ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  തസ്‌നി ജബീല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

പട്ടം 

വാനിലാകെ ചിരിച്ചുമറിയുന്ന
താരങ്ങളെ തൊടാന്‍,
വാനോളമുയരത്തില്‍ചെന്ന് 
സമുദ്രനീലിമ കാണാന്‍,
കോടമഞ്ഞിന്റെ ഗൂഢവഴികളെ 
തൊട്ടറിയാന്‍
ആത്മദാഹത്താല്‍ ആകാശത്തേക്ക് 
പറന്നുയര്‍ന്നപ്പോഴാണറിഞ്ഞത് 
ഏതോ കരങ്ങളില്‍ 
കോര്‍ത്തിട്ടിരിക്കുന്നു 
എന്റെ ചരടുകള്‍! 


''നേര്‍ത്തനൂലാണ്
വര്‍ണക്കടലാസാണ്
അതിലോലമൊരുടലാണ്,
ഉയരമേറിയാല്‍ 
ചിറകു തളര്‍ന്ന് 
നിലം പതിച്ചിടാന്‍
വഴികളേറെ'',
പറഞ്ഞുകൊണ്ടിരുന്നു, 
പലരും. 

ഞാനന്നേരം
പറവകളെ കണ്ടു,
മൃദുലവും 
മിനുസവുമുള്ള 
തൂവല്‍ച്ചിറകിനാല്‍ 
അവ ആകാശത്ത് 
അനന്തമായി 
പറക്കുന്നു 

പിന്നെക്കണ്ടു,
വര്‍ണമത്സ്യങ്ങളെ.
ചെറു ചെകിളകളിളക്കി 
കടലിന്നടിയിലേക്ക് 
അവ കാലങ്ങളോളം
ഊളിയിടുന്നു.