ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    തസ്നി ജബീല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

കണ്ണിന് കുളിരായ് 
കാതിനു സംഗീതമായ് 
കാല്‍ച്ചിലമ്പിന്‍ താളത്തില്‍ 
നീ നിലക്കാതൊഴുകുക .

ഇടയിലുരുളന്‍ കല്ലുകള്‍ 
വഴി തടഞ്ഞാലും 
ഇടതൂര്‍ന്ന പായല്‍ചെടികളില്‍ 
തട്ടിപിടഞ്ഞു വീണാലും 
നീ അടിപതറാതൊഴുകുക.

ഇരുളാര്‍ന്ന വനന്തരങ്ങളും 
ഹിംസ്രജന്തുക്കള്‍ തന്‍
തുറിച്ചു നോട്ടത്തില്‍ 
ഭയന്നുവെന്നാലും 
തളരാതൊഴുകുക 

ദുര്‍ഗന്ധം വമിക്കുന്ന 
മാലിന്യങ്ങളില്‍ 
ഉള്ളം കലങ്ങിയാലും 
കാര്‍ക്കിച്ചുതുപ്പലില്‍ 
നെഞ്ചു പിടഞ്ഞാലും 
ഇടറാതൊഴുകുക

ഒഴുകിയൊഴുകി 
അതിരുകളില്ലാത്ത 
ആഴമേറിയ കടലിലെത്തിച്ചേരുക 
അടിയില്‍ മുത്തുകളും ചിപ്പികളും
ഒളിഞ്ഞിരിക്കുന്ന 
അദ്ഭുതപ്രപഞ്ചത്തെ അടുത്തറിയുക 
മുകളില്‍ 
വിസ്തൃതമായ ആകാശം 
ചുരുള്‍ നിവര്‍ന്നു കിടക്കുന്നത് കാണാം 

കരുത്തുറ്റ തിരയായുര്‍ന്നു 
മണല്‍തരികളില്‍ നിന്റെ 
ചിത്രം കോറിയിടുക 
ഒടുവില്‍ 
നീരാവിയായ് ഉയര്‍ന്നു മാഞ്ഞു പോയാലും 
തീരങ്ങളില്‍ ആ സ്വരം പ്രതിധ്വനിക്കട്ടെ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...