ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ദിവ്യ അനു അന്തിക്കാട് എഴുതിയ കഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വിശ്വസിക്കാന്‍ ആകാത്ത വിധം, അല്ലെങ്കില്‍ ഒരുരാത്രി പോരാത്ത വിധം അവളയാളെ പെട്ടെന്ന് ചേര്‍ത്തുപിടിച്ചു. 

ഒറ്റമുറിയില്‍ കുറെ പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ശയിച്ചിരുന്നതായിരുന്നു അയാള്‍. അന്നേരമാണ് ഒരു പുസ്തകത്തിന്റെ ഏടില്‍ നിന്നും അപ്രതീക്ഷിതമായി അവള്‍ അയാളുടെ മാറിലേക്ക് ഊര്‍ന്ന് വീണത്. ശരിക്കും ഏതോ കഥാപാത്രം. 

എന്ത് ഭംഗിയോടെ അവള്‍ ചിരിക്കുന്നു.

കുറെ സമയം അയാള്‍ക്കൊപ്പമിരുന്നതിനു ശേഷം അവള്‍ ഒരു കട്ടനിട്ട് പാതിപാതി കുടിക്കുന്നു. അയാള്‍ വലിച്ച സിഗരറ്റ് അവളും രുചിക്കുന്നു. അയാളുടെ സോപ്പ് ഉപയോഗിച്ച് കുളിക്കുന്നു. അയാളുടെ ഷര്‍ട്ടും കൈലിയും എടുത്തുടുക്കുന്നു.

അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി.

അവള്‍ക്കിനി എന്താണ് വേണ്ടത്? എന്താണ് അവളുടെ ലക്ഷ്യം.

കഥാപാത്രങ്ങളെ വായിച്ചുവായിച്ച് തനിക്ക് തലയ്ക്ക് ഓളം തെറ്റിയതാണോ എന്ന് പോലും അയാള്‍ക്ക് തോന്നിപ്പോയി!

അവള്‍ പെട്ടെന്ന് അയാളുടെ കൈകള്‍ എടുത്ത് സ്വന്തം തലയില്‍ തലോടിക്കാന്‍ തുടങ്ങി. പെട്ടെന്ന് അവളൊരു കുഞ്ഞാണെന്നും അയാള്‍ അവളുടെ അച്ഛനാണെന്നും അയാള്‍ക്ക് അനുഭവപ്പെട്ടു.

അന്നേരം, അവള്‍ പെട്ടെന്ന് തിരിഞ്ഞിരുന്ന് അയാളുടെ കഴുത്തിലമര്‍ത്തി ചുംബിച്ചു. അയാള്‍ക്കൊരു പിടച്ചിലനുഭവപ്പെട്ടു. ആ നിമിഷം അയാളൊരു ഭീകരകാമുകനായി മാറി. 

അവള്‍ അയാളുടെ വസ്ത്രങ്ങള്‍ സൂക്ഷ്മതയോടെ നോക്കി. അന്നേരം, പഴകിയ ആ ഉടുപ്പുകള്‍ക്ക് ഒരുനാളുമില്ലാത്ത ഭംഗി അയാള്‍ക്ക് തോന്നിപ്പോയി 

ചിന്തയെ മുറിച്ചുകൊണ്ട് അവളയാളെ ആലിംഗനം ചെയ്തു. അയാള്‍ ഇത്തിരി ബലത്തോടെ തനിക്കഭിമുഖമായി അവളെ പിടിച്ചിരുത്തി. 

ആ നിമിഷം. 

ആ നിമിഷം അതു സംഭവിച്ചു. 

ഒരൊറ്റ നിമിഷം കൊണ്ട് അവള്‍ താന്‍ ഇറങ്ങിവന്ന അതേ പുസ്തകത്തിന്റെ താളിലേക്ക് തിരിച്ചുകയറി. 

പൊടുന്നനെ അയാള്‍ ആ മുറിയില്‍ ഒറ്റയായി. ആകെ തളര്‍ന്നു പോയി അയാള്‍. അയാള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അവളില്ല. 

അവളില്ല. ആ സാദ്ധ്യതയെക്കുറിച്ച് അയാളോര്‍ത്തു. സത്യത്തില്‍ അവള്‍ ഇല്ല എന്ന് വിശ്വസിക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ഉടുത്ത വസ്ത്രങ്ങളില്‍ അവളുടെ ഗന്ധം തങ്ങി നില്‍ക്കുന്നുണ്ട് എന്ന ചിന്ത വന്നതും അവള്‍ മിഥ്യയാണെന്ന് വിശ്വസിക്കാനാവാതെ അയാള്‍ കുഴങ്ങി. 

പിന്നെ അയാള്‍ കുത്തിയിരുന്ന് ഈ കഥയെഴുതി. താനെഴുതിയത് പാതിരാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടവനായി ജീവിക്കേണ്ടിവന്നവന്റെ കുറിപ്പായി കണക്കാക്കിയാല്‍ മാത്രം മതിയെന്ന് എഴുതി ഉപസംഹരിച്ചു. 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം