Asianet News MalayalamAsianet News Malayalam

Malayalam Short Story : കടം, ദിബിന്‍ ദാസ് പി.കെ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ദിബിന്‍ ദാസ് പി.കെ എഴുതിയ ചെറുകഥ

chilla malayalam short story by Dibindas PK
Author
Thiruvananthapuram, First Published Jun 27, 2022, 2:49 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Dibindas PK

 

'

'ഇങ്ങക്ക് കൊറച്ചേരെങ്കിലും ഞമ്മളോട് എന്തെങ്കിലും മിണ്ടിക്കൂടപ്പാ?'

ചോറിലേക്ക് വെച്ച എന്റെ കൈ ഒരു നിമിഷത്തേക്ക് ഒന്ന് നിന്നു.

'ഭക്ഷണം കഴിക്കുമ്പോളെങ്കിലും കുറച്ചു സമാധാനം താടീ... ചോറ് തന്നിട്ട് കൊനിഷ്ട്് പറയുന്നത് ഒന്ന് നിര്‍ത്തിക്കൂടെ.'

പരിപ്പ് കറി കൂട്ടികുഴച്ച് ഒരു ഉരുള വായിലേക്ക് ഇടുന്നതിനിടയില്‍ അവള്‍ക്കുത്തരം കൊടുത്തു.അവളോട് സംസാരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല, പകലുമുഴുവന്‍ വായിട്ടലച്ചു വീട്ടിലെത്തുമ്പോള്‍ അതിന് കഴിയാറില്ല എന്നതാണ് സത്യം. സംസാരിക്കാന്‍ ആരുമില്ലാതെ മുഴുവന്‍ കോട്ടയും ബാക്കിയുള്ള അവളോടുള്ള എന്റെ മൗനം അവള്‍ പലപ്പോഴും ഞങ്ങള്‍ക്കിടയില്‍ വന്ന ദൂരമായി വ്യാഖ്യാനിച്ചു.

'ഇതില് ഉപ്പില്ലാലോ? എന്തിണ്ടാക്കിയാലും കണക്കാണ് '

'അതിപ്പോ അങ്ങനെയല്ലേ വെരൂ ഇങ്ങള കുറ്റം ഈടെ ആര്ക്കും പറഞ്ഞൂടാല്ലോ...'

പരിപ്പ് കൂട്ടി മനസ്സില്ലാ മനസോടെ ചോറ് കഴിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മോള് തല ഉയര്‍ത്തി ഞങ്ങള്‍ രണ്ടുപേരെയും നോക്കി. ഇന്നലെ യുട്യൂബില്‍ 'ചിക്കന്‍ ടിക്ക' കണ്ടത് മുതല്‍ അത് വേണമെന്ന വാശിയിലാണവള്‍. ചിക്കന് ഭയങ്കര വെലയാണെന്ന എന്റെ ന്യായീകരണമൊന്നും അവളെ തൃപ്തിപെടുത്താന്‍ ഉതകുന്നതായിരുന്നില്ല.

അതിന് ഇവിടെ ചിക്കന്‍ എപ്പോഴൊന്നും വാങ്ങുന്നില്ലല്ലോ എന്നായിരുന്നു അവളുടെ മറുചോദ്യം.

ചോറ് മതിയാക്കി പോകാന്‍ മനസ്സ് പറഞ്ഞു. ലോക്ക്ഡൗണ്‍ തീര്‍ത്ത പരാധീനതകള്‍ ഓര്‍മ്മിപ്പിച്ച്, കഴിഞ്ഞ ദിവസം മോളെ ഉപദേശിച്ചത് ഓര്‍മ്മ വന്നതിനാല്‍ അതിന് മുതിര്‍ന്നില്ല.

അവള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഭയങ്കര മടിയാണ്. കുഴച്ചു കുഴച്ചു ആരും കാണാതെ കൊണ്ടുപോയി കളയാറാണ് പതിവ്. ലോകത്ത് ഭക്ഷണം കിട്ടാതെ വലയുന്ന ആളുകളുടെ കണക്ക് ഞാന്‍ ബോധിപ്പിച്ചതിന് ശേഷം അവളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാനായിട്ട് അതിന് മാറ്റം വരുത്തുന്നത് ശരിയല്ല.

