ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അഞ്ജലി രാജന്‍ എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കൗമാരത്തിന്റെ ഇടനാഴിയിലെപ്പഴോ ഒരു കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ വരിയിലൊരാളായി അച്ചടക്കത്തോടെ നടന്നാണ് ഞാനാ കടലു കാണാനെത്തിയത്. 

കടല്‍ തീരത്തു നിന്ന് അത്രയകലയല്ലാതെ കപ്പലണ്ടി തോടുകളും ഐസ്‌ക്രീം കപ്പുകളും കുഞ്ഞു ശംഖുകളും കുഴഞ്ഞു മറിഞ്ഞ് കിടന്ന മണലിലിരുന്ന്, തീരത്തെ തൊട്ടു തിരിഞ്ഞോടുന്ന തിരമാലകളെ കണ്ടു.

'നമുക്ക് അന്താക്ഷരി കളിച്ചാലോ?'

കന്യാസ്ത്രീ മൃദുവായ ശബ്ദത്തില്‍ ഈണത്തോടെ ചോദിച്ചു.

തിരിഞ്ഞോടുന്ന തിരമാലകളെ പിടിക്കാന്‍ കടലിലേക്കോടാനാണ് ആശ തോന്നിയത്. അപ്പോഴേയ്ക്കും ആരുടെയൊ നാവുകള്‍ അന്താക്ഷരിക്ക് 'ഓക്കെ' പറഞ്ഞു കഴിഞ്ഞിരുന്നു. 

അന്താക്ഷരി വല്ലാതെ മുഷിപ്പിച്ചപ്പോള്‍ മഞ്ഞയില്‍ കറുത്ത വരകളുള്ള ഷൂ അഴിച്ചു മാറ്റി എഴുന്നേറ്റു മഞ്ഞ പൂക്കളുള്ള മിഡിയിലെ മണ്ണ് തട്ടി നിവര്‍ന്നു നിന്നു കടലിലേയ്ക്ക് നോക്കി.

'ഇവിടിരിക്ക്'-കന്യാസ്ത്രീ ഉയര്‍ത്തിയ ശബ്ദത്തിനപ്പോള്‍ മൃദുത്വം തീരെയില്ലായിരുന്നു. 

അയഞ്ഞ ഷേര്‍ട്ടും നിക്കറുമണിഞ്ഞ പയ്യന്‍ 'കപ്പലണ്ടി കപ്പലണ്ടി' എന്നുറക്കെ വിളിച്ച് അടുത്തേയ്ക്കു വന്നു. 
അവന്റെ സ്വാതന്ത്ര്യം അസൂയയോടെ നോക്കി നില്‍ക്കുമ്പോള്‍ അന്താക്ഷരി അവസാനിച്ച് കഥ പറച്ചില്‍ തുടങ്ങിയിരുന്നു. 

കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നാവാന്‍ രാജാവ് സമ്മതിക്കാത്ത ഭാഗമെത്തിയപ്പോള്‍ കന്യാസ്ത്രീ കഥ നിര്‍ത്തി, ബാക്കി ഭാഗം പൂരിപ്പിക്കാന്‍ ശ്രോതാക്കളോട് ആവശ്യപ്പെട്ടു.

'രാജകുമാരനെ സ്‌നേഹിക്കുന്നുവെങ്കിലും രാജാവിനെയും രാജ്ഞിയേയും വിഷമിപ്പിച്ച് വരാന്‍ തനിക്കാവില്ലെന്ന് രാജകുമാരി പറഞ്ഞു.' നീല ഫ്രോക്കണിഞ്ഞവള്‍ പൂരിപ്പിച്ചു.

'ശക്തനായ രാജകുമാരന്‍ യുദ്ധം ചെയ്തു രാജാവിനെ തോല്‍പ്പിച്ചു രാജകുമാരിയെ മോചിപ്പിക്കുകയും അവര്‍ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.'-മറ്റാരോ പൂരിപ്പിച്ചു.

'ആ അതാണ്. അങ്ങന്യാ വേണ്ടത്. അല്ലാതെ ഇവള് പറഞ്ഞതെന്താണ്?'-അത് പറയുമ്പോള്‍ കന്യാസ്ത്രീയുടെ മുഖത്ത് നിരാശയുടെ നിഴല്‍ വീണിരുന്നില്ലേ !

നീല ഫ്രോക്കണിഞ്ഞവളുടെ മുഖം വാടി. മണ്‍കൊട്ടാരം പണിയുന്നതില്‍ അവളും പങ്കാളിയായെങ്കിലും
ഒരു നീല തിമിംഗലമായി മാറി. കണ്ണത്താ ദൂരത്തോളം ഒഴുകുന്ന കടല്‍ക്കാഴ്ചകള്‍ അനുഭവിക്കാനവള്‍ മോഹിച്ചു. 

സമയം ഓര്‍മ്മിച്ചിച്ചു കന്യാസ്ത്രീ ഉയര്‍ത്തിയ ശബ്ദതരംഗങ്ങള്‍ ചെവിയില്‍ അലയടിച്ചു. തിരികെ പോകാനുള്ള വരിയിലൊരുവളായപ്പോഴും അവളുടെ കണ്ണുകള്‍ കടലിനെ പുണര്‍ന്നിരുന്നു.

കാലം കൗമാരത്തിന്റെ ഇടനാഴിയില്‍ നിന്ന് യൗവ്വനത്തിന്റെ പടികളിലെത്തി, സീമന്തരേഖയിലെ സിന്ദൂരത്തിനുടമയ്‌ക്കൊപ്പം കേള്‍വികളിലെ സുന്ദരിയായ മറീന ബീച്ചിലെത്തി.

കടലിനെ നോക്കി കടലോളം ആഴത്തില്‍ ഒറ്റപ്പെട്ട് സ്വര്‍ണ്ണ മണല്‍ത്തരികളുള്ള തീരത്തിരുന്നു.

അവന്‍ കടലില്‍ അനന്തരവനുമായി തുള്ളിച്ചാടുകയാണ്. നനുത്ത രോമങ്ങളുള്ള അവന്റെ പാദങ്ങളെ തിരമാലകള്‍ പുണരുന്നു.

ആ തിരമാലകളായിരുന്നെങ്കില്‍! 

തിരികെ പോവുമ്പോള്‍, വെട്ടി വരഞ്ഞ് മുളക് തേച്ച് തട്ടുകളില്‍ നിരനിരയായി വറചട്ടിയിലേക്കുള്ള ഊഴവും കാത്തിരിക്കുന്ന മീനുകളെ കണ്ടു. അല്പം മുന്നേവരെ കടലില്‍ മുങ്ങാംകുഴിയിട്ട് ഉല്ലസിച്ച് നടന്നവര്‍ ! 

ഭയം തിരമാല പോലെ ആര്‍ത്തിരമ്പി വന്നു. 

'നിനക്ക് കടലിലിറങ്ങണമായിരുന്നല്ലേ?'-ടി വി യില്‍ ആടിത്തിമിര്‍ക്കുന്ന റാണി മുഖര്‍ജിയില്‍ ഉറപ്പിച്ചിരുന്ന ദൃഷ്ടി പിന്‍വലിക്കാതെ ചപ്പാത്തി മുറിച്ച് വായില്‍ വച്ചു കൊണ്ട് ഇല്ലെന്ന് ചുമലുകള്‍ കുലുക്കി കാണിച്ചു. 

കാലം മുന്നോട്ട് കുതിക്കുന്നതോര്‍മ്മിപ്പിച്ച് ചുമരില്‍ കലണ്ടറുകള്‍ മാറി മാറി വന്നു

പിന്നീട് ഞാനെന്നാണ് കടല് കണ്ടത്?

അല്ലാ, അതിന് ഞാനെപ്പോഴെങ്കിലും കടല്‍ കണ്ടിട്ടുണ്ടോ!

കണ്ണുകളാല്‍ കണ്ടതിനും കാതുകളാല്‍ കേട്ടതിനുമപ്പുറം അനുഭവിച്ചറിയുന്നതാണ് യാഥാര്‍ഥ്യമെന്നിരിക്കേ, 
ഞാനെപ്പോഴാണ് കടല് കണ്ടത്! 

കടല്‍ത്തീരമെന്റെ സാന്നിദ്ധ്യമറിഞ്ഞിരിക്കാം. പക്ഷേ കടലറിയുന്നോ ഉള്ളിലെ മോഹക്കടല്‍!