ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അശ്വതി ജോയ് അറയ്ക്കല്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ആര്‍ത്തലച്ച് കനത്ത് പെയ്യുകയാണ് കര്‍ക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിര്‍ന്നു നില്‍ക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകള്‍ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകള്‍ മുഴങ്ങേണ്ടിടത്ത് ആ നിശ്ചലമായ പിഞ്ചുശരീരം കൊണ്ടുവെച്ചതിന്റെ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുകയാണാ വീടും പ്രകൃതിയും എന്നു തോന്നുന്നു. ആകെ തണുത്തുറഞ്ഞു നില്‍ക്കുകയാണ് പ്രകൃതി, പക്ഷെ പ്രകൃതിയെക്കാള്‍ തണുപ്പ് ആ വീട്ടില്‍ കൂടിയിരുന്ന ഓരോ മനസ്സുകളിലുമായിരുന്നു. മരണത്തിന്റെ മരവിച്ച തണുപ്പ്. കരഞ്ഞു തളര്‍ന്ന ശരീരവുമായി പച്ചവെള്ളം ഇറങ്ങാതെ ഓരോരുത്തരും ഓരോ മൂലയില്‍ കിടപ്പാണ്.

എന്റെ കൈത്തണ്ടയില്‍ മുഖമമര്‍ത്തി വാടിയ ചേമ്പിന്‍തണ്ട് പോലെ കിടപ്പുണ്ട് ഒരുവള്‍, എന്റെ ചിന്നു, കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പ്. എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ്, മാസം തികയാതെ നൊന്തുപ്രസവിച്ച തന്റെ പൊന്നുമോളെ തെക്കേത്തൊടിയില്‍ അടക്കിയതിന്റെ ദുഖവും പേറി തകര്‍ന്നു കിടക്കുകയാണവള്‍. 

അഞ്ചുവര്‍ഷം കാത്തിരുന്നു നേര്‍ച്ചയും, കാഴ്ചയും, ചികിത്സകളും നടത്തി വയറ്റില്‍ കുരുത്ത ജീവനെ ആറാംമാസത്തില്‍ പ്രസവിക്കേണ്ടി വന്നു അവള്‍ക്ക്. ഒരായുസ്സിന്റെ പ്രാര്‍ത്ഥനയെ വിഫലമാക്കി ആ കുഞ്ഞുജീവന്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ സമനില തെറ്റിപ്പോയവള്‍. ആശുപത്രിയില്‍ നിന്നും ചേതനയറ്റ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവെച്ചപ്പോഴോ, ശേഷം ആ പിഞ്ചുശരീരം മണ്ണില്‍ അലിയിച്ചപ്പോഴോ അവള്‍ കരഞ്ഞില്ല. ഒരുതരം മരവിപ്പായിരുന്നു അവളില്‍. ആ പിഞ്ചോമനയുടെ ശരീരം കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് സംസ്‌കാര ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷമാണ് ഞാനവിടെ എത്തുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ആരൊക്കെയോ ചേര്‍ന്നവളെ കുളിപ്പിച്ച് കട്ടിലില്‍ കൊണ്ട് കിടത്തിയിട്ടുണ്ട്. പുറത്തേയ്ക്ക് നോക്കി ഇമ ചിമ്മാതെ കഴിഞ്ഞ ഏഴുദിവസവും കുഞ്ഞിനായി മുലപ്പാല്‍ പിഴിഞ്ഞുകൊടുത്ത ബ്രസ്റ്റ് പമ്പ് നെഞ്ചോടമര്‍ത്തിപ്പിടിച്ചു കിടക്കുകയാണവള്‍. സഹിക്കില്ല ആ കാഴ്ച്ച. കുഞ്ഞിനെ ജീവനോടെ കിട്ടിയില്ലെങ്കിലും അവള്‍ അമ്മയല്ലേ. ആ പൊന്നോമനയെ ഉദരത്തില്‍ പേറിയവള്‍, നൊന്തുപെറ്റവള്‍, കുഞ്ഞിനായി മുല ചുരത്തിയവള്‍. അവളെങ്ങനെ സഹിക്കും തന്റെ കുഞ്ഞിന്റെ വേര്‍പാട്. എന്നെ കണ്ടപ്പോള്‍ അവളൊരു വരണ്ട ചിരി ചിരിയ്ക്കാന്‍ ശ്രമിച്ചു. സങ്കടം കടിച്ചമര്‍ത്തിയുള്ള അവളുടെയാ ചിരി എന്നെ കൂടുതല്‍ വേദനിപ്പിച്ചു.


'ന്റെ മോള്‍ക്ക് വയ്യായിരുന്നൂടി, അതാ അവള് പോയത്' നിര്‍വ്വികാരതയോടെ അത്രയും പറഞ്ഞുകൊണ്ട് അവള്‍ കിടന്ന കട്ടിലിന്റെ അടുത്തു കസേരയില്‍ ഇരുന്ന എന്റെ കൈയിലേക്ക് തലവെച്ച് കുറേനേരം അവളെങ്ങനെ കിടന്നു. അവളുടെ ചുരുണ്ടമുടിയിഴകളില്‍ തലോടി ഞാനും അങ്ങനെ ഇരുന്നു. പതിവില്ലാതെ മൗനം ഞങ്ങള്‍ക്കിടയില്‍ തളം കെട്ടി നിന്നു. എന്തോ പതിയെ അവളൊരു മയക്കത്തിലേക്ക് വഴുതി വീണു.

'പാവം എഴുദിവസമായി ഉറങ്ങിയിട്ട്' അവിടെ കൂടിയിരുന്ന സ്ത്രീകളില്‍ ആരോ പറഞ്ഞു. ശേഷം റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് എല്ലാവരും പുറത്തേക്കിറങ്ങി. അവള്‍ സുരക്ഷിതത്വത്തിനായി പിടിച്ച കൈ വലിച്ചെടുക്കാതെ ഞാന്‍ അവിടെ അവള്‍ക്കരികില്‍ തന്നെയിരുന്നു. ആ പമ്പിങ് ബോട്ടിലും കെട്ടിപ്പിടിച്ചുള്ള അവളുടെ കിടപ്പ് കാണുംതോറും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

എന്റെ ചിന്നു, കളിക്കൂട്ടുകാരി. ചെറുപ്പം മുതല്‍ കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിച്ചിരുന്നവള്‍. പാവയെ ഒരുക്കാനും ചമയിക്കാനുമൊക്കെ കുട്ടിക്കാലം തൊട്ട് അവള്‍ക്ക് ഏറെ ഉത്സാഹമായിരുന്നു. വലുതാകുമ്പോള്‍ എനിക്കൊരു പെണ്‍കുഞ്ഞിന്റെ അമ്മയായാല്‍ മതിയെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു. പെണ്‍കുട്ടികളെ ഒരുക്കാനും, ചമയിക്കാനും, കുഞ്ഞുടുപ്പ് തുന്നാനുമൊക്കെയവള്‍ ഏറെ ആഗ്രഹിച്ചിരുന്നു. ഞാന്‍ എന്റെ അച്ചുവിനെ പ്രഗ്‌നെന്റ് ആയിരുന്നപ്പോള്‍ എന്നേക്കാള്‍ ഉത്സാഹം അവള്‍ക്കായിരുന്നു. എല്ലാവരും എന്നെ നോക്കി ആണ്‍കുഞ്ഞെന്നു പ്രവചിക്കുമ്പോള്‍ അവള്‍ മാത്രം പെണ്‍കുഞ്ഞെന്നു വാശിയോടെ പറയുമായിരുന്നു. അച്ചു ജനിച്ചപ്പോഴും അവള്‍ എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. പകല്‍ ജോലിയ്ക്ക് പോയി വൈകുന്നേരം അവള്‍ ഹോസ്പിറ്റലില്‍ എനിക്കൊപ്പം വന്നു നില്‍ക്കും. നീ ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞാലും അവള്‍ വൈകുന്നേരം ഹോസ്പിറ്റലിലേയ്ക്കേ വരൂ. എന്റെ മോനെ അച്ചു എന്നാദ്യം വിളിച്ചതും അവളാണ്.

അച്ചു കൈക്കുഞ്ഞായിരുന്നപ്പോഴായിരുന്നു അവളുടെ വിവാഹം. അതും ചിലരുടെ ഭാഷയില്‍ അന്യജാതിക്കാരനുമായി വേലി ചാടിയവള്‍. അതോടെ സ്‌നേഹിച്ചിരുന്നവര്‍ പലരുമവളെ വെറുത്തു. ശേഷം, കുഞ്ഞുണ്ടാകാന്‍ വൈകിയപ്പോള്‍ അതവളെ കുറ്റപ്പെടുത്താനുള്ള ആയുധമായാണ് പലരും ഉപയോഗിച്ചത്. ഡോക്ടറെ കാണുന്നതും, ചികിത്സയുടെ ബുദ്ധിമുട്ടുകളുമൊക്കെ അവളെന്നോടായിരുന്നു പങ്കുവെച്ചിരുന്നത്. വന്ധ്യതാ ചികിത്സ എന്നത് ദമ്പതികളെ സംബന്ധിച്ച് എത്ര വലിയ വെല്ലുവിളി ആണെന്ന് അവളിലൂടെ ഞാന്‍ അറിഞ്ഞു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്...മാസാമാസം ഓവുലേഷന്‍ കണക്കാക്കാന്‍ ചെയ്യുന്ന തുടരെ തുടരെയുള്ള സ്‌കാനിംഗ്, ഹോര്‍മോണ്‍ ഇന്‍ജെക്ഷനുകള്‍, ഗുളികകള്‍, പീരിയഡ്സ് ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന എണ്ണമറ്റ ദിനങ്ങള്‍, നിരാശ നല്‍കുന്ന പ്രഗ്‌നെന്‍സി സ്ട്രിപ്പുകള്‍, വീണ്ടും നിരാശപ്പെടുത്തിക്കൊണ്ട് രക്തച്ചാലുകള്‍ ഒഴുകുമ്പോള്‍ തളര്‍ന്നുപോകുന്ന മനസ്സും ശരീരവും. ഇതൊന്നും മനസ്സിലാക്കാതെ വിശേഷമായില്ലേ? എന്നും ആ ഡോക്ടറെ കാണ് ഈ ഡോക്ടറെ കാണ് എന്നും, ആര്‍ക്കാ കുഴപ്പം എന്നുമൊക്കെ ചോദിച്ചും എല്ലാം ശ്വാസം മുട്ടിയ്ക്കുന്ന ചുറ്റുമുള്ളവര്‍... 

അങ്ങനെ നീണ്ട അഞ്ചു വര്‍ഷത്തെ സഹനങ്ങള്‍. അവളെല്ലാം സഹിയ്ക്കാന്‍ തയ്യാറായിരുന്നു. കാരണം അത്രത്തോളം അവളൊരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. മനസ്സും ശരീരവും ആഗ്രഹിക്കാത്തപ്പോഴും ഒരു കുഞ്ഞിനെ ലഭിക്കാന്‍ മാത്രമായി ശാരീരികമായി ബന്ധപ്പെടേണ്ടി വരുന്ന അവസ്ഥയൊക്കെ അവള്‍ പങ്കുവെച്ചപ്പോള്‍ എന്റെ മനസ്സും ചുട്ട് നീറിയിട്ടുണ്ട്. ബീജം സിറിഞ്ചില്‍ കളക്ട്് ചെയ്ത് ഇന്‍ജെക്ഷന്‍ ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്നവള്‍ പരിതപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെ ചുറ്റുമുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും കുത്തിനോവിക്കുന്നത് പാവത്തെ ഒരുപാട് കരയിച്ചിട്ടുണ്ട്.


എല്ലാത്തിനുമൊടുവില്‍ ഗര്‍ഭിണി ആയപ്പോള്‍ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവര്‍ക്ക്. പതിനായിരങ്ങള്‍ ശമ്പളം കിട്ടിയിരുന്ന ജോലിപോലും ഡോക്ടര്‍ കംപ്ലീറ്റ് ബെഡ് റസ്റ്റ് പറഞ്ഞപ്പോള്‍ അവള്‍ ഒട്ടും ആലോചിക്കാതെ ഉപേക്ഷിച്ചു. അങ്ങനെ കുഞ്ഞെന്ന ആഗ്രഹവും പേറിയൊരു തപസ്സില്‍ തന്നെ ആയിരുന്നു അവള്‍. പക്ഷെ ആ പാവത്തോട് ഈശ്വരന്‍ ക്രൂരത കാട്ടി. ആറാം മാസത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഫ്‌ലൂയിഡ് ലീക്കായി അവള്‍ മോളെ പ്രസവിച്ചു. ഏട്ടുദിവസം വെന്റിലേറ്ററില്‍ കിടന്ന മോള്‍ അവരെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു. ഇങ്ങനെ ക്രൂരത കാണിക്കാന്‍ ആയിരുന്നുവെണെങ്കില്‍ എന്തിനാ അവളെ ഇത്രയും ആഗ്രഹിപ്പിച്ചത് ഞാന്‍ ദൈവത്തോട് പരാതിപോലെ പരിഭവം പറഞ്ഞു. ഓരോന്ന് ആലോചിക്കും തോറും എനിക്കെന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ ആയില്ല. ഇടയ്ക്കിടെ വന്നു അവളെ നോക്കിയിട്ട് പോകുന്ന അവളുടെ നല്ലപാതിയുടെ കണ്ണിലും കണ്ടത് പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന സമുദ്രമായിരുന്നു.

ശേഷം അവരുടെ അടുപ്പമുള്ളൊരു അമ്മായി എന്നോട് വന്ന് പറഞ്ഞൊരു കാര്യമാണ് എന്നെ ഞെട്ടിച്ചത്. 'മോളെ, രണ്ടുപേരും ഏതുനേരവും റൂമടച്ച് കെട്ടിപ്പിടിച്ചു കരച്ചിലാണ്, ഏട്ടുദിവസമല്ലേ പ്രസവിച്ചിട്ട് ആയിട്ടുള്ളൂ ഇങ്ങനെ റൂമടച്ചുള്ള ഇരുപ്പൊന്നും ശരിയല്ലെന്നു മോളൊന്ന് പറഞ്ഞു കൊടുക്കണം' അവരെന്നോട് പറഞ്ഞു.

പൊന്നോമനയുടെ വേര്‍പാടില്‍ പാതിചത്ത മനസ്സുമായി ജീവിയ്ക്കുന്ന രണ്ടുപേര്‍, അവകാശി ലോകത്ത് ഇല്ലാത്തത് കൊണ്ട് ചുരത്താനാകാതെ പാല് കല്ലിച്ച മാറിടങ്ങള്‍ നല്‍കുന്ന വേദന, പ്രസവം സമ്മാനിച്ച വിങ്ങുന്ന മുറിവുകള്‍ യോനിയില്‍, വെട്ടിപ്പൊളിക്കുന്ന വേദനയില്‍ വയറും നടുവും... ആ അവസ്ഥയില്‍ അവള്‍ക്ക് ഏക ആശ്വാസം അവളുടെ ഭര്‍ത്താവാണ്. പരസ്പരം ആശ്വാസമാകാന്‍ അവര്‍ക്കേ സാധിക്കൂ. അതിനെയാണ് ഈ വൃത്തികെട്ട മനസ്സുള്ള സമൂഹം മറ്റൊരു കണ്ണിലൂടെ കാണുന്നത്. പുച്ഛമാണ് എനിക്ക് തോന്നിയത്.

'ഈ അവസ്ഥയില്‍ അവര്‍ക്കേ പരസ്പരം ആശ്വാസമാകാന്‍ സാധിക്കൂ, കാരണം നഷ്ടം അവര്‍ക്ക് മാത്രമാണ്. അതുകൊണ്ട് എങ്ങനെയാണ് എന്ന് വെച്ചാല്‍ അവര്‍ പരസ്പരം ആശ്വസിപ്പിക്കട്ടെ. പറഞ്ഞും കരഞ്ഞും തീര്‍ക്കട്ടെ' ഞാന്‍ ദേഷ്യത്തോടെ അത്രയും പറഞ്ഞപ്പോള്‍ ആ സ്ത്രീ വീര്‍പ്പിച്ച മുഖവുമായി സ്ഥലം കാലിയാക്കി. പിന്നെയും അവിടെ മുറുമുറുപ്പുകള്‍ ധാരാളമായിരുന്നു. അവള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ കുറ്റവും, ദൈവകോപവും, അവള്‍ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കുഞ്ഞിനെ കിട്ടിയേനെ തുടങ്ങി കുറ്റങ്ങള്‍ ധാരാളമായിരുന്നു. അകവും പുറവും വെന്തു കിടക്കുന്ന ആ പാവം ഇതൊക്കെ കേട്ടാല്‍. ചിലര്‍ക്കതൊന്നും അറിയണ്ടല്ലോ.

പെട്ടന്നാണ് വലിയൊരു ഇടി വെട്ടിയത്, എന്റെ കൈയ്യുടെ സുരക്ഷിതത്വത്തില്‍ കിടന്നവള്‍ ഞെട്ടി എണീറ്റു. പാവത്തിന്റെ വയറും ശരീരവും മാറിടങ്ങളുമൊക്കെ വല്ലാതെ വേദനിച്ചു.

'മഴ തോര്‍ന്നില്ലേടി?' വേദന കടിച്ചമര്‍ത്തിക്കൊണ്ട് അവള്‍ എന്നോടായി ചോദിച്ചു.

'ഇല്ലടി' ഞാന്‍ പതിയെ അവളെ ചേര്‍ത്തുപിടിച്ചു കൊണ്ട് പറഞ്ഞു.

'ഇങ്ങനെ മഴ പെയ്താല്‍ ന്റെ മോള്‍ക്ക് തണുക്കില്ലേടി, ഇത്ര നാളും എന്റെ ഉള്ളിലെ ചൂട് തട്ടി കിടന്നതല്ലേ, ഇപ്പോള്‍ ആ പച്ചമണ്ണില്‍ തണുത്തുവിറച്ചെന്റെ മോള്‍.' എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടവള്‍ പറഞ്ഞു. അവളുടെ, ആ അമ്മമനസ്സിന്റെ നൊമ്പരം എന്നെയും കരയിച്ചു. അവളെ ചേര്‍ത്തുപിടിച്ചു ഞാനും കുറേക്കരഞ്ഞു. മഴയുടെ ശക്തി കൂടുംതോറും അവളുടെ കരച്ചിലും കൂടുതല്‍ ഉയര്‍ന്നു.


പലരും വന്ന് ' ഈ സമയത്ത് ഇങ്ങനെ കരയല്ലേ, ശരീരം ഉലയും' എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. അവള്‍ കരഞ്ഞു തീര്‍ക്കട്ടെ എന്ന് പറഞ്ഞു. കരയാതിരുന്നാല്‍ അവള്‍ക്ക് സമനില തെറ്റും എന്നെനിക്ക് ഉറപ്പായിരുന്നു


ഒരുപാട് നേരം കരഞ്ഞുതീര്‍ത്തപ്പോള്‍ മഴപെയ്ത് തോര്‍ന്ന ആകാശം പോലെ ശാന്തയായി അവള്‍ വീണ്ടും മയക്കത്തിലേക്ക് വീണു. അപ്പോഴും ആ നെഞ്ചോട് ചേര്‍ന്നു തന്റെ കുഞ്ഞിനായി പാല്‍ പമ്പ് ചെയ്‌തെടുത്ത ബോട്ടില്‍ കിടക്കുന്നുണ്ടായിരുന്നു. ഏറെനേരത്തിനു ശേഷം അവളുടെ നെറുകയിലൊരു ഉമ്മയും കൊടുത്ത് അവിടെ നിന്നുമിറങ്ങുമ്പോള്‍ വീണ്ടും മഴ പൊടിഞ്ഞു തുടങ്ങിയിരുന്നു. വല്ലാത്തൊരു ഭാരത്തോടെ ഞാന്‍ കാറിലേക്ക് കയറി. പോസ്റ്റുപാര്‍ട്ടം ഡിപ്രെഷന്‍ എന്ന പേരില്‍ ഒരുപാട് ദുരന്തങ്ങള്‍ അനുഭവിക്കുമ്പോഴും, അതില്‍ നിന്നുമുള്ള മോചനത്തിനപ്പുറം കുഞ്ഞിന്റെ കളി ചിരികള്‍ എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. 

ഗര്‍ഭകാലവും, പ്രസവവുമൊക്കെ തരുന്ന വേദനകള്‍ക്കിപ്പുറം ഏതൊരമ്മയ്ക്കുമുള്ള ആശ്വാസം കുഞ്ഞ് തന്നെയാണല്ലോ. എന്നാല്‍, ഇവിടെയൊരമ്മ, കല്ലിച്ച നെഞ്ചും മുറിഞ്ഞ മനസ്സുമായി കിടപ്പുണ്ട്.. ലോകത്തൊരു ആശ്വാസവാക്കുകള്‍ക്കും സമാധാനം നല്‍കാനാകാത്ത മനസ്സുമായി.. തെക്കേതൊടിയിലെ മണ്ണിനോട് ചേര്‍ന്ന തന്റെ പ്രാണന്റെ പങ്കിന് തണുക്കുമല്ലോ എന്ന സങ്കടത്തില്‍.