ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  വിജി ടി. ജി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ആളൊഴിഞ്ഞ,
കുന്നിന്‍ ചരിവിലെ,
ഒറ്റവീടാകുന്നതില്‍
ഭയമേതുമില്ല,
തകര്‍ന്നു പോയൊരു 
പ്രണയസൗധത്തിന്റെ 
വീഴാതെ ശേഷിച്ച
തൂണാകുന്നതിനേക്കാള്‍.

വീട് ഒറ്റയ്ക്ക്
ഉള്ളിലൊരു
കാട് വളര്‍ത്തും
കിളിയും പൂവള്ളിയും
ചുറ്റിപ്പിണയും,
ചുവരുകളെ ഉമ്മവയ്ക്കും,
ആത്മരതി വേരിഴഞ്ഞു
ആഴങ്ങളില്‍
കല്‍ക്കെട്ടുകളില്‍
തൊട്ടിക്കിളിയിട്ട്
കവിത ചൊല്ലും,
പൊട്ടിയടര്‍ന്ന
വാതില്‍ നാഭിയെ
പൂതുന്നി മറയ്ക്കും
മഴയില്‍കുളിച്ചു
പച്ചയുടുത്ത്
നിശബ്ദം ആനന്ദിയ്ക്കും,
ഹൃദയം തേനറകള്‍
തുറന്നൊഴുകും.

തകര്‍ന്ന പ്രണയം 
പക്ഷെ,
അങ്ങനെയല്ല.

അവന്‍ നെഞ്ചിന്റെ
ഒത്തനടുക്ക്
നിവര്‍ന്നുനില്‍ക്കും,
എപ്പോഴെന്നറിയാതെ
ചിന്തയിലേയ്ക്ക്
നിലം പതിച്ച്
ഓര്‍മ്മക്കല്ലുപോലെ 
താഴ്ന്നിറങ്ങി
വേദനയുടെ
തുന്നലുകള്‍
വലിച്ചു പൊട്ടിക്കും.

പോയകാലത്തിന്റെ 
വലിയ പല്‍ചക്രങ്ങള്‍
അതിഘോരം
കറങ്ങി
തലയോടും പിളര്‍ക്കും. 

ഇനി പറയൂ,
ഒറ്റവീടായുള്ളില്‍ 
കാടുപൂക്കുന്നതല്ലേ,
കിളിപാടുന്നതല്ലേ
ഏറെ സുന്ദരം.