Asianet News MalayalamAsianet News Malayalam

Malayalam Short Stor y: സതീശന്‍ എന്ന ലോഷന്‍ വില്‍പനക്കാരന്‍, ബിപിന്‍ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബിപിന്‍ ബാലകൃഷ്ണന്‍ എഴുതിയ ചെറുകഥ

chilla malayalam short story by Bipin Balakrishnan
Author
Thiruvananthapuram, First Published Jun 23, 2022, 4:37 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Bipin Balakrishnan

 

മലമുകളിലേക്കുള്ള കയറ്റം കയറി സതീശന്‍ നിന്നു.

ഇനി വയ്യ. കൈയിലെ ബിഗ്ഷോപ്പര്‍ ബാഗിന്റെ കനം കൂടിയ പോലെ തോന്നുന്നു. രാവിലെ തുടങ്ങിയ നടത്തം ആണ്. ലോഷന്‍ ആണെങ്കില്‍ ഒറ്റ കുപ്പിപോലും ഇന്ന് ഇതുവരെ വിറ്റു പോയിട്ടില്ല. മലമ്പ്രദേശം ആയതിനാല്‍ വീടുകള്‍ ഓരോന്നും ഓരോ ദിക്കിലാണ്. നടന്നു നടന്നു കാലിന്റെ മുട്ടു തേഞ്ഞതു മാത്രം മിച്ചം. സമയം 10 മണി ആയിട്ടേ ഉള്ളു എങ്കിലും വെയില്‍ അതിന്റെ സര്‍വ്വ ശക്തിയാലും അടിക്കാന്‍ തുടങ്ങിയിരുന്നു. മീനമാസം ആണ്. അഗ്‌നിനക്ഷത്രം എരിയുന്ന സമയം. നെറ്റിയിലേക്ക് ഒലിച്ചിറങ്ങുന്ന വിയര്‍പ്പു തുള്ളി തുടച്ചു കൊണ്ട് അയാള്‍ ചുറ്റും നോക്കി. അടുത്തെങ്ങാനും വല്ല വീടും കാണാന്‍ ഉണ്ടോ? ഇല്ല, അങ്ങനെ ഒന്നിന്റെ ലക്ഷണം തന്നെ  ഇല്ല.

ഇത്തിരി ദൂരത്തായി എന്തോ ഓലവെച്ചു മറച്ച പോലെ കാണാനുണ്ട്. ''കടയാണെന്നു തോന്നുന്നു''- അയാള്‍ സ്വയം പറഞ്ഞു കൊണ്ട് അങ്ങോട്ട് നടന്നു.

ഒരു ചെറിയ ചായ്പ്പ്. ചായക്കടയാണ്. റബ്ബര്‍ തോട്ടത്തിലെ വെട്ടുകാര്‍ക്കു വേണ്ടി രാവിലെ തുറന്നിരിക്കുന്നതാവാം. വലിയ തിരക്കൊന്നും ഇല്ല. നാട്ടുകാര്‍ ഒന്നുരണ്ടു പേര് കാലിചായേം കുടിച്ചു പേപ്പറും വായിച്ചു അവിടെ കിടന്ന പഴയ ബഞ്ചില്‍ ഇരുപ്പുണ്ട്. സതീശനെ കണ്ടതും കടക്കാരന്‍ ചോദിച്ചു.

''ചായയാണോ?''

വേറെ എന്താ ഉള്ളത്? സതീശന്‍ ചോദിച്ചു. 

അയാള്‍ കുറച്ചു നാളായി ചായ കുടിക്കാറില്ല. പാല്‍ചായ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്ന് പലചരക്കു കടേന്ന് മുട്ട പൊതിഞ്ഞു കൊണ്ട് വന്ന കീറിയ പത്രക്കടലാസില്‍ വായിച്ച അന്ന് മുതല്‍ അയാള്‍ പാല്‍ചായ കുടിക്കുന്നത് നിര്‍ത്തിയതാണ്.

വലിയ പഠിപ്പും വിവരോം ഒന്നും ഇല്ലേലും പത്രത്തില്‍ വരുന്നതെല്ലാം സത്യം ആണെന്ന് അയാള്‍ക്ക് അറിയാരുന്നു.

''പിന്നെ നാരങ്ങാ വെള്ളമേ ഉള്ളു ''കടക്കാരന്‍ പറഞ്ഞു.

''എന്നാ അത് മതി.''
 
സതീശന്‍ ബാഗ് തറയില്‍ വെച്ചിട്ടു ബെഞ്ചില്‍ ബാക്കി ഉണ്ടായിരുന്ന ഇത്തിരി സ്ഥലത്തേക്ക് ഇരുന്നു.

സോഡാ ഒഴിക്കണോ അതോ വെള്ളം മതിയോ?

''വെള്ളം മതി, അല്ലെങ്കില്‍ വേണ്ട സോഡാ തന്നെ ആയിക്കോട്ടെ''- സതീശന്‍ പറഞ്ഞു .

ബഞ്ചില്‍ അടുത്തിരിക്കുന്ന നാട്ടുകാരന്‍ സതീശനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അതുകണ്ടു സതീശന്‍ ചെറുതായി ഒന്ന് ചിരിച്ചത് പോലെ കാണിച്ചു.

''എവിടെയോ കണ്ടു നല്ല മുഖപരിചയം.''

അയാള്‍ സതീശനോട് പറഞ്ഞു.
 
''ഹേയ്, ഉണ്ടാവാന്‍ വഴിയില്ല ഞാന്‍ ഈ ഏരിയയില്‍ ആദ്യമാ'' 
പറഞ്ഞു കൊണ്ട് സതീശന്‍ കടക്കാരനെ നോക്കി. അയാള്‍ക്ക് നന്നായി ദാഹിക്കുണ്ടായിരുന്നു.

കടക്കാരന്‍ നാരങ്ങാ പിഴിയുന്നെ ഉണ്ടായിരുന്നുള്ളു.

''ഉപ്പോ മധുരമോ?'' 

കടക്കാരന്‍ ചോദിച്ചു.

''ഉപ്പുമതി.''
 
മധുരം സതീശന്‍ കഴിക്കാറില്ല. ഷുഗര്‍ ഉള്ളത് കൊണ്ടൊന്നും അല്ല. മധുരം നല്ലതല്ല ശരീരത്തിന് എന്ന് 
'ഡാക്ടറോട് ചോദിക്കാം' എന്ന പരിപാടിയില്‍ ഏതോ ഡോക്ടര്‍ പറയുന്നത് കേട്ടപ്പോള്‍ ഉപേക്ഷിച്ചതാണ്.

''ബാഗില്‍ എന്താ?''- കടക്കാരന്‍ ചോദിച്ചു .

''നല്ല കനം ഉണ്ടെന്ന് തോന്നുന്നല്ലോ. ഈ നട്ട വെയിലത്ത് അതും തൂക്കി നടന്നിട്ടാ ഇത്ര പരവേശം.''

ലോഷന്‍ ആണ് ചേട്ടാ. തറ തുടക്കുന്ന, പിന്നെ കക്കൂസ് കഴുകുന്ന...ഒരെണ്ണം എടുക്കട്ടേ. നല്ല പ്രൊഡക്റ്റ് ആണ്.''

സതീശന്‍ ബാഗില്‍ നിന്ന് ഒരു കുപ്പി എടുത്ത് ബെഞ്ചില്‍ വെക്കുന്നു.

കണ്ടാല്‍ അറിയാം അതൊരു യൂസ്ഡ് മദ്യ കുപ്പി ആണെന്ന്. അതില്‍ ലോഷന്‍ നിറച്ചു സ്റ്റിക്കര്‍ ഒട്ടിച്ചതാ.

കടക്കാരന്‍ ഒന്ന് നോക്കി.

''ഇതെന്തോ ലോക്കല്‍ സാധനം ആണെന്ന് തോന്നുന്നല്ലോ?''

''അല്ല ചേട്ടാ, ഇത് വെളിലൊക്കെ ഇഷ്ടം പോലെ വില്‍ക്കുന്ന സാധനം ആണ്. ചേട്ടന്‍ ഒരെണ്ണം എടുത്തു നോക്ക്. നിസ്സാര വിലയല്ലേ ഉള്ളൂ.''

''ഓ ഇവിടെങ്ങും വേണ്ടടോ''-

കടക്കാരന്റെ ആ നിഷേധ ഭാവത്തില്‍ സതീശന് നിരാശ തോന്നി. ഇനി ഇതിപ്പോ എവിടെ കൊണ്ടുപോയി വില്‍ക്കും.

തലേന്ന് രാത്രി ഇത്രേം കുപ്പി കലക്കി വെക്കുമ്പോഴേ ഭാര്യ പറഞ്ഞതാ, എന്തിനാ ഇത്രേം എന്ന്. അപ്പോള്‍ അവളോട് തോന്നിയ ദേഷ്യം ഒക്കെ ഇപ്പൊ ഇല്ലാണ്ടായി.

സതീശന് അവള്‍ പറഞ്ഞത് കേട്ടാല്‍ മതിയാരുന്നു എന്ന് അപ്പോള്‍ തോന്നി. 

ഇനി പറഞ്ഞിട്ടെന്താ, ഇറങ്ങി പോയില്ലേ...
 
അയാള്‍ നാരങ്ങാ വെള്ളം കുടിക്കുന്നതിനിടയില്‍ ഒന്ന് നെടുവീര്‍പ്പിട്ടു.

കുറച്ചു വര്‍ഷങ്ങള്‍ ആയി ലോഷന്‍ വില്‍പനയാണ് സതീശന്റെ സ്ഥിരം തൊഴില്‍. ലേശം പുല്‍ത്തൈലം. പിന്നെ കുറച്ചു അങ്ങാടി മരുന്നുകള്‍. പിന്നെ കുറച്ചു അല്‍കുല്‍ത്തു സാധനങ്ങള്‍. ലേശം വെള്ളോം കൂടി ചേര്‍ത്താല്‍ സതീശന്റെ ലോഷന്‍ റെഡി. പിന്നെ വായില്‍ കിടക്കുന്ന നാക്കിനു ലൈസന്‍സ് ഇല്ലാത്തോണ്ട് ഇതുവരെ ലോഷന്‍ വില്‍ക്കാന്‍ സതീശന് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല. കൈയിരുന്ന ഗ്ലാസിലെ വെള്ളം തീര്‍ന്നു.

''ഇവിടെ അടുത്ത് എങ്ങാനും വീടുകള്‍ വല്ലോം ഉണ്ടോ?''

സതീശന്‍ ചോദിച്ചു.

''ഇനി നേരെ മുകളിലേക്ക് നടന്നാ ശമേലുമാപ്പിളേടെ വീടുണ്ട് .അവിടൊന്നു കേറി നോക്ക് ''-കടക്കാരന്‍ പറഞ്ഞു.

നാരങ്ങാ വെള്ളം അകത്തോട്ടു ചെന്നപ്പോ സതീശന് ചെറിയ ഉഷാര്‍ ഒക്കെ തോന്നി. എന്നാ പിന്നെ അവിടെ ഒന്ന് നോക്കി കളയാം.

അയാള്‍ ബിഗ്ഷോപ്പര്‍ ബാഗും തൂക്കി കുന്നു കയറാന്‍ തുടങ്ങി.

റബ്ബര്‍ തോട്ടത്തിന്റ നടുവില്‍ ഒരു പഴയ രണ്ടു നില വീട്. മുറ്റത്തു അയയില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന റബ്ബര്‍ ഷീറ്റുകള്‍ കണ്ടാല്‍ തന്നെ അറിയാം മാപ്പിളേടെ കൈയില്‍ പൂത്ത കാശ് ഉണ്ടെന്ന്. മുറ്റത്തെങ്ങും ആരേം കാണാന്‍ ഇല്ല.

''ആരുമില്ലേ ഇവിടെ?''

സതീശന്‍ വിളിച്ചു ചോദിച്ചു.

''ആരെടാ ഉവെ അത്?''

വീടിന്റെ സൈഡില്‍ നിന്ന് ഒരു ശബ്ദം. സതീശന്‍ പതുക്കെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.

അവിടെ ശമേല് മാപ്പിള തന്റെ പ്രിയപ്പെട്ട പുല്‍പട്ടി  ജിക്കുവിനെ കുളിപ്പിച്ചുകൊണ്ടിരിക്കുവാരുന്നു. സതീശനെ കണ്ടു മാപ്പിള എന്നാ കാര്യം എന്നാ അര്‍ത്ഥത്തില്‍ തലയാട്ടി.

''ലോഷന്‍, തറ ഒക്കെ തുടക്കുന്ന...'' -സതീശന്‍ പറഞ്ഞു.

''വേണ്ട''- മാപ്പിളയുടെ കടുപ്പത്തില്‍ ഉള്ള ശബ്ദം.

''തറ മാത്രം അല്ല ടോയ്ലറ്റ് ഒക്കെ കഴുകാന്‍ ഉപയോഗിക്കാം''-സതീശന്‍ തുടര്‍ന്നു.

''വേണ്ടന്നല്ലേ പറഞ്ഞത്. ''

മാപ്പിളയുടെ ശ്രദ്ധ മുഴുവന്‍ തന്റെ പ്രിയപ്പെട്ട പട്ടിയെ കുളിപ്പിക്കുന്നതില്‍ ആണ്.

അയാള്‍ സതീശനെ ഒന്ന് നോക്കുന്നു പോലുമില്ല.

സതീശനും വിട്ടു കൊടുക്കാന്‍ ആവുമായിരുന്നില്ല. ഈ കുന്നായ കുന്നൊക്കെ നടന്നു കയറിയതല്ലേ. ഒരു കുപ്പിയെങ്കിലും വില്‍ക്കാതെ പോകുന്നത് എങ്ങനെ?

''ഒരു കുപ്പി എടുത്താല്‍ രണ്ടെണ്ണം ഫ്രീ ആണ്'' 

സതീശന്‍ വീണ്ടും പറഞ്ഞു.
 
മാപ്പിള പതുക്കെ തിരിഞ്ഞു നോക്കി.
 
''എന്തോന്നാ പറഞ്ഞെ?''

''ഒരെണ്ണം എടുത്താല്‍ രണ്ടെണ്ണം ഫ്രീ ആണെന്ന്.''

മാപ്പിളയുടെ മുഖം മാറി.

എടോ തന്നോടല്ലേ പറഞ്ഞത് വേണ്ടെന്ന്. തനിക്കു പറഞ്ഞാല്‍ മനസ്സിലാവില്ലേ.''
 
സതീശന്റെ പ്രതീക്ഷകള്‍ ഒക്കെ മങ്ങി. 

ഇനി ഇതെല്ലാം താഴോട്ട് ചുമക്കണമല്ലോ.
 
ഒരു സ്റ്റെപ് തിരിച്ചു നടന്നശേഷം സതീശന്‍ നിന്നു. മാര്‍ക്കറ്റിംഗ് സ്‌കൂളില്‍ ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഒരാളുടെ ആവശ്യം അറിഞ്ഞു സാധനം കൊടുത്താല്‍ വാങ്ങാന്‍ ആളുണ്ടാവും എന്ന് അയാള്‍ക്ക് അറിയാമായിരുന്നു.

തിരിഞ്ഞു നിന്നു സതീശന്‍.
 
''അപ്പച്ചാ,പട്ടീടെ ദേഹത്തെ ചെള്ള് പോകാന്‍ പറ്റിയ ഉഗ്രന്‍ ഐറ്റം ഒരെണ്ണം ഉണ്ട്. എടുക്കട്ടേ.''
 
മാപ്പിള തിരിഞ്ഞു നോക്കി.
 
''അഹ് അതെന്താടാ ഷാംപൂ ആണോ.''
 
കുറെ ഷാംപൂ തേച്ചതാ, പക്ഷെ ജിക്കൂന്റെ ദേഹത്തെ ചെള്ള് മാത്രം കുറയുന്നില്ല.

സതീശന്റെ തലയില്‍ പഴയ 100വാട്ട്‌സ് ബള്‍ബ് ഒരെണ്ണം കത്തി. സംഗതി എല്‍ക്കുന്നുണ്ട്.

''അതെ അപ്പച്ചാ. ഇത് നല്ല ഉഗ്രന്‍ ഷാംപൂ ആണ്. ഇത് ഇട്ടൊന്നു കുളിപ്പിച്ചു നോക്ക്. പിന്നെ പട്ടിടെ ദേഹത്ത് ഒരു ചെള്ളും ഉണ്ടാവില്ല. ഈ ഷാംപൂന് പിടിച്ചുപറിയാണ. ആകെ മൂന്ന് കുപ്പി മാത്രേ ബാക്കി ഉള്ളു. അതും ഞാന്‍ വേറൊരു ഫാമിലി പറഞ്ഞിട്ട് അവര്‍ക്കു വേണ്ടി കൊണ്ടുവന്നതാ. അതില്‍ നിന്ന് ഒരെണ്ണം വേണേല്‍ അപ്പച്ചന് തരാം.

മാപ്പിളക്കു സതീശന്‍ പറയുന്നതില്‍ എന്തോ ഒരു വിശ്വാസം വന്നതുപോലെ.
 
''അത്രയ്ക്ക് നല്ല സാധനം ആണേല്‍ എന്തിനാ ഒന്നാക്കുന്നെ, മൂന്നു കുപ്പിയും ഞാന്‍ എടുത്തോളാം''
 
മാപ്പിള പറഞ്ഞു.

അയ്യോ അത് പറ്റില്ല, ഒരെണ്ണം അപ്പച്ചന് തരാം. ബാക്കി രണ്ടും അവര്‍ക്കു കൊടുക്കണം,അവര്‍ നേരത്തെ പറഞ്ഞു വെച്ചേക്കുന്നതാ.

''ഇനി ഒന്നും പറയണ്ട, മൂന്നു കുപ്പിയും ഞാന്‍ എടുക്കുന്നു. എത്രയാ ഇതിന്റെ വില?''
 
''ഒരെണ്ണത്തിന് 400 രൂപയാ വില. അപ്പച്ചന്‍ ആയോണ്ട് 350 വെച്ച് തരാം.''-സതീശന്‍ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.
 
''ശരി നില്‍ക്കൂ, ഞാന്‍ കാശ് എടുത്തിട്ട് വരാം'' എന്ന് പ്രഞ്ഞു മാപ്പിള അകത്തു കയറി.
 
അങ്ങനെ 100 രൂപക്ക് ഒരു കുപ്പി വിറ്റിരുന്ന സതീശന്‍ 350 രൂപ വെച്ച് മൂന്നു കുപ്പി വിറ്റു. കാശും വാങ്ങി തിരിച്ചു നടന്നു.
മല ഇറങ്ങി നടക്കുമ്പോള്‍ അയാള്‍ ആലോചിച്ചു, കക്കൂസ് കഴുകുന്ന ലോഷന്‍ ഉപയോഗിച്ച് താന്‍ ഓമനിച്ചു വളര്‍ത്തുന്ന പട്ടിയെ കുളിപ്പിക്കുന്ന ശമേലുമാപ്പിളയെ കുറിച്ച.

അയാളുടെ നടത്തത്തിനു വേഗത കൂടി.

അത് പിന്നീട് ഓട്ടം ആയി മാറി.

ഓട്ടത്തിന് ഇടയ്ക്കു അയാള്‍ തിരിഞ്ഞു നോക്കി ലോഷന്‍ കുപ്പിയുമായി ശമേലുമാപ്പിള തന്റെ പുറകെ എങ്ങാനും വരുന്നുണ്ടോ എന്ന്.

പിന്നീട് അയാള്‍ ആ മലമ്പ്രദേശത്തേക്കു ഒരിക്കലും ലോഷന്‍ വില്പനക്കു വന്നില്ല.

രോമം മൊത്തം കൊഴിഞ്ഞു പോയ ഒരു പുല്‍പ്പട്ടി പിന്നീട് ഒരുപാടു നാള്‍ ആ റബ്ബര്‍ തോട്ടങ്ങളില്‍ കുരച്ചുകൊണ്ട്  അലഞ്ഞു നടന്നു. 

Follow Us:
Download App:
  • android
  • ios