Asianet News MalayalamAsianet News Malayalam

Malayalam Short Story : മറ്റൊരു രണ്ടാം ശനിയാഴ്ച , ചിന്തുരാജ് എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ചിന്തുരാജ് എഴുതിയ ചെറുകഥ

chilla malayalam short story by Chinthu Raj
Author
Thiruvananthapuram, First Published Aug 5, 2022, 2:45 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Chinthu Raj

 

'ഞാന്‍ നിനക്കെതിരെ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ച ചെയ്യാന്‍ വിട്ടുകൊടുക്കയും ചെയ്യും. ജനതകളില്‍ നിന്നുതന്നെ ഞാന്‍ നിന്നെ വിച്ഛേദിക്കും, ഞാന്‍ നിന്നെ നശിപ്പിക്കും, ഞാനാണ് കര്‍ത്താവെന്നു അപ്പോള്‍ നീ അറിയും.'

ക്ഷീണിച്ചവശനായ അയാളുടെ കണ്ണുകളില്‍ നോക്കി ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു. അയാള്‍ മുന്‍വാതില്‍ ശക്തിയായി കൊട്ടിയടച്ചു. ഞാന്‍  പ്രതീക്ഷയോടെ, പാതിതുറന്ന ജന്നലിലൂടെ, അയാളുടെ മുറിയിലേക്കു നോക്കിനിന്നു. എന്നത്തേയും പോലെ മുറിയിലെ ഫാന്‍ ചെറുതായി  കറങ്ങിക്കൊണ്ടിരിന്നു. ഇരുണ്ട കോണുകളില്‍ എവിടെയോ നിന്ന് അയാള്‍ എന്നെ നോക്കുന്നുണ്ടാവമെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ അയാള്‍ക്കു വാങ്ങിയ പലവ്യഞ്ജനങ്ങള്‍ അവിടെ വച്ചു ഇറങ്ങി നടന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി, എല്ലാ രണ്ടാമത്തെ ശനിയാഴ്ച്ചകളിലും, ഞാന്‍ അയാളെ  കാണാനായി അവിടെ  എത്തുമായിരുന്നു. ആദ്യമായി അവിടെ വരുമ്പോള്‍ അയാളുടെ വീട്ടിലേക്കുള്ള വഴിയുടെ ഇരു വശങ്ങളിലും   പലനിറത്തിലുള്ള റോസാപൂക്കളുള്ള  റോസച്ചെടികളുണ്ടായിരുന്നു. ആരും  കാണാതെ അതിലേ പൂമൊട്ടുകള്‍ എല്ലാം ഞാന്‍ എടുത്തിരുന്നു. ശേഷം ഞാന്‍ അവയെല്ലാം ഒരു ഭരണിയില്‍ സൂക്ഷിച്ചു വച്ചു. ഇപ്പോള്‍ ആ റോസാച്ചെടികളെല്ലാം അയാളെ  പോലെ കരിഞ്ഞുണങ്ങി നില്‍ക്കുന്നു. 

ഒരു  കുഞ്ഞു റോസയില്‍മാത്രം ഒരു ചെറിയ നാമ്പ്. അതിനെ വേരോടെ പിഴുതെറിഞ്ഞ് ഗൂഢ സന്തോഷത്തോടെ ഞാന്‍ തിരിഞ്ഞു നോക്കി. അയാള്‍ ആ കാഴ്ച്ച കണ്ടിട്ടുണ്ടാവുമെന്ന്  എനിക്കുറപ്പുണ്ടായിരുന്നു.

ഏകദേശം  രണ്ടുവര്‍ഷം മുമ്പായിരുന്നു അയാളെ ആദ്യമായി കണ്ടത്. ഞാന്‍ പുതിയതായി  ജോലിക്ക് കയറിയ  വില്ലേജ് ഓഫീസില്‍ ഒരു അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയോടൊപ്പം അയാളും വന്നിരിന്നു. അവിടത്തെ പ്രാദേശിക  നേതാവാണെന്നും സാമൂഹ്യ പ്രവര്‍ത്തകനാണെന്നും സ്വയം  പരിചയപ്പെടുത്തി അയാള്‍ എന്റെ മുമ്പില്‍ നിന്നു. അവരുടെ പക്ഷത്ത് ന്യായമില്ലാത്തതുകൊണ്ടും രാഷ്ട്രീയ ഇടപ്പെടലുകള്‍  ഇഷ്ടമില്ലാത്തതുകൊണ്ടും അവര്‍ക്ക് അനൂകൂലമായി ഞാന്‍  ഒന്നും ചെയ്തില്ല. പിന്നെയും പലവട്ടം അയാള്‍ ഓരോരോ കാര്യങ്ങള്‍ക്ക് ഓഫീസില്‍ വന്നിരുന്നു. എന്റെ ഇഷ്ടക്കേട് മനസ്സിലാക്കിയ ആള്‍ പിന്നെ എന്റെടുത്തു ഒരു ആവശ്യത്തിനും വന്നില്ല.

സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഇയാളുമായി ചങ്ങാത്തത്തിലാവുന്നത്. വാടകവീട്ടിലെ താമസം  മതിയാക്കി സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായി സ്ഥലം  വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍  ഇയാള്‍ സഹായത്തിനു വന്നു. രാഷ്ട്രീയത്തോടൊപ്പം റിയല്‍ എസ്റ്റേറ്റ് കച്ചവടവും അയാള്‍ക്കുണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും ഒന്നും നടക്കാതിരുന്നപ്പോഴാണ് അയാള്‍ ഒരു  സ്ഥലത്തേയും വീടിനേയും  കുറിച്ച് പറഞ്ഞത്. ഓഫീസ് സമയം  കഴിഞ്ഞ് ഞാന്‍ അയാളോടൊപ്പം അന്ന് ആ സ്ഥലം കാണാന്‍ പുറപ്പെട്ടു. അയാളെ എനിക്ക് വിശ്വാസമായിരുന്നു. അന്നും  ഒരു ശനിയാഴ്ചായായിരിന്നു.

ഊടുവഴികളിലൂടെ യാത്ര ചെയ്ത് അയാള്‍ പറഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍ നേരം വൈകി. ചെറിയ ഓടിട്ട വീട്ടിനുള്ളില്‍ കയറിപ്പോഴാണ് അയാളുടെ സ്വഭാവം  മാറിയത്. 

'നീ എന്നെ പുച്ഛത്തോടെ അവഗണിച്ചപ്പോഴേ ഞാന്‍ ഇതു മനസ്സില്‍ കുറിച്ചിട്ടതാ! നിന്റെ അഹങ്കാരം ഇന്നത്തോടെ തീരും. എത്ര നിലവിളിച്ചാലും നിന്നെ സഹായിക്കാന്‍ ആരും വരില്ല, ഒരു നിയമവും  എന്നെ തൊടില്ല'-ഇത്രയും പറഞ്ഞു കൊണ്ടു അയാള്‍ എന്റെ മുഖത്തേക്ക് കൈകള്‍ ആഞ്ഞു വീശിയടിച്ചു. ഭിത്തിയില്‍ മുഖമിടിച്ചു ഞാന്‍ താഴേക്കുവീണുപോയി.

പിറ്റേന്ന് പകുതി ബോധത്തോടെയാണ് ഞാന്‍ പോലീസ് സ്റ്റേഷനില്‍ പോയത്. രണ്ടു ദിവസത്തിനകം 'ഐറ  കേസ്' വാര്‍ത്തപ്രാധാന്യം നേടി. പീഡന കേസില്‍ പ്രതിയായ രാഷ്ട്രീയക്കാരനായ പ്രമുഖനെ അനൂകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. വില്ലേജ് ഓഫീസില്‍ ജോലിയുള്ള, നിലപാടുള്ള  യുവതിയുടെ അവസ്ഥയില്‍ സ്ത്രീസംഘടനകള്‍ രോഷം കൊണ്ടു.

അറസ്റ്റ് ചെയ്ത അതേ വേഗതയില്‍ തന്നെ അയാള്‍ പുറത്തിറങ്ങി. ദിവസങ്ങള്‍  കഴിയവേ  അയാള്‍ കൂടുതല്‍  ശക്തനായി. ഐറ കേസ് ഒരു രാഷ്ട്രീയ പകപോക്കലാണെന്ന് അയാളുടെ വക്കീല്‍ വാദിച്ചു.

വേലിചാടിയ  അമ്മയുടെ  മകള്‍'. പുതിയ  വിശേഷണങ്ങള്‍ എനിക്ക് ചാര്‍ത്തപ്പെട്ടു. ആരുടെയും ഔദാര്യം  ഇല്ലാതെ അധ്വാനിച്ച് അഭിമാനത്തോടെ ജീവിച്ച, വ്യത്യസ്ത മതസ്ഥരായ അയ്യപ്പന്റേയും സാറയുടേയും മകളാണ് ഐറ എന്ന ഞാന്‍. ബന്ധുജനങ്ങളും സംഘബലവും ഇല്ലെങ്കിലും എന്റെ വീഴ്ച്ചയില്‍ അവര്‍ എന്റൊപ്പം നിന്നു.

