ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  യഹിയാ മുഹമ്മദ് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

അവനിപ്പോഴും
അവിടെത്തന്നെയുണ്ടാവും
ചിലപ്പോള്‍
വേരുകള്‍ ആഴ്ന്നിറങ്ങിപ്പോയ
ഒരു മരമായി

അതിന്റെ വേരുകള്‍
യുഗാന്തരങ്ങളിലേക്ക് 
കടന്നു പോവുന്ന
ചെങ്കല്‍പാതയാണ്
ശിഖിരങ്ങളിലാകെ
ലിംഗമില്ലാത്ത തെമ്മാടിക്കാറ്റുകള്‍ 
പരാഗണത്തിനെത്തുന്ന
വിവസ്ത്രയായ
വയലറ്റ് പൂക്കളാണ്

അതിന്റെ ശിഖിരങ്ങളില്‍
പുറംതള്ളപ്പെട്ടു പോയ 
ഒരുപാട് ആത്മാക്കള്‍
വവ്വാലുകളായ് 
ചേക്കേറിയിട്ടുണ്ടാവും.

തലകീഴായ് നില്‍ക്കാന്‍
വിധിക്കപ്പെട്ടവര്‍ 
ഇവിടെയെല്ലാതെ മറ്റെവിടെയാണ്
കൂടൊരുക്കുക

യുഗാന്തരങ്ങളില്‍ നിന്ന്
കാളവണ്ടി കയറി വരുന്നവര്‍ക്ക്
ഒരു റാന്തല്‍ വെട്ടത്തിന്റെ 
പ്രതീക്ഷയെങ്കിലും ഇവിടെ കാണും

ഞാനിപ്പോഴും
ഇവിടെ തന്നെയുണ്ട്
നോവുകളുടെ 
ചക്രവ്യൂഹത്തില്‍ നിന്നെത്തിരയുന്നു

നീ ജീവിതകലയുടെ പരീക്ഷണശാലയില്‍
സമാധാനത്തിന്റെ
വേദവാക്യങ്ങള്‍ ഉരുവിട്ടു കൊണ്ടിരിക്കുന്നു

വിശപ്പ്, വേദന, രോദനം 
ഇനിയെങ്കിലും സമാധാനത്തിന്റെ 
സൂത്രവാക്യങ്ങള്‍
വെളിപ്പെടുത്തുക

കാലാന്തരങ്ങളില്‍ ഇനിയും
ഉറങ്ങിക്കിടക്കാതെ നീ തിരിച്ചു വരിക
നിന്റെ കിരീടവും 
ചെങ്കോലും ഇവിടെ തന്നെയുണ്ട്
മൗനത്തേക്കാളും മൂര്‍ച്ച
നിന്റെ വാള്‍മുനയ്ക്കു തന്നെയാണ്.