ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുജേഷ് പി പി എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അടുത്തടുത്ത
ഫ്‌ളാറ്റിലെ
രണ്ട് അക്വേറിയം,
ഒന്ന് നിളയും
മറ്റൊന്ന് കടലെന്നും
നീട്ടി വിളിയുള്ളത്,

പേരിന്‍റെ
വലുപ്പച്ചെറുപ്പമില്ലാതെ
ഇടയ്ക്കിടെ
മുഖാമുഖം നോക്കി
നില്ക്കാറുണ്ട്,
രണ്ട് വീടുകളുടെ
അടുത്തടുത്ത
മിണ്ടിപ്പറച്ചില്‍ പോലെ
വാതില്‍ തുറക്കുന്ന
പുതിയ ഭാഷ പോലെ,

പ്രണയിക്കുമ്പോള്‍
കടല്‍കടന്ന്
അരികിലെത്തുന്ന
മീനുകളെന്നപോല്‍
ഇരുപുറവും
നോക്കി നില്‍ക്കുന്നുണ്ട്,

നിളയുടെ നിലാവ്
കടലുപ്പിന്‍ ഓര്‍മ്മകള്‍
രാമഞ്ഞില്‍ ഇലകള്‍
തിരയിളക്കത്തിന്‍റെ
ഒരിറ്റ് തെളിമ

പരസ്പരം കണ്‍പീലി
തട്ടി രാത്രിയിലാകെ
രണ്ടിടങ്ങളും നിറയുന്നുണ്ട് ഉറക്കം
ആഴത്തിലൊരു ക്യാന്‍വാസ്,
വരച്ചിട്ട പോലെ,
ചിറക് മുളച്ച്,
ചെതുമ്പല്‍ മുളച്ച്
കാല്‍പ്പാദം ലോപിച്ച്,
നമ്മളാക്കാഴ്ച്ചയുടെ
മീനുകളാകുന്നു,
ഫ്‌ളാറ്റുകള്‍ അക്വേറിയവും,

നമുക്ക് മുന്നിലെ ഷോക്കേസില്‍
കടലും നിളയുമെന്ന് പേരിട്ട
ജലത്തിന്‍റെ ചെറുരൂപം
ബൊണ്‍സായി
വളര്‍ത്തുന്ന പോലെ,

ഫ്‌ളാറ്റുകള്‍ വളര്‍ത്തുന്നതിനെല്ലാം
മനുഷ്യരുടെ ഒഴുക്കം, തലയിളക്കം,
ഫ്‌ളാറ്റുകള്‍ വളര്‍ത്തുന്നതിനെല്ലാം
മനുഷ്യരുടെ ഒഴുക്കം, തലയിളക്കം

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...