അവിവാഹിതയായ കാര്യവിവരമുള്ള യുവതി എന്തടിസ്ഥാനത്തില്‍ ഒറ്റയ്ക്ക് അസമയത്ത് പരിചയമില്ലാത്ത ഇടത്തു പോയി? 

ചോദ്യങ്ങള്‍, കുറ്റപ്പെടുത്തലുകള്‍, വിളിപ്പേരുകള്‍ എന്നെ ശ്വാസം മുട്ടിച്ചു. 

നിരാശയോടെ തല താഴ്ത്തി ഞാന്‍ കോടതിയിറങ്ങുമ്പോള്‍ അയാള്‍ തലയുയര്‍ത്തി  അഹങ്കാരത്തോടെ  എന്റെ മുന്നിലോടെ നടന്നു. അന്ന് ആ വെള്ളിയാഴ്ച്ചയാണ് ഞാനാ തീരുമാനമെടുത്തത്. 

പിറ്റേന്ന് ഒരു അവധിദിവസമായിരുന്നു. ഒരു രണ്ടാം ശനിയാഴ്ച്ച. നിറയേ  റോസാപൂക്കളുള്ള വഴിയിലൂടെ   നടന്ന് അയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ അവള്‍ തുണി  അലക്കുകയായിരുന്നു

അവള്‍  പത്മ, അയാളുടെ ഭാര്യ. ഞാന്‍ ഐറ എന്ന് അവളെ  പരിചയപ്പെടുത്തിയപ്പോള്‍ വിശ്വസിക്കാനാകാതെ ആശ്ചര്യത്തോടെ അവള്‍ എന്നെ നോക്കി.

പെട്ടന്നാണ് അയാളുടെ  അമ്മ എന്റെ നേരെ ചീറിക്കൊണ്ട് വന്നത്.

'എന്റെ കുടുംബം നശിപ്പിക്കാനായിട്ട് എന്തിനാടീ  ഇങ്ങോട്ട് വന്നത്?'

അവര്‍  കൂടുതല്‍  എന്തെങ്കിലും പറയുന്നതിനു  മുമ്പ് ഞാന്‍ പറഞ്ഞു: 'യഹോവേ, എന്റെ വാക്കുകള്‍ കേള്‍ക്കണമേ, എന്റെ ധ്യാനത്തെ  ശ്രദ്ധിക്കേണമേ! നീ ദുഷ്ടതയില്‍  പ്രസാദിക്കുന്ന ദൈവമല്ല! അഹങ്കാരികള്‍  നിന്റെ സന്നിധിയില്‍  നില്‍ക്കയില്ല, നീതികേടു  പ്രവൃത്തിക്കുന്നവരെ നീ നശിപ്പിക്കും!'

ആ സ്ത്രീ ഭയത്തോടെ  ഉള്‍വലിഞ്ഞു. ദൈവ വചനങ്ങളുടെ  ശക്തി അന്നാണ് എനിക്ക് മനസ്സിലായത്. അവര്‍  ഒരു വിശ്വാസിയാണെന്നു മനസിലാക്കിത്തന്നെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അവര്‍  മാത്രമല്ല അവരുടെ മകനും  അങ്ങനെതന്നെയാണെന്നു  എനിക്കറിയമായിരുന്നു. അവര്‍ക്കെതിരെയുള്ള  എന്റെ  ബ്രഹ്മാസ്ത്രമായിരുന്നു ദൈവ  വചനങ്ങള്‍. അയാള്‍ ആ പകുതി തുറന്ന ജനലിന്റെ മറവില്‍ എവിടെയോ ഉണ്ടെന്ന് എനിക്കറിയമായിരുന്നു.

അടുത്ത മാസം രണ്ടാം ശനിയാഴ്ച. ഞാന്‍ വീണ്ടും അവിടേക്കു പോയി. അയാളുടെ  അമ്മ അവിടം വിട്ട് അവരുടെ മകളുടെ കൂടെ പോയെന്ന് പത്മ  പറഞ്ഞു. അയാള്‍ വീട്ടില്‍ തന്നെയുണ്ടെന്നും സ്ഥലക്കച്ചവടങ്ങള്‍ക്കൊന്നും കൂട്ടുകാര്‍ വിളിക്കാറില്ലെന്നും അവള്‍  പറഞ്ഞു. 

ഞാനപ്പോള്‍ നീനയ്ക്കു മനസ്സില്‍ നന്ദി പറഞ്ഞു. എന്റെ നിര്‍ദ്ദേശപ്രകാരമാണ് നീന അയാളുടെ  കൂട്ടുകാരെ വിളിച്ച് പീഡനകേസില്‍ പ്രതിയായായ ആളെ ഒഴിവാക്കിയാല്‍ പറഞ്ഞുറപ്പിച്ച സ്ഥലമിടപാടുമായി മുന്നോട്ട് പോകാം എന്ന് പറഞ്ഞത്. അയാളുടെ  കൂട്ടുകാര്‍ അയാളെ ഒറ്റപ്പെടുത്തി തുടങ്ങിയിരിക്കുന്നു. ഞാന്‍  വളരെ  സന്തോഷത്തോടെയാണ് അന്നു വീട്ടില്‍ പോയത്.

അടുത്ത തവണ  പത്മയെ കണ്ടപ്പോള്‍ അവള്‍  വല്ലാതെ ക്ഷീണിച്ചിരുന്നു. ഉണ്ടായിരുന്ന കുറച്ചു സമ്പാദ്യം അയാള്‍ കേസിനുവേണ്ടി ചിലവാക്കി. അയാള്‍ പുറത്തേക്കിറങ്ങാറില്ല. കുട്ടികള്‍ക്കു അയാളെ ഭയമാണ്. ജീവിക്കാന്‍ വേറെ വഴിയില്ലെന്ന് പറഞ്ഞവള്‍ പൊട്ടിക്കരഞ്ഞു. 

ഈ ഒരവസരത്തിനായി  കാത്തിരുന്ന ഞാന്‍ അവള്‍ക്ക് വില്ലേജ് ഓഫീസില്‍ ഒരു താത്കാലിക ജോലി ശരിയാക്കി കൊടുത്തു. അവള്‍ക്കും കുട്ടികള്‍ക്കും താമസിക്കാന്‍ ഒരു വാടക വീടും.

അവള്‍  പത്മ, വളരെ  പെട്ടെന്ന് തന്നെ ഏല്ലാവരുടേയും പ്രിയപ്പെട്ടവളായി. അപേക്ഷകള്‍  പൂരിപ്പിച്ചു കൊടുത്തും ജീവനക്കാര്‍ക്ക് ചായ  വാങ്ങികൊടുത്തും, ഓഫീസ് കെട്ടിടം വൃത്തിയാക്കിയും അവള്‍  എല്ലാവരുടേയും പ്രീതി  സമ്പാദിച്ചു. ഇടവേളകളില്‍, ഇത്  ഒരു താത്കാലിക  ജോലി മാത്രമെന്ന് ഞാനവളെ  ഓര്‍മപ്പെടുത്തി. മത്സര പരീക്ഷകള്‍ക്കു  പഠിക്കാന്‍ നിര്‍ബന്ധിച്ചു.

അവള്‍ അയാളെ പൂര്‍ണമായും മറന്നെന്ന് എനിക്ക് തോന്നി. പക്ഷേ  എല്ലാം രണ്ടാം ശനിയാഴ്ച്ചയും ഞാന്‍  അയാളെ തേടി  പൊയ്കൊണ്ടിരുന്നു.

ഒരിക്കല്‍ മാത്രം എന്നോട് അയാളെ കാണാന്‍ പോകാറുണ്ടോ എന്നവള്‍  ചോദിച്ചു. ഞാന്‍ ഉവ്വെന്നു തലയാട്ടിയപ്പോള്‍ അവള്‍ പതുക്കെ ചോദിച്ചു:  'ചേച്ചിടെ ഉദ്ദേശ്യം എന്താണ്?'

'ഒരു മുഴം കയര്‍, അല്ലെങ്കില്‍ ഒരു കുപ്പി വിഷം. പക്ഷേ രണ്ടാമത്തത് അയാള്‍ക്ക് സാധ്യമല്ല, അതിനുള്ള  പൈസ പോലും ഇപ്പം അയാളുടെ അടുത്തില്ല' ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.

ഒരു നിമിഷം അവളൊന്നു പതറി. പതിനെട്ടാം  വയസ്സില്‍ അയാളോടൊപ്പം ഒളിച്ചോടിയവള്‍. ഇരുപതാം  വയസ്സില്‍ രണ്ടു കുട്ടികളുടെ അമ്മയായവള്‍. തിരിച്ചു പോകാന്‍ ഇടമില്ലാത്തതിനാല്‍ അയാളുടെ വഞ്ചനകള്‍  സഹിച്ചവള്‍. എന്നേക്കാള്‍ ഒരു വയസ്സിനിളയവള്‍. എനിക്കൊപ്പം നിന്നവള്‍. ഞാനോ കല്യാണം പോലും വേണ്ടന്നു വച്ചു സ്വപ്നങ്ങള്‍ക്ക് പിറകെ  പായുന്നവള്‍, മനസ്സിനുറപ്പുള്ളവള്‍, ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തവള്‍, സ്വന്തം ലക്ഷ്യങ്ങള്‍ക്കായി അവളെ  ആയുധമാക്കിയവള്‍.

അവള്‍  എന്നെ ധര്‍മസങ്കടത്തിലാക്കി.

പിറ്റേദിവസം എന്നെ അത്ഭുതപ്പെടുത്തികൊണ്ട്  അവള്‍ സന്തോഷത്തോടെ ഓടിയെത്തി. അവളുടെ അമ്മയും സഹോദരനും അവളെ കാണാന്‍ വന്നെന്നും അവധി ദിവസങ്ങളില്‍ കുട്ടികളെ അമ്മ നോക്കുമെന്നും ക്ലാസ്സിനു പോകാന്‍ തീരുമാനിച്ചെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞു. അവളുടെ  വാക്കുകള്‍ എനിക്കാശ്വാസമായി.

ഓരോ രണ്ടാം ശനിയാഴ്ച്ചയും ഒടുങ്ങാത്ത പകയുമായി ഞാന്‍ അയാളെ കാണാന്‍ പോയി. വീടിനു പുറത്തിറങ്ങാതെ, ആരോടും സംസാരിക്കാതെ, അയാള്‍ ഇരുട്ടിന്റെ മറവില്‍ ഒളിച്ചു. എന്റെ  സന്ദര്‍ശങ്ങള്‍ അയാളുടെ മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കി. ഞാന്‍ ദാനമായി കൊടുത്തിരുന്ന ഭക്ഷണത്തിലാണയാള്‍  വിശപ്പടക്കിയിരുന്നത്. അവസാനമായി എന്റെ മുന്നില്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍, അതിന്റെ  ജാള്യത അയാളുടെ മുഖത്തുണ്ടായിരുന്നു.

വീണ്ടും ഒരു രണ്ടാം ശനിയാഴ്ച്ച. അയാളോട് പറയാനുള്ള ദൈവ വചനങ്ങള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ട്, ഇടറാത്ത പാദങ്ങളും, തകരാത്ത  മനസ്സുമായി ഞാന്‍  അയാളുടെ  വീട്ടിലേക്ക്. 

ദൂരനിന്നേ ചെറിയൊരു ആള്‍കൂട്ടം ഞാന്‍ അവിടെ കണ്ടു. അടുത്തെത്തിയപ്പോള്‍ തുറന്നിട്ട ജനാലയിലൂടെയാണ് ഞാന്‍ ആ കാഴ്ച്ച കണ്ടത്, ഫാനില്‍ തൂങ്ങിയാടുന്ന അയാളുടെ ശരീരം. ഒരു നിമിഷം ഞാന്‍ കണ്ണുകളടച്ചു. നാളുകളായി ഞാന്‍ കാണാന്‍ ആഗ്രഹിച്ചത്. ഞാന്‍ ആ കാഴ്ചയെ എന്നിലേക്കു ആവാഹിച്ചു. പിന്നെ ഞാന്‍ അവളെ, പത്മയെ വിളിച്ചു വിവരം പറഞ്ഞു. 'ഞാന്‍  ക്ലാസ്സിലാണ് ചേച്ചി' എന്ന് മാത്രം അവള്‍ മറുപടി നല്‍കി. പലരും എന്നെ ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ തിരിഞ്ഞു നടന്നു.

അയാള്‍, ഐസക്ക്, പേരില്‍പോലുമുള്ള സാമ്യത കൊണ്ടാണ് ഞാനയാളെ സഹോദരനായി കണ്ടത്, അയാളെ വിശ്വസിച്ചു അയാള്‍ക്കൊപ്പം പോയത്.

ചെറിയൊരു  നഷ്ടബോധം  മാത്രം എന്നെ പോലെ  അയാളും ആഗ്രഹിച്ചിരുന്നു. 

ആ കാഴ്ച ഞാന്‍  ആദ്യം  കാണണമെന്ന്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അയാള്‍ ആ ജനാല പൂര്‍ണ്ണമായും തുറന്നിട്ടിരുന്നത്.

ഐസക്ക് നീ അറിയുക, 'പാപത്തിന്റെ  ശമ്പളം മരണമത്രേ. ഇത്  എന്റെ നീതി.'

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 


 

 

Follow Us:
Download App:
  • android
  • ios