ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സിയാദ് എം ഷംസുദീന്‍  എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇടതടവില്ലാതെ ഒഴുകുന്ന
ആദ്യ പ്രേമത്തിന്റെ 
അടിവേര് വീണ്ടുമൊന്ന്
തൊട്ടുമുത്തി ഞാന്‍.
ഒരിറ്റ് ചോര വീഴ്ത്താതെ 
മനുഷ്യര്‍ ഒന്നടങ്കം ചത്ത് മലച്ച 
ആദ്യ പ്രേമം.

ദൈവമേ...
എനിക്ക് ഒന്നും 
ഓര്‍മ്മയില്ല.
ഓര്‍മ്മ ഞാന്‍
എവിടെയോ മറന്ന് വെച്ചിരിക്കുന്നു.
അല്ലെങ്കില്‍ ആരെയാണ് 
ഞാന്‍ ആദ്യം പ്രണയിച്ചത്!
രണ്ടാമത്തെ പ്രേമം ഏതായിരുന്നു!
എത്ര പ്രേമം പിന്നിട്ടിരിക്കുന്നു!

ദൈവമേ.. 
എനിക്ക് ഒന്നും തന്നെ 
ഓര്‍മ്മയില്ല.
ആ ഓര്‍മ്മ ഞാന്‍
എവിടെയോ മറന്ന് വെച്ചിരിക്കുന്നു.
അല്ലെങ്കില്‍ ഞാന്‍ അവരെ
പ്രണയിച്ചിരുന്നോ!
ഹൃദയം തുളച്ചൊഴുകുന്ന അവളുടെ
സംഗീതത്തെയാണോ
അവളുടെ എഴുത്തുകളെയാണോ
അല്ലെങ്കില്‍ 
മറ്റൊരാളുടെ
സൗന്ദര്യത്തെയാണോ
ഞാന്‍ പ്രണയിച്ചിരുന്നത്.

ദൈവമേ..
എനിക്കൊന്നും തന്നെ ഓര്‍മയില്ല.

ചുരുണ്ട പത്തുരൂപ നോട്ടിന് പകരമായ്
വഴിയിലാ പൂക്കാരി വെച്ച് നീട്ടിയ 
മുല്ലപ്പൂ വാസനയിലും ഞാന്‍
ആദ്യ പ്രേമത്തെ തൊട്ടൊന്നു ചുംബിച്ചു.

നിറഞ്ഞൊഴുകുന്ന 
മുല്ലപ്പൂമണത്തിലും 
രാത്രിയുടെ ഈ നീണ്ട നിസ്സംഗതയെ
വിസ്മൃതിയെ ഓര്‍ത്ത് 
ഞാനൊന്ന് പൊട്ടിക്കരഞ്ഞു.

ദൈവമേ
എനിക്കൊന്നും തന്നെ ഓര്‍മയില്ല.
ആ ഓര്‍മ്മ ഞാന്‍
എവിടെയോ മറന്ന് വെച്ചിരിക്കുന്നു.

ആദ്യ പ്രേമത്തെ സംബന്ധിച്ച ജ്ഞാനം 
എനിക്ക് നഷ്ടമായിരിക്കുന്നു.
പക്ഷെ ചിലപ്പോള്‍ 
ഞാനിന്നും 
ദേശങ്ങളില്ലാത്ത 
ഇന്ന് വരെ കണ്ടുമുട്ടാത്ത 
പുഴ പോല്‍ ഒഴുകുന്ന 
മറ്റൊരുവളുമായ് 
പ്രണയത്തിലായിരുന്നിരിക്കണം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...