ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സുനിതാ ഗണേഷ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


എങ്ങനെയായിരിക്കും 
ഒരാളില്‍ നിന്ന് മറ്റൊരാള്‍ 
അടര്‍ന്നു വീഴുന്നത്!

മരിച്ചു പോകുന്നൊരാളെ
ഒരലര്‍ച്ച കൊണ്ട്
അടര്‍ത്തി മാറ്റാന്‍ കഴിയുമോ?

നിന്നിലുള്ള 
എന്റെ ഓര്‍മ 
മരിച്ചു കഴിഞ്ഞു 
എന്ന് തിരിച്ചറിയുന്ന നിമിഷം
നിലവിളിക്കാനോ,
കണ്ണീരൊഴുക്കാനോ കഴിയാതെ
വരണ്ട ശൈത്യമായി 
മാറുന്ന മാത്രയില്‍
ആ അടര്‍ത്തി മാറ്റല്‍
സാധ്യമോ?

വെറുപ്പിന്റെ ചാരവര്‍ണങ്ങള്‍
വാരിവിതറി, കാഴ്ച മറച്ച്
ഒരാള്‍ നടന്നകലുമ്പോഴോ?

ഒരു പഴത്തൊലി 
കാടിവെള്ളത്തിലേക്ക്
തള്ളും പോലെ 
ഒരടര്‍ത്തി മാറ്റല്‍ സാധ്യമോ?

നടന്നു മടുത്ത 
സമാന്തരങ്ങളിലെ 
പൊള്ളുന്ന
തീവണ്ടിക്കമ്പനങ്ങളിലേക്ക്
ഒരുമിച്ചു വരച്ച
പൂത്തുമ്പിയുടെ ചിറക്
ചേര്‍ത്തു വെക്കുമ്പോഴും,
തെറിച്ചു കരയുന്ന
ചോരച്ചാല്‍ 
പകുത്തു കടന്നുപോകുമ്പോഴെങ്കിലും
ഒരാളില്‍ നിന്നും മറ്റൊരാള്‍ക്ക് 
അടര്‍ന്നു പോകാന്‍ കഴിയുമോ?

എത്ര നോവിച്ചാലും,
ഒന്ന് തലോടുമ്പോളടിമുടി 
മാഞ്ഞു പോകുന്ന കദനങ്ങളില്‍
എത്ര മാത്രയിലേക്കെന്നറിയാതെ
പൂക്കും വസന്തങ്ങള്‍!

സമയചക്രത്തിലെ
ഏതെങ്കിലുമൊരു ഇടനാഴിയില്‍
കോര്‍ത്തു പിടിച്ചു നടന്ന 
ഒരാളില്‍ നിന്നും 
മറ്റൊരാളെ പൂര്‍ണമായും 
എങ്ങിനെയാണ് തുടച്ചുമാറ്റാന്‍
കഴിയുക!

മുറിവുകളോ
തിണര്‍പ്പുകളോ
ശേഷിക്കാതെ!