ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 


 

പലായനവും റൊട്ടിയും

വൈകിട്ടത്തേക്കുള്ള റൊട്ടിക്ക് 
മാവു കുഴച്ചുകൊണ്ടിരിക്കേ,
'ഇതാ, ഞങ്ങളിപ്പോള്‍ 
നിന്റെ വീടിനു മുന്‍പിലൂടെ 
കടന്നുപോകു'മെന്ന് 
പലായനം ചെയ്യപ്പെട്ടവരുടെ 
ശബ്ദം അവളോടു പറഞ്ഞു.

അവളെ ഞെട്ടിച്ചുകൊണ്ട്, 
തൊട്ടുപുറകേ 
കരിഞ്ഞ വിശപ്പുമണവും എത്തി.

'ഈശ്വരാ, രക്തം രക്തത്തെ തിരിച്ചറിയുന്നതു പോലെ,
റൊട്ടിമാവിപ്പോള്‍ വിശപ്പിനെ തിരിച്ചറിയുമല്ലോ'.

ആ തിരിച്ചറിവില്‍  
അവള്‍ മാത്രമല്ല 
ആ വീടുതന്നെയും കുലുങ്ങി.

കയ്യിലവശേഷിച്ച 
ഏതാനും നിമിഷങ്ങളെ  
അടുപ്പിലേക്കുഴിഞ്ഞിട്ടുകൊണ്ടവള്‍ 
പ്രാര്‍ത്ഥിച്ചു:

'ദൈവമേ, നീയാ പലായനക്കൂട്ടത്തെ
ഉറുമ്പുകളാക്കി മാറ്റുക.
നാലുറൊട്ടികള്‍ കൊണ്ടു 
ഞാനവരുടെ വിശപ്പിന്റെ റാണിയാകട്ടെ!'


ചിത്രകാരിയും ഏകാധിപതിയും

അസ്സലൊരു ചിത്രകാരിയായിരുന്നു
എന്റെ മോള്‍.

എന്റെ ജനറല്‍മാര്‍ക്കല്ലാം
വളരെ നല്ല അഭിപ്രായമാണ്.

(തലയാട്ടി തലയാട്ടി
അവരുടെ കഴുത്തൊടിഞ്ഞു 
പോകാതിരുന്നാല്‍ മതിയായിരുന്നു.)

ചിത്രങ്ങളുടെ ഒരു രാജ്യാന്തര 
എക്‌സിബിഷന്‍ നടത്തണമെന്നവര്‍ പറയുന്നു.

കാര്യം പറഞ്ഞപ്പോള്‍,
ഒരു ഗൂഢസ്മിതത്തോടെ
അവള്‍ ചിത്രങ്ങളെല്ലാം വരച്ചു തന്നു.
ഉദ്ഘാടന ദിവസമായി.

2

ഹോളിലെ നടുവിലത്തെ ഭിത്തിയൊഴിഞ്ഞു 
കിടക്കുന്നതുകണ്ട് എന്റെ പുരികങ്ങള്‍ വളഞ്ഞു.

'അത്.. പുറകിലൊരു വണ്ടിയില്‍ കൊണ്ടുവരുന്നുണ്ട്, 
വലിയൊരു പെയിന്റിങ്.' 
അവള്‍ തിടുക്കപ്പെട്ട്പറഞ്ഞു.

അല്പം കഴിഞ്ഞപ്പോള്‍
എന്റെ നാലു ഭടന്മാര്‍
ഭവ്യതയോടെ അതേറ്റിക്കൊണ്ടുവന്നു വച്ചു

3

വിളക്കുകളെല്ലാം തെളിഞ്ഞു.
ഞാന്‍ നോക്കി; സൂക്ഷിച്ചുനോക്കി.

ഒരു നായയും ഒരടിമമനുഷ്യനും 
നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നു.
ഒരേ പാത്രത്തില്‍ നിന്നും.

കടും നിറത്തില്‍ നായ.
ഇളം നിറത്തില്‍ അടിമ.

സ്വയമറിയാതാകര്‍ഷിക്കപ്പെട്ട്
ഞാനതിനടുത്തേക്കു ചെന്നു.

അതെ, എന്റെ നായ!

ശരിക്കുപറഞ്ഞാല്‍ 24 എണ്ണം ഉള്ളതിലൊന്ന്.

ഞാന്‍ കൊലപ്പെടുത്തിയ ദീര്‍ഘകായ-
നായിരുന്ന എന്റെ പഴയ അടിമ.

'ആരുടെ പാതി?'
എന്നൊരടിക്കുറിപ്പോടുകൂടി 
അവളുടെ ഒപ്പ് അതിനു ചുവട്ടില്‍ കണ്ടതും,
ഒന്നു ചുമച്ച്, കണ്ണടയൂരി 
അഭിമാനത്തോടെ
ഞാനവളെ നോക്കി.

(ആ ചോദ്യചിഹ്നം അസാധാരണമാംവിധം വലുതായിരുന്നു)

അപ്പോള്‍
മന്ദഹസിച്ചുകൊണ്ടടുത്തുവന്ന്
അവള്‍ പറഞ്ഞു :
'ഇനിയുമതിനടുത്തേക്ക് പോകണ്ട.
അതുണങ്ങുന്നതേയുള്ളൂ.
ഉണങ്ങി രൂപം മാറാന്‍ പോകുന്നതേയുള്ളൂ'

4

എന്റെയഭിമാനത്തെ, 
അഹങ്കാരത്തെ 
ആശങ്ക ഇഞ്ചിഞ്ചായി കീഴ്‌പ്പെടുത്തവേ
അതുണങ്ങി.

