ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്വാതി എസ് എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മഴയുടെ രാക്കുളിരേറ്റ് 
നിലാവ് പെയ്തിറങ്ങിയ 
നിശയുടെ താഴ്വരയില്‍
പൂവിട്ടു നില്‍ക്കുമൊരായിരം 
ആമ്പല്‍ പൂക്കളെ
തട്ടിവിളിച്ചുണര്‍ത്തി 
വിണ്ണിലെ ചന്ദ്രമുഖം.

ആമ്പലിന്‍ ഇതളുകള്‍ 
ചിണുങ്ങി മെല്ലെ
പൊയ്കയില്‍ നീരാടി
നിലാവിനാല്‍.
ഇതളുകള്‍ പതിയെയാടി 
ഈറനണിഞ്ഞു 
വീണ്ടും പൂവിട്ടു, 
പ്രണയമോതി നീലാമ്പല്‍,
നിലാ ചന്ദ്രനെ നോക്കി.

നറുമണം പരത്തി
അര്‍ദ്ധനിശയില്‍ 
ബ്രഹ്മകമലം പൂവിട്ടു.
തൂമഞ്ഞിന്‍ കണങ്ങള്‍
പതിഞ്ഞൊരാ നിശാഗന്ധിതന്‍, 
പൂമുഖവുമോതി
പ്രണയം നിലാചന്ദ്രനോടായ്.

ഇലകളില്ലാ 
പൂക്കളെന്നോതി ആമ്പല്‍.
മണമില്ലാ 
പൂക്കളെന്നോതി നിശാഗന്ധി.
പരസ്പരം കലഹിച്ചവര്‍
നിലാവിലലിയാന്‍.
പൂര്‍ണചന്ദ്രന്‍ 
ബന്ധിയാക്കപ്പെട്ടു 
ഇരുവരുടെയും പ്രണയവാടിയില്‍.

ഋതുക്കള്‍ മറിമറിഞ്ഞിട്ടും,
ചാന്ദ്രമാസം പിറന്നിട്ടും
നിലാവു മാത്രം മൂകമായി.
മൂവന്തിയില്‍ മുങ്ങിതാഴ്ന്നിറങ്ങും
ദിനകരന്‍ കാണാമറയത്തേക്കോടി-
യകലുമ്പോള്‍
തൂവെള്ള വിരിച്ച് കാത്തിരിപ്പൂ
നിലാതോഴന്‍ 
പ്രണയമോതുവാനായ്.

പക്ഷെ,
നേരം പുലരും വേളയില്‍ 
തേരുതെളിച്ചു വന്നൊരാ 
സൂര്യനോ ഓടിയടുത്തു 
ചെന്താമരക്കരികില്‍
മതിമറന്നൊന്നു ചുംബിക്കാന്‍.

പ്രണയം മഴയായ് തൂവി
വിണ്ണില്‍ നിന്നും മണ്ണിലേക്ക്.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...