Asianet News MalayalamAsianet News Malayalam

Malayalam Poem: അവളവള്‍ക്കനവുകള്‍, വിജി ടി ജി എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   വിജി ടി ജി എഴുതിയ കവിത

chilla malayalam poem by viji tg
Author
First Published Feb 1, 2024, 12:59 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by viji tg

 

അവളവള്‍ക്കനവുകള്‍

ഹൃദയത്തിലൊരു
മരുഭൂമിയുള്ളവള്‍ക്കേ,
ഒരു നദിയിലേയ്ക്ക്
വഴിയറിയൂ.

സ്‌നേഹത്തിന്‍
പര്യായങ്ങളേതും
അന്യമായവള്‍ക്കേ-
പ്രണയസാഗരം
തുള്ളികള്‍ വരെ
അളക്കാനാകൂ...

അനേകം
ഉള്‍മുറിവുകളിലൂടെ
ആത്മാവിലേക്കുവരെ
കാറ്റേല്‍ക്കുന്നവള്‍ക്കേ-
നൊമ്പരമെന്ന പദം
അറിഞ്ഞുവരയാനാകൂ!

ഇനിയും കേള്‍ക്കാത്ത
പ്രണയഗീതത്തെ
തനിക്കായ് കരുതിയ,
അജ്ഞാതനാമൊരു
ഗായകനുണ്ടെന്ന്
ഓര്‍മ്മയിലുള്ളവള്‍ക്കേ
കാത്തിരിപ്പിന്റെ
മധുരമറിയൂ...

ഇനിയും വിരിയാത്ത
വസന്തങ്ങള്‍,
മണ്ണിനടരുകളിലിരുന്ന്
പ്രണയം, പ്രണയമെന്നു
ജപിയ്ക്കുന്നത്-
ചെവിയോര്‍ക്കുന്നവള്‍ക്കേ-
ഭൂമിപ്പെണ്ണിന്റെ,
വ്യഥയും വിരഹവുമറിയൂ.

ഇല്ലാത്തൊരുവനെ 
സ്വപ്നം കണ്ട്
എന്നുമവനോട്
കഥപറയുന്നവള്‍ക്കേ
പ്രണയഭ്രാന്തിന്റെ
ചങ്ങലയെ
പൊന്‍കൊലുസ്സുപോലെ
അണിയാനാകൂ..

ഒരുനിമിഷമെങ്കിലും
അവളെ-
അനുഗമിച്ചവര്‍ക്കേ,
ഒന്നു വിരല്‍പിടിച്ചവര്‍ക്കേ 
ഈ ഉന്മാദ വരികളില്‍ 
ഉമ്മവയ്ക്കാനാകൂ

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios