ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   വിജി ടി ജി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


വരണമാല്യം ചാര്‍ത്തി,
കൈകള്‍ ചേര്‍ത്ത്
രാത്രിയില്‍ 
സുഗന്ധം തളിച്ചു
പൂവിരിച്ച
പട്ടുമെത്തയില്‍
നാണത്താല്‍ 
വിളമ്പുന്നതൊന്ന്.

നട്ടുച്ചവഴിവക്കില്‍
ഒറ്റയായി 
സാരിയില്‍ പൊതിഞ്ഞത്
കാട്ടുപൊന്തയില്‍
വലിച്ചിഴച്ചു
വായ്‌പൊത്തി 
മാന്തിക്കീറി
തിന്നതൊന്ന്.

കോലുമിട്ടായി നീട്ടി
സ്‌നേഹം നടിച്ചു 
പിഞ്ചുകൈപിടിച്ചു 
വെളുത്ത കുഞ്ഞുടുപ്പില്‍
ചോരയിറ്റിച്ചു
ചവച്ചു തുപ്പിയതൊന്ന്.

നിരസിച്ച പ്രണയത്തെ
കഷണങ്ങളാക്കി
തൂക്കിക്കെട്ടി 
പലയിടത്തു നായ്ക്ക്
വിതറി ചിരിച്ചതൊന്ന്.

വിഷം കുടിപ്പിച്ചു
കരളുകത്തിച്ചു 
കൊല്ലാതെ കൊന്നതൊന്ന്..

മനുഷ്യനെന്ന പദമോ
പ്രണയമെന്ന പദമോ
കലികാലം കൊണ്ട്
അര്‍ത്ഥം മാറിയതെന്നോ 
അന്തരം ചോര്‍ന്നതെന്നോ?

ഇതുവരെയെനിക്ക് 
തിരിയാത്ത മറ്റൊന്ന്: 

ഒരു സ്വപ്നം പോലെ
ഭൂമി
ഒരു കടങ്കഥ പോലെ
വാഴ്‌വ്
ഇനിയും മനസിലാകാത്ത 
മനുഷ്യന്‍.

ഇലത്തുമ്പുകളിലെയും 
വേരുകളിലെയും
ആര്‍ദ്രതകള്‍
കെട്ടുപോയിട്ടും
ചില്ലിട്ട കൂട്ടില്‍
ഒരുക്കിനിര്‍ത്തിയ 
ഉണങ്ങിയ മരംപോലെ,

ഒരേ വലുപ്പത്തില്‍
അടുക്കി മിനുക്കിയിട്ടും
രാസരസത്തില്‍ നനച്ചിട്ടും
നിര്‍വികാരതയിലേയ്ക്ക്
കണ്ണുന്തിയ
മീനുകള്‍ പോലെ.

ക്ഷണത്തില്‍
വിരിഞ്ഞടരുന്ന 
ആയുസ്സിന്റെ
ഈ, താളുകളില്‍ 
സ്‌നേഹംമുക്കി
ഒരു കുഞ്ഞുചിത്രം പോലും
വരയ്ക്കാതെ
ചുരുട്ടിയെറിഞ്ഞും
കലക്കി മറിച്ചും
ചവുട്ടിക്കടന്നു പോം
കപടത നമ്മള്‍ 
വെറും 
കാപാലികത.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...