Asianet News MalayalamAsianet News Malayalam

Malayalam Short Story : അഴല്‍പ്പാവക്കൂത്ത്, ആശ എസ് എസ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആശ എസ് എസ് എഴുതിയ ചെറുകഥ

chilla malayalam  short story by Asha SS
Author
First Published Dec 21, 2023, 6:11 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by Asha SS

 

പച്ചയാണോ നീലയാണോ എന്ന് വേര്‍തിരിച്ചറിയാനാകാത്ത പേരറിയാത്ത ഏതോ നിറമുള്ള ഭിത്തിയായിരുന്നു ആ മുറിയ്ക്ക്. ജനല്‍ക്കമ്പില്‍ ചുറ്റിപ്പിടിച്ച് നുഴഞ്ഞു കയറുന്ന ആകാശമുല്ലയുടെ  വേരുകള്‍ ആ ഭിത്തിയിലേക്കാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്. നാലു ഭിത്തികളിലും ചുവപ്പും  കറുപ്പും ഇടകലര്‍ത്തിയ അവ്യക്തമായ  കുറെ വിരല്‍പ്പാടുകള്‍ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ അവയ്ക്ക് ആമയുടേയോ മാനിന്റെയോ കാക്കയുടെയോ ഒക്കെ രൂപം തോന്നിക്കും. വാസ്തവത്തില്‍ അതൊരു തോന്നല്‍ മാത്രമാണ്. അടുത്ത് ചെന്ന് വ്യക്തമായി ഒന്ന് പരിശോധിക്കുമ്പോള്‍ ആമയോ മാനോ കാക്കയോ ഒന്നും അവിടില്ലന്ന് മനസ്സിലാകും. മരുഭൂമിയിലെ മരീചിക പോലെ ഒരു മായാജാലം.

ഭിത്തിയുടെ വിടവിലൂടെയും തുറന്നിട്ട ജനാലയിലൂടെയും ചൂട് കാറ്റ് അരിച്ചിറങ്ങുമ്പോള്‍ പാറ്റാ ഗുളികയുടെയും പുല്‍തൈലത്തിന്റെയും ഇടകലര്‍ന്ന അസഹനീയമായ ഒരു ഗന്ധം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. അത് ചേതനെ വല്ലാതെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

വാതിലിനോട് ചേര്‍ന്ന് ഭിത്തിയില്‍ മൂന്ന് പാവക്കുട്ടികളെ തൂക്കിയിട്ടുണ്ടായിരുന്നു. മധുബനി ചിത്രങ്ങള്‍ പോലെ നീണ്ട കണ്ണുകളും കൂര്‍ത്ത് നീണ്ട മൂക്കുമുള്ള രണ്ടു  പെണ്‍പാവകളും അറ്റം വളഞ്ഞു ചുരുണ്ട മീശയും ചുവന്ന തലപ്പാവുമുള്ള ഒരു ആണ്‍ പാവയും. ചേതന്‍ ഏറെ നേരം ആ പാവകളെ നോക്കി നിന്നു. ബാബിയ എത്ര ചന്തത്തിലാണ് പാവകളെ തുന്നിയെടുക്കുന്നതെന്ന് ചേതന്‍ ആശ്ചര്യപ്പെട്ടു. എവിടെ നിന്നോ  ധോലകിന്റെയും തബലയുടെയും അകമ്പടിയോടെ ഖവാലി മുഴങ്ങുന്നുണ്ട്. ചേതന്‍ ശ്രദ്ധയോടെ  ചെവിയോര്‍ത്തു നിന്നു. 

'എന്തേ.. ഞങ്ങളുടെ  കൂടെ പാവകളിക്ക്  കൂടുന്നുണ്ടോ?'

