ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുനി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഒരു കടല്‍
കുടിച്ചുവറ്റിച്ച
മൗനത്തിലാണ്
സന്ധ്യയിന്ന്.

ഇരവിഴുങ്ങിയ
പാമ്പിന്റെ
ചെരുപ്പടയാളങ്ങളാണ്
വഴികളിലൊക്കെയും.

വെട്ടേറ്റുവീണ
ആടിന്റെ
തലയിലിപ്പോഴും
ഗൂഢസ്മിതം.

മേല്‍ക്കൂരയില്ലാത്ത
കണ്ണുകളെ
നനയിച്ച സന്തോഷമാണ്
മഴയ്ക്ക്.

ഊതിവീര്‍പ്പിച്ച
ബലൂണിനൊപ്പം
പുറത്തേക്ക് വരുന്ന
കണ്ണുകള്‍.

മിഠായി 
ഭരണികളില്‍
അലിഞ്ഞില്ലാതായത്
വിശപ്പ്.

ആള്‍ക്കൂട്ടത്തിലെ
ഒറ്റപ്പെടുന്നവന്റെ
ഉത്സവക്കാഴ്ചകള്‍
അത്രമേല്‍ വികൃതമാണ്.