ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുജേഷ് പി പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


മരിച്ചവരുടെ 
കുന്നുകള്‍ക്ക്
ചാരനിറമാണ് ,
ഇടത് വശം അല്പം 
ചുവന്നിരിക്കുമെങ്കിലും,
മഴയില്‍ അല്പം 
ഇല മൂടിയിരിക്കുമെങ്കിലും,
മരിച്ചവരുടെ കുന്നുകള്‍ക്ക്
അപ്പോഴും ചാരനിറമാണ് 
പാതി കത്തി മണ്ണടിഞ്ഞമട്ടില്‍ 

രണ്ട്

ആണ്ടിലൊരിക്കല്‍
മരിച്ചവരുടെ കുന്നിറങ്ങിവരും
ഇല ചൂടി, കൊടി കെട്ടി,
നിവര്‍ന്ന് നിന്നങ്ങിനെ,

മനുഷ്യരെപ്പോലെ
മരിച്ച കുന്നിന് 
ഇറങ്ങി വരാതിരിക്കാന്‍
പിടിച്ചു നിര്‍ത്തുന്ന
ഘടകങ്ങള്‍ ഒന്നുമില്ല,

മുള്ളു കമ്പ് വലിച്ചു
കൊണ്ടു പോകുന്ന പോലെ
ഇരുവശവും കൈയില്‍
കൊള്ളാവുന്നതോ 
കിട്ടാവുന്നതോ ഒക്കെ
വാരിവലിച്ച് 
എടുക്കുകയാണ് പതിവ്


മൂന്ന്

ഒരു കുന്നും പൊടുന്നനെ
ഉണ്ടായതല്ല മറിച്ച് ,
മരിച്ചവരെയോര്‍ത്ത് ,
ഉറ്റവരെയോര്‍ത്ത്
നീതി കിട്ടാത്തതോര്‍ത്ത്
പതിയെ പതിയെ
നെഞ്ചു കണക്കെ 
നിറയെ വിങ്ങലില്‍
ഉയര്‍ന്നുവന്നതാവണം