ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ശ്രീമയി എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇരുളിനെ നോക്കി നോക്കി

അനേകം ജനാലകളുള്ള ഇരുട്ട്
നോക്കിനോക്കി നില്‍ക്കെ 
വഴി തെറ്റി പോകുന്നു.

പല കവാടങ്ങളുള്ള നഗരത്തെ
കണ്ണടച്ച് പ്രദക്ഷിണം ചെയ്യുമ്പോലെ
തട്ടി തടഞ്ഞു വീഴുന്നു.

വെളിച്ചം വെളിച്ചെമെന്നാര്‍ക്കുന്നു

ഒടുവില്‍ 
ഏറ്റം പഴകിയ, ഇളകുന്ന വിജാഗിരിയുടെ
ശബ്ദത്തിനു പുറകെ അലഞ്ഞു.
അവിടെ നിന്നൂര്‍ന്നു വീണേക്കാവുന്ന
പ്രകാശത്തിനപ്പുറം ഒരു മുറിയും
ഇപ്പുറം നഗരവും തിളങ്ങുന്നുണ്ടാവും.

മുറിവുകള്‍

മുറിവുകളില്‍ നിന്നെല്ലാം വിടുതല്‍ നേടി
പറന്നു തുടങ്ങിയപ്പോള്‍ വേദനിച്ചു.

പാറ പോലുറച്ച തൂവലുകള്‍ തമ്മിലുരസി,
അനങ്ങാനറച്ചു
തൂവലടയാളത്തില്‍ മടി കൊമ്പ് കോര്‍ത്തു.

എന്തിനെന്നു കരഞ്ഞു തുറക്കുന്ന
ദ്രവിച്ച വാതിലില്‍ എന്തോ ഞരങ്ങി

എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ
ഹൃദയം ഒന്ന് കരഞ്ഞു, 
പതിഞ്ഞ താളത്തില്‍.
ആകാശം മഴയും മേഘവും വെയിലും മഴവില്ലും
വരച്ചുകൊണ്ടിരിക്കുന്നു 


അവളും ഞാനും

ഇടുങ്ങിയ ഗലികളിലെ 
ആള്‍ക്കൂട്ടത്തിനിടയിലൂടെ തെന്നിനീങ്ങുന്ന,
പൊളിഞ്ഞടര്‍ന്നു വീഴുന്ന പച്ച ചായത്തില്‍
കൈകളൂന്നി തെരുവിലേക്കു ഉറ്റു നോക്കുന്ന,
രണ്ടു കറുത്ത സ്ത്രീകള്‍.

രണ്ടും ഞാന്‍ തന്നെയെന്ന് പറഞ്ഞു തരുന്ന സ്വപ്നം
വെറുതെ ഒരു സ്വപ്‌നം.

ജനല്‍പാളിയില്‍ 
കൊക്കുരുമ്മുന്ന കിളി 
ആകെ 
നനഞ്ഞു കുതിര്‍ന്നിരിക്കുന്നു

നമ്മള്‍ 

തിരികെ പറക്കുന്ന പക്ഷികളുടെ
നിര തെറ്റിയ ചിത്രങ്ങളായി
എന്റെ വൈകുന്നേരങ്ങള്‍ മാറിയിരിക്കുന്നു

നീയെന്നെയും ഞാന്‍ നിന്നെയും
മറന്നു തുടങ്ങിയിരിക്കുന്നു, 
പാട്ടുകള്‍ പോലെ.

എനിക്കിപ്പോള്‍ പാടാന്‍ സാധിക്കുന്നതേയില്ല

മറവി എന്ന തലക്കെട്ടോടെ
ഞാനിന്നു നമ്മളെ
ഈ കടല്‍ക്കരയില്‍ ഉപേക്ഷിക്കുന്നു

ഏകാന്തത എന്നെ വരിഞ്ഞു മുറുക്കുന്നു


മരണപ്പെട്ടവര്‍

അകാലത്തില്‍ പൊലിഞ്ഞു പോയവര്‍
നിര നിരയായി എന്റെ മയക്കത്തിന്
കാവല്‍ നില്‍ക്കുകയായിരുന്നു.

അമിതമായ വിഷാദത്തില്‍ നിന്ന്
ഉണരാതിരിക്കാന്‍
അവര്‍ ചുംബിച്ചു കൊണ്ടേയിരുന്നു.

വഴങ്ങി കൊടുക്കുന്ന 
ഭോഗാവസ്ഥയിലെന്ന പോലെ
കണ്ണുകളടച്ചു ഞാനും ഏറെനേരം കിടന്നു.

നിഴലുകള്‍ വിട്ടൊഴിഞ്ഞ
നിഗൂഢമായ ഈ നിശ്ശബ്ദത
എന്നെയും 
ഈ മുറിയെയും 
വിട്ടൊഴിയുന്നില്ല