Asianet News MalayalamAsianet News Malayalam

Malayalam Poem : ജുമാരാത്, ഷൈക് സായിദ് റോഡ്, ദുബൈ; സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

chilla malayalam poem by Smith Anthikkad
Author
Thiruvananthapuram, First Published Jan 29, 2022, 4:55 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Smith Anthikkad

 

റോഡറ്റം വരെ
ചുവന്ന കണ്ണുകള്‍
കത്തിയിഴയുകയാണ്
വാലും തലയുമില്ലാത്ത
ജീവിതം പോലൊരിഴജന്തു.

സെല്‍ഫോണില്‍ പച്ചത്തിളക്കം
നാട്ടുവായ്ത്താരി

വിശേഷമൊന്നുമില്ല
സുകന്യയിപ്പോള്‍
പ്ലുസ്ടുവിലേക്കായി
രാവിലെ പോയാല്‍
വരുന്നതേറെ വൈകി
സന്ധ്യ കഴിയും 
ചിലപ്പോള്‍
സ്‌പെഷല്‍ ക്ലാസ്
സ്റ്റഡി ടൂര്‍..


പേടിയുണ്ടെനിക്ക്
പേപിടിച്ച കഥകളാണു 
ചുറ്റിലും
തലയും മുലയും വളര്‍ന്നു പെണ്ണിന്, 
പിടിച്ചാര്‍ക്കെങ്കിലും കൊടുത്താല്‍
പാതിതീര്‍ന്നിതാധികള്‍.

പുതു മണങ്ങളാണവള്‍ക്കു പ്രിയം
പുതിയ ഭാഷ, വേഷം
ചടുല വേഗങ്ങള്‍
നൃത്ത ചുവടുകള്‍
തനിച്ചു താങ്ങുവാന്‍
വയ്യെനിക്കിനി
തണലൊഴിയുന്നൊരീ
ജീവിതപ്പാതയിലെ കാനല്‍
സുഖമല്ലെയെന്നൊരു
വ്യര്‍ഥ ചോദൃത്തിന്റെ
വേദനയിലൊന്നു ചിരിച്ചു
മുറിയുന്നു
നാഡിയില്ലാ ഫോണിലെ
സ്വര കമ്പനങ്ങള്‍

രാത്രി,
തൗസന്റ്  വില്ല,  ഷാര്‍ജ

അരണ്ട വെളിച്ചമുള്ള മുറി
ഒഴിവു ദിവസത്തിന്റെ 
ചാവുനിലം
പതിവു വീഞ്ഞു സല്‍ക്കാരം
കട്ടിലില്‍
തറയില്‍
ചുമര്‍ചാരി
നിഴലുകള്‍
രാഘവേട്ടനെന്തെയിത്ര വൈകി
വരില്ലെന്നു കരുതി
ഞങ്ങളിപ്പോഴെ തുടങ്ങി,
നിഴലിലൊന്നു
അഷറഫ് ആയിരിക്കണം
അല്ലെങ്കില്ലതു ജോസ്
മനസ്സിലിപ്പോഴും
മകളിഴഞ്ഞു നീന്തുന്നതിനാല്‍
മനസ്സിലാകുന്നില്ലയീ
പരിചിത സ്വരങ്ങളും

നോക്കു രാഘവേട്ടാ,
അവളുടെയുടല്‍ ചന്തം
പതിനാറെന്നു പറയില്ല
എത്രയൊതുക്കമീയരക്കെട്ട്
നിറമാറിലെയീ
നീലമറുകൊന്നു നോക്ക്
നോക്കവളുടെയൊടുക്കത്തെ നാണം
മുഖമുയര്‍ത്തുന്നില്ലയീ
കള്ള....
എരിയുന്ന തൊണ്ടയടഞ്ഞു
നിര്‍ത്തുന്നു അബ്ദുള്ള
വെള്ളമൊഴിക്കാതെ മോന്തിയ
വീര്യം പോലെ വാക്കുകള്‍
നെഞ്ചിലൂടെ പൊള്ളിയിറങ്ങുന്നു .

തിരിഞ്ഞു നോക്കാതെയറിയാം
ടിവിയില്‍ ഉടുപ്പൂരുന്നതൊരു
യുവതിയായിരിക്കണം
അല്ലെങ്കില്‍.

നമ്മുടെ മോള്‍ക്ക്
അറിയാത്ത സുഗന്ധങ്ങള്‍
രാഘവേട്ടാ,
പതിനാറിനുടല്‍ ചന്തം
അവള്‍ക്കു പുതിയ ഭാഷയും
വേഷങ്ങളും.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios