Asianet News MalayalamAsianet News Malayalam

ചന്ദനത്തിരി, ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

chilla malayalam  short story  by Dr Ajay Narayanan
Author
Thiruvananthapuram, First Published Jul 13, 2021, 8:40 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam  short story  by Dr Ajay Narayanan

 

ചന്ദനത്തിരിയുടെ മണം. വല്ലാതെ ചെടിപ്പിക്കുന്നുണ്ട് അത്. 

ഹരി മേലാകെ വിറച്ചു. തണുപ്പ് പെരുവിരലിലൂടെ അരിച്ചു കയറി. അവനു പനിച്ചു. അവന്‍ തുള്ളിക്കിടന്നു. പിച്ചുംപേയും പറഞ്ഞ് തുടങ്ങി.
 
'ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ...'
 
കുട്ടികള്‍ അയല്‍വക്കത്തു ബഹളമായിരുന്നു. ഒന്നിലും ശ്രദ്ധ പോയില്ല. വൈകിവന്ന പരീക്ഷക്ക് പഠിച്ചുകൊണ്ടേയിരുന്നു ഹരി. തീരുന്നില്ല.
 
''ചിങ്ങമാസത്തിലെ
അത്തത്തിനെന്നച്ഛന്‍
കൊണ്ടത്തരുമല്ലോ പൊന്‍ പുടവ...''
 
നാശം! ഈ കുട്ടികള്‍ക്ക് വേറെ പണിയൊന്നുമില്ലേ? ഓണം കഴിഞ്ഞല്ലോ, ഇല്ലേ...

ഇവിടെ സഞ്ചയനം. അവിടെ വേലിക്കപ്പുറം കുട്ടികള്‍ പാടിപ്പറക്കുന്നു.
 
അഞ്ച് നാള്‍ മുന്നേ, മൂന്നാം ഓണത്തിന്റന്നാണല്ലോ...

വീട്ടിലെത്തിയ പോലീസുകാരന്‍ അച്ഛനു സുഖമില്ല എന്ന ഭാവത്തില്‍ വിവരം പറഞ്ഞുകൊണ്ടാണ് കയറി വന്നത്. സ്വരം കേട്ട് വന്ന അമ്മയോടു കാര്യം പറഞ്ഞു ഉടനിറങ്ങി.
 
ഓണത്തിന് വീട്ടില്‍ ഉണ്ടായിരുന്നില്ല അച്ഛന്‍. ശൂന്യതയുടെ തറയില്‍ തൂശനിലയില്‍ ഓണസദ്യ കഴിക്കുമ്പോഴും മനസ്സില്‍ ആശങ്ക നനഞ്ഞു കുതിര്‍ന്നിരുന്നു. ഉരുള്‍പ്പൊട്ടലിന് പാകമായ മണ്ണായി മാറി വീട്!
 
ഹരി നടന്നു. പോലീസുകാരന്‍ കൂടെ.

വേലിയിറമ്പില്‍ പല നിറമുള്ള തലകള്‍! തലകള്‍ക്ക് മുന്‍പില്‍ തുറിച്ചു നില്‍ക്കുന്ന കണ്ണുകള്‍ക്ക് പച്ചനിറം.
 
ബസ്സില്‍ കയറി. കൂടെ പോലീസുകാരനും. ടിക്കറ്റെടുത്തു അയാള്‍, രണ്ടുപേര്‍ക്കും. ഇളകുന്ന ബസ്സില്‍ മുന്‍പിലൊരു സീറ്റില്‍ ഇരുന്ന് പുറത്തേക്ക് നോക്കി. നീണ്ടുകിടക്കുന്നു തിളയ്ക്കുന്ന റോഡ്.

വണ്ടി നീങ്ങിക്കൊണ്ടേയിരുന്നു മുന്നോട്ട്.
 
പട്ടണത്തില്‍ എത്തിയത് അറിഞ്ഞില്ല. അയാള്‍ തോളില്‍ തൊട്ടു. പൊള്ളി. ഹരി തിരിഞ്ഞു നോക്കി. അയാള്‍ കണ്ണുകാട്ടി. ഇറങ്ങി കൂടെ. നിഴല് പോലെ നടന്നു ഹരി.
 
ഏതോ ഒരു ലോഡ്ജില്‍ എത്തി. കുറച്ചുപേരവിടെ കൂടിയിരുപ്പുണ്ട്. ഇടനാഴിയിലൂടെ തന്നെ കൈപിടിച്ചു നടത്തിയ പോലീസുകാരനെ തള്ളിമാറ്റി ഒറ്റക്കു നടന്നു. പിറകെ അയാളും.
 
ഈച്ചകളുടെ കൂട്ടം ഒരു ഭാഗത്തു കൂടുതല്‍ കണ്ടു. അങ്ങോട്ട് ഇഴഞ്ഞുചെന്നു ഹരി. ഈച്ചകള്‍ വഴിമാറി. അപ്പോള്‍ ഒരു വാതില്‍ തെളിഞ്ഞു. അതിലൂടെ അവന്‍ അകത്തു കടന്നു. നരകം!
 
അവിടെ കിടപ്പുണ്ടായിരുന്നു, വായില്‍ നിന്നും വെള്ളപ്പത ചുണ്ടിലൂടൊഴുകി ഉണങ്ങി കറുത്ത മുഖത്ത് ഒരു ചന്ദ്രക്കല പോലെ, വെളുത്തുണങ്ങിയ കോള്‍ഗേറ്റ് പേസ്റ്റിന്റെ പത മുഖത്ത് തേച്ച്, അച്ഛന്‍!

കണ്ണടച്ച്, ശാന്തനായി നീണ്ടുനിവര്‍ന്ന്...
 
അച്ഛനെ ഹരി കണ്ടു. സമാധാനമായി. അവന്‍ ചുറ്റും നോക്കി.
ഒരു കട്ടില്‍, ഒരു മേശ, കസേര, ഒരു കൂജയും ഗ്ലാസ്സും ഒരു ഡയറിയും. മുറിയില്‍ ഇത്രയും കണ്ണില്‍ പെട്ടു. പിന്നെ ഇരുട്ടായി.
 
അച്ഛന്‍ വെള്ളപ്പാട മുഖത്ത് തേച്ചു കിടക്കുന്നു. അതെന്താത്?

ഹരിയുടെ മേലാകെ വിറച്ചു. അവനെന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ശ്വാസം മുട്ടുന്നു. ആരോ അവനെ താങ്ങി.
 
''ഈ നരകത്തീന്നെന്നെ കര കേറ്റീടെണം..'' ഉള്ളുരുകി മനസ്സ് പ്രാര്‍ത്ഥിച്ചു.
 
പോലീസുകാരന്‍ ഡയറിയില്‍ നിന്നും ഒരു തുണ്ട് വെള്ളക്കടലാസ്സെടുത്തു ഹരിക്ക് നീട്ടി. അതില്‍ എഴുതിയതൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. അക്ഷരങ്ങള്‍ വാക്കുകളാകാതെ നിരയായി നീണ്ടുകിടന്നു, അനന്തമായി ആകാശത്തോളം.
 
കത്തിലെന്താവും എഴുതിയിരിക്കുക എന്ന് അറിയാം. കടത്തിന്റെ ബാക്കിപത്രം. കിട്ടാനുള്ളതിലും കൂടുതല്‍ കൊടുക്കാനുള്ളതിന്റെ അസ്വസ്ഥത മാറ്റാനുള്ള ഒറ്റമൂലി!

ജീവിതം വിഷമയമായപ്പോള്‍ ജീവനിലേക്കും ആ വിഷം ആവാഹിച്ചെടുത്തു അച്ഛന്‍!
 
കുറച്ചു നാളായി ആകെ പ്രയാസത്തിലായിരുന്നു അച്ഛന്‍. ഹരിക്ക് പഠിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അച്ഛന്‍ രാത്രി വളരെ വൈകിയേ വരൂ, അതുവരെ അവനും ഉറങ്ങാതെ ഇരിക്കും. 

എവിടെപ്പോയി എന്ന് ചോദിക്കേണ്ട ആവശ്യമില്ല. ഒളിച്ചോട്ടമാണ്, പരിചിതമുഖങ്ങളില്‍ നിന്നും, തന്നില്‍ നിന്നും, പരാജയങ്ങളില്‍ നിന്നും, ജീവിതത്തില്‍ നിന്നും. ഒടുവില്‍ ജീവനില്‍ നിന്നും.
 
ഡിഗ്രി ഫൈനല്‍ ഇയര്‍ ആണ്. പഠിക്കാനും ഏറെയുണ്ട്. ഇതിനിടയില്‍ വീട്ടിലെ പ്രയാസങ്ങള്‍. വീട്ടില്‍ വന്നാലും ഒരു സമാധാനവും തരാതെ അമ്മ പരാതികളുടെ കെട്ടഴിക്കും. മുന്‍പോട്ടുള്ള വഴി അടഞ്ഞിരിക്കുന്നു.
 
പേടിയായിരുന്നു. അച്ഛന്‍ വീട്ടീന്നിറങ്ങിയാലും വരാന്‍ വൈകിയാലും പേടി പാമ്പിനെ പോലെ അവന്റെ മേലാകെ ഇഴഞ്ഞു തുടങ്ങി. ഉറക്കമില്ലാത്ത കുറച്ചു ജന്മങ്ങള്‍ ചീവീടുകളെ പോലെ കരഞ്ഞുകൊണ്ടേയിരുന്നു. രാത്രിയും പകലും ഒരേപോലെ ഇരുട്ടായ് മാറി. പരീക്ഷ കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും ഒരു പണി കണ്ടുപിടിക്കാം എന്ന ധൈര്യമുണ്ട്, ഹരിക്ക്.
 
പരീക്ഷകള്‍ തീരുന്നേയില്ല. പരീക്ഷണങ്ങള്‍ എന്നും പുതുവെള്ളത്തില്‍ കേറി വരുന്ന ഇഴജന്തുക്കളെ പോലെ കടന്നുവന്നു.
അച്ഛനു പക്ഷെ ക്ഷമയുണ്ടായില്ല. ഒന്നിനും കാത്തുനില്‍ക്കാതെ ഒറ്റക്കു പോകാന്‍ തീരുമാനിച്ചു. അല്പം കാത്തിരുന്നുവെങ്കില്‍! പരീക്ഷകള്‍ കഴിഞ്ഞിരുന്നുവെങ്കില്‍!
 
ഹരിയുടെ ചിന്തയില്‍ നിശ്ശൂന്യത നൃത്തം വച്ചുതുടങ്ങിയത് എന്നായിരുന്നു?

പാട്ടത്തിനെടുത്ത പാടത്തു വിത്തിട്ടു. കതിര് മുളച്ചു. മുഞ്ഞ കേറിയെല്ലാം പോയി. പിന്നെ തരിശായിക്കിടന്നു കുറച്ചു നാള്‍. കടംകൊണ്ട മുതല് വച്ച് പയറു നട്ടു. പെരുമഴ കണ്ട് മണ്ണ് പേടിച്ചുവിറച്ചു. മുളപൊട്ടാതെ പയറ്റിന്‍വിത്തുകള്‍ മണ്ണിനടിയില്‍ വിതുമ്പി.

അച്ഛനെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പ്രകൃതി പോലും!
 
ഒലിച്ചുപോയ സ്വപ്നത്തിന്റെ കഥ ബാങ്കിന് മനസ്സിലായില്ല, സര്‍ക്കാരിനും. മണ്ണിനും വേണ്ടാതായാല്‍ പിന്നെ ഞങ്ങളെന്ത് ചെയ്യുമെന്നായി അവര്‍. വീട് ജപ്തി ചെയ്യാന്‍ നോട്ടീസും വന്നു. പാടം വേറെ ആര്‍ക്കോ പാട്ടത്തിന് കൊടുത്തു, പാവം ജന്മി. കടത്തിന്റെ പങ്ക് അയാള്‍ വേണ്ടെന്നും പറഞ്ഞു. പാവം!
 
ഹരി ബോധമുണര്‍ന്നു. ചുറ്റും സ്വരങ്ങള്‍ കൂടി. ആരെയും പരിചയം തോന്നിയില്ല. ആരെയും അറിയേണ്ട.
അപ്പോഴേക്കും ബന്ധുക്കളും അറിഞ്ഞെത്തി. അവരെല്ലാം അറിഞ്ഞു വേണ്ടത് ചെയ്തു! അച്ഛന്‍ വീട്ടിലെത്തി. പിന്നെയെല്ലാം എളുപ്പമായിരുന്നു...
 
നനഞ്ഞ മുണ്ടോടെ തോളില്‍ പുതിയ കലത്തില്‍ വെള്ളം നിറച്ചു അച്ഛനെ വലംവച്ച് തൊഴുതപ്പോള്‍ മൂക്കില്‍ തുളച്ചു കയറി ചന്ദനത്തിരിയുടെ ഗന്ധം. തോളില്‍ താങ്ങിയെടുത്ത കുടത്തില്‍ ദ്വാരമിട്ടപ്പോള്‍ കുടം പൊട്ടിക്കരഞ്ഞു. പെരിയാറില്‍ ഒഴുക്ക് തുടങ്ങി.
 
കാത്തിരുന്ന നിമിഷം. ഹരിയുടെ മേലാകെ വിറച്ചു. കുത്തിയൊലിച്ചുപോയി അവനും.

ആരൊക്കെയോ തട കെട്ടി. തലയില്‍ തലോടി. കരഞ്ഞു. അവന്റെ പരീക്ഷ തുടങ്ങി.
 
ഇനി പെരിയാറില്‍ അസ്ഥിയൊഴുക്കണം! ഹരിയുടെ കൂടെ ഇളയച്ഛന്മാര്‍ വന്നു. പെരിയാറിലേക്ക്. 

എന്തിന്? താനറിയാത്ത പെരിയാറോ? തന്നെ അറിയാത്ത പെരിയാറോ! മനസ്സില്‍ ചിരിച്ചു.
 
'മുട്ടോളം വെള്ളത്തിലും എറങ്ങിയാ മതി. അസ്ഥി പൊതിയോടെ അവിടെയിട്ട് ഒന്നു മുങ്ങിയാ മതീ ട്ടോ...'
 
അവരിലാരോ ഒരാള്‍ ഉപദേശിച്ചു.

ഹരിയിറങ്ങി. അവന്റെ പുഴ, അവന്റെ സ്വപ്നം. അവന്റെ കനവുകളില്‍, കല്പനകളില്‍ കാവ്യമായി നിറഞ്ഞ പെരിയാര്‍!
 
പെരിയാറിന്റെ മാറില്‍ അവന്‍ തല ചായ്ച്ചു. അവന്റെ കാമനയില്‍ പുഴ ചുരന്നു. പുഴ നിറഞ്ഞു. പുഴ അവനെ മാറോടു ചേര്‍ത്തു. ഹരി ഒന്നുമറിഞ്ഞില്ല. ചുറ്റുമുള്ളതെല്ലാം ദൂരേക്ക് മാറി നോക്കിനിന്നു.

അവന്‍ പുഴയുടെ നെഞ്ചില്‍ തലചായ്ച്ചു. പുഴ ചുരന്നു.
 
അവനും പുഴയും ലയിച്ചു ചേര്‍ന്നു.

 

Follow Us:
Download App:
  • android
  • ios