എങ്ങനെയൊക്കെയോ ചോറ് തീര്‍ത്ത് എണീറ്റു. കൈ കഴുകി പൈപ്പ് അടച്ചപ്പോഴാണ് ശ്രദ്ധിച്ചത്. വാഷ് ബേസനില്‍ എവിടേയോ ലീക്ക് ഉണ്ട്. നാളെയാവട്ടെ ഒന്നു പണിത് നോക്കാം. പ്ലമ്പറെ വിളിച്ചാല്‍ ഇരുന്നൂറ് രൂപയെങ്കിലും അവന്‍ പിടുങ്ങും. കടബാധ്യതകള്‍ പഠിപ്പിച്ച പണികളില്‍ ഒന്ന് കൂടി. എത്ര ഓടിയിട്ടും തീരാത്ത മാരത്തോണ്‍ ആയി ജീവിതം മുന്നില്‍ നില്‍ക്കെ കെട്ടിയാടേണ്ട വേഷങ്ങള്‍ ഇനിയും ഒരുപാടുണ്ടാവാം.

പല്ലിനിടയില്‍ കുടുങ്ങിയ ചോറിന്റെ വറ്റ് അസ്വസ്ഥത സൃഷ്ടിക്കുന്നു. പിന്നെടുത്ത് അതിന് മോചനം നല്‍കുന്നതിനിടെ അവളുടെ ശബ്ദം വീണ്ടുമുയര്‍ന്നു.

'ഇങ്ങളോട് എത്ര പ്രായ്ശ്യം പറഞ്ഞപ്പാ ആ ഓട്ട കുത്തി ബെല്താക്കല്ലാന്ന്'

വഴക്കടിച്ചെങ്കിലും എന്നോട് സംസാരിക്കാനുള്ള കൊതികൊണ്ടാണ്. പാവം.

പണ്ട് കല്യാണത്തിന് മുന്‍പ് ദിവസവും രണ്ട് മണിക്കൂറില്‍ കുറയാതെ സംസാരിക്കാറുണ്ടായിരുന്നു. അഥവാ അതിന് കഴിഞ്ഞില്ലെങ്കില്‍ ഇന്ന് അവള്‍ അനുഭവിക്കുന്ന  അസ്വസ്ഥതകള്‍ അന്ന് ഞാന്‍ അനുഭവിച്ചിട്ടുള്ളതുമാണ്. എങ്കിലും തോറ്റുകൊടുക്കാന്‍ ഉള്ളിലെ പുരുഷമേധാവി അനുവദിച്ചില്ല.

'നീ നിന്റെ കാര്യം നോക്കി പോടീ... എന്നെ ഉപദേശിക്കാന്‍ വരണ്ട..'

'എന്തെങ്കിലും ആക്കൂട്... അവസാനം പറിച്ച് കളേണ്ടി വെരും '

തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും തെറ്റ് എന്റെ ഭാഗത്താണെന്ന സത്യം എന്നെ നോക്കി കൊഞ്ഞനം കുത്തി.

അവളൊരു പാവമാണ് കുശുമ്പോ കുന്നായ്മയോ തൊട്ടു തീണ്ടാത്ത ഒരു പാവം നാട്ടുമ്പുറത്തുകാരി. അമ്പലത്തില്‍ പോകാത്തതിനും അവളോടും മോളോടും കൂടുതലൊന്നും സംസാരിക്കാത്തത്തിലും മാത്രമേ അവള്‍ക്കെന്നോട് പരിഭവം ഉള്ളൂ. അമ്പലത്തില്‍ പോവാത്തത് ചെറുപ്പം തൊട്ട് അനുഭവിച്ച കഷ്ടതകള്‍ സൃഷ്ടാവിനും എനിക്കുമിടയില്‍ സൃഷ്്ടിച്ച ദൂരം നിമിത്തമാണ്. ദൈവമെന്നത് മനുഷ്യന് ആത്മവിശ്വാസം പകരാന്‍ അവന്‍ തന്നെ സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക വിശ്വാസം മാത്രമാണെന്ന് അവളോട് വാദിക്കാറുണ്ടെങ്കിലും പലപ്പോഴും  വിഷമസന്ധികളില്‍
ആരും കാണാതെ ഉള്ളുരുകി വിളിച്ചിട്ടുണ്ട്.