മൈഥിലി നെറ്റിത്തടത്തിലെ  വിയര്‍പ്പു തുള്ളികള്‍ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് തുടച്ചുകൊണ്ട് ചോദിച്ചു. ഇന്നലെ രാവ് നീങ്ങി വെളുക്കും വരെ മുഇനുദീന്‍ ചിസ്തിയുടെ ദര്‍ഗയിലേക്ക് ഉള്ള ഗലികളില്‍ എവിടെയൊക്കെയോ നിര്‍ജീവങ്ങളായ പാവകളെയും ചലിപ്പിച്ച് അര്‍ത്ഥം മനസ്സിലാവാത്ത ഏതോ നാടോടി ഗാനവും പാടിക്കൊണ്ടിരുന്നവളാണ് അവള്‍. തെരുവുഗായകന്‍ ഛോട്ടാറാമിനോളം വരില്ലെങ്കിലും അവളുടെ പാട്ടുകളും ഈ അജ്മീര്‍ തെരുവോരങ്ങള്‍ക്ക് ഇഷ്ടമാണ്. അവളോടൊപ്പം ആ മുറിയില്‍ താമസിക്കുന്ന ബാബിയയും അവളോടൊപ്പം പാവകളിയ്ക്ക് കൂടും. 

എണ്‍പത് കഴിഞ്ഞിട്ടും ഒരല്പം പോലും ക്ലേശമില്ലാതെ നടക്കുന്ന ബാബിയയുടെ ശരിക്കുള്ള പേരെന്തെന്ന് ആര്‍ക്കും  അറിയില്ല. വര്‍ഷങ്ങളായി ഈ അജ്മീര്‍ അവരെ ബാബിയ എന്ന് വിളിക്കുന്നു. ബാബിയക്ക് പാവകളുടെ നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തുന്ന നിഴല്‍പാവക്കളിയോടാണ് താല്‍പ്പര്യം. വലിച്ചു നീട്ടി കെട്ടിയ വെള്ള തുണിയ്ക്ക് പിന്നിലിരുന്ന് എള്ളെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ തോല്‍പ്പാവകളുടെ  നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തി ബാബിയ നിഴല്‍പ്പാവ കളി നടത്തുന്നത് കാണാന്‍ നല്ല ചേലാണ്.

'ബാബിയ?' ചേതന്‍ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

'ബാബിയ ബസാറിലെക്ക് പോയതാണ് '

'ഈ പാവയെ നിങ്ങള്‍ പാവകളിക്ക് കൂട്ടില്ല, അല്ലെ?'
 
ഭിത്തിയിലെ ഒരു മനോഹരമായ ഒരു  പാവയ്ക്ക് നേരെ കൈ ചൂണ്ടി ചേതന്‍ ചോദിച്ചു. അവള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു.

'ഈ പാവ ഞാന്‍ ഉപേക്ഷിച്ച എന്റെ കുഞ്ഞാണ് ചേതന്‍.'

ഞാന്‍ അവളെ ഗര്‍ഭം ധരിച്ചപ്പോള്‍ ബാബിയ പഞ്ഞിക്കെട്ടുകള്‍ കൊണ്ട് ഈ പാവക്കുട്ടിയെ തുന്നിയെടുത്തു. പിന്നെ മിനുസമുള്ള  പട്ടുതുണികള്‍ വാങ്ങി വന്നു കുഞ്ഞുടുപ്പുകള്‍ തുന്നിയുണ്ടാക്കി. അവയില്‍ പൂക്കളും നക്ഷത്രങ്ങളും വച്ചു പിടിപ്പിച്ച് ചന്തം കൂട്ടി. പിന്നെ കരിമഷി വാങ്ങി കണ്ണെഴുതി. ചുവന്ന നിറമുള്ള പഴങ്ങള്‍ ചതച്ചെടുത്ത് അവയുടെ ചുണ്ട് ചുവപ്പിച്ചു. തെരുവില്‍ ഉപേക്ഷിച്ചു പോയ തിളങ്ങുന്ന വര്‍ണക്കടലാസ്സുകള്‍ മുറിച്ചെടുത്ത്  പാവക്കുഞ്ഞിന് മാലയും  വളയുമൊക്കെ അണിയിച്ചു.

ചേതന്‍ ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. മൈഥിലിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത് ചേതന്‍ ശ്രദ്ധിക്കാതിരുന്നില്ല. 

'ഞാന്‍ ആ കുഞ്ഞിനെ മുലയൂട്ടിയ ഇരുപത്തെട്ടു ദിവസവും ബാബിയ പാവയുമായി കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നു. ഇരുപത്തിയെട്ടാമത്തെ ദിവസം കുഞ്ഞിന് ശ്രീപാര്‍വതി പാവകളിച്ച കഥ പറഞ്ഞു കൊടുത്തു. കഥ കഴിയും മുന്നേ എന്റെ കുഞ്ഞ് ഉറങ്ങി. പിന്നെ ഞാന്‍ അവനെ അവന്റെ ആവശ്യക്കാര്‍ക്ക് കൊടുത്തു വരുമ്പോള്‍ ബാബിയ പാവക്കുട്ടിയെ ഭിത്തിയില്‍ തറച്ചിട്ടുണ്ടായിരുന്നു.'

ചേതന്‍ ഏറെ നേരം മിണ്ടാതെ നിന്നു.അയാള്‍ ശ്വാസമെടുക്കുവാന്‍ പോലും കഴിയാത്ത പോലെ നിശ്ചലമായിപ്പോയി. പിന്നെ പതിയെ ജനാലക്ക് അരികിലേക്ക് നടന്നു. രണ്ടു കൈകളും ജനല്‍ കമ്പിയില്‍ പിടിച്ച് തിരക്കേറിയ തെരുവിനെ നോക്കി പിന്നെയും  മിണ്ടാതെ നിന്നു. ജിലേബി വില്പനക്കാരന്റെയും ചോര കിനിയുന്ന കോഴിയിറച്ചിയും പോത്തിറച്ചിയും വില്‍ക്കുന്ന ഇറച്ചിക്കച്ചവടക്കാരന്റെയും  പിന്നെ തിരിച്ചറിയാനാകാത്ത ആരുടെയൊക്കെയോ ശബ്ദങ്ങള്‍ വേര്‍പ്പെടുത്തി എടുക്കാനാകാത്ത വിധം കുഴഞ്ഞു മറിഞ്ഞ് ചേതന്റെ  തലച്ചോറിനുള്ളില്‍ മൂളല്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അവളോട് എന്താണ് പറയേണ്ടതെന്ന ചിന്ത ചേതന് ഒരു ഉത്തരം കൊടുക്കാതെ വഴിമുട്ടി നിന്നു. 

'ചേതന്‍ നിനക്ക്  ശ്രീ പാര്‍വതി പാവ കളിച്ച കഥ അറിയോ? '

അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.  എത്ര പെട്ടെന്നാണ് അവള്‍ ഒരു വികാരത്തില്‍ നിന്നും മറ്റൊന്നിലേക്ക് വഴുതി മാറുന്നത്. ഒരല്‍പ്പം മുന്നേ കണ്ണു നിറച്ച് നിന്നവളാണോ പുഞ്ചിരിച്ചുകൊണ്ട് തന്റെ  നില്‍ക്കുന്നതെന്ന് ചേതന് സംശയം തോന്നി.

'നീ പറയൂ.. എത്ര വേണമെങ്കിലും നീട്ടിവലിച്ച്, പൊടിപ്പും തൊങ്ങലുമൊക്കെ കലര്‍ത്തി പറയൂ.. ഞാന്‍ കേള്‍ക്കാം'

ചേതന്‍ പൊടിപിടിച്ച ബെഞ്ചിലെ പൊടി ഊതിക്കളഞ്ഞ് ഇരിപ്പുറപ്പിച്ചു. അരികത്തായി അവളും.

'പണ്ടൊരു മരപ്പണിക്കാരന്‍ ജീവിച്ചിരുന്നു. ആ മരപ്പണിക്കാരന് കുറെയേറെ പാവകളുണ്ടായിരുന്നു. ഒരു ദിവസം ആ വഴി വന്ന ശ്രീ പാര്‍വതിക്ക് മരപ്പണിക്കാരന്റെ പാവകളെ കണ്ട് കൗതുകം തോന്നി. അങ്ങനെ ശ്രീപാര്‍വ്വതി മരപ്പണിക്കാരന്റെ പാവകള്‍ക്ക് ജീവന്‍ കൊടുത്തു. അവയെ നൃത്തമാടിച്ചു. പാവകള്‍ ശ്രീപാര്‍വതിയുടെ ഇഷ്ടം പോലെ നൃത്തമാടി. കൗതുകം തീര്‍ന്ന ശേഷം ശ്രീ പാര്‍വതി പാവകളെ നിര്‍ജീവമാക്കിയത്രെ. ഇതെല്ലാം മറഞ്ഞു നിന്നു കണ്ട മരപ്പണിക്കാരന്‍ പാവകള്‍ക്ക് ജീവന്‍ കൊടുക്കാമോയെന്ന് ശ്രീപാര്‍വതിയോട് ചോദിച്ചു. സ്വയം ഒരു ബുദ്ധി കണ്ടുപിടിക്കാന്‍ പറഞ്ഞിട്ട് ശ്രീ പാര്‍വതി അപ്രത്യക്ഷയായി. അങ്ങനെയാണ്  ഈ പാവകളി തുടങ്ങുന്നത്.'

ചേതന്‍ അവളുടെ ഓരോ വാക്കും വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. അയാള്‍ തിരിച്ചൊന്നും പറഞ്ഞില്ല. അവളെ കേട്ടിരിക്കുമ്പോള്‍ അയാള്‍ സംസാരിക്കാന്‍ മറന്നു പോയ പോലെ  മൂകമായിരുന്നു.

'ചേതന് വേറൊരു കാര്യമറിയോ?  ഓരോ പാവക്കളിക്കു ശേഷവും ആ പാവക്കുഞ്ഞുങ്ങളെ കത്തിച്ചു കളയുകയോ പുഴയില്‍ ഒഴുക്കയൊ ചെയ്യും.അതിപ്പോ എത്ര ചന്തമുള്ള പാവയാണെങ്കിലും'

തെരുവിലെ ശബ്ദങ്ങള്‍  അല്പാല്പമായി കുറഞ്ഞു വരുന്നപോലെ ചേതന് തോന്നി. വെയിലിന്റെ ചൂടൊരല്‍പ്പം കുറഞ്ഞിരുന്നു. ജനല്‍പ്പടികളില്‍ തണല്‍ പറ്റിയിരുന്ന ചെറിയ കൊക്കുള്ള തവിട്ട് നിറമുള്ള പക്ഷികള്‍ ആകാശം തേടി പറന്നു. ആകാശമുല്ല ഇളംകാറ്റില്‍ തലയാട്ടിക്കൊണ്ടിരുന്നു.

'എനിക്ക് ഇടയ്‌ക്കൊക്കെ തോന്നാറുണ്ട് ചേതന്‍, ഞാനും ഇതുപോലെ ഒരു പാവയയാണല്ലോന്ന്.. 
ആരൊക്കെയോ നിയന്ത്രിക്കുന്ന നൂലില്‍ തൂങ്ങി നൃത്തം ചെയ്യാന്‍ വിധിക്കപ്പെട്ട പാവയെ പോലെ. നൃത്തം കഴിയുമ്പോ ഇനിയൊരിക്കലും അവകാശം പറഞ്ഞു വരാതിരിക്കാന്‍ അഗ്‌നിക്കിരയാകുന്ന പാവയെ പോലെ ഞാനും ഉപേക്ഷിക്കപ്പെടുന്നു'

അവള്‍ ഒന്നു നിശ്വസിച്ചു. ചേതന് അവളോട്  എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. ഈ അജ്മീറിന് പുറത്ത് ഒരു ലോകമുണ്ടെന്നും അവിടേക്കുള്ള യാത്രയില്‍ അധികം താമസിക്കാതെ കൂടെ കൂട്ടാമെന്നുമൊക്കെ. പക്ഷെ ചേതന് ഒരക്ഷരം പോലും ഉച്ചരിക്കാന്‍ കഴിഞ്ഞില്ല.' 

'ഞാന്‍ ഇറങ്ങുന്നു' ചേതന്‍ അത്രമാത്രം പറഞ്ഞു. പിന്നെ തിരിഞ്ഞു നോക്കാതെ നടന്നു. അപ്പോഴും മണല്‍പ്പരപ്പുകളില്‍ എവിടെയോ ധോലക്കിന്റെയും തബലയുടെയും താളത്തില്‍ ഖവാലി മുഴങ്ങിക്കൊണ്ടിരുന്നു.

അവ്യക്തമായ അര്‍ത്ഥമുള്ള കുറെ വരികള്‍. അത് കര്‍ണപടങ്ങളില്‍ തുളച്ചിറങ്ങി അവരുടെ  ആത്മാവിലേക്കും അന്തരാത്മാവിലേക്കും ലഹരിയായി  പടര്‍ന്നുകൊണ്ടിരുന്നു. 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios