ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

അതൊരു പഴയ അങ്ങാടിയാണ്. അങ്ങാടിയെന്ന് വിളിക്കുന്നതിനു മുമ്പതൊരു മുക്കവല ആയിരുന്നു. നഗരത്തില്‍ നിന്നു വന്നു ചേരുന്ന പാത എതിര്‍ ദിശയിലേക്ക് നീണ്ടു വളഞ്ഞ് പോയി ചെന്നെത്തുന്നത് പുഴക്കടവിനടുത്തുള്ള ഇത്തിരി വട്ടത്തിലാണ്. അന്നാട്ടില്‍ ആദ്യത്തെ ബസ് ഓടിയ ദിവസം ഇന്നും ഓര്‍മയുണ്ട് അയ്യപ്പങ്കന്. അന്നയാള്‍ ചെറുതാണ്. ആരൊക്കെയോ പറഞ്ഞു കേട്ട്, മനുഷ്യനോ മൃഗങ്ങളോ വലിക്കാത്ത വണ്ടി കാണാന്‍ അയാളും കാത്തു നിന്നത് ആ കവലയില്‍ ആണ്.

അന്ന് കുളത്തൂപ്പുര ദേവിക്ഷേത്രം ഇത്ര വലുതായിരുന്നില്ല. ഒരു ഊടു വഴിയിലൂടെ ചെറിയ കയറ്റം കയറിയിറങ്ങി ചെന്നെത്തുന്ന ചെറിയൊരമ്പലം. ഒരാല്‍ മരം. താഴെ കുളം. കുളത്തില്‍ കാല്‍ നനച്ച്, നെറുകയില്‍ തീര്‍ത്ഥം തൂവി കൈ കൂപ്പി വലത് കയറി ചെല്ലുന്നത് ദേവിയുടെ തൃപ്പാദങ്ങളിലേക്ക്. കാട്ടു തെച്ചിപ്പൂക്കള്‍ പൂത്തു പടര്‍ന്നു നിന്ന പുല്ലു നിറഞ്ഞ മുറ്റം. അവിടന്നിറങ്ങി കയറ്റം കയറിയിറങ്ങി ഊടുവഴിയിലൂടെ നടവഴിയിലെത്തി നേരേ പടിഞ്ഞാട്ടു നടന്നാല്‍, സാധനങ്ങള്‍ കയറ്റി നഗരത്തില്‍ കച്ചോടത്തിനു പോയ കാളവണ്ടിക്കാര്‍ തിരിച്ചു വരുന്നതിന്റെ ക്ഷീണിച്ച മണികിലുക്കങ്ങള്‍ കേള്‍ക്കാം കവലയില്‍.

സ്വപ്നം കണ്ടുണര്‍ന്നു കണ്ണു മിഴിക്കുന്നതു പോലെയായിരുന്നു, വര്‍ഷങ്ങളുടെ വരവു പോക്കുകളും ജനപ്പെരുപ്പവും അധികാരമാറ്റങ്ങളും വികസനവും ആ നാടിനെ അയാള്‍ ജനിച്ചു വീണ മണ്ണില്‍ നിന്നും ഇന്നു കാണുന്ന തിരക്കുള്ള നാല്ക്കവലയും തരക്കേടില്ലാത്ത ഒരു ടൗണും ആക്കി മാറ്റിയത്.

കാലത്തിന്റെ കുട്ടിക്കരണം മറിച്ചിലില്‍ മരിച്ചു മറഞ്ഞു പോയ എന്തോരം ആളുകള്‍. ഓരോ ദിവസവും എണീക്കുമ്പോള്‍ കഴിഞ്ഞ ദിവസത്തിന്റെ ഓര്‍മകള്‍ പിന്തുടരും. മറക്കാന്‍ തുടങ്ങിയ ആളുകളാ സ്വപ്നത്തിലെങ്കിലും വരുന്നത്. ഇനി വരില്ലെന്ന് പറയാനാവും അവര്‍ വന്നിരിക്കുക. കുന്നിന്റെ താഴെ, വയലിന്റെ തുടക്കത്തില്‍ തോട്ടില്‍ ചെന്ന് മീനുകളോട് വര്‍ത്താനം പറഞ്ഞു കൊണ്ട് പല്ലു തേയ്ക്കുമ്പോഴായിരിക്കും സ്വപ്നത്തില്‍ വന്ന കൂട്ടുകാരോട് വേണ്ട പോലെ മിണ്ടീലല്ലോന്ന് അയാളോര്‍ക്കുക.

