Asianet News MalayalamAsianet News Malayalam

Malayalam Short Story: ആനമറുത, അനീഷ് ആശ്രാമം എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അനീഷ് ആശ്രാമം എഴുതിയ കഥ

chilla malayalam short story by Aneesh Asramom
Author
Thiruvananthapuram, First Published Dec 30, 2021, 4:56 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Aneesh Asramom

 

ആറ്റിന്‍കരയോട് ചേര്‍ന്നുകിടക്കുന്ന മരക്കാട്ടിലൂടെ അവര്‍ നടന്നു. കുറച്ച് ദൂരത്തായി ആറ്റിന്‍കരയില്‍ തേക്കിന്‍ തടിവെട്ടിയിട്ട പോലൊരു കൊഴുത്ത മലമ്പാമ്പ് കിടക്കുന്നു. 

മൂപ്പന്‍ വായടക്കാന്‍ ആഗ്യം കാട്ടി. ഭക്ഷണം തട്ടിയിട്ട് വിശ്രമിക്കുകയാണ്. ശബ്ദമുണ്ടാക്കണ്ട. പേടിക്കേം വേണ്ട. അവ ഉപദ്രവിക്കില്ല, പക്ഷേ നമ്മള്‍ അവറ്റകളെ ഉപദ്രവിക്കാനാണ് വന്നിരിക്കുന്നത്.'  -മൂപ്പന്‍ പറഞ്ഞു. 
    
ചുറ്റളവ് കൂടിയ ധാരാളം മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നു. അതിനിടയില്‍ ഒരു അരയാല്‍. വിശ്രമിക്കാനായി ഞങ്ങള്‍ അതിന്റെ ചുവട്ടിലിരുന്നു. അവിടെ കുറെ കല്‍പ്രതിഷ്ടകള്‍ കാടുമൂടിക്കിടക്കുന്നു. 'പണ്ടെപ്പഴോ ആരാധന നടത്തിയിരുന്ന ഒരു കാവാണ്'- മുപ്പന്‍ പറഞ്ഞു. 

നടത്തം തുടര്‍ന്നു. 

'മൂപ്പാ....ഇനിയെത്ര പോവണം. ഒരൊറ്റ ആനയെപ്പോലും കാണുന്നില്ലല്ലോ?'-ഗോവിന്ദന്‍ അണച്ചുകൊണ്ട് ചോദിച്ചു. 

'ഗോവിന്ദാ നീ പേടിക്കണ്ട, നമ്മുടെ ലക്ഷ്യ സ്ഥാനം അടുക്കാറായി. പാണനടുപ്പ് എന്ന സ്ഥലത്തെത്തിയാല്‍ നമ്മുടെ കാര്യം നടത്തി തിരിച്ചുപോകാം.'-മൂപ്പന്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. 

ആ നടത്തം ചെത്തിമിനുക്കിയ ഭംഗിയുള്ള പാറയടുക്കുകള്‍ നിറഞ്ഞ സ്ഥലത്ത് ചെന്നുനിന്നു. 

ആറ്റില്‍ നിറയെ അടുക്കിവച്ചമാതിരി മിനുസമുള്ള പാറക്കല്ലുകള്‍. അവയില്‍ ആഴത്തിലുള്ള കുഴികളുമുണ്ട്. സീതക്കയം എന്ന സ്ഥലമാണത്. 

ശ്രീജിത്ത് കയ്യില്‍ കരുതിയിരുന്ന കുപ്പിയില്‍ ആറ്റിലെ വെള്ളം നിറച്ചെടുത്തു. 

മരുത്, തേമ്പാവ്, പേരറിയാത്ത കൈ ചുറ്റിയാല്‍ പോലും പിടികിട്ടാത്ത മരങ്ങള്‍. അതിനിടയിലൂടെ നടക്കുകയാണ് ്അവര്‍. മലയണ്ണാന്‍മാര്‍ ഉയരത്തിലുള്ള മരച്ചില്ലകളിലൂടെ ചാടിച്ചാടി പോയി. എങ്ങുനിന്നൊക്കെയോ ചൂളം വിളികള്‍. പക്ഷികളുടെ ഇരമ്പല്‍. 

അവര്‍ ആറ്റുവഞ്ചിയുടെ തീരത്തുകൂടി നടക്കുകയാണ്. ഇരുട്ടായി തുടങ്ങി. 

വെളുത്തവാവായിരുന്നു അന്ന്. ചന്ദ്രകാന്തിയില്‍ കാട് തിളങ്ങിനിന്നു. മൂപ്പന്‍ മുന്നില്‍ നടക്കുന്നു. കൊടുങ്കാട്ടിലെ ഓരോ വഴികളും മൂപ്പന് ഹൃദിസ്ഥമാണ്.

സീതക്കയം കടന്ന് തേവര്‍വാടി എന്ന സ്ഥലത്ത് എത്തി.  ടോര്‍ച്ചിന്റെ വെളിച്ചം ഗോവിന്ദ് മുകളിലേക്ക് നാട്ടി. ഭീമാകാരന്‍ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അണലിവേഗപ്പട്ട, പൂതക്കൊല്ലി, മുള്ളെലവ്, ചീനിമരം അങ്ങനെ ധാരാളം മരങ്ങള്‍. 'വിഷം തീണ്ടിയാല്‍ ആദിവാസികള്‍ അണലിവേഗപ്പട്ട മരത്തിന്റെ തൊലി ഉപയോഗിക്കും'- മൂപ്പന്‍ പറഞ്ഞു. 

10 അടി വ്യാസമുള്ള മറ്റൊരു പടുകൂറ്റന്‍ മരം കണ്ടു. ചീനിമരമാണ്.  പാച്ചന്‍ അതിന്റെ മൂട്ടില്‍ നിന്ന് ടോര്‍ച്ച് മുകളിലേക്കടിച്ചു. ആകാശം മുട്ടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ശിഖരങ്ങള്‍. നിറയെ തേനീച്ച കൂടുകള്‍ പ്ലാവില്‍ ചക്കപിടിച്ചു നില്‍ക്കുന്ന മാതിരി തൂങ്ങിക്കിടക്കുന്നു. ആറ്റിലെ വെള്ളത്തിന്റെ ശബ്ദം കേള്‍ക്കാം. 

ആറ്റിനക്കരയും നിബിഡമായ മരങ്ങള്‍. ആഴക്കയങ്ങള്‍ ഉള്ള സ്ഥലമാണ്. ആനകളും മറ്റു വന്യമൃഗങ്ങളും അക്കരെയിക്കരെ നീന്തിക്കടക്കാറുണ്ട്. 

ചാരായക്കുപ്പിയിലെ അവസാന തുള്ളിയും അകത്താക്കി മൂപ്പന്‍ നടന്നു. സംഘം പിന്നാലെ.

പെട്ടെന്ന് കാടിന്റെ ഉള്ളില്‍നിന്നും ഒരു വല്ലാത്ത കാറ്റ്. ഒരേ ദിശയില്‍ അതെല്ലാറ്റിനെയും മറിച്ചിടുന്നു. ആന ചിന്നം വിളിക്കുന്ന ശബ്ദം കേട്ടു. കാറ്റിന്റെ ശക്തി കൂടി വന്നു. ശ്രീജിത്തും, പാച്ചനും പേടിച്ച് നില്‍ക്കുകയാണ്. ആനയുടെ സാമിപ്യം അറിഞ്ഞ ഗോവിന്ദന്‍ ഉത്സാഹ ഭരിതനായി. 

'അത്ര ശുഭലക്ഷണമല്ല, ഉള്‍ക്കാടിന്റെ വിളികളാണ് ഇത്. അതാപത്താണ്.'-മൂപ്പന്‍ പറഞ്ഞു. 

ഇതാണാ അവസരം. കാട്ടാനയാണ് മുന്നിലുള്ളത്. രണ്ട് കൊമ്പുള്ള കാട്ടാന. ഒരൊറ്റ വെടി. എല്ലാ പ്രശ്്‌നങ്ങള്‍ക്കും പരിഹാരം. മൂപ്പന്റെ മുന്നറിയിപ്പൊന്നും വകവയ്ക്കാതെ, കാറ്റ് വീശുന്ന ദിശയിലേക്ക് അബോധത്തിലെന്നോണം നടന്നു. കയ്യില്‍ ഒരു നാടന്‍തോക്കുണ്ട്, അതിന്റെ ബലത്തിലാണ് പോക്ക്. 

പെട്ടെന്ന് ഒരു ഭയങ്കര ശബ്ദം. കാറ്റിരമ്പുന്നു ചുറ്റും. ഗോവിന്ദന്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്കി. മുന്നില്‍ സ്ഫടിക രൂപത്തില്‍ ഒരാന. ഭീകരമായ ചിന്നംവിളി. 

ഗോവിന്ദന്‍ അറിയാതെ കാഞ്ചിയില്‍ വിരലമര്‍ത്തി. ഉഗ്രശബ്ദത്തോടെ വെടിപൊട്ടി. അഗാധതയില്‍നിന്നും ഒരു അലര്‍ച്ചയും നിലവിളിയും ഉയര്‍ന്നു. പതിയെ ഒച്ചകള്‍ അടങ്ങി. 

ഈ സമയം മൂപ്പനും പാച്ചനും ശ്രീജിത്തും ചേര്‍ന്ന് ഗോവിന്ദനെ തിരയുകയായിരുന്നു. അവനെ കാണുന്നേയില്ല. 

'ഈ ഉള്‍വനത്തില്‍ നമ്മള്‍ അവനെ തിരഞ്ഞ് കാട് കേറുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. വഴി തെറ്റിയാല്‍ അപകടം സംഭവിക്കാം. പുലി ഇറങ്ങുന്ന സ്ഥലമാണ്. നമുക്ക് പാണനടുപ്പിലേക്ക് പോകാം, അത് വളരെ അടുത്താണ്. പോകുന്ന വഴി നമുക്ക് അവനെ തിരയാം.'-മൂപ്പന്‍ പറഞ്ഞു. 

ശ്രീജിത്ത് ഒന്നും പറഞ്ഞില്ല. അവനാകെ ഭീതിയുടെയും കരച്ചിലിന്റെയും പിടിയിലമര്‍ന്നിരുന്നു. 

മരങ്ങളാല്‍ നിറഞ്ഞ് പുല്ല്‌കൊണ്ട് മൂടപ്പെട്ട വഴിയിലൂടെ അവര്‍ നടന്ന് നീങ്ങുകയാണ്. അല്പനേരത്തെ നടത്തത്തിനൊടുവില്‍ അവര്‍ പാണനടുപ്പില്‍ എത്തിച്ചേര്‍ന്നു. 

ആറിനോട് ചേര്‍ന്ന് മൂന്ന് ഭീമാകാരന്‍ കല്ലുകള്‍. അടുപ്പ് കൂട്ടിയതു പോലെ രണ്ട് വലിയ പാറക്കല്ലുകള്‍ മുകളിലായി ഒരു കൂറ്റന്‍ കല്ല് ആറ്റിലേക്ക് തള്ളിനില്‍ക്കുന്നു. അതിനുള്‍വശം ഒരുപാടാളുകള്‍ക്ക് ഇരിക്കാനും കിടക്കാനും പറ്റും. മുകളിലിരിക്കുന്ന പാറക്കല്ലിലേക്ക് ഓരത്തുകൂടി കയറാന്‍ വഴിയുണ്ട്. വന്യമൃഗങ്ങളോ മറ്റോ വരുമ്പോള്‍  ഓടി മുകളിലത്തെ പാറക്കല്ലില്‍ കയറി രക്ഷപ്പെടാമെന്നും, ആനപോലുള്ള വലിയ മൃഗങ്ങള്‍ക്ക് അവിടെ കയറാന്‍ പറ്റില്ലെന്നും മൂപ്പന്‍ പറഞ്ഞു. 

 

.....................................

മുന്നിലിപ്പോള്‍, സ്ഫടിക രൂപത്തിലുള്ള മദമിളകിയ ഒരാന. നിലാവെളിച്ചത്തില്‍ അതിനെ വ്യക്തമായി കാണാം. അത് മരച്ചില്ലകള്‍ ഒടിച്ചെറിഞ്ഞു. അവിശ്വസനീയമായ ആരവങ്ങള്‍.

chilla malayalam short story by Aneesh Asramom

 

പേര് പോലെതന്നെ പാറകൊണ്ടുള്ള ഒരു കൂറ്റനടുപ്പായിരുന്നു അത്. 

പാച്ചന്‍ സഞ്ചിയിലുണ്ടായിരുന്ന മണ്ണെണ്ണവിളക്ക് പൊന്തി നിന്ന ഒരു ചെറിയ പാറക്കല്ലില്‍ കത്തിച്ചുവച്ചു. മുറംപോലെ മിനുസപ്പെടുത്തിയ വലിയ പാറക്കല്ലുകള്‍ കമഴ്ത്തിവച്ചിരിക്കുന്ന ആറിന്റെ തീരം, അതിലങ്ങനെ നിവര്‍ന്നൊഴുകുന്ന അഴിതയാറ്. നിരപ്പായ ഒരു പാറക്കല്ലില്‍ ഇരുന്ന് കയ്യില്‍ കരുതിയ പൊതിച്ചോറഴിച്ച് മൂവരും വിശപ്പടക്കി. 

നല്ല നിലാവെളിച്ചം.


രാത്രി ഒരു മണി കഴിഞ്ഞു.  ആനകള്‍ അക്കര നിന്നും നീന്തി വരുന്ന സമയമാണ്. നമ്മളിനി ശ്രദ്ധയോടെ ഇരിക്കണം.'-മൂപ്പന്‍ പറഞ്ഞു. 

അവര്‍ ഓരോരുത്തരും മൂന്നിടങ്ങളിലായി ഇരുപ്പുറപ്പിച്ചു.

അല്ല മൂപ്പാ, അപ്പോള്‍ ഗോവിന്ദന്‍? അവനെ കണ്ടെത്തണ്ടേ...?'-ശ്രീജിത്ത് ചോദിച്ചു. 

'നേരം വെളുത്തോട്ടെ, ഉള്‍ക്കാട്ടില്‍  എവിടെയോ വഴിതെറ്റി  കിടക്കുകയാണ് അവന്‍. ഈ രാത്രിതന്നെ നമ്മുടെ ലക്ഷ്യം നടക്കും. കാലത്ത് അവനെ കണ്ടെത്താം'-മൂപ്പന്‍ ആശ്വാസസ്വരത്തില്‍ പറഞ്ഞു. 

അതൊന്നും ശ്രീജിത്തിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും അവന്‍ ഒന്നും പറഞ്ഞില്ല. 

ആറ്റിലെ പ്രശാന്തമായ അന്തരീക്ഷത്തിലെ ഗാഢമൂകതയില്‍ പെട്ടെന്ന് ഒരനക്കം. ചെറിയ ചുള്ളികമ്പുകളും, കുറ്റിച്ചെടികളും മറ്റും ഒടിയുന്ന ശബ്ദം. 

'പന്നിയോ മറ്റോ ആയിരിക്കും'- മൂപ്പന്‍ പറഞ്ഞു. 

ആ ശബ്ദം അടുത്തടുത്തുവരുന്നു. ശ്രീജിത്ത്, ഭയം കൊണ്ട് വിറച്ചു. 

'പന്നിയല്ലെന്നാ തോന്നുന്ന, പോത്തായിരിക്കും. എല്ലാവരും കരുതിയിരിക്കണം.'- മൂപ്പന്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അവര്‍ക്കിടയില്‍ നിശ്ശബ്ദത പരന്നു.  അടിച്ചു തകര്‍ത്തു വരുന്ന കാറ്റും അതിനിടയില്‍ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദവും കേള്‍ക്കാം. 

'മദപ്പാട് കേറിയ ഏതോ ആനയാണെന്നാ തോന്നുന്ന. വേഗം അടുത്ത മരത്തില്‍ ഓടിക്കയറിക്കോ. ആയുധങ്ങള്‍ കരുതണം. കിട്ടിയാല്‍ വകവരുത്തിയേക്കണം.' മൂപ്പന്‍ പറഞ്ഞതും പാച്ചന്‍ അപ്പോള്‍ കണ്ട ഒരു വലിയ മരത്തിലേക്ക് ചാടിക്കയറി. 

ഭയന്ന് വിറക്കുന്ന ശ്രീജിത്തിന് മരത്തില്‍ കയറാന്‍ പറ്റുന്നില്ല. പാച്ചന്‍ ശ്രീജിത്തിനെ ഉടുപ്പിലും കയ്യിലും പിടിച്ച് എങ്ങനെയൊക്കെയോ താനിരുന്ന മരത്തിലേക്ക് വലിച്ച് കയറ്റി. മൂവരും മരത്തിലിരുന്ന് കാടനക്കം കേട്ട ദിക്കിലേക്ക് നോക്കിയിരിക്കുകയാണ്.

ആന ചിന്നം വിളിക്കുന്ന ഒച്ച. കാറ്റ് ചുഴറ്റിയടിക്കുന്ന മരങ്ങള്‍. 

മുന്നിലിപ്പോള്‍, സ്ഫടിക രൂപത്തിലുള്ള മദമിളകിയ ഒരാന. നിലാവെളിച്ചത്തില്‍ അതിനെ വ്യക്തമായി കാണാം. അത് മരച്ചില്ലകള്‍ ഒടിച്ചെറിഞ്ഞു. അവിശ്വസനീയമായ ആരവങ്ങള്‍.

എല്ലാം തോന്നല്‍ മാത്രമാണോ? ശരീരമാകെ വിറച്ച് നാവിറങ്ങിപ്പോയ മാതിരി ഒന്നും മിണ്ടാനാകാതെ ശ്രീജിത്തും പാച്ചനും മരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഹൃദയമിടിപ്പു കൂടിക്കൊണ്ടിരുന്നു. ഭയം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ആന കൂറ്റന്‍ മരങ്ങള്‍ പിഴുത് ആറ്റിലേക്കെറിയുന്നു. 

ഭയം ഉള്ളിലൊതുക്കി ശബ്ദം പുറത്തുവരാതെ മരത്തിലിരിക്കുന്ന അവരെ ആന കണ്ടില്ല. 

ആന മുകളിലത്തെ പാറയില്‍ പാഞ്ഞുകയറി. ആറ്റിലേക്ക് തള്ളി നില്‍ക്കുന്ന പാറക്കല്ലിന്റെ  മുനമ്പില്‍ കയറി നിന്നുകൊണ്ട് അത് കൊലവിളി മുഴക്കി. 

ആരും മിണ്ടിയില്ല. ഭയന്നുവിറച്ച് അങ്ങനെയിരുന്നു. 

പതിയെ ശബ്ദങ്ങള്‍ അടങ്ങി. കാറ്റൊതുങ്ങി. സ്ഫടിക രൂപത്തിലുള്ള ആനയെ കാണാതായി. 

'ഇത് ആനയല്ല!'-മൂപ്പന്‍ പറഞ്ഞു. 

അന്തം വിട്ട് ശ്രീജിത്ത് മൂപ്പനെ നോക്കി. അവന്‍ ഭയന്നുവിറക്കുന്നുണ്ടായിരുന്നു. 

'ഇത് ആനമറുതയാണ്. മനുഷ്യനെ പേടിപ്പിക്കുന്ന കാനനപ്രകൃതിയുടെ പ്രതിഭാസങ്ങളിലൊന്ന്. ഭീതിജനിപ്പിക്കുന്ന  ഒരു മറുത. കൊക്കയിലും മറ്റും അടിതെറ്റി വീണ് ചരിയുന്ന ആനകളുടെ മറുതകളാണെന്നാണ് പഴമക്കാര്‍ പറയുന്നത്.' -മൂപ്പന്‍ പറഞ്ഞു. 

ആനമറുതയെ പ്രജ്ഞയില്‍ അനുഭവിച്ചറിഞ്ഞ ഗംഗാധരന്‍ മൂപ്പന്‍. മനസ്സിന്റെ ഉപബോധതലങ്ങളിലൂടെയാണോ പിന്നിട്ട നിമിഷങ്ങള്‍ കടന്നു പോയതെന്ന് തിരിച്ചറിയാനാവാതെ ശ്രീജിത്തും പാച്ചനും.

മൂപ്പന്‍ ടോര്‍ച്ചിന്റെ വെളിച്ചം ആനമറുത ഇറങ്ങിപ്പോയ അഴുതയാറിലേക്ക് നീട്ടി. അഴിതയാറ് പ്രശാന്തമായി ഒഴുകുന്നു. വിദൂരമല്ലാതെ ആറ്റിലെ പൊന്തി നില്‍ക്കുന്ന പാറക്കല്ലില്‍ ആരോ കമഴ്ന്ന് കിടക്കുന്നു. അത് കണ്ട മൂപ്പന്‍ ആറ്റിലേക്ക് എടുത്ത് ചാടി നീന്തി പാറക്കല്ലില്‍ കയറി ശവശരീരം തിരിച്ച് മുഖം നോക്കി. 

ഗോവിന്ദനാണ്!

അപ്പോഴേക്കും ശ്രീജിത്തും പാച്ചനും നീന്തി പാറക്കല്ലിലെത്തി. വായില്‍ നിന്ന് ചോര ചീന്തിവരുന്നുണ്ട്. തണുത്തു വിറങ്ങലിച്ച ശരീരം. മരണം സംഭവിച്ചിട്ട് കുറച്ച് സമയമായി. ഗോവിന്ദന്റെ അനക്കമറ്റ മൃതശരീരത്തെ കുലുക്കി വിളിച്ച് മൂവരും അലറിക്കരഞ്ഞു. 

Follow Us:
Download App:
  • android
  • ios