച്ചെങ്ങോട്ടോകും
ഇറങ്ങി നടന്നിട്ടുണ്ടാവുക

തട്ടിന്‍പുറത്തേക്കെത്തി
നോക്കിയിരുന്ന പേരക്ക
പഴങ്ങളെ കടിച്ചീമ്പിയ
കടവാവലുകള്‍ താവളം
നഷ്ടമായതില്‍ ദു:ഖം
രേഖപ്പെടുത്തിയിട്ടുണ്ടാകുമോ? 

മേല്‍ക്കൂര കാറ്റെടുത്ത
വീട്ടിലിപ്പോള്‍ 
പാമ്പും പഴുതാരയും 
താമസമാക്കിയിട്ടുണ്ടാകും
അവശിഷ്ടങ്ങള്‍ക്കിടയില്‍
ചിലന്തി വല കെട്ടി
രസിക്കുന്നുണ്ടാകും

നിഴലുകള്‍ ചലിക്കുന്ന
രാത്രി തൊടിയിലിന്ന്
കൂമന്റെ മൂളല്‍ മാത്രമാകും
എന്നോ കെട്ടുപോയ
അന്തി തിരികളില്‍
ആത്മാക്കളുടെ 
അപൂര്‍ണ്ണ മോഹങ്ങളുടെയൊരു 
നീല കടലുറങ്ങുന്നത്
ഞാനറിയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...