അടിമയുടെ രൂപം മാറി !
കവിളുകള്‍ തിടം വെച്ചു.
കൂര്‍ത്ത മീശ തെളിഞ്ഞു.
കണ്ണുകളില്‍ ചുവപ്പുരാശി പടര്‍ന്നു.

ഇപ്പോള്‍,
അതെന്നെയാണ് നോക്കുന്നത്.

'ചീഫ്, മറ്റു രാഷ്ട്രത്തലവന്മാര്‍ വരുന്നതിന് മുമ്പിതെടുത്തു മാറ്റണം.'

ജനറല്‍മാര്‍ പരിഭ്രാന്തരായി
എന്നെ വലയം ചെയ്തു.

ഹാളിലെ നേര്‍ത്ത സംഗീതം
പൊടുന്നനെ നിലച്ചു.

5

പുറത്തു കാറുകള്‍ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടതും, 
ഞാനതിലേക്കു തോക്കുചൂണ്ടി.

'Through my chest; my dictator dad!'

മുമ്പിലേക്കു നീങ്ങിനിന്നു കൊണ്ടവള്‍ 
കൂസലന്യേ പറഞ്ഞു.

 

നോഹയുടെ മേഘശയ്യ

കടല്‍ ഒരേസമയം 
അലസവും അപാരവുമായി കാണപ്പെട്ടു.

നോഹയ്ക്ക് ചെറുതായി
ദേഷ്യം വന്നു തുടങ്ങിയിരുന്നു.

കപ്പല്‍പ്പായകളില്‍ കാറ്റടിക്കുന്ന ശബ്ദം 
മണിക്കൂറുകളായി കേട്ടുകേട്ട് 
കാതുകള്‍ അര്‍ദ്ധബധിരാവസ്ഥയിലെത്തിയിരുന്നു.

കാറ്റ് ലഘുവാകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളിലാകട്ടെ,
അന്തേവാസികളുടെ ശ്വാസോച്ഛ്വാസങ്ങളുടെ 
ആര്‍ജ്ജിത ശക്തിയാല്‍ പെട്ടകം ചാഞ്ചാടിക്കൊണ്ടുമിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട നാവികനായതില്‍ 
അനല്പമായ സന്തോഷമനുഭവിച്ചിരുന്നെങ്കിലും,
കരകാണാക്കടലും ചെരിവില്ലായാകാശവും 
ഒത്തുചേര്‍ന്ന് തനിക്കെതിരെ 
നിരന്തരമായ ഗൂഢാലോചനയിലേര്‍പ്പെട്ടു കൊണ്ടിരിക്കുകയാണെന്നവന്‍ 
സംശയിച്ചു.

തന്നോടൊപ്പം അദൃശ്യനായി യാത്ര ചെയ്യുന്ന ദൈവം 
കാലാവസ്ഥയുടെ കാര്യം പോലും നോക്കുന്നില്ലല്ലോ 
എന്നൊരാശങ്കത്തിരയടിച്ച് 
അവന്‍ പിന്നെയും അസ്വസ്ഥനായി.

തുടര്‍ന്ന്,

'എന്റെ ചിന്തകളുടെ കപ്പലുകള്‍ക്കു വഴിതെറ്റുന്നു. 
അതിനു നേര്‍വഴി കാണിക്കൂ എന്റെ നാവികനേ!' 
എന്നു മുട്ടുകുത്തി.

എഴുന്നേറ്റപ്പോള്‍ അത്ഭുതം,

കയ്യെത്തും ദൂരത്തുനിന്ന്
ഒരു വെണ്‍മേഘമവനെ നോക്കുന്നു !

അലറിക്കരയുന്ന കപ്പല്‍പ്പായകളെ 
മറന്നുകൊണ്ടവനാ മേഘശയ്യയിലേക്കു ചാടിക്കയറി !

 

മക്കോണ്ടോയിലെ രാത്രിനദി

പ്രജനനശേഷം
ആണിണയും
പ്രസവശേഷം
അവന്റെ പെണ്ണിണയും 
മരിച്ചുപോകുന്ന ഒരപൂര്‍വ്വ ഗ്രാമമുണ്ടായിരുന്നു..

കറുത്ത വസ്ത്രം ധരിച്ചവരുടെ ഗ്രാമം
എന്നും അതറിയപ്പെട്ടു.

ദേവാലയത്തില്‍ പോകുന്നതുപോലെ
അവര്‍ മരണാനന്തര ചടങ്ങുകള്‍ക്ക്
നിത്യേന പോയി വന്നു.

ഹാ, നിങ്ങള്‍ വിചാരിച്ചതു ശരിയാണ്.

ലൈംഗികബന്ധം ഒരു ആത്മഹത്യാരീതി- 
യായ് മാറുന്ന ഭയാനകമായ അവസ്ഥ.

ഭയവും വെറുപ്പും
ആ ഗ്രാമാതിര്‍ത്തികളില്‍ കാവല്‍ നിന്ന്
സമീപദേശക്കാരെയെല്ലാം
സമര്‍ത്ഥമായി അകറ്റി നിര്‍ത്തിയിരുന്നു.

പകല്‍ വരണ്ടുണങ്ങിക്കിടന്നിരുന്ന
ഒരു നദി മാത്രം രാത്രികാലങ്ങളില്‍
രഹസ്യമായി നിറഞ്ഞൊഴുകി
ആ ഗ്രാമത്തിന്റെ ജീവന്‍ നിലനിര്‍ത്തിപ്പോന്നു.

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona