Asianet News MalayalamAsianet News Malayalam

ആത്മഹത്യാക്കുറിപ്പ്, അമല്‍ രാജ് എഴുതിയ മിനിക്കഥകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അമല്‍ രാജ് എഴുതിയ മിനിക്കഥകള്‍
 

chilla  malayalam short story by Amal Raj
Author
Thiruvananthapuram, First Published Sep 29, 2021, 8:10 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla  malayalam short story by Amal Raj


ആത്മഹത്യാക്കുറിപ്പ്

ഒരു കവി ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരു കുറിപ്പും എഴുതി വച്ചിട്ടാണ് അയാള്‍ പോയത്. ആ കുറിപ്പ് ഇപ്രകാരമാണ്.
   
'എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. ഈയിടെയായി എഴുതുന്നതൊന്നും നന്നാവുന്നില്ല. ഒരാള്‍ക്കു പോലും വായിക്കാന്‍ കൊടുക്കാന്‍ തോന്നാറില്ല. തുടരെ തുടരെ പരാജയപ്പെടുകയാണ്. ആദ്യമൊക്കെ എത്ര നല്ല അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. നിങ്ങള്‍ക്കറിയാമോ എഴുതികൊണ്ടിരിക്കുമ്പോള്‍ അത് നന്നായി വരികയാണെങ്കില്‍ തലച്ചോറില്‍ നിന്ന് ഒരു മണം വരാറുണ്ട്. എഴുത്ത് പൂര്‍ത്തിയായാലും കുറച്ചു നേരം കൂടി അത് അതുപോലെ തന്നെയുണ്ടാവും. പക്ഷെ എഴുത്ത് മോശമാണെങ്കില്‍ സഹിക്കാനാവാത്ത ദുര്‍ഗന്ധമായിരിക്കും തലച്ചോറിന്. എഴുത്ത് അവിടെ നിര്‍ത്തിയാലും അത് കുറേ നേരം കൂടി ചിലപ്പൊ ദിവസങ്ങളോളം നിലനില്‍ക്കും. ഇതിപ്പൊ എത്ര നാളായെന്നോ. ദുര്‍ഗന്ധം സഹിക്കാനാവാതെ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിയായിരിക്കും ഞാന്‍ മരിക്കുക.'

ശവമടക്കിനു ശേഷം ആരുമങ്ങനെ പിരിഞ്ഞു പോയില്ല. അവിടെയവിടെ ചെറിയ സംഘങ്ങളായി തിരിഞ്ഞ് അവര്‍ കവിയുടെ അകാലവിയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണ്. കുറച്ചപ്പുറത്തായി സ്വയം പ്രസാധകരായ എഴുത്തുകാരുടെ ഒരു ചെറിയ സംഘം തല പുകഞ്ഞ ചര്‍ച്ചയിലാണ

'എന്നാലും അത് ഉള്ളതായിരിക്കുമോ?'

'എന്ത്?'

'മണം വരുമെന്ന് പറഞ്ഞത്.'

'അതൊക്കെ പുള്ളിക്കാരന്റെ വെറും ഭാവനയായിരിക്കും.'

'ഏയ് എനിക്കങ്ങനെ തോന്നുന്നില്ല. നീ അയാളുടെ  പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകള്‍ വായിച്ചിട്ടില്ലേ.  തരക്കേടില്ലെന്നോ അത്ര പോരെന്നോ ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ. നല്ലതു മാത്രമേ അയാള്‍ വെളിച്ചം കാണിച്ചിട്ടുള്ളൂ'

'ഇവന്‍ പറയുന്നതിലും കാര്യമുണ്ട്.''

'അയാള്‍ക്ക് സ്‌മെല്‍ കിട്ടുമെങ്കില്‍ ഒന്നു കോണ്‍സന്‍ട്രേറ്റ് ചെയ്താല്‍ നമുക്കും കിട്ടാവുന്നതേയുള്ളൂ.'


'എങ്കില്‍ നന്നായി. ഞാന്‍ അവസാനം എഫ്ബിയില്‍ ഇട്ടതിന് അത്ര നല്ല അഭിപ്രായങ്ങളൊന്നും  കിട്ടിയില്ല. പോസ്റ്റ് ചെയ്യണ്ടായിരുന്നെന്നു തോന്നിയപ്പോ ഡിലീറ്റ് ചെയ്തു.  അത് വായിച്ചവര്‍ക്കൊകെ മുമ്പുണ്ടായിരുന്ന ഇംപ്രഷനും പോയി കാണും.'

'നിങ്ങള്‍ക്ക് അയാളെക്കാള്‍ ഭ്രാന്താണ്.'

'നിനക്കു വേണ്ടെങ്കില്‍ വേണ്ട. ഞങ്ങളെന്തായാലും ഇനിയിതിന്റെ സത്യാവസ്ഥ കണ്ടു പിടിച്ചിട്ടേയുള്ളൂ.'

'ആ തലച്ചോറിന് ഇപ്പോഴും നാറ്റം കാണുമോ?'

'കുറച്ചു ദിവസത്തേക്കുകൂടി അങ്ങനെതന്നെ കാണുമെന്നല്ലേ അതില്‍ എഴുതിയിരുന്നത്.' 

'എന്തായാലും നേരം കുറച്ചുകൂടിയൊന്ന് ഇരുട്ടിക്കോട്ടെ.''

മണ്ണെല്ലാം മാറ്റി സാവധാനമവര്‍ ശവം പുറത്തെടുത്തു.

'ആ ചെവിയുടെ ഭാഗത്തൊക്കെയൊന്നു നോക്കിയേ എന്തെങ്കിലും സ്‌മെല്‍ കിട്ടുന്നുണ്ടോയെന്ന്.'

'പ്രത്യേകിച്ചൊന്നുമില്ല.'

'ഇനിയിപ്പൊ എന്തു ചെയ്യും?'

'തല പൊളിക്കാം.'

അവസാന അടിയില്‍ തലയ്ക്കുള്ളില്‍ ഒരംശം പോലും ബാക്കിയില്ലാതെ തലച്ചോറ് എങ്ങോട്ടൊക്കയോ ചിതറി തെറിച്ചു. ഭ്രാന്തു പിടിച്ചതു പോലെ അവര്‍ തലച്ചോറിന്റെ ഒരു കഷണത്തിനായി ആ ഇരുട്ടില്‍ തിരഞ്ഞു കൊണ്ടേയിരുന്നു.

       
പാഠം 3: ജീവനുള്ളവയും ഇല്ലാത്തവയും

ഈ കാണുന്ന ചെടികളും മരങ്ങളുമെല്ലാം വളര്‍ന്നു നില്‍ക്കുന്ന മണ്ണിന് ജീവനില്ലെന്ന് വിശ്വസിക്കാനാവാതെയാണ് നന്ദു സയന്‍സ് പുസ്തകം മടക്കിവെച്ചത്. അതുവരെ മറ്റൊന്നിനോടും തോന്നാത്ത ഒരു തരം വെറുപ്പ് ആ പുസ്തകത്തോട് അവനു തോന്നി. സംശയങ്ങളേക്കാള്‍ ദുഃഖം നിറഞ്ഞ കണ്ണുകളോടെ അവന്‍ ക്ലാസിനു പുറത്തേക്കു നോക്കി. അവിടെ നിന്നിരുന്ന ചെടികള്‍ക്കും മരങ്ങള്‍ക്കും ഒരിലപോലും അനക്കാനാവാതെ വെറും പ്രതിമകളെ പോലെ നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒരുപക്ഷേ നന്ദുവിനെ പോലെ അവരും അപ്പോള്‍ അമ്പുവിനെ ഓര്‍ത്തുപോയിരിക്കാം.

ജീവനുള്ളവയുടെ ഉദാഹരണങ്ങളില്‍ ചെടികള്‍ക്കും മരങ്ങള്‍ക്കുമൊപ്പം മണ്ണില്ലാതെ വരുമ്പോള്‍ അമ്പു ഉറക്കെ വിളിച്ചു പറയും: ''ടീച്ചര്‍, മണ്ണ്.'' 

''മണ്ണിനു ജീവനില്ലല്ലോ അമ്പു'' ടീച്ചര്‍ പറയും.  

 ''പിന്നെങ്ങനെയാണ് ഈ ചെടികളൊക്കെ ജീവിക്കണത്. മണ്ണീന്നല്ലേ അവര്‍ക്ക് ജീവന്‍ കിട്ടണത്. നമ്മള് പിഴുതെടുത്താല്‍ അവ പട്ടു പോണത് അതോണ്ടല്ലേ?'' പുസ്തകവും ടീച്ചറും പറയുന്നത് തെറ്റാണെന്ന മട്ടില്‍ അമ്പു ചോദിക്കും. 
 
മണ്ണിന് ജീവനുണ്ടെന്ന് അമ്പുവിന് പറഞ്ഞു കൊടുത്തത് അവന്റെ അച്ഛനാണ്. അവര്‍ക്ക് സ്വന്തമായി കുറച്ചു നിലമുണ്ട്. അതില്‍ കൃഷി ചെയ്തു കിട്ടുന്ന ചെറിയ വരുമാനത്തിലാണ് ആ കുടുംബം കഴിയുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം നടാനും നനയ്ക്കാനുമൊക്കെ അമ്പുവും കൂടാറുണ്ട്. അതിന്റെ കഥകളൊക്കെ അവന്‍ ക്ലാസില്‍ വന്നു പറയാറുണ്ടായിരുന്നു.
അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ നന്ദു അമ്മയോട് ചോദിച്ചു: ''അമ്മാ, നമ്മളെപോലെ ആഹാരം കഴിക്കാതോണ്ടും വളരാതോണ്ടും ചലിക്കാത്തോണ്ടുമൊക്കെയാണാ മണ്ണിന് ജീവനില്ലാന്ന്  പറയുന്നത്?''

''അതിനിപ്പോ ജീവനുണ്ടെന്ന് ആരാ പറഞ്ഞത്?'' അമ്മ ചോദിച്ചു. 

''അമ്പു. പക്ഷേ ടീച്ചര്‍ പറഞ്ഞത് ജീവനുള്ള വസ്തുക്കള്‍ ആഹാരം കഴിക്കും വളരും ശ്വസിക്കും ചലിക്കും എന്നൊക്കെയാണ്.''

''അവര്‍ കൃഷിക്കാരല്ലേ. അതാണ് അങ്ങനെ പറഞ്ഞത്. അവര്‍ക്ക് മണ്ണിനോട് അത്രയ്ക്കു  അടുപ്പമാണ്.'' അമ്മ പറഞ്ഞു.

''അവനെ അടക്കിയ ഇടത്ത് എന്തെങ്കിലും നട്ടു കാണോ അമ്മാ?'' നന്ദു ചോദിച്ചു.

''ഇതൊക്കെ നിനക്കെങ്ങനെ അറിയാം?''

''അമ്പു പറഞ്ഞിട്ടുണ്ട് അവന്റെ അമ്മൂമ്മയെ അടക്കിയ ഇടത്ത് മഞ്ഞളും ചേമ്പുമൊക്കെ നട്ടിട്ടുണ്ടെന്ന്.  അതു വളര്‍ന്നോന്ന് നോക്കാന്‍ പോവാന്‍ അവനു പേടിയായിരുന്നു.''

''ഉം. വെറുതേ അതുമിതും ആലോചിച്ച് രാത്രി വേണ്ടാത്ത സ്വപ്നമൊന്നും കാണണ്ട. കിടന്നുറങ്ങാന്‍ നോക്ക്.''

''അമ്പൂനും ചെടി കാണും. അവന്റെ അച്ഛനും അമ്മയും ദിവസോം  അതിന് വെള്ളം ഒഴിക്ക്യോയിരിക്കും അല്ലേമ്മാ?'' ഉറക്കത്തിലേക്ക് വീഴുന്നതിനുമുമ്പ് നന്ദു ചോദിച്ചു. 

അന്ന് രാത്രി ചെടികള്‍ കിളിര്‍ത്തു നില്‍ക്കുന്ന അമ്പുവിന്റെ  ജീവനില്ലാത്ത ശരീരം നന്ദു സ്വപ്നം കണ്ടു. 

 

Follow Us:
Download App:
  • android
  • ios