ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സ്‌നേഹ മാണിക്കത്ത് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അകല്‍ച്ചയുടെ ഏഴാം നാള്‍ 
പിന്തുടര്‍ന്ന് 
വയറ്റില്‍ മൂര്‍ച്ചയുള്ള കത്തി സൂക്ഷിച്ചുവെച്ച് 
നിശബ്ദമായി ആമാശയത്തെ അറുത്ത 
അനുരാഗം അനുഭവിക്കണം.

ഒരു കൊലപാതകിയെ
ഓര്‍മിപ്പിക്കും വിധം
ചളിപിടിച്ച കടിച്ച
നഖങ്ങള്‍ കൊണ്ടു
അത് നിങ്ങളില്‍
പോറലുകള്‍ ഉണ്ടാക്കും

എത്രയൊക്കെ നടന്നു
തീര്‍ത്താലും പാതകള്‍
അസ്തമയ സൂര്യനെപോലെ 
മോഹിപ്പിക്കും

കാണുന്ന മനുഷ്യരിലൊക്കെ,
പഴകിയ വീഞ്ഞ് കുടിച്ച
ബനിയനുകളിലൊക്കെ,
പാതി തിന്നു തുപ്പിയ
മീന്‍ മുള്ളുകളില്‍ ഒക്കെ
നിങ്ങള്‍ ഒരാളെ തിരയും

വെയില്‍ തിന്നു മഴ
ചീര്‍ക്കുമ്പോള്‍
ചുംബനങ്ങള്‍
പെരുമഴയുടെ ശബ്ദം പോലെ 
കാതില്‍ പെയ്യും 

വീണ്ടും അകല്‍ച്ചയുടെ
വിദൂരതീരം വന്നെത്തും
നിദ്രയുടെ ദ്വീപുകള്‍
നിങ്ങള്‍ക്ക് അന്യമാകും

നിശബ്ദമായി
വധിക്കപ്പെട്ടുവെന്ന്
പറഞ്ഞറിയാന്‍
മാത്രം വീണ്ടും
നിങ്ങള്‍ ജീവിച്ചു കൊണ്ടേയിരിക്കും



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...