Asianet News MalayalamAsianet News Malayalam

ആശാ ഭോസ്‌ലേ, അശ്വതി മഞ്ചക്കല്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അശ്വതി മഞ്ചക്കല്‍ എഴുതിയ കഥ 

chilla malayalam short story by aswathi manjakkal
Author
Thiruvananthapuram, First Published Jul 7, 2021, 7:22 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam short story by aswathi manjakkal


ആശാ ഭോസ്‌ലേയുടെ റിക്കാര്‍ഡുകളില്‍ ഒന്നു ഞാന്‍ കൈകളില്‍ എടുത്തു. പുതുമയുടെ അങ്ങേയറ്റം വരെ തെളിഞ്ഞു നില്‍ക്കുന്ന എന്റെ ഫ്‌ളാറ്റില്‍ പഴക്കം ചെന്ന ഒരേ ഒരു കാര്യമായിരുന്നു ചാച്ചന്റെ ഗ്രാമഫോണും ആശാ ഭോസ്‌ലേയുടെ റിക്കാര്‍ഡ്‌സും. വര്‍ത്തമാനത്തിലെ തിരക്കില്‍ നിന്നും ഒളിച്ചോടാന്‍ ഇടയ്ക്കു ഞാന്‍ ഈ ഭൂതത്തെ ആശ്രയിക്കാറുണ്ട്. 

റീസേര്‍ച്ച് പേപ്പറുകള്‍ എന്റെ കണ്ണുകളെ മണ്ണ് വാരി കുഴിച്ചിടുമ്പോഴും, തൊണ്ടാക്കുഴിയില്‍ കുരുങ്ങിയ ഭക്ഷണം പോലെ പ്രോജക്ടിന്റെ ഡെഡ് ലൈനുകള്‍ എന്നെ മുറുക്കിപിടിക്കുമ്പോഴും ജീവശ്വാസത്തിനായി ചില റിക്കാര്‍ഡുകളില്‍ തല വച്ചു കൊടുക്കാറുണ്ട്. ജീവിതത്തിനു മറ്റൊരു അര്‍ത്ഥം തരുന്നത് പോലെ ആശാജി എന്നില്‍ ഒഴുകിയിറങ്ങും. എല്ലാം പൊടിപിടിച്ചു പോയിരിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ തന്നെ സൂക്ഷിക്കാന്‍ ആണ് എനിക്കിഷ്ടം. ചില അടയാളങ്ങള്‍ കൊണ്ട് ചാച്ചനെ ഞാന്‍ ഇങ്ങനേം പുനര്‍ജീവിപ്പിക്കാറുണ്ട്.

എന്റെ മുറിയിലെ അവസാനവെളിച്ചവും കെട്ടു. അകത്ത് എന്താ സംഭവിക്കുന്നത് എന്നു അറിയാന്‍ വയ്യാതെ കാറ്റു ഓരോ ജനലിലും വന്നു തട്ടിനോക്കുന്നുണ്ടായിരുന്നു. എന്തോ അപായം മണത്തതു കൊണ്ടാവണം ബിയര്‍കുപ്പികളിലെ വെള്ളം വിഴുങ്ങി ചെടികളൊക്കെ അവര്‍ക്കാവുന്ന വിധം ജനല്‍വിടവുകള്‍ വഴി തലപൊക്കി നോക്കുന്നുണ്ട്. എന്റെ സ്വകാര്യതയിലേക്കു ഒരു ഉറുമ്പിന്റെ നിഴല്‍ പോലും പെടാന്‍ പാടില്ലാത്ത വണ്ണം വലിയൊരു ഇരുമ്പലോടെ കര്‍ട്ടനുകള്‍ വലിച്ചടച്ചു. കര്‍ട്ടനുകളാല്‍ വിഴുങ്ങിയ നാലു ചുവരുകള്‍, വെളിച്ചത്തിന്റെ അധികാരം എത്താത്ത മുറി, നേര്‍ത്ത രീതിയില്‍ ആഷാജിയുടെ സംഗീതം മാത്രം.

തുരുമ്പ് കേറിയ നാലു കാലുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അലമാരയിലേക്ക് ഞാന്‍ നോക്കി. എന്തൊക്കെയോ മാറ്റങ്ങള്‍ ഉള്ളത് പോലെ. എന്തുകൊണ്ട് എനിക്കിത് നേരത്തെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ കണ്ണുകളെ കബളിപ്പിച്ച് എത്ര കാലം എന്റെ കൂടെ നിന്നു. ഒരു നിമിഷം പോലും ഇവയൊന്നും എന്റെ ദൃഷ്ടിയില്‍ പതിഞ്ഞില്ലല്ലോ. 

അല്ലെങ്കില്‍ എന്റെ വെറും തോന്നലുകള്‍ മാത്രം ആയിരിക്കും. പൊട്ടുകള്‍ അവശേഷിപ്പിച്ച പശയുടെ കറ അലമാരയിലെ കണ്ണാടിയുടെ വശങ്ങള്‍ അപ്പാടെ കാര്‍ന്നു തിന്നിട്ടുണ്ടായിരുന്നു.അമ്മ തന്റെ കുഞ്ഞിനെ വാത്സല്യത്തോടെ തലോടുന്നതു പോലെ ഞാന്‍ കറ പറ്റിയ അരികുകള്‍ സ്പര്‍ശിച്ചുകൊണ്ടേ ഇരുന്നു. കണ്ണാടിയുടെ താഴത്തെ ഭാഗം ഗുഹയുടെ വായ ഭാഗം പോലെ പൊട്ടിയിട്ടുണ്ടായിരുന്നു. എന്റെ ദേഹത്ത് ഞാന്നു കിടന്ന ഷാള്‍ എടുത്തു കണ്ണാടി തുടച്ചു. വലിച്ചു കെട്ടി ശ്വാസംമുട്ടിച്ചു കിടത്തിയ ഓരോ മുടിയിഴകളെയും ഞാന്‍ സ്വതന്ത്രരാക്കി. കരയില്‍ പിടച്ചുകളിച്ച മീന്‍ വെള്ളത്തില്‍ വീണു ജീവവായു വലിച്ചെടുത്ത അതേ ആശ്വാസത്തില്‍ എന്റെ മുടിയിഴകള്‍ താഴേക്കു ഊര്‍ന്നുവീണു. ഷര്‍ട്ടിന്റെ ബട്ടന്‍സുകള്‍ എന്റെ  അരക്കെട്ട് വരെ ഞാന്‍ തുറന്നിട്ടു. എനിക്ക് എന്നെ കാണാന്‍ പറ്റാതെ ഞാന്‍ ഒരുപാട് നേരം കണ്ണാടിയുടെ മുന്നില്‍ നിന്നു. 

പെട്ടെന്ന് എപ്പോഴോ ക്ഷണിക്കാത്ത അതിഥിയെ പോലെ കാറ്റു കര്‍ട്ടനുകളെ വകഞ്ഞു മാറ്റി. തിങ്ങി കേറി മുറിയില്‍ കയറിയ നിലാവിന്റെ വെളിച്ചത്തെ അലമാരയിലെ കണ്ണാടിയും സല്‍ക്കരിച്ചു ഇരുത്തിയിട്ടുണ്ടാവണം. മങ്ങി മങ്ങി കണ്ട നിലാവെളിച്ചം എന്നെ മുഴുവനായും കണ്ണാടിയില്‍ പ്രതിഫലിപ്പിച്ചു. 

ഓരോ തവണയും കാറ്റിന്റെ വികൃതിയില്‍ കര്‍ട്ടനുകളെ വകഞ്ഞു വെളിച്ചം എന്നില്‍ പതിയുമ്പോള്‍ ഉടഞ്ഞ അരക്കെട്ടും, കറുപ്പ് കേറിയ കഴുത്തും, മാര്‍ദവമില്ലാത്ത എന്റെ മാറിടവും തുടരെ തുടരെ കണ്ടുകൊണ്ടേ ഇരുന്നു. ഒരു ഇരുളിനപ്പുറത്തേക്കു സൗന്ദര്യം നശിച്ചു പോയ എന്റെ ശരീരം. 

ബൊട്ടീക്കില്‍ പറഞ്ഞു തയ്പ്പിച്ച ആഡംബര ഗൗണില്‍ എന്നെ കണ്ടപ്പോഴായിരുന്നു എന്റെ പ്രിയതമനു ബോധോദയം വന്നത്, അവന്റെ സങ്കല്‍പത്തിലെ അഴകളവുകള്‍ ഉള്ള സുന്ദരി ആയിരുന്നില്ല ഞാന്‍ എന്ന്. ഒരു തമാശരൂപേണെ എന്നിലെ സൗന്ദര്യത്തെ കീറിമുറിച്ചു പറഞ്ഞപ്പോള്‍ കൊഴുപ്പുകൂട്ടം വിഹരിച്ച കൈകാലുകള്‍ ഒരു നിമിഷമെങ്കിലും ഉരുകിപോയിട്ടുണ്ടാവണം. 

ഇതുപോലെ എത്രയോ രാത്രികള്‍ അവന്റെ കൂടെ കഴിഞ്ഞിട്ടുണ്ട്. അന്നും ഈ കറുപ്പ് കേറിയ കഴുത്തും, കൊഴുപ്പു കൂടിയ ശരീരവും ഉള്ളവള്‍ തന്നെ ആയിരുന്നു ഞാന്‍. ഒരു രാത്രയില്‍ ആസ്വദിച്ച ശരീരം എങ്ങനെ ആണ് അടുത്ത പകലില്‍ അതേ ആള്‍ക്ക് ആരോചകം ആയി തോന്നുന്നത്

നിലാവെളിച്ചത്തില്‍ എന്റെ അരക്കെട്ട് കണ്ണാടിയില്‍ ഒരുപാട് തവണ പ്രതിഫലിച്ചപ്പോള്‍ ഈ രാത്രി പോലും അവയെ വല്ലാതെ ആസ്വദിക്കുന്നതായി എനിക്ക് തോന്നി. താഴേക്കു വീണ മുടിക്കൂട്ടത്തെ മുന്നിലേക്ക് വലിച്ചിട്ടു. ഇരുണ്ട നിറത്തിലെ തൊലിയില്‍ ചാഞ്ഞുകിടന്ന രോമങ്ങളെ കടന്നു പോയ കാറ്റ് ഇക്കിളിപ്പെടുത്തിയിട്ടുണ്ടാവണം. അവയൊരൊന്നും ചെറു നാണത്തോടെ എന്നിലേക്ക് തന്നെ ഉള്‍വലിഞ്ഞു. 

പശയുടെ കാഠിന്യം കുറഞ്ഞു വീഴാറായ ഒരു ചുവന്ന പൊട്ടു എടുത്തു ഞാന്‍ തൊട്ടു.അപ്പോഴാണ് വിരലിലെ ചുവപ്പു ശ്രദ്ധിച്ചത്. പൊട്ട് എടുക്കുന്ന സമയത്തു പൊട്ടിയ കണ്ണടിയുടെ ഭാഗം വിരലില്‍ അമര്‍ന്നിട്ടുണ്ടാവാം. ചെറുതായി ഒന്നു മുറിഞ്ഞു. പണ്ട് അമ്മ പറയാറുണ്ട്. പൊട്ടിയ കണ്ണാടി ഒന്നും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നൊക്കെ. പക്ഷെ എനിക്കെങ്ങനെ നിന്നെ ഉപേക്ഷിക്കാന്‍ കഴിയും. നീ ഇഷ്ടപ്പെട്ടത് പോലെ വേറെ ആരും എന്നെ ഇഷ്ടപ്പെട്ടിട്ടില്ല. ഈ കണ്ണാടി ചീളുകള്‍ കാണിച്ചത്രയും വിശാലമായി വേറെ ആര്‍ക്കും എന്നെ കാണാനും കഴിയില്ല.

ചുമരിനോട് ചേര്‍ത്തു വച്ച കട്ടില്‍ ലക്ഷ്യമാക്കി ഞാന്‍ നടന്നു.വാസുകിയുടെ മടിയില്‍ ശയിക്കുന്ന അനന്തനെ പോലെ ഞാന്‍  കിടക്കയില്‍ കിടന്നു. ഒരിക്കലും ഇല്ലാത്ത ഒരു വിറയല്‍ എന്റെ ശരീരത്തെ ആകമാനം പൊതിയുന്നുണ്ടായിരുന്നു. 

ആശ ജിയുടെ പാട്ടിന്റെ ലയത്തില്‍ ഞാന്‍ എത്ര നേരം കിടന്നു  എന്നു എനിക്കറിയില്ല. പക്ഷെ ഒന്നറിയാം എന്നെ ഇഷ്ടപ്പെടാന്‍ എനിക്കറിയാം. എന്നിലെ അര്‍ധനഗ്‌നത ഞാന്‍ ആ ഇരുട്ടിന്റെ മറവില്‍ നിലാവിനെ പ്രാപിച്ചു കൊണ്ട് ആസ്വദിച്ചു.

'യേഹ് കോന്‍ ഹേ ജിസ്‌കെ 
ആനെ സെ മേരി ദുനിയാ.....'

ഫോണില്‍ വന്ന വോയിസ് മെസേജിന്റെ ശബ്ദം ആയിരുന്നു എന്നെ വീണ്ടും യാഥാര്‍ത്ഥ്യതിലേക്കു കൊണ്ടു വന്നത്.

'സുചി...നീ ആ ഗൗണ്‍ ക്യാന്‍സല്‍ ചെയ്‌തോ. അതില്‍ നിന്നെ കാണാന്‍ ugly ലുക്ക് ആണ്. ഞാന്‍ വേറൊന്ന് കണ്ടു വച്ചിട്ടുണ്ട്. നാളെ നമുക്ക് ഒന്നൂടെ അവിടെ പോയി സെലക്ട് ചെയ്യാം....'

നിമിഷങ്ങള്‍ കൊണ്ടു അയാള്‍ വീണ്ടും എന്നെ ചവിട്ടിമെതിച്ചിരിക്കുന്നു. കാറ്റു തഴുകി തണുത്ത എന്റെ ദേഹം വിയര്‍പ്പിന്റെ തീയാല്‍ പൊള്ളുന്നത് ഞാന്‍ അറിഞ്ഞു. മറ്റുള്ളവരുടെ സൗന്ദര്യവരമ്പുകളില്‍ പെട്ടു ഞാന്‍ പിടഞ്ഞു വീഴും എന്നു തോന്നി. മുള്ളുകമ്പി പോലെ അവയൊരൊന്നും എന്റെ കൈകാലുകളെയും, അരക്കെട്ടിനെയും, മാറിടത്തെയും കുത്തിനോവിക്കാന്‍ വരുന്നു. കണ്ണുനീര്‍ വീണു ഫോണിന്റെ ഡിസ്‌പ്ലേ നിറഞ്ഞുകവിഞ്ഞു. സ്പീക് ബട്ടണ്‍ ഒരു ഇരമ്പത്തോടെ മുഴങ്ങി.

'Fuck you..!
Dear romeo.....'

യേഹ് കോന്‍ ഹേ ജിസ്‌കെ 
ആനെ സെ മേരി ദുനിയാ.''

 

Follow Us:
Download App:
  • android
  • ios