Asianet News MalayalamAsianet News Malayalam

യാദവം, ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

chilla malayalam short story by Dr Ajay Narayanan
Author
Thiruvananthapuram, First Published Nov 2, 2021, 8:17 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Dr Ajay Narayanan

 

എവിടെയാണ് തുടക്കം, എവിടെയാവണം ഒടുക്കം, ഗംഗേ?

യദുവംശത്തില്‍ തുടങ്ങേണമോ ദേവീ, എന്റെ ജന്മത്തില്‍ ഞാന്‍ അനുഭവിച്ച നിരാസങ്ങളുടെ ഗാഥ! ജന്മദേശത്തു വളരുവാന്‍ അര്‍ഹതയില്ലാത്ത പൃഥയുടെയും അവളുടെ ഭാഗിനേയന്റെയും ജീവിതം ഊടും പാവും പോലെ ഇഴചേര്‍ന്നു കിടക്കുന്നുവല്ലോ ഗംഗേ...

എന്റെ കര്‍മ്മങ്ങളുടെ ഫലവും നീയാണല്ലോ കുഞ്ഞേ അനുഭവിക്കുന്നത്. ഇതിനോ എന്റെ കുലത്തില്‍ നീ അവതരിച്ചത്? ഒരു നിഷാദകുടുംബത്തെ ചുട്ടുകൊന്ന പാപം എന്റെ പ്രവ\ത്തി, എന്റെ സ്വാര്‍ത്ഥത. പക്ഷേ, നിഷാദന്റെ അമ്പേറ്റു ഒടുങ്ങുവാനുള്ള ശാപം ഏറ്റുവാങ്ങിയതോ കണ്ണാ, നിന്റെ ജന്‍മം.

ഗാന്ധാരിയുടെ ശാപമോ ദീര്‍ഘവീക്ഷണമോ, അറിയില്ല. എന്തിനറിയണം... സംഭവങ്ങള്‍ ഭവിക്കട്ടെ. നിരാസങ്ങളുടെ യുഗം ഒടുങ്ങട്ടെ. ഗംഗേ നീ... നീ മാത്രമല്ലേ എനിക്ക് സാക്ഷി പറയേണ്ടവള്‍! കേട്ടുകൊള്‍ക ദേവീ...

പൃഥയുടെ കഥാകഥനം തുടങ്ങി. ഒരു നിസ്സംഗഭാവത്തില്‍ തന്നോടെന്നവണ്ണം, ചിലമ്പിയ സ്വരത്തില്‍ അവര്‍ പറഞ്ഞുതുടങ്ങി. ഗംഗ കാതോര്‍ത്തു.

''നിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ആകത്തുകയാണ് ഭാരതനാരികളുടെ ജന്മം എന്നറിഞ്ഞുവല്ലോ ഗംഗാദേവി, എന്റെ ജീവിതത്തിലൂടെ''.

പിതാവ് ജീവിച്ചിരിക്കെ മറ്റൊരാളുടെ വളര്‍ത്തുപുത്രിയായ് തീര്‍ന്നവളുടെ വ്യഥയുടെ ആഴമറിയുമോ ഗംഗേ?'',
പൃഥ പുച്ഛത്തോടെ ചിരിച്ചു. അവളുടെ സ്വരത്തിലെ വ്യഥയില്‍ ഗംഗ അലിഞ്ഞു. അവളുടെ നോവുകളെ നെഞ്ചിലേറ്റി ഗംഗ അലതല്ലിയൊഴുകി.

ഗംഗ അറിയാത്തതോ അവളുടെ ആത്മഗതങ്ങള്‍, നോവുകള്‍, കൗമാരനാള്‍ മുതലേ അവളനുഭവിച്ച നിരാസങ്ങള്‍, നിരാശകള്‍. ഗംഗയ്‌ക്കെല്ലാം അറിയാം. യുഗങ്ങളുടെ ഉത്ഭവം മുതലേ സുരന്മാരുടെയും നരന്മാരുടെയും വ്യഥകളെ നെഞ്ചിലേറ്റി കടലിലൊഴുക്കിയവളല്ലേ! മനുഷ്യാത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുവാന്‍ ഭൂമിയിലൂടെ ജീവിതം ഒഴുക്കി അലയുന്നവള്‍.

''പറയൂ, കുന്തീ... നിന്റെ കഥ എനിക്കുമാത്രമല്ലേ ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. എല്ലാം പറയൂ, ഞാനിതായെന്റെ ഹൃദയം നിനക്കായി തുറന്നുവച്ചിരിക്കുന്നു, മകളേ...', ഭാഗീരഥി അവളെ തഴുകി.

ഹിമാലയസാനുക്കളില്‍ നിന്നും ചന്ദനഗന്ധവുമായി വായുഭഗവാന്‍ ഓടിയെത്തി കുന്തിയുടെ മുടിയിഴകളില്‍ മെല്ലെ തഴുകി. അസ്തമയസൂര്യന്‍ അവരുടെ കപോലങ്ങളില്‍ സിന്ദൂരക്കുറിച്ചാര്‍ത്തി. ആയിരം കണ്ണുകളില്‍ അശ്രു നിറച്ചുകൊണ്ട് ഇന്ദ്രഭഗവാന്‍ അവരെ കരുണയോടെ നോക്കി.

കുന്തി ദീര്‍ഘമായി നിശ്വസിച്ചു. ആരോടെന്നില്ലാതെ അവര്‍ മൊഴിഞ്ഞുതുടങ്ങി.

''എന്നും പഴികേട്ടവളല്ലേ ഈ ശൂരസേനപുത്രി. ഒരിക്കല്‍, ഒരിക്കല്‍ മാത്രം ഒരു തെറ്റ്... ഒന്നുമറിയാത്ത പ്രായത്തില്‍ ചെയ്ത തെറ്റിനു എന്റെ ജീവിതം കൊണ്ട് പിഴയടച്ചിട്ടും തീരുന്നില്ലല്ലോ, അമ്മേ, പാപനാശിനീ''.

അറിവില്ലാത്ത പ്രായത്തില്‍ ഏതോ ഒരു സൂര്യവംശജന്റെ മുന്നില്‍ ശരീരം അടിയറവുചെയ്യേണ്ടിവന്നതെന്റെ പാപമോ ദേവീ? പുണ്യപാപങ്ങളുടെയും സുഖദുഃഖങ്ങളുടെയും അതിര്‍ത്തിരേഖകള്‍ ആരാണ് നിശ്ചയിക്കുക? എന്റെ കര്‍മ്മത്തിന്റെ ഫലം ഞാന്‍ തന്നെയല്ലേ അനുഭവിക്കേണ്ടതെന്നും ഗീതാലിഖിതം ഉണ്ടല്ലോ!

സര്‍വ്വം അനുഭവിച്ചു ഗംഗേ, എന്നിട്ടും തീര്‍ന്നില്ല. പിഴച്ചുപെറ്റവളെന്ന ദൂഷ്യം തീര്‍ക്കുവാന്‍ ഗംഗേ, നിനക്കുതന്നല്ലോ എന്റെ പിഞ്ചുകുഞ്ഞിനെ, എന്റെ ഔരസപുത്രനെ, കര്‍ണ്ണനെ.

കണ്ടുകൊതി തീരുംമുന്‍പേ, എന്റെ മുലയിലെ ഉറവ പൊട്ടും മുന്‍പേ, ഈശ്വരന്‍ സാക്ഷിയായി പ്രപഞ്ചം സാക്ഷിയായി എന്റെ കുഞ്ഞിനെ കളിയോടത്തില്‍ കിടത്തി ഒഴുക്കിവിട്ടതല്ലേ ഗംഗേ, അതോടൊപ്പം എന്റെ മാനവും സമാധാനവും ഒഴുകിപ്പോയില്ലേ...

അനപത്യദുഃഖം തീര്‍ക്കുവാനത്രേ പൃഥയാമിവളെ കുന്തീഭോജനു ശൂരസേനന്‍ ദാനം നല്‍കിയത്. അതോ, ഭവിഷ്യത്തറിയാതെ ഞാന്‍ ചെയ്ത തെറ്റിനു ശിക്ഷയായിട്ടോ, ദേവീ? എന്നെ പുഴയില്‍ തള്ളിയതല്ലേ, അവര്‍?

ഭോജന്റെ അന്തപ്പുരത്തിലെ അമ്മമാര്‍ എന്നും നിഴലുപോലെ പിന്നാലെ കൂടി. സ്‌നേഹത്തോടെ അരുതുകളുടെ ചൂണ്ടുപലകകള്‍ കാണിച്ചുതന്നതും എന്റെ കന്യകാത്വം ഇനിയും നഷ്ടമാവരുതെന്ന് കരുതിയാണോ അതോ തന്റെ ചാപല്യം രഹസ്യമായിരിക്കുവാനുള്ള കരുതലോ?

അതിഥിപൂജ ഐശ്വര്യമന്ത്രമായി കരുതിയ കൊട്ടാരത്തില്‍ എന്നും അതിഥികളുടെ പ്രവാഹമായിരുന്നു. രാഷ്ട്രീയോപദേഷ്ടാക്കളും പ്രവാചകരും നീതിപാലകവിശാരദരും എന്നും കുന്തീഭോജനെ തിരക്കിവന്നു.
സൂര്യവംശത്തിലെയും ചന്ദ്രവംശത്തിലെയും രാജകുമാരന്മാര്‍ കുന്തീഭോജനുമായി നിരന്തരം സൗഹൃദചര്‍ച്ചയ്ക്ക് നഗരിയില്‍ ഏറെനാള്‍ അതിഥികളായി വസിച്ചിരുന്നു.

അവിടെയും ഞാന്‍ ഒരു കാഴ്ചവസ്തുവായല്ലോ. ഹസ്തിനപുരിയിലെ രാജകുമാരനു വേളികൊടുത്തയച്ചതും ഒരു ശിക്ഷയായി മാറിയത് എന്റെ കര്‍മ്മഫലമോ, ദേവീ.

അധികാരത്തിന്റെ ഇരുണ്ട ഇടനാഴികള്‍ തിങ്ങിയ ഭര്‍തൃഗൃഹത്തില്‍, അന്ധന്‍ ഭരിക്കുമ്പോള്‍ അര്‍ക്കനും പ്രവേശനമില്ലാതായി. എല്ലാ നിഗൂഢതകളും ഒരേയൊരു കാര്യം മാത്രം പറഞ്ഞുവച്ചു, സഹോദരന്മാര്‍ തമ്മിലുള്ള മത്സരങ്ങളും യുദ്ധങ്ങളും ഒഴിഞ്ഞുപോവില്ല. കബന്ധങ്ങളൊഴുകുന്ന ഗംഗയുടെ ചരിത്രവും രചിക്കുമല്ലോ വ്യാസമഹാശയന്‍...

'ഇഷ്ടപുരുഷരെ വശീകരിച്ചരികിലെത്തിക്കുവാനുള്ള മന്ത്രം കൈവശമാക്കിയവള്‍! വിഷകന്യക. ആര്യാവര്‍ത്തത്തെ ആഴിയിലാഴ്ത്താന്‍ പിറന്നവള്‍...'

പലരും പലകഥകളും പാടിനടന്നു. നാടുനീളെ ചിലച്ചുപറന്നു കിളികളും ആളികളും. കുന്തിയുടെ ഓരോ വാക്കും അങ്ങാടിപ്പാട്ടായി. ആര്യാവര്‍ത്തത്തിലെ തെരുവീഥികളില്‍ കുന്തി ഒരു പരിഹാസപാത്രമായി. പാണ്ഡവര്‍ സഹതാപപാത്രങ്ങളും.

എന്നിട്ടും ശിരസ്സുയര്‍ത്തിത്തന്നെ ജീവിച്ചു, കുന്തി. ഒരു തണലായി അവനുണ്ടായിരുന്നു, കൂടെ. ഞങ്ങളുടെ കണ്ണന്‍.

ഒന്നുമറിയാത്ത കൗമാരനാളില്‍ ജന്മദേശത്താല്‍ പരിത്യക്തയായവളല്ലേ എന്ന് ആരും പരിതപിച്ചില്ല. കുന്തീഭോജന്റെ കൊട്ടാരക്കെട്ടില്‍ ദാസീഭാവത്തില്‍ അനാഥരൂപത്തില്‍ കഴിയുമ്പോള്‍ അമ്മമഹാറാണിയെ, അതിഥികളെ, മുനിവര്യന്മാരെ അങ്ങനെ ആരെയെല്ലാം സേവിക്കണം. ആരും ആജ്ഞാപിച്ചില്ല, വെറും വാത്സല്യത്തില്‍ പൊതിഞ്ഞ ഉപദേശങ്ങള്‍ മാത്രം!

''മകളേ, ദുര്‍വ്വാസാവ് മഹര്‍ഷി ദീര്‍ഘവീക്ഷണം ഉള്ള ദൈവജ്ഞനാണ്, അദ്ദേഹത്തിന് പാദപൂജ ചെയ്യുവാനുള്ള അവസരം നിനക്കു ലഭിച്