പിന്നെ അവളോട് കൂടുതലൊന്നും മിണ്ടാത്തത്. എന്നെ മാത്രം വിശ്വസിച്ച് കൂടെ ഇറങ്ങിവന്ന അവളോട് ഞാന്‍ എന്താണ് പറയേണ്ടത്? ലോക്ക്ഡൗണിന് തൊട്ടുമുന്‍പ് കൈയ്യിലെ നീക്കിയിരിപ്പുകളും പലരില്‍ നിന്നും വാങ്ങിയ വായ്പകളും കൂട്ടി തുടങ്ങിയ ബിസിനസ് പൊട്ടി പാളീസായെന്നോ? അതിനായെടുത്ത കെട്ടിടത്തിന്റെ വാടക കുടിശിക ഏഴക്കം കടന്നുവെന്നോ? പുറത്തിറങ്ങുന്നത് പോലും പലരുടെയും കണ്ണ് വെട്ടിച്ചാണെന്നോ? കൂടെ കൂട്ടിയപ്പോള്‍ മുതല്‍ തരാനാഗ്രഹിച്ച ആ സമൃദ്ധിയുടെ നാളുകള്‍ ദൂരേക്കു അകന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നോ?

പാല്‍ക്കാരന്റെ കാശ് കൊടുക്കേണ്ട ദിവസം തെറ്റിയാല്‍ അസ്വസ്ഥയാവുന്ന അവളോട് ഞാനിതൊക്കെ എങ്ങനെ പറയും?

'ഹര്‍ ഘഡി ബദല്‍ രഹി ഹേ രൂപ് സിന്ധഗി.....'

മൊബൈല്‍ ഫോണിന്റെ റിങ് ടോണ്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു. മനസ് കലങ്ങിയിരിക്കുന്ന സമയങ്ങളില്‍ മാത്രം പാട്ടുകള്‍ക്കെല്ലാം എന്തൊരര്‍ത്ഥമാണ്. സോനു നിഗം എനിക്ക് വേണ്ടി മാത്രം പാടുന്ന പോലെ ഒരു പ്രതീതി.

രാജേഷ് ജി ആണ്. എല്‍ഐസി ഏജന്റ്. തവണ തെറ്റിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ്. മോള്‍ക്ക് വേണ്ടി ചേര്‍ന്ന പോളിസി ആണ്. അടവ് തെറ്റിയിട്ട് ആറുമാസം ആയി. കാള്‍ എടുത്തില്ല. കയ്യില്‍ കാശില്ലെന്ന് പറഞ്ഞിട്ട് പുള്ളിക്ക് വിശ്വാസം വരുന്നില്ല. ഉന്നതങ്ങളില്‍ ജീവിച്ചവന്‍ താഴേക്ക് വീണാല്‍ അത് പെട്ടെന്ന് വിശ്വസിക്കാന്‍ മാലോകര്‍ക്ക് പൊതുവെ മടിയാണ് അത് കേരളത്തിലാണെങ്കിലും മുംബൈയില്‍ ആണെങ്കിലും.

നല്ല കാന്താരിമുളക് കുതിച്ചതച്ചിട്ട കപ്പയും, പുളിയിട്ട് വറ്റിച്ചെടുത്ത ചാളക്കറിയും, നാടന്‍ കുത്തരിച്ചോറും ബോധപൂര്‍വം മറന്നുകൊണ്ട് പതിനൊന്നു വര്‍ഷം മുന്‍പ് മുംബൈക്ക് വണ്ടി കയറുമ്പോള്‍ മനസ്സില്‍ ഈ നഗരത്തിന്റെ വര്‍ണ്ണശഭളത ആയിരുന്നില്ല. തള്ളിക്കളഞ്ഞവരുടെയും തല്ലിക്കെടുത്താന്‍ ശ്രമിച്ചവരുടെയും മുന്നില്‍ ജീവിച്ച് കാണിക്കാനുള്ള വാശിയായിരുന്നു.

നീണ്ട പതിനൊന്നു വര്ഷങ്ങളായി ഒഴുക്കിയ വിയര്‍പ്പ് കണ്ണീര്‍ ചാലുകളായി മാറുന്നത് ഞാന്‍ അറിഞ്ഞു.

'ഇങ്ങള് ചവയും തൊടങ്ങിയല്ലേ?'

കണ്ണ് തുടച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് ആരും കാണാതെ വാഷിംഗ് മെഷീനില്‍ ഞാന്‍ കൊണ്ടിട്ട ഷര്‍ട്ടുമായി നില്‍ക്കുന്ന അവളെയാണ്. ആകാശനീലയിലുള്ള ഷര്‍ട്ടിന്റെ രണ്ടാമത്തെ ബട്ടണിന്റെ വലതുവശത്തായി അമീബയുടെ ആകൃതി കണക്കെ മുറുക്കിതുപ്പിയതിന്റെ കറ പറ്റിപ്പിടിച്ചിരിക്കുന്നു.

'കഞ്ചാവൊന്നും അല്ലാലോ മുറുക്കാനല്ലേ?'

ഉത്തരത്തില്‍ തൃപ്തയാവാതെ അവള്‍ ഷര്‍ട്ട് കറങ്ങിക്കൊണ്ടിരുന്ന സ്റ്റാന്‍ഡ് ഫാനിലേക്ക് വലിച്ചെറിഞ്ഞ് തിരിച്ചുനടന്നു.

'ഹനുമാന്‍ ഗലി' വഴി പൊതുവെ വരാത്തതാണ്. ധര്‍മ്മേന്ദര്‍ ദാദയുടേയും പരിവാരങ്ങളുടെയും വിഹാരകേന്ദ്രമാണ് അവിടം. ദാദയുടെ കയ്യില്‍നിന്നും കാശ് കടം വാങ്ങാത്തവര്‍ ഇവിടെ കുറവാണ്. നൂറ്റിക്ക് പത്താണ് പലിശ. പണയമായി പണ്ടമോ പ്രമാണമോ നല്‍കേണ്ടതില്ല. പുള്ളിയോടുള്ള ഭയമാണ് പണയവസ്തു. പത്തു ലക്ഷം രൂപ പുഷ്പം പോലെ എണ്ണിതന്നപ്പോള്‍ പുള്ളിപോലും ചിന്തിച്ചുകാണില്ല കൊറോണ വരുമെന്നും ഇത്രയും ആഴങ്ങളിലേക്ക് എന്റെ സാമ്പത്തിക ഭദ്രത ചെന്ന് പതിക്കുമെന്നും.

ഇന്ന് 'മധുപന്‍ ഹോട്ടലില്‍' നിന്ന് മോള്‍ക്ക് 'ചിക്കന്‍ ടിക്ക' പാഴ്‌സല്‍ വാങ്ങാനാണ് ഹനുമാന്‍ ഗലി വഴി വരാനുള്ള സാഹസികതയ്ക്ക് മുതിര്‍ന്നത്. ചെന്നുപെട്ടത് ഹോട്ടലിനെതിര്‍വശമുള്ള പപ്പൂച്ചായുടെ പാന്‍ കടയ്ക്കരികെ മുച്ചീട്ട് കളിക്കുന്ന ധര്‍മ്മേന്ദര്‍ ദാദയുടെ മുന്നില്‍.

'ക്യാ ഭായ് ജാന്‍....'

ഇടിമുഴക്കം തോല്‍ക്കും ശബ്ദം. വായില്‍ നിന്ന് പുറത്തേക്ക് കുതിക്കാന്‍ വെമ്പിനില്‍ക്കുന്ന മുറുക്കാന്‍ ലായിനി.കോടിച്ചു വെച്ച ചുണ്ടുകള്‍ക്കിടയില്‍ പകുതിയും പാന്‍ കരണ്ട ഉളിപ്പല്ലുകള്‍.ആറടിക്കു മേല്‍ ഉയരം. എപ്പോഴും അരയില്‍ പിസ്റ്റള്‍ തിരുകി ആണ് നടപ്പ്.

'അപുന്‍ ക ടക കബ് ദോഗേ?' (എന്റെ പണം എപ്പോ തരും?)

ഒറ്റ നിമിഷത്തില്‍ വായില്‍ തോന്നിയ ന്യായങ്ങളും പരാധീനതകളും പറഞ്ഞൊപ്പിച്ചു.

തിരികെ ലഭിച്ചത് തോളിലൊരു തട്ടും കേട്ടാലറയ്ക്കുന്ന തെറിയും. തെറിക്കിടെ അറിഞ്ഞോ അറിയാതെയോ തുപ്പല്‍ വന്ന് പതിച്ചത് എന്റെ മുഖത്തും ഉടുപ്പിലും. പ്രതികരണ ശേഷി നഷ്ടമായ കണ്ണൂരുകാരെന്റെ ചോര എന്തിനോ വേണ്ടി തിളച്ചു. മുഖത്തെ തുപ്പല്‍ തടച്ചു കളയുമ്പോള്‍ അതിന് മുറുക്കാന്റെയും കണ്ണീരിന്റെയും മണമായിരുന്നു. 

നാളെത്തന്നെ പകുതി പണമെങ്കിലും കൊടുത്തു തീര്‍ക്കാം എന്ന ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഉറപ്പില്‍ അവിടെ നിന്നും തിരിച്ചു വീട്ടിലെത്താന്‍ പറ്റിയെങ്കിലും നാളെ ദാദയുടെ വീട്ടിലേക്കുള്ള വരവ് ഒരു കൊള്ളിയാനായി മനസ്സില്‍ മിന്നിക്കൊണ്ടിരിക്കുന്നു. 

ശരീരം വിയര്‍ക്കുന്നു, ചിന്തകള്‍ കെട്ട് വിട്ട പട്ടം പോലെ എവിടൊക്കെയോ അലയുന്നു. നെഞ്ചിന് താങ്ങാന്‍ കഴിയാത്ത ഭാരം അനുഭവപ്പെട്ടു. എല്ലാം അവളോട് പറഞ്ഞാലോ? ചിലപ്പോള്‍ എന്റെ നെഞ്ചിലെ ഭാരം കുറയുമായിരിക്കും. വേണ്ട, എന്തിനാണ് ഒരാളും കൂടി ആ ഭാരം പേറുന്നത്? 

ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ അവളെ കഷ്ടപ്പെടുത്താന്‍ പാടില്ല. നാട്ടിലുണ്ടായിരുന്ന ആകെ സമ്പാദ്യമായ അഞ്ചു സെന്റ് ഭൂമി വിറ്റതുപോലും അവളോട് പറഞ്ഞിട്ടില്ല. കട പണയപ്പെടുത്തി കാനറാ ബാങ്കില്‍ നിന്നും എടുത്ത ലോണിന് ജപ്തി നോട്ടീസ് വന്നതും അവളറിഞ്ഞിട്ടില്ല. എന്തിന് ഇന്നലെ കല്യാണ മോതിരം വിറ്റ് കാശാക്കിയത് പോലും അവളുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കയ്യില്‍ ആകെ ഉള്ളത് ആ കാശില്‍ മിച്ചം വന്ന ഇരുപതിനായിരം രൂപയാണ്.

പിന്നെയും രാകേഷ്ജിയുടെ കാള്‍.

ഇത്തവണ കോള്‍ കട്ട് ചെയ്തു. കുടിശിക ഉണ്ടായിരുന്ന പതിനെട്ടായിരത്തി ഇരുന്നൂറ് രൂപ ഗൂഗിള്‍ പേ വഴി രാകേഷ് കുമാര്‍ എല്‍ഐസി കോണ്‍ടാക്ടിലേക്ക് അയച്ചു. ഒരു സ്‌ക്രീന്‍ ഷോട്ട് എടുത്ത് അദ്ദേഹത്തിന്റെ വാട്ട്‌സപ്പിലേക്ക് അയച്ചു. സെക്കന്റുകള്‍ക്കകം കൂപ്പിയ കൈകളുടെ ഒരു ഇമോജി പ്രതികരണമായി ലഭിച്ചു. ഓണ്‍ലൈന്‍ പേയ്മെന്റ് ചെയ്യാന്‍ പഠിക്കുന്നതിന് മുന്‍പ് പ്രീമിയം അടച്ചുകൊണ്ടിരുന്നത് അദ്ദേഹം വഴിയായിരുന്നു. പിന്നീട് മുറുക്കാന്‍ കടയില്‍ വരെ ഓണ്‍ലൈന്‍ പേയ്മെന്റ് വന്ന ശേഷവും ആ പതിവ് അത് പോലെ തുടര്‍ന്നു. പോളിസി എടുപ്പിച്ച വ്യക്തി ആയതിനാല്‍ എന്നേക്കാള്‍ ഉത്സാഹത്തില്‍ തവണകള്‍ അദ്ദേഹം എന്നെക്കൊണ്ട് അടപ്പിച്ച് പോന്നു. എന്തായാലും
നാളെ മുതല്‍ വിളിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഒരാള്‍ കുറഞ്ഞു.


പിറ്റേന്ന് ഉണര്‍ന്നപ്പോള്‍ വൈകി. അല്ലെങ്കിലും ചിന്തകള്‍ നിദ്ര വൈകിക്കുമെങ്കിലും പലപ്പോഴും അത് നല്‍കുക ഗാഡനിദ്രയാണ്.

തയ്യാറായി ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കണിയായ് വരവേറ്റത് കറപുരണ്ട ചിരിയുമായി എതിരേറ്റ സുബ്ബു ആണ്. എവിടെനിന്നോ കറങ്ങിതിരിഞ്ഞു ഈ നഗരത്തില്‍ എത്തിയതാണ് കക്ഷി. വീടും കുടിയും എവിടെയാണെന്ന് ഇവിടാര്‍ക്കും അറിയില്ല. ആരും തിരക്കിയിട്ടുമില്ല. അല്ലേലും അതിനൊക്കെ ഇവിടെ ആര്‍ക്കാണ് സമയം? മുഷിഞ്ഞു നാറുന്ന വസ്ത്രത്തോടെ അല്ലാതെ അവനെ ഇതുവരെ കണ്ടിട്ടില്ല. തല ചൊറിഞ്ഞുകൊണ്ടുള്ള ഈ നില്‍പ് പലപ്പോഴും പതിവാണ്. അതിന് എപ്പോഴും ഒരു നിഷ്‌കളങ്കമായ പുഞ്ചിരിയുടെ മേമ്പൊടിയും ഉണ്ടാവും. അഞ്ചു രൂപ മേടിച്ചെടുക്കാനുള്ള തത്രപ്പാടാണ്. അതില്‍ കൂടുതല്‍ ആരോടും ചോദിക്കാറില്ല. 'ബാംഗ് '(ഉത്തരേന്ത്യയില്‍
കൂടുതലായും ഉപയോഗിക്കുന്ന ഒരു ലഹരി വസ്തു. ) വാങ്ങി കഴിക്കാനാണെന്ന് ഉത്തമ ബോധ്യം ഉള്ളതിനാല്‍ ഭക്ഷണം വാങ്ങിച്ചു കൊടുക്കുന്നതല്ലാതെ ഞാന്‍ പണം കൊടുക്കാറില്ല. ഭാഗ്യവാന്‍! നാളെയുടെ വ്യാകുലതകള്‍ ഇല്ലാത്തവന്‍.

എന്റെ കൈ കീശയിലേക്ക് നീണ്ടപ്പോള്‍ അത്ഭുതത്താല്‍ വിരിഞ്ഞത് അവന്റെ കണ്ണുകളായിരുന്നെങ്കില്‍ അഞ്ഞൂറ് രൂപയുടെ ഒറ്റനോട്ട് കൈവെള്ളയിലേക്ക് വെച്ച് കൊടുത്തപ്പോള്‍ രണ്ടു കണ്ണും തള്ളി നിന്നത് ഞാന്‍ മനപ്പൂര്‍വം മറന്നുവെച്ച കടയുടെ താക്കോല്‍ തരാന്‍ വന്ന അവളായിരുന്നു. 

എന്തോ പറയാന്‍ വന്ന അവള്‍ക്ക് മുഖം കൊടുക്കാതെ ഞാന്‍ പുറത്തേക്ക് നടന്നു. അവളോട് പറയാനായി എന്തൊക്കെയോ ഒരു കാര്‍മേഘമായി മനസ്സില്‍ തിങ്ങി നിറഞ്ഞു. 

ആ മൗനത്തിന്റെ പെയ്യാമേഘം നിന്നോടുള്ള സ്‌നേഹമായിരുന്നല്ലോ പ്രിയേ.
 

 


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios