Asianet News MalayalamAsianet News Malayalam

കൂടോത്രം,  അനു എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അനു എഴുതിയ കഥ

chilla malayalam short story by anu
Author
Thiruvananthapuram, First Published Jun 21, 2021, 7:05 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by anu

 

ഈ സന്ധ്യ നേരത്ത് എങ്ങോട്ടാ കുട്ടി? 

ഭൂതത്താന്‍ കെട്ടിലേക്ക്. കുറെക്കാലായില്ലേ അവിടെയൊക്കെ കണ്ടിട്ട്. 

വേണ്ട കുട്ടി. സൂര്യന്‍ അണയാറായിട്ടുണ്ട്  അവിടാകെ കാട് പിടിച്ചു കിടക്കാണ്. അതും പോരാഞ്ഞിട്ട് ഇടക്കിടെ ആ കൂടോത്രം അവിടെ വരാറുണ്ട്.

ഭാനൂന്റെ പേരിന്  മുന്‍പില്‍ കൂടോത്രം എന്ന പേര് വീഴുമ്പോളവള്‍ക്ക് ഏതാണ്ട് 10 വയസ്സ് വരും.

നീണ്ടു മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ ആയിരുന്നു അവളുടെ അമ്മ.  അവരെ ഞാന്‍ ഒന്നോ രണ്ടോ വട്ടമേ കണ്ടിട്ടുള്ളു. അവര്‍ക്ക് മാജിക് അറിയാമായിരുന്നു. ഭാനുവിനും അവര്‍ അത് പഠിപ്പിച്ചു കൊടുത്തു. വളരെ പെട്ടെന്ന് സമയത്തെ പിന്നിലാക്കി കണ്ണിനെ ഒളിച്ചു ചെയ്യുന്നതാണ് മാജിക് എന്നായിരുന്നു ഭാനു പറയുന്നത്. പക്ഷേ ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നത് അവള്‍ക്ക് ഏതോ അമാനുഷിക ശക്തി ഉണ്ടെന്നാണ്. 

ചെറിയ ക്ലാസിലെ, അവളെ കാണുമ്പോള്‍ കൗതുകവും സ്‌നേഹവും തോന്നിയിരുന്നു. വളരും തോറും അതിങ്ങനെ ഒപ്പം വളര്‍ന്നു.

ഒരു വൈകുന്നേരമാണ് അമ്മയോട് എനിക്ക് ഭാനുവിനെ പോലെയാകണം എന്ന് പറഞ്ഞത്  

മിണ്ടരുത്, നശൂലം പിടിച്ച  ഇനങ്ങളാ അതൊക്കെ, കണി കണ്ടാലേ ദിവസം പോകും. തള്ളക്കുണ്ടല്ലോ കൂടോത്രം പിന്നെ എങ്ങനെയാണ്  മോള്‍ക്ക് ഉണ്ടാവാതിരിക്കുന്നെ? 

ശരിക്കും എനിക്ക് മാത്രമല്ല അവളെ കുറിച്ച് വീടുകളില്‍ സംസാരിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഇത് പോലെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. 

എങ്ങനെയാണ് അവള്‍ക്കും, അവളെ ചുറ്റി പറ്റി നില്‍ക്കുന്ന പരിസരത്തിനും  ആര്‍ക്കുമില്ലാത്തൊരു 'വിശേഷണം' കിട്ടിയതെന്ന് അറിയില്ല. ഞാനത്  തിരക്കാനും പോയിട്ടില്ല.

മനുഷ്യന്റെ രൂപം, ഭാവം, വസ്ത്രം, ജാതി ഇതൊക്കെ വച്ചു വ്യക്തികളെ ഓരോരോ ഗണത്തില്‍പ്പെടുത്താം എന്നായിരുന്നു അമ്മമ്മ പണ്ട് പറഞ്ഞു തന്നിരുന്നത്. ഒരു കാലം വരെ ഞാന്‍ അത് വിശ്വസിച്ചിരുന്നു. 

വീടും, ചുറ്റുപാടുമൊക്കെ  കുഞ്ഞുങ്ങളെ അത്തരത്തില്‍ രൂപപ്പെടുത്തും. പലപ്പോഴും  വീടൊരു കെണിയാണ്  

2

സാധാരണയവള്‍ വലിയ പറമ്പിലെ കരിമ്പന്‍ പാറയിലാണ്  ഇരിക്കുന്നത്. 

അമ്മമ്മ പറഞ്ഞത് പോലെ കുറെകൂടി കാട് പിടിച്ചിട്ടുണ്ട്. 

കുറെ കമ്മ്യൂണിസ്‌റ് പച്ചകളും, ഉളിപ്പന്‍ പുല്ലും, കാട്ട് തെച്ചിയുമൊക്കെ ചുറ്റുപാടും മൂടി കിടക്കുന്നു. 

കരിമ്പന്‍ പാറയിലേക്ക് കയറി പോകാന്‍ തക്ക പുല്ലുകളെല്ലാം തെളിച്ചു വച്ചിട്ടുണ്ട്. അവളാകാനേ വഴിയുള്ളു. 
അല്ലാതെ വേറെ ആരാണ് ഇവിടേക്ക് വരാന്‍? 

എപ്പോഴെങ്കിലും ആടിനെയോ, പശൂവിനെയോ കൊണ്ട് ആരെങ്കിലും വന്നാലായി.

കുറെ നേരം കൂടി അവിടെ ഇരുന്നാല്‍ അവളെ കാണാം എന്ന പ്രതീക്ഷയുണ്ടായിരുന്നുകൊത്തി നുറുക്കിയ കപ്പ ഊറ്റുന്നത് പോലെ ഉള്ള ഗന്ധം വന്നടിച്ചപ്പോള്‍ തിരിച്ചു വന്നു. 

ചേന തണ്ടന്‍ പാമ്പ് വാ പൊളിക്കുന്നത് ആണെന്നാണ് വിശ്വാസം. ഇതിലെന്തെങ്കിലും സത്യം ഉണ്ടോന്ന് ഞാന്‍ ഇന്നും പരിശോധിച്ചിട്ടില്ല. പണ്ട് എപ്പോഴോ ഉറച്ചു പോയ വിശ്വാസം ആണ്. പാമ്പുകളെ എനിക്ക് ഭയമാണ്. ഇനിയുമുണ്ടിവിടെ ഗന്ധങ്ങള്‍ ഞാനും ഭാനുവും ഒരുമിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞിരുന്ന, പുസ്തകങ്ങള്‍ വായിച്ചിരുന്ന, ആരും കാണാതെ ഒളിച്ചു നിന്നിരുന്ന സമയങ്ങളുടെ ഗന്ധങ്ങള്‍.

തിരിച്ചു കയറി വന്നു. അവളെ കണ്ടില്ല.

നാളെ കാണാന്‍ കഴിയുമായിരിക്കും.

'എത്ര നേരായി കുട്ടി ഈ ഡയറിയും പിടിച്ചിരിക്കുന്നു?' 

'ഓ അമ്മമ്മ വന്നത് കണ്ടില്ല.'

'എങ്ങനെ കാണും നേരത്തെ വന്നിട്ട് പോയപ്പഴും നീ ഇങ്ങനെ ഇതിലേക്ക് മിഴിച്ചു ഇരിക്കാ'


ശരിയാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച്  എഴുതി കഴിഞ്ഞ ഡയറി പേജ് വായിച്ചോണ്ട് ഇരിക്കുകയാണ്. 
എന്തെങ്കിലും നിരാശ എന്നില്‍ വട്ടം പിടിക്കുന്നുണ്ടോ എന്ന് തോന്നി. 

'താഴേക്ക് വാ ചോറ് കഴിച്ചിട്ട് മിഴിച്ചിരിക്കാം'


'വരുന്നു'

 

chilla malayalam short story by anu

 


3

ഉറങ്ങാന്‍ മുറിയിലേക്ക് വന്നപ്പോഴാണ് ദേവു കയറി വരുന്നത്. എല്ലാ തവണയും ചോദിക്കുന്ന ചോദ്യം തന്നെ ആയിരുന്നു ഈ തവണയും. 

ഭാനുനെ കണ്ടോ? 

ഇല്ലടി 

ഞാന്‍ കണ്ടിരുന്നു രണ്ട് ദിവസം മുന്‍പ്. 

എന്നിട്ട്? സംസാരിച്ചോ 


ഉയ്യോ ഇല്ല എനിക്ക് പേടിയാ. അപ്പുറത്തെ രാധമ്മ ആയിട്ട് ഭയങ്കര ലഹള ആയിരുന്നു. ഞങ്ങളിവിടെ നിന്ന് നോക്കി. അങ്ങനെ കണ്ടതാ. 


നീ എന്തിനാ ഭാനൂനെ പേടിക്കുന്നെ? 

ഇവിടെ ആരും ഭാനൂനോട് മിണ്ടില്ല. ഒരുമാതിരി നടത്തോ, നോട്ടോ കാണുമ്പോഴൊ പേടി ആകും. 

ദേവു തീരെ ചെറിയ കുട്ടി ആണ്.ഈ വര്‍ഷം അഞ്ചാം ക്ലാസിലേക്ക് കയറും. കുട്ടികളുടെ ഉള്ളിലേക്ക് എന്തൊക്കെ ചിന്തകളാണ് തിരുകി വച്ചു കൊടുക്കുന്നതെന്ന് ഓര്‍ത്തു. 

ഭാനു എന്തിനാ വഴക്കടിച്ചത്? 

ആറരക്ക് ഭാനു തുണി അലക്കി. രാധമ്മ വിളിക്ക് കത്തിക്കാന്‍ തുടങ്ങിയതായിരുന്നു. 

അവളുടെ തുണി അവള്‍ക് ഇഷ്ടം ഉള്ളപ്പോള്‍ കഴികിക്കൂടെയെന്ന് ദേവുനോട് ചോദിക്കണമെന്നുണ്ടായിരുന്നു. 
മിണ്ടാതെയിരുന്നു. 

എന്നിട്ട്? 

ഭാനു ചീത്ത വിളിച്ചു അത് കഴിഞ്ഞിട്ട് മുറ്റോം അടിച്ചു വാരി.

ഞാന്‍ വെറുതെ ചിരിച്ചു

ഭാനു കാരണം അയല്പക്കം മുടിഞ്ഞു പോകുമെന്ന രാധമ്മ പറയുന്നേ.

ദേവു... ഇതൊന്നും നീ തലക്കുള്ളില്‍ കയറ്റി വയ്ക്കരുത്. 

അപ്പൊ ഇതൊക്കെ കള്ളാ? '

ഉം. 

എനിക്കവളോട് ഏത് രീതിയിലാണ് വിഷയങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. കഥകള്‍ ഇഷ്ടപെടുന്ന പ്രായമാണ് അവളുടേത് അവള്‍ ഏത് വിശ്വസിക്കും...? 

ഞാനും അമ്മമ്മ പറഞ്ഞു തന്ന കഥകളൊക്കെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ട്. കഥകള്‍ പതുക്കെ ഉള്ളിലേക്ക് കയറി അവിടെ തന്നെ ഇരിക്കും.  

വേറെ എന്താ ഭാനുന്റെ വിശേഷം '

മുടിയൊക്കെ വെട്ടി കളഞ്ഞു സാരി ഉടുത്ത പോണേ

അതിനെന്താ? 

അമ്മമ്മ പറഞ്ഞല്ലോ സാരി ഉടുക്കുമ്പോ ചന്തിയോളം മുടിയുണ്ടായാലേ ചേല് ഉള്ളു എന്ന്? 

അതൊക്കെ വെറുതയാ ദേവു.

ഞാന്‍ പതുക്കെ ചിരിക്കാന്‍ ശ്രമിച്ചു  
  
ദേവു പതുക്കെ ഉറക്കത്തിലേക്ക് വീഴുന്നുണ്ടായിരുന്നു. ഭാനുവിന്റെ കഥകള്‍ ചിക്കിപെറുക്കി എടുത്ത്, ഓര്‍മ്മകളില്‍ ചുരുണ്ട് കൂടി ഞാനും ഉറങ്ങാന്‍ തുടങ്ങുന്നു 

നോക്കിക്കേ... ശ്രദ്ധാലുവായൊരു വേട്ടക്കാരനെ പോലെ ഓര്‍മ്മകള്‍ മനുഷ്യനെ വേട്ടയാടാന്‍ രാത്രിയില്‍ ഇറങ്ങും. ഇര കിട്ടിയ സന്തോഷത്തില്‍ ഓര്‍മ്മകള്‍ മനുഷ്യരിലേക്ക് തുറിച്ചു നോക്കും. 

തലങ്ങും വിലങ്ങും കിടന്ന് ഓര്‍മ്മകളാല്‍ വെപ്രാളം പിടിക്കുന്ന മനുഷ്യരെ കണ്ട് ഓര്‍മ്മകള്‍ ഊറി ചിരിക്കും. 


4

കാപ്പിയും കൊണ്ട് മുറ്റത്തേക്കിറങ്ങി നിന്നാല്‍ വയലുകള്‍ കാണാം. 

വിതയൊന്നുമില്ലാതെ വയല്‍ എന്ന പേരില്‍ കുറെ സ്ഥലങ്ങള്‍. അതില്‍ കവിഞ്ഞിവിടെ ഒന്നുമില്ല.

സമയം ഏഴുമണി അടുത്തിട്ടുണ്ടാകും 

ലതേച്ചി പൊട്ടി പൊളിഞ്ഞ വരമ്പില്‍ കൂടെ നടന്നു വരുന്നു. 

ഇരു വശത്തും തുപ്പി, തുപ്പിയാണ് നടക്കുന്നത്. 

ഇന്ന് ബുധനോ, വെള്ളിയോ ആകാനാണ് സാധ്യത. 

ഇത് ഈ നാട്ടിലെ വിശ്വാസമാണ്. 

ബുധനും, വെള്ളിയും വിധവകളായ സ്ത്രീകള്‍  സ്വന്തം വീടുകളില്‍ താമസിക്കില്ല. മരിച്ചു പോയ ആത്മാക്കള്‍ കാണാന്‍ വരുമെന്നാണ്. ഇരുവശത്തും തുപ്പി വരുന്നത് ആത്മാക്കള്‍ കൂടെ വരാതെ ഇരിക്കാന്‍ വേണ്ടിയാണ്. 

എപ്പോ വന്ന് കുഞ്ഞേ?

രണ്ട് ദിവസായി. ചേച്ചി എങ്ങോട്ടാ? 

ഇന്ന് വെള്ളിയാഴ്ച ആണ്. പോട്ടെ '

കാപ്പി കുടിച്ചിട്ട് വെറുതെ വളരെ നാടകീയമായി ഭാനുവിനെ ഓര്‍ക്കുകയായിരുന്നു. യാദൃശ്ചികമായി അവളെ കാണുന്നു, സംസാരിക്കുന്നു എന്നൊക്കെ. അല്ലെങ്കിലും ഞാന്‍ എപ്പോഴും കാല്പനികമായി എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും
ഭൂതത്താന്‍ കെട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുകയായിരുന്നു. 

വേണ്ട. പോയിട്ടെന്തിനാ? 

അവളെ കാണാന്‍ സാധ്യത ഇല്ല. 

നമ്മളൊക്കെ ചില ഇടങ്ങളില്‍ കാരണം കണ്ട് പിടിച്ചു പോകുന്നത് പ്രതീക്ഷിച്ച ആരെങ്കിലുമവിടെ ഉണ്ടാകുമെന്ന തോന്നല്‍ കൊണ്ടാണ്. മനുഷ്യന്‍ എന്ത് സങ്കീര്‍ണ്ണമായ ജീവിയാണ്. 

'നാല് മണിക്ക് പാറയിലോട്ടു വാ ' 

മുറ്റത്തൂടെ എളുപ്പത്തില്‍ ഭാനു  കടന്ന് പോയിരുന്നു. 

ഞാന്‍ അവളെ കണ്ടിട്ടില്ല. 

കണ്ടോ എന്ന് സംശയമാണ്. 

പക്ഷേ അവളുടെ ഗന്ധമെനിക്ക് അറിയാമായിരുന്നു. ഇതെന്റെ തോന്നലാകുമോ? 


5

ഞാന്‍ എത്തുന്നതിനു മുന്‍പ്  ഭാനു അവിടെ എത്തിയിരുന്നു. 

ഞാന്‍ അവളെ ആര്‍ത്തിയോടെ കെട്ടിപിടിച്ചു. 

കഴിയുന്നത്ര ഇറുക്കി പിടിച്ചു. 

എനിക്കവളെ തുരുതുരെ ഉമ്മ വയ്ക്കണമെന്നുണ്ടായിരുന്നു 

അവളെന്നെ നോക്കി നിന്നു.

ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. 

ജോലി കഴിഞ്ഞ് വരാണല്ലേ? 

ഉം 

എന്ന് വന്നു? 

മൂന്ന് ദിവസം ആയി.

ഞാന്‍ അറിഞ്ഞിരുന്നു 

എന്നിട്ടെന്താ കാണണം എന്ന് തോന്നിയില്ലേ? 
 
പെട്ടെന്നവള്‍ എന്നെ പിടിച്ചു മാറ്റിയിട്ട് ഒന്നും പറയാതെ നീളമുള്ള പൂച്ചെടികള്‍ വകഞ്ഞു മാറ്റി കയറി പോയി. 

ഞാന്‍ ഭൂമിയില്‍ ആരുമില്ലാതെ അനാഥമായി പോയൊരു മനുഷ്യനെ പോലെ അവളുടെ ഗന്ധത്തിനു വട്ടം പിടിച്ചു നിന്നു.
ഭാനു പലപ്പോഴുമിങ്ങനെയാണ് അപ്രതീക്ഷിതമായി വന്നു നില്‍ക്കുകയോ, കൂട്ടത്തില്‍ നിന്നെഴുന്നേറ്റ് പോകുകയോ ചെയ്യും. 
ഒന്നും മിണ്ടില്ല. 


6

'ദേവൂ.....'
 
'എന്താ... '

'ഞാന്‍ ഭാനൂനെ പ്രേമിച്ചാലോ  എന്ന് ആലോചിക്കാ.....'

'ചേച്ചിക്ക് ഭാനൂനെ ഇഷ്ടാണോ... '

'ഇഷ്ടടല്ല പ്രേമം '

'ചേച്ചി എങ്ങനെ ആണ് ഭാനു ചേച്ചിയെ പ്രേമിക്കാ...'

'വെറുതെ കാരണമൊന്നുമില്ലാതെ ഭീകരമായി പ്രേമിക്കും '

അവള്‍ എന്നെ നോക്കി ചിരിച്ചു. 

കേട്ട് വന്ന കഥകളിലെവിടെയെങ്കിലും ഒരു രാജകുമാരിയോ, യക്ഷിയോ മറ്റൊരു രാജകുമാരിയെയോ, യക്ഷിയേയോ പ്രേമിച്ച കഥ ഉണ്ടോയെന്ന്  തിരക്കുന്നുണ്ടാകുമവള്‍. 

ഞാന്‍ പലപ്പോഴും പറയാറുണ്ട് ഇവിടുത്തെ വിശ്വസങ്ങളെല്ലാം മനുഷ്യരെ കുരുക്കിലാക്കി കൊല്ലുന്നതാണെന്ന്. അവള്‍ക്കത് മനസിലായിട്ടുണ്ടാകില്ല.

Follow Us:
Download App:
  • android
  • ios