ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

കടന്ന് ചെന്നിട്ടുണ്ടാവണം
പാതിരയോളമൊരു കായല്‍,
പുഴയൊഴുകുന്ന വഴിയില്‍,
കാട്ടരുവിയില്‍,
മഴകൊഴിയുന്ന വഴിവക്കില്‍,

 

ഉറങ്ങിയിട്ടുണ്ടാവണം
നാമപ്പോള്‍, 
പുഴയപ്പോള്‍,
കാട്ടരുവിയപ്പോള്‍,

മഴ മാത്രം,
ഉറക്കച്ചടവിലങ്ങിനെ
പിറുപിറുക്കുന്ന
കുട്ടിയെപ്പോലെ
ഉടലാകെ നനഞ്ഞത്
തൊട്ടു നോക്കുന്നു,

പിണങ്ങി നില്‍ക്കുന്നവയില്‍,
കടത്ത് കയറ്റാത്തൊരു 
നിലാവും, തോണിയും
പരസ്പരം പറഞ്ഞു തീര്‍ക്കുന്നു,
തുഴയെ, തലക്കെട്ടിനെ,
ഒരു കെട്ട് ബീഡിപ്പുകയെ,

ഉറങ്ങിയിട്ടുണ്ടാവണം
നാമപ്പോള്‍,
ഒന്നുമറിയാതെ,
പുഴ പോയ വഴിയില്‍,
കാട്ടരുവിയില്‍,

ഒരാലിംഗനം,
ചേര്‍ത്ത് പിടിക്കല്‍,
പുതപ്പിക്കുന്നുണ്ടാവണം
കായലപ്പോള്‍,
അമ്മയുപേക്ഷിച്ചവയെ
പുഴയില്‍, കാട്ടരുവിയില്‍,

രാത്രി കടക്കുന്തോറും
വെപ്രാളപ്പെട്ട് ,
ഉറക്കമുണരുതേയെന്ന്
പ്രാര്‍ത്ഥിച്ച് ,
അതിരാവിലെ തന്നെ
മുനമ്പ് കടക്കുന്നു,
പൂമ്പൊടിയെ
കാറ്റ് കടത്തുന്ന പോലെ
മൃദുവായി തൊട്ടു വെക്കുന്നു,

നോക്കൂ,

നാം കാണാതെ 
പുഴ കാണാതെ
കാട്ടരുവിയറിയാതെ
കായലൊരു താരാട്ട് 
പാടുന്നു,

നോക്കൂ,

നെഞ്ചിലെ ഓളങ്ങളിലുണ്ട്
ഉപേക്ഷിക്കപ്പെട്ടവര്‍ക്കുള്ള
ഇടവും കൈത്താങ്ങും,
പാതി മുറിഞ്ഞെങ്കിലും
ചോര പൊടിയാത്തൊരു പകലും