Asianet News MalayalamAsianet News Malayalam

ശേഷം, താരാനാഥ് ആര്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് താരാനാഥ് ആര്‍ എഴുതിയ കവിത

chilla malayalam poem by Tharanath R
Author
Thiruvananthapuram, First Published Jun 21, 2021, 6:57 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by Tharanath R

ശേഷം

മരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ 
പറമ്പിലെ ഏറ്റവും ഉയരം കൂടിയ 
മരത്തിന്റെ  ഉച്ചിയിലെ കൊമ്പത്ത്
കീഴ്‌പ്പോട്ട് നോക്കി അന്തിച്ചിരിപ്പാണ്.

ഉയരം ഭയമായിരുന്നു ഭൂതകാല ജീവിതത്തില്‍.

വര്‍ത്തമാനമരണത്തില്‍
ആ ഭയം ഇല്ല. 
പിടി വിട്ടാലും താഴോട്ടില്ല! 

താഴെ ആള്‍ക്കൂട്ടം, വിലാപം, 
അടക്കം പറച്ചിലുകള്‍, അടക്കാനുള്ളൊരുക്കങ്ങള്‍..

എന്റെ മരണകാരണം 
എവിടെയും എഴുതി വെച്ചില്ല! 

പറയുന്നുണ്ടോ?  

(ഇത്തിരി കൂടി ഉച്ചത്തില്‍ സംസാരിക്കൂ ..
എനിക്ക് എന്നെ കണ്ടുപിടിക്കാനാണ്.)

പതിയെ മരത്തിന് ഉയരം കൂടുകയാണ് 
മരണവീട്ടില്‍ നിന്ന് ഞാന്‍ അകലുന്നു..

ഒരു പാരച്യൂട് ഭൂമിയില്‍ ഇറങ്ങാന്‍ 
നമ്മെ സഹായിക്കുന്നത് പോലെ 
ഭൂമി വിടാന്‍ എന്നെ സഹായിക്കുകയാണ് 
ഈ മരം 

എന്റെ മരണാനന്തര ഭാവി 
ഈ ആകാശക്കൊക്കയിലാണെന്ന് 
ബോധ്യമായി 

എന്റെ വീട് ഇപ്പോള്‍ ദൂരെ ഒരു പൊട്ടു പോലെ കാണാം 
ഭൂമി ഒരു കുടവും 
പെട്ടെന്ന് ആ പൊട്ടില്‍ ഒരു നീല വെളിച്ചം തെളിഞ്ഞു.
അതെന്റെ ഫോണ്‍ ആണ് 

എന്റെ രഹസ്യങ്ങളുടെ ആ നാലക്ക നമ്പര്‍ 
എത്രയെന്ന് ഭൂമി എന്നോട് ചോദിക്കുന്നു 
അന്യാധീനപ്പെടാന്‍ പേടിച്ച് നില്‍ക്കുന്ന രഹസ്യങ്ങള്‍  
'ഞങ്ങളെക്കൂടെ കൊണ്ടുപോകൂ' എന്ന് അലമുറയിട്ടു

പതിയെ ആ നീല വെളിച്ചം വലുതാവാന്‍ തുടങ്ങി 
ഇരുട്ടു പരക്കുന്ന ഭൂമിയെ 
അതൊരു നീല ഗര്‍ത്തമായി വിഴുങ്ങാനോങ്ങി.

കുതറിത്തെറിച്ച ഭൂമി 
ശൂന്യതയില്‍ വീണുടഞ്ഞു.

കുടം പൊട്ടി ഇരുട്ടില്‍ പരന്ന 
പച്ച കലര്‍ന്ന നീലച്ചായത്തില്‍ 
ഞാനാ നനഞ്ഞ
രഹസ്യങ്ങള്‍ പരതി. 

 

Follow Us:
Download App:
  • android
  • ios