ഒരു ചെറിയ കുളിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി ഉമ്മറത്തിരിക്കുമ്പോള്‍ അയാള്‍ ഭാര്യയെ ഓര്‍ക്കും. അടുപ്പു കെട്ടു പോയ ആ വീടിന്റെ അടുക്കളയിലേക്ക് നിവൃത്തിയുണ്ടെങ്കില്‍ അയാള്‍ പോവാറില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അവിടിപ്പഴും അവളുടെ ആത്മാവ് വേവുന്നുണ്ടാവും. വിങ്ങി നില്ക്കുന്ന ആ വായുവില്‍ അയാള്‍ക്ക് ശ്വാസം മുട്ടും.

ചായ കുടിക്കാന്‍ അങ്ങാടിയിലേക്കിറങ്ങിയാലും പഴയ ആരെയെങ്കിലും കണ്ട് വര്‍ത്താനം പറഞ്ഞ് നിന്നു പോവും. കൂട്ടുകാരോട് സൊറ പറഞ്ഞിരുന്ന സ്ഥലങ്ങളില്‍ കൂട്ടുകാരുടെ മക്കളുമായി സൊറ പറയും. പത്രം വായിക്കും. അപ്പഴേക്കും സുലൈമാന്റെ ഹോട്ടലില്‍ ചായേന്റെ നേരം കഴിഞ്ഞ് 'ഊണ്‍ റെഡി' ബോര്‍ഡ് തൂങ്ങും. ചെലപ്പോ അവിട്ന്ന് കഴിക്കും. എന്നിട്ട് വെയിലിനെ കുടയാക്കി വീട്ടിലേക്ക് നടക്കും. അവിടെത്തിയാല്‍ തണുപ്പാണ്. ഇലഞ്ഞി മരം ഉശിരോടെ തണല്‍ തന്നു, പൂ തന്നു, മണം തന്നു നില്ക്കുന്ന മുറ്റം. മുറ്റത്തിനു താഴേ ചാമ്പ മരത്തില്‍ വന്നിരുന്ന് ചാമ്പയ്ക്ക കൊത്തി കൊത്തി തിന്നുന്ന പച്ചക്കിളികള്‍. കോലായയിലെ മൂലയ്ക്ക് ചാരി വച്ച പുല്പായ വിരിച്ച് നീണ്ടുനിവര്‍ന്നൊരു കിടപ്പാ പിന്നെ. സുഖായിട്ടൊന്ന് ഉറങ്ങി എണീക്കുമ്പോ വൈകുന്നേരായി. ചൂലെടുത്ത് മുറ്റമൊന്ന് അടിച്ചു വാരും. രണ്ടു നേരം മുറ്റമടിച്ച് ചാണകം തളിച്ച് ശുദ്ധി ആക്കിയിരുന്നു നല്ല കാലത്ത്. കെട്ടിയവള്‍ ഉണ്ടായിരുന്നപ്പോള്‍. അവളു പോയി. ആകെ ഉണ്ടായിരുന്ന ചെക്കന്‍ അന്യനാട്ടില്‍ പണിക്ക് പോയി അവിടൊരു പെണ്ണിനേം കെട്ടി കൂടിയേപ്പിന്നെ കുടുംബംന്ന് പറയുന്നതങ്ങ് മഴ തുള്ളിത്തെറിച്ച പോലെ ഇല്ലാണ്ടായി.

നര കയറിയത് എപ്പഴാണെന്ന് ഓര്‍മയില്ല. വയസ്സോ, അതത്രയും പോലും ഓര്‍ക്കുന്നില്ല. പെങ്ങള്‍ വരും ഇടയ്ക്ക്, വയ്യെങ്കിലും. പായസോ..ഇത്തിരി ചോറോ മീന്‍ കറിയോ.. ചക്ക പുഴുക്കോ ഒക്കെ കൊണ്ട്. രാത്രീലേം ഭക്ഷണം അങ്ങനെ കിട്ടുന്ന പോലെ കഴിക്കും. അല്ലെങ്കില്‍ കഴിച്ചില്ലെന്നും വരും. പെങ്ങള്‍ക്കും ഇപ്പോ വയ്യാണ്ടായി. 

'ഓളും കൂടി ഇല്ലെങ്കി നിക്ക് പിന്നെയാരാ?'

അയാള്‍ ഇടയ്ക്ക് തന്നോട് തന്നെ ചോദിക്കും. ഒറ്റയ്ക്കിരുന്ന് സംസാരിക്കും. താടി ഉഴിഞ്ഞു കൊണ്ട് തൊടിയിലേക്ക് നോക്കി കോലായയിലെ തിണ്ണയില്‍ ചുമരും ചാരി ഇരിക്കും. താടിയും മുടിയും വെളുത്ത് നീണ്ടു. വേഷം കൂടുതലും കാഷായത്തിലേക്ക് ചാഞ്ഞു. കാവി മുണ്ടും വെളുപ്പല്ലാത്ത ഷര്‍ട്ടും. വെളുത്ത വസ്ത്രം ധരിച്ചിട്ട് കുറേ ആയി. അലക്കി വെളുപ്പിക്കാന്‍ വയ്യ.

തീരെ വിചാരിക്കാത്ത ഒരു വൈകുന്നേരമാണ് പെങ്ങള്‍ പോയത്. അവര്‍ക്ക് പെണ്മക്കള്‍ രണ്ടാണ്. ഒന്നിനെ കല്യാണം കഴിച്ചു വിട്ടത് പുഴയ്ക്കക്കരെയാണ്. പണ്ടാണെങ്കില്‍ കടത്ത് ആയിരുന്നു. ഇന്നിപ്പോ പാലംണ്ട്, ബസ്ണ്ട് ഓട്ടോണ്ട്. സൗകര്യം കൂടി. വരവ് കുറഞ്ഞു. പെങ്ങള്‍ കണ്ണടയ്ക്കുമ്പോ ഇളയവള്‍ കൂടെ ഉണ്ടായിരുന്നു. അമ്മേന്റെ ചൂടു പറ്റി കുറേ നാള്‍ കിടന്നതിന്റെ ആവും കെട്ടി കഴിഞ്ഞിട്ടും വീടും അമ്മേനേം വിട്ടിട്ട് ഒരു ജീവിതം അവള്‍ക്കില്ലാരുന്നു. കെട്ട്യോന്റമ്മേന്റെ വര്‍ത്താനം കേള്‍ക്കേണ്ടി വന്നാലും വേണ്ടില്ല, അവളാഴ്ചയ്ക്കും വീട്ടിലേക്ക് പോന്നു, അമ്മേന്റെ കൂടെ ഉറങ്ങാന്‍.

പെങ്ങടെ കെട്ട്യോന്‍ പെട്ടെന്നൊരു രാത്രീല്‍ വയ്യാണ്ടായി ഹോസ്പിറ്റലില്‍ കൊണ്ടോയതും പിന്നെ ഒരു കഥ ആയി മടങ്ങി വന്നതും അയാളോര്‍ത്തു. പെങ്ങള്‍ കഥ ആയിരുന്നില്ല. സ്‌നേഹത്തിന്റെ കടലായിട്ടാണ് പോയി മറഞ്ഞത്. നെഞ്ചിലെ തിരയിളക്കം കാതിലെ നിലയ്ക്കാത്ത ശബ്ദം തലയ്ക്കകത്ത് പൊള്ളുന്ന ആകാശം. പെങ്ങളും ഇനി അയാളുടെ സ്വപ്നത്തില്‍ വരുമായിരിക്കും. ഇനി കാണല്‍ ഇണ്ടാവില്ലെന്ന് ഓര്‍മിപ്പിക്കാന്‍. വരില്ലെന്ന് പറയാന്‍.

ജീവിതത്തില്‍ എല്ലാവരും പൊയ്ക്കഴിഞ്ഞുവെന്ന് ആ വൃദ്ധന് തോന്നി. പെങ്ങളുടെ മകളും വീടു പൂട്ടി ഇറങ്ങിയപ്പോള്‍ തന്നെ അന്വേഷിച്ച് വരാന്‍ ഇനി ആരുമില്ലെന്ന് അയാള്‍ക്ക് തോന്നി. ഇങ്ങനെ ഒറ്റയ്ക്കാവുന്ന ഒരു കാലത്ത് താന്‍ എങ്ങനെ ജീവിക്കണമെന്ന് അയാള്‍ ആലോചിച്ചിരുന്നില്ല പണ്ട്.

ആരുമില്ലാത്ത ആ വൃദ്ധന്‍ ആരെയൊക്കെയോ ഓര്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് വീടിറങ്ങി, മുറ്റം കടന്നു. ചാമ്പക്ക മരം കഴിഞ്ഞ്, തൊടിയിലേക്കിറങ്ങി. വഴിയിലൂടെ നടന്നു. റോഡിലെത്തി കുളത്തൂപ്പുര അമ്പലത്തില്‍ നിന്നുയര്‍ന്ന പ്രാര്‍ത്ഥന കേട്ടു കൊണ്ട് പടിഞ്ഞാറോട്ട് നടന്നു. തിരക്കിലേക്ക് പോകാതെ അന്തിച്ചു നിന്നു. സുലൈമാന്റെ ഹോട്ടലിന്റെ അരികിലെ ബുക്സ്റ്റാളില്‍ കഥ പറഞ്ഞു കൊണ്ട് അച്യുതന്‍ നില്ക്കുന്നു. തന്റെ പഴേ ചങ്ങായിയാണ്.പട്ടാളത്തില്‍ പോയി, ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും കുടുംബം നന്നാക്കി, മോളെ പഠിപ്പിച്ചു ജോലിക്കാരിയാക്കി കല്യാണം കഴിച്ചയച്ചു. ഇനിയുള്ളത് മകനാണ്. എഞ്ചിനീയര്‍ ആണ്. കണ്ടപ്പോ അടുത്തേക്ക് വിളിച്ചു.

'ന്താ അയ്യപ്പാ, ഏടേക്ക..?'

എവിടേക്കാണെന്ന് പറയും! ഒന്നും പറയേണ്ടി വന്നില്ല.നാട്ടിലെ പുതിയ കഥകള്‍ പറഞ്ഞു നിക്ക്വാര്‍ന്നു പുസ്തകക്കടേലെ ബാബുവും അച്യുതനും കൂടി.

അങ്ങാടിക്ക് താഴെ പുതുതായി തുടങ്ങിയ കമ്പനി ആണ് വിഷയം. കുറച്ചു കൊല്ലം ആയിട്ട് ആ കമ്പനി അവിടെ ഉണ്ടെങ്കിലും ആരും അത്ര ശ്രദ്ധ കൊടുത്തിട്ടില്ല. അത് ഐ.ടി കമ്പനി ആണെന്ന് അറിയാമെങ്കിലും അവിടെ എന്ത് പണി ആണ് നടക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അസമയത്ത് വരുന്നതും ഇറങ്ങിപ്പോവുന്നതും ആളുകള്‍ക്ക് അത്ര പിടിക്കുന്നില്ല. എന്ത് ഐ.ടി കമ്പനി ആണെങ്കിലും ഇങ്ങനൊക്കെ ഉണ്ടോ? പകലൊന്നും എട്ത്താ തീരാത്ത പണി എന്തേത്താ അയ്ന്റുള്ളില്‍.. ഉണ്ടെങ്കി തന്നെ പെണ്ണുങ്ങളേം പിടിച്ചിരുത്തണ്ട ആവശ്യണ്ടോ... എന്നു പോവുന്ന ചര്‍ച്ചകള്‍ക്ക് അയ്യപ്പന്‍ ചെവി കൊടുത്തില്ല.


അത് വരെ കാണാത്ത മാതിരി ഡ്രെസ്സും ഇട്ട് ജ്യൂസ് കുടിക്കാനും ബിരിയാണി കഴിക്കാനും ഇറങ്ങുന്ന ഐ.ടി കമ്പനി ജോലിക്കാരെ അദ്ഭുതജീവികളെ കാണുന്ന പോലെയാണ് എല്ലാരും നോക്കുന്നത്. നാട്ടുകാര്‍ സദാചാരം കളിച്ച് ഇടങ്ങേറാക്കീട്ട് കമ്പനിക്കാര്‍ പോലീസില്‍ പരാതിപ്പെട്ടെന്നോ പിന്നീട് ഒത്തു തീര്‍പ്പായെന്നോ കേട്ടു.

എന്തൊക്കെ പുലിവാലായാലും ഐ.ടി കമ്പനി വന്നതില്‍ പിന്നെ അയ്യപ്പങ്കനും സ്വസ്ഥത കുറഞ്ഞിരുന്നു. നാടിനേം വീട്ടുകാരേം വിട്ടു പോയ തങ്ങളുടെ മോനും അങ്ങനെന്തോ പണി കിട്ടീട്ടാ നാട്ടില്‍ന്ന് പോയത്. ആദ്യമൊക്കെ വന്നിരുന്നു. പിന്നെ കല്യാണം കഴിഞ്ഞെന്നും കുട്ടി ആയിന്നോ, കുട്ടി ഉള്ള ആളെ കല്യാണം കഴിച്ചെന്നോ പലരും പലതും പറയുന്നു. ദെണ്ണം സഹിക്കാതെ ആണ് കാര്‍ത്ത്യായനി പോയത്. ഇനിപ്പോ ഓന്‍ ഇങ്ങോട്ട് വരും വേണ്ട. ആരെ കാണാന്‍. ഈ നരച്ച മനുഷ്യനെയോ. പതം പറഞ്ഞ് അയാള്‍ നടന്നു, തിരക്കിലൂടെ.

അങ്ങാടി മധ്യത്തിലെ ആലിനു നേരെ അയാള്‍ നടന്നു കയറുമ്പോള്‍ മുക്കവലയിലേക്ക് ചേര്‍ന്ന പുതിയ റോഡിലൂടെ താഴേക്ക് വന്ന് ഒരു വളവെടുത്ത് തിരിഞ്ഞ് നഗരത്തിലേക്കുള്ള വഴിയെ ഒരു കാര്‍ കടന്നു പോയി. അതിന്റെ പിറകിലെ സീറ്റില്‍ വിന്‍ഡോ ഗ്ലാസ് താഴ്ത്തി, കൈയില്‍ കാമറയുമായി ഒരു പത്തു വയസ്സുകാരന്‍. വെളുത്ത മുടിയും നെഞ്ചറ്റം വരെ നീണ്ട് വെളുത്ത താടിയും കാവി മുണ്ടും മഞ്ഞ കുപ്പായവും ഇട്ട് കൂനി നടന്ന ആ വൃദ്ധനെ ഒറ്റ കാഴ്ചയിലെ കൌതുകം കൊണ്ട് ഇഷ്ടപ്പെട്ട് ഒറ്റ ക്ലിക്കില്‍ അവന്‍ പിടിച്ചെടുത്തു. എന്നിട്ട് വൃദ്ധന്റെ പിറകില്‍ മറുദിശയിലേക്ക് നടന്ന പെണ്‍കുട്ടിയുടെ കണ്ണിലെ അമ്പരപ്പിലേക്ക് ഒരു പുഞ്ചിരി കൊടുത്ത് കാറിന്റെ വേഗതയില്‍ അവന്‍ പോയി.

അയ്യപ്പനങ്കന്‍ അങ്ങാടിത്തിരക്കില്‍ നിന്ന് വഴിയുടെ അറ്റത്തെ പഴയ പുഴക്കടവിനെ അന്വേഷിച്ച് നടന്നപ്പോള്‍ കമ്പ്യൂട്ടറിനുള്ളില്‍ നിന്ന് മനസ്സ് പറിച്ചെടുത്ത് അന്നത്തെ മടുപ്പിക്കുന്ന ജോലി ഭാരം തീര്‍ത്ത് ആ പെണ്‍കുട്ടി മറുവശത്തേക്ക് നടന്നു പോയി, തന്നെ അത്ഭുതപ്പെടുത്തിയ ബാല്യത്തിന്റെ കൈകളിലെ പുതിയ കണ്ണുകളെ ഓര്‍ത്ത് കൊണ്ട് കാര്‍ പോയ വഴിയേ.

വാര്‍ദ്ധക്യം പോലെ വിറയ്ക്കുന്ന ആലിലകള്‍ നിറഞ്ഞ അപ്പൂപ്പന്‍ ആല്‍മരവും ചുറ്റിലും ഉറുമ്പുകള്‍ പോലെ ആളുകളും  ഓടി മറയുന്ന വാഹനങ്ങളും നിറഞ്ഞ റോഡില്‍ പ്രച്ഛന്നവേഷക്കാരനെപ്പോലെ ഒരപ്പൂപ്പനും കണ്ണില്‍ അദ്ഭുതത്തോടെ ഒരു പെണ്‍കുട്ടിയും ഇരു ധ്രുവങ്ങളിലേക്കായ് വഴി പിരിയുന്നുണ്ടായിരിക്കും ആ ക്യാമറക്കകത്ത്. കാലത്തിന്റെ പുസ്തകത്തില്‍ മുന്നോട്ടും പിറകോട്ടും ഓടി തളരുന്ന മനുഷ്യര്‍.