ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ഇടയ്ക്കിടെ 
തേന്‍മൊന്ത
കുടിക്കാനെന്നപൊലെ
കഴുത്തിടുക്കില്‍ അതിയാന്‍
തപ്പാറുണ്ട്.

കരടിരോമക്കാടില്‍ 
പുഴു കണക്കെ
പറ്റി കടക്കുമ്പോള്‍
നേരം പുലരണത്
അറിയണേല്‍ 
അതിയാന്റെ 
അന്തിക്കൂട്ടത്തിലെ 
ഹണീബീയുടെ 
വാട മൂക്കിലൂടിറങ്ങി
നാക്കിലരിച്ചൊരു നാഗമാകണം

പല്ലുകടിച്ചതിയാന്റെ 
ചീത്ത കേട്ടില്ലേല്‍
രോമക്കാടില്‍ കണ്‍പീലിയുരസി
ഒന്നു ശ്വാസം മുട്ടിയില്ലേല്‍
ഏനക്കേടാണ്.. 

പറഞ്ഞു വന്നത്.. 
ഒരാഴ്ചമുന്നേ അതിയാനെന്നെ
അടക്കി,
വേറെ പെണ്ണും കെട്ടി
കറുത്ത കരടിരോമങ്ങളില്‍
വേറൊരു പുഴുവിനെ കണ്ടു 
ചില്ലിട്ട് വെച്ച ഫോട്ടോയുടെ
അടുത്ത മങ്ങിയ ബള്‍ബിനോട്
കുടുകുടാ ചിരിച്ചു.. 

അതിയാനെന്നെ 
കൊന്നതാണെന്ന്
ഞാനിപ്പോഴും ആരോടും 
സമ്മതിച്ചിട്ടില്ല