Asianet News MalayalamAsianet News Malayalam

നാല് കണ്ണുകള്‍, സൂര്യ സരസ്വതി എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സൂര്യ സരസ്വതി എഴുതിയ കവിത

chilla malayalam poem by Surya Kala
Author
Thiruvananthapuram, First Published Jul 2, 2021, 2:59 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by Surya Kala



നാല് കണ്ണുകള്‍ 

ഒഴുക്കില്ലാത്ത നിശ്ചലമായ പുഴയില്‍ 
വീണഴുകിയൊരിലയുടെയസ്ഥി-
കൂടം പോലെ, 
ഇരുണ്ട കായലിന്‍ നിഗൂഢതയില്‍ 
കണ്ടുമുട്ടിയ നാലു തുറിച്ച കണ്ണുകള്‍. 

മീന്‍ കൊത്തിയഴുകിയ മേനികള്‍!

തമ്മിലുരസിയപ്പൊഴാദ്യമായ് കണ്ടവര്‍ 
നനഞ്ഞ വാക്കുകള്‍ നാവിലൊട്ടി-
പരസ്പരമുരിയാടാന്‍ കഴിയാത്തവര്‍ 
സംസാരിക്കുന്നവരെന്നിട്ടുമാ കണ്ണുകളിലൂടെ,
കാര്യങ്ങള്‍ ചോദിക്കുന്നു, കഥ പറയുന്നു,
ആത്മഹത്യ ചെയ്തവനെന്നും 
കൊലചെയ്യപ്പെട്ടവനെന്നും പരസ്പരം 
പരിചയപ്പെടുത്തുന്നു.

മഹാപ്രവാഹങ്ങളും മരുഭൂമിയും 
താണ്ടിയവനാത്മഹത്യ ചെയ്തവന്‍ 
കൊടുങ്കാറ്റിലും കോടമഞ്ഞിലും 
കനവുകളെ  പറത്തിയും പൂഴ്ത്തിയും 
കളഞ്ഞവന്‍. 
മൗനങ്ങളിലേക്കുള്‍വലിഞ്ഞു 
മനസ്സിനെ മരവിപ്പിച്ചെടുത്തവന്‍,
പഴുത്ത മുറിവിലേക്കുപ്പ് നീറ്റിച്ചു
മരണവേദനയ്ക്കപ്പുറം പോയവന്‍. 

ആരാന്റെ കയ്യാല്‍ കഴുത്തറുക്കപ്പെട്ട 
കനവുകളെ നോക്കി 
കണ്ണീര്‍ വാര്‍ക്കുന്നു അപരന്‍, 
കൊലചെയ്യപ്പെട്ടവന്‍.

പുലരിയും പുതുമഴയും പൂക്കളും 
പ്രണയവും മനസ്സില്‍ നിറച്ചവന്‍ 
അലമുറയിടുന്ന കിനാവലകളെനോക്കി -
യിപ്പോഴും നെടുവീര്‍പ്പിടുന്നവന്‍ 

പരസ്പരമറിഞ്ഞിട്ടും ഒരു സംശയം 
മാത്രം ബാക്കിയിപ്പോഴും 
ജീവിതത്തിന്റെ ബാക്കിപത്രങ്ങളിനിയും 
ചൂണ്ടക്കൊളുത്തായ്
കണ്ണില്‍ തറയ്ക്കുന്നുവോ, 
കണ്ണുകളിപ്പോഴും 
തുറിച്ചുനില്‍ക്കുന്നത് 
അതിനാലാവുമോ?

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios