ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുജേഷ് പി പി എഴുതിയ കവിതകള്‍ 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



മഞ്ഞുകാലത്തെ
സമാധാനക്കരാറിലാണ് 
യുദ്ധനിരാസങ്ങളുടെ
തെരുവുകള്‍ മണക്കുന്നത്

സൈനികന്റെ തുകല്‍
സഞ്ചിയില്‍ പകുതിയും
വീട്ടിലേക്കുള്ള 
മേഘക്കുപ്പായങ്ങളാണ്,

യുദ്ധത്തില്‍ നിന്ന്
ഇറങ്ങി നടന്ന 
മലയിടുക്കുകളിലെ
വീടുകളില്‍
നിന്ന് ശേഖരിച്ചത്,

പെട്ടെന്ന് വെടിയൊച്ച
വഴിവാണിഭക്കാരുടെ
കാലടിയൊച്ച നിശബ്ദമാക്കി,

വീട് അണയുന്നതിന് മുന്‍പേ,
മക്കളുടെ കുഞ്ഞുടുപ്പ്
ഇട്ട് കാണുന്നതിന് മുന്‍പേ,
ഇറങ്ങി വന്ന അത്രയും 
വേഗത്തില്‍ തിരിച്ചു നടന്നു

ഇതൊന്ന് അവസാനിച്ചെങ്കിലെന്ന്,
വ്യഗ്രത കൂട്ടിപെയ്തു, മഞ്ഞ്.


ചെരുപ്പടയാളം

കൊഴിഞ്ഞ 
ഇല കൊണ്ട്
ചെരുപ്പു 
തുന്നുന്ന മരം,

അതിന്റെ ഓരോ 
അഞ്ചു വേരുകളും
ഒരു കാല്‍പ്പാദമെന്ന്
കണക്കാക്കി
അണിയുന്നു
മണ്ണിലുടനീളം 
നടക്കുന്നു ,

പഴുത്ത ഇല 
കൊണ്ടുള്ളതാവട്ടെ
വെള്ളം തൊടാതെ
നടക്കേണ്ടുന്ന
ലെതര്‍ ചെരുപ്പുകളാണ് ,

കരിയിലകളാവട്ടെ
എവിടെയും
യഥേഷ്ടം
കിട്ടുന്ന ഹവായ്
ചെരുപ്പുകളാണ് ,

പിന്നെയുള്ളത്
അല്പം 
പരിഷ്‌ക്കാരികള്‍ക്കുള്ള
ഷൂസാണ്,

അതാവട്ടെ
ചോണോനുറുമ്പുകള്‍
ഇലകൂട്ടി തുന്നി 
വെക്കുകയാണ്
പതിവ്