Asianet News MalayalamAsianet News Malayalam

Malayalam Short Story : ജീവിതത്തിലാദ്യമായി അയാളുടെ ശബ്ദം ഉയര്‍ന്നു, അന്‍മോള്‍ അന്‍വര്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അന്‍മോള്‍ അന്‍വര്‍ എഴുതിയ ചെറുകഥ

chilla malayalam short story by Anmol Anwar
Author
Thiruvananthapuram, First Published Jul 25, 2022, 4:17 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Anmol Anwar

സൂര്യന്‍ ഉദിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ കാര്‍മേഘം മൂടിക്കെട്ടിയ മാനം പോലെ ആയിരുന്നു അയാളുടെ മനസ്സ്. ഒരുപാട് ചിന്തകളും ഓര്‍മ്മകളും മനസ്സില്‍ അലയടിച്ചെങ്കിലും ഒന്നും നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥ. 

മകളുടെ വിവാഹമാണിപ്പോള്‍ പ്രശ്‌നം. അവളുടെ വിവാഹം വീട്ടുകാര്‍ ചെറുപ്പത്തിലേ ഉറപ്പിച്ചു വച്ചതായിരുന്നു. മുറച്ചെറുക്കന്‍ തന്നെ ആയിരുന്നു ഭര്‍ത്താവ് ആയി വന്നത്. വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളില്‍ തന്നെ ആ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.  അതിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചയാണ് ഇന്ന്. സത്യത്തില്‍ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത് ഒരു 'കുടുംബയോഗം' തന്നെയാണ്. എല്ലാവരും അവളുടെ ഭര്‍ത്താവിന്റെ ഭാഗത്തായിരുന്നു. 

സത്യത്തില്‍, സ്വന്തം  വിവാഹം മുതല്‍ മകളുടെ വിവാഹം പോലും അയാളുടെ  തീരുമാനം ആയിരുന്നില്ല. അതിനു കാരണം ഒന്നേ ഉണ്ടായിരുന്നുുള്ളൂ, അയാളുടെ അനുസരണ. ജീവിതത്തിലൊരിക്കലും അയാള്‍ ആരെയും അനുസരിക്കാതിരുന്നില്ല. കുഞ്ഞുന്നാള്‍ മുതല്‍ അയാള്‍ അങ്ങനെയായിരുന്നു. 

രണ്ട്

അനുസരിക്കാതിരിക്കാനുള്ള ധൈര്യം അയാള്‍ക്ക് ഇല്ലായിരുന്നു എന്നതാണ് സത്യം. അധ്യാപകരായ  മാതാപിതാക്കളുടെ അടുക്കും ചിട്ടയും അയാളുടെ ജീവിതത്തിലും ഉണ്ടായിരുന്നു, ഒരു പക്ഷെ വേണ്ടതിലും അധികം. കുട്ടികാലത്തെ ആ അടുക്കും ചിട്ടയും അവന്റെ മനസ്സില്‍ സന്തോഷത്തിനും സമാധാനത്തിനും പകരം ആശങ്കയുടെയും ഭയത്തിന്റെയും വിത്താണ് വിതച്ചത്. കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളോട് ഭയമില്ലെങ്കില്‍ അവര്‍ വഴിതെറ്റിപോവുമോ എന്നു വിചാരിച്ചാവണം അവനോട് ഒന്നു മനസ്സ് തുറന്നു സംസാരിക്കാനോ കളിതമാശകള്‍ പറയാനോ എന്തിന് അവനെ നോക്കി ഒന്നു ചിരിക്കാന്‍ പോലും അവര്‍ മടിച്ചു. അവന് കൃത്യ സമയത്ത് ഭക്ഷണവും വസ്ത്രവും എല്ലാം ലഭിക്കുന്നുണ്ടായിരുന്നു.

പക്ഷെ സ്‌നേഹം!

അതിനെക്കുറിച്ച് ആരും ചിന്തിച്ചില്ല, തിരക്കിയതുമില്ല.
             
ജീവിതത്തിന്റെ ഓരോ കാലഘട്ടം കഴിയുമ്പോഴും മാതാപിതാക്കളും അയാളും തമ്മിലുള്ള ബന്ധം ഉത്തരവ് കല്‍പിക്കുന്നവരും അനുസരിക്കുന്നവനും മാത്രം ആയി ചുരുങ്ങി പോയി. അഭിപ്രായവും അഭിപ്രായഭിന്നതയും പലരോടും പറയാന്‍ ഒരായിരം വട്ടം മനസ്സ് ആഗ്രഹിച്ചപ്പോഴും എന്തോ ഒരു ഭയം അയാളെ എല്ലാ കാലത്തും വിലക്കി. 

കുട്ടിക്കാലത്ത് പലവട്ടം അവന് അവരോട് സ്വന്തം അഭിപ്രായം പറയണമെന്ന് തോന്നിയിരുന്നു. പക്ഷേ കഴിഞ്ഞില്ല. പഠനത്തില്‍ എന്നും മികവ് പുലര്‍ത്തിയിരുന്ന അവനെയും മറ്റു കുട്ടികളെയും ആഘോഷവേളകളില്‍ പോലും താരതമ്യം ചെയ്ത് സന്തോഷവും മനോവീര്യം തകര്‍ക്കുന്നത് അവനെ വിഷമിപ്പിച്ചിരുന്നു. ഓരോ കുട്ടിയും പഠിക്കുന്നത് ഓരോ രീതിയില്‍ ആണെന്നും അത് ആരും കഴിവ് ഇല്ലാത്തവരായത് കൊണ്ടല്ലയെന്നും കുറ്റം പറയുന്നത് ദോഷത്തിന് മാത്രമേ കാരണമാക്കൂ എന്ന് മാതാപിതാക്കളുടെ മുന്നില്‍ ഉറച്ചു പറയണമെന്ന് പലവട്ടം തോന്നിയിട്ടുണ്ടെങ്കിലും സാധിച്ചില്ല. 

തമാശ എന്ന രൂപേണ ഒരു കുട്ടിയെ അവളുടെ ശരീരപ്രകൃതിയും നിറവും മുന്‍നിര്‍ത്തി ക്ലാസ്സ് ടീച്ചര്‍ കളിയാക്കുകയും അപമാനിക്കുകയും ചെയ്തപ്പോള്‍ അതില്‍ രസം കണ്ടെത്തി ചിരിച്ച കൂട്ടുകാരും അറിഞ്ഞോ അറിയാതെയൊ അവനെ കൂടുതല്‍ സങ്കടപ്പെടുത്തി. അപ്പോഴും ടീച്ചറോടും എന്തിനു കൂട്ടുകാരോട് പോലും അങ്ങനെ ചെയ്യരുത് എന്ന് പറയാന്‍ കഴിയാത്ത വിധം എന്തോ അവനെ നിശ്ബ്ദനാക്കി. 

ജീവന് വേണ്ടി പിടയുന്ന വഴിയാത്രക്കാരനെ, മറ്റ് വണ്ടികളെ പോലെ ശ്രദ്ധിക്കാതെ തങ്ങളുടെ വണ്ടിയും കടന്നുപോയപ്പോള്‍ അച്ഛനോട് നിര്‍ത്താന്‍ പറയാനോ ജീവന്റെ വില മനസിലാക്കി കൊടുക്കാനോ അവന്‍  ആശിച്ചെങ്കിലും നടന്നില്ല. മുതിര്‍ന്നവരോട്  കുട്ടികള്‍ ഒരിക്കലും എതിര്‍ത്തു സംസാരിക്കാന്‍ പാടില്ല എന്ന നിയമം ചെറുപ്പത്തിലെ ഹൃദയത്തില്‍ പതിഞ്ഞ് പോയത് കൊണ്ട് വേണ്ടിടത്ത് പോലും ഒരിക്കലും അവന്റെ നാവുയര്‍ന്നില്ല. നന്നായി പഠിക്കുന്ന കുട്ടി എന്ന ലേബല്‍ മാത്രമുള്ള, കൂട്ടുകാര്‍ പോലുമില്ലാത്ത ഒരു അന്തര്‍മുഖന്‍ മാത്രമായി അവന്‍ ഒതുങ്ങി പോയി. പിന്നീട്, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിട്ടു പോലുംം ഒരാളുടെ മുന്നില്‍ നിന്നും പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറയാന്‍ അയാള്‍ക്ക് സാധിച്ചില്ല. നാളിത് വരെ അവന്റ എല്ലാ കാര്യങ്ങളും അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ മറ്റ് പ്രധാനികളുടെയും തീരുമാനം ആയിരുന്നു. അവരുടെ അറിവോ സമ്മതവും കൂടാതെ  അയാള്‍ ഒന്നും ചെയ്തിട്ടില്ല. സ്വന്തം  വിവാഹം മുതല്‍ മകളുടെ വിവാഹം പോലും അയാളുടെ  തീരുമാനം ആയിരുന്നില്ല. 

മൂന്ന്

ആ മകളുടെ ജീവിതമാണ് ഇപ്പോള്‍ ഒത്തുതീര്‍പ്പു മേശയ്ക്കു മുന്നിലിരിക്കുന്നത്. പതിവു പോലെ അയാളുടെ ബന്ധുക്കളെല്ലാം എല്ലാ ആജ്ഞാ ശക്തിയോടും കൂടി അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരെല്ലാം അയാളുടെ മകള്‍ക്ക് എതിരായിരുന്നു. 

'ദേഷ്യം വന്നപ്പോള്‍ ഒന്നു തല്ലിയെന്ന് വിചാരിച്ചു ബന്ധം ഒഴിവാക്കാന്‍ പറ്റുമോ?'

അച്ഛന്റെ ചോദ്യം ആണ്. പ്രതീക്ഷിച്ചതു തന്നെ. 

അയാള്‍ പതിവുപോലെ ഒംന്നും മിണ്ടിയില്ല. 

'നിസ്സാര കാര്യങ്ങള്‍ക്ക് ഇങ്ങനെ ചിന്തിച്ചാല്‍ ഈ കൂടുംബത്തിന്റെ അഭിമാനം കപ്പല്‍ കയറില്ലേ?' -ഇതായിരുന്നു അമ്മാവന്റെ ആശങ്ക.  

'അവന്‍ നമ്മുടെ കൊച്ച് അല്ലെ, അവന്റെ ഭാഗത്തു നിന്ന് അരുതാത്തത് ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല.'

അഭിപ്രായങ്ങള്‍ വന്നു കൊണ്ടിരുന്നു, ഒരാള്‍ പോലും അവളുടെ പ്രശ്‌നം എന്താണ് എന്ന് കേള്‍ക്കാനോ കാണാനോ ഉള്ള  മനസ്സ് കാണിച്ചില്ല. അവളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ അച്ഛന്  കാണാമായിരുന്നു, അവള്‍ അവിടെ അനുഭവിക്കുന്ന മാനസിക ദുഃഖം.

അയാള്‍ വീണ്ടും നിശ്ശബ്ദനായിരുന്നു. ഏതോ നിമിഷം, മകളുടെ നിറഞ്ഞ കണ്ണുകള്‍ അയാളുടെ ഉള്ളില്‍ തെളിഞ്ഞുവന്നു. അന്നേരം, ഇത്രയും കാലം തന്റെ വായില്‍നിന്നും പുറത്തേക്കു വരാതിരുന്ന വിയോജിപ്പുകളെല്ലാം ചേര്‍ന്ന് ഒരു കടലുപോലെ തുളുമ്പി വന്നത് അയാളറിഞ്ഞു. അയാളാകെ വിറച്ചു. 

'ഇല്ല എന്റെ മോള്‍ വരുന്നില്ല, അവള്‍ക്കു വേണ്ട ഈ ബന്ധം!'

അയാളുടെ വായില്‍നിന്നും ജീവിതത്തിലാദ്യമായി അങ്ങനെയൊരു ശബ്ദം ഉയര്‍ന്നുവന്നു. ആ സ്വരത്തിലെ ഉറപ്പും കടുപ്പവും അവിടെ കൂടി ഇരുന്നവരെയെല്ലാം ഞെട്ടിച്ചു കളഞ്ഞു. 

അയാളുടെ അച്ഛനും അമ്മാവനും അടക്കം എല്ലാവരും പൊടുന്നനെ അയാളെ തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. 

അവരില്‍ പലരുടെയും മുഖത്ത് അമ്പരപ്പിനൊപ്പം കലിയും വന്നു നിറഞ്ഞു. അവര്‍ അയാളോട് പലരും എതിര്‍പ്പ്  പറയാന്‍ തുടങ്ങി.

പെട്ടെന്നയാള്‍ക്ക് എന്നോ ഒരിക്കല്‍ തനിക്കു നഷ്ടമായ ശബ്ദങ്ങളെല്ലാം തിരിച്ചുകിട്ടി. ഒരാളെയും ഗൗനിക്കാതെ, തല ഉയര്‍ത്തി ഉറച്ച ശബ്ദത്തില്‍ അയാള്‍ ഉറക്കെ സംസാരിച്ചു: 

'ഓരോ വട്ടവും അവനു ദേഷ്യം വരുമ്പോള്‍ അത് തീര്‍ക്കേണ്ടത് എന്റെ കുഞ്ഞിന്റെ ദേഹത്തു അല്ല. ഭാര്യ ആയത് കൊണ്ട്  അവന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു അവള്‍ മാത്രം മാറണം എന്ന് പറയുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത്? എന്റെ മോള്‍ ഈ ബന്ധം വേണ്ട എന്ന് എന്റെ അടുത്ത് പറഞ്ഞ നിമിഷം മുതല്‍ ഞാനും ഈ ബന്ധം വേണ്ടെന്നു വച്ചു. പിന്നെ ഇവളുടെ ഭാവി ജീവിതം എന്താവുമെന്ന് ഓര്‍ത്ത് നാട്ടുകാരും ബന്ധുക്കളും ദു'ഖിക്കേണ്ട കാര്യമില്ല. അവള്‍ക്കിഷ്ടം അല്ലാത്ത ഒരു ബന്ധത്തില്‍ നിങ്ങളുടെ അഭിപ്രായം മാനിച്ചു എന്തിന്, ആര്‍ക്കു വേണ്ടി അവള്‍ തുടരണം? അവള്‍ക്കു നല്ല വിദ്യാഭാസവും ജോലിയും ഉണ്ട്. അവളെ നോക്കാന്‍ അവള്‍ക്കു നന്നായി അറിയാം. അവളുടെ ആവശ്യങ്ങള്‍ക്കു അച്ഛന്‍ ആയ ഞാന്‍ ഇവിടെ ഉണ്ട്, എന്തും തുറന്നു പറയാവുന്ന ഒരു നല്ല സൂഹൃത്തു ആയിട്ട്. അവള്‍ക്കു ഒരു ഇണയെ വേണം എന്ന് തോന്നുമ്പോള്‍ ഇനി ഒരു വിവാഹത്തെക്കുറിച്ചും ഞങ്ങള്‍ ആലോചിക്കും. ഇതിനെ ചൊല്ലി ഏത് ബന്ധം മുറിഞ്ഞാലും, എനിക്കു പ്രശ്‌നം ഇല്ല.'

ഒരാളും മിണ്ടിയില്ല. എല്ലാ മുറുമുറുപ്പും മുട്ടയില്‍ ചത്തതുപോലെയായി. അവരുടെ മുഖത്തെ ഞെട്ടല്‍ മാത്രം ചെറുചിരിയോടെ അയാള്‍ നോക്കി നിന്നു. എന്നിട്ടൊരു ദീര്‍ഘനിശ്വാസം വിട്ടു, അയാള്‍. 

അവരെല്ലാം ഞെട്ടലോടെ എഴുന്നേറ്റു. ആദ്യമായി അയാളുടെ ശബ്ദം ഉയര്‍ന്നിരുന്നു. ജീവിതത്തിലൊരിക്കലും സംഭവിക്കാത്ത വിധം ഒരാളെയും ഭയക്കാതെ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നു. അതിന്റെ അമ്പരപ്പിലൂടെ അവരുടെ കാലുകള്‍ പുറത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. അയാളെ തിരിഞ്ഞുനോക്കാന്‍ പോലും അവരില്‍ പലര്‍ക്കും െൈധര്യമുണ്ടായിരുന്നില്ല. 

നാല്

മകള്‍ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞപ്പോള്‍ അയാളും കരയുന്നുണ്ടായിരുന്നു. പക്ഷെ അത് ജീവിതത്തില്‍ ആദ്യം ആയിട്ടുണ്ടായ സന്തോഷം കൊണ്ടായിരുന്നു എന്ന് മാത്രം. അരനൂറ്റാണ്ടായി അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം അയാളെ പൊതിയുന്നുണ്ടായിരുന്നു.അന്ന് രാത്രി അയാള്‍  ആദ്യമായി  വളരെ സമാധാനത്തോടെ നാളെക്ക് വേണ്ടി സ്വപ്നങ്ങള്‍ കണ്ട് കൊണ്ട് ഉറങ്ങി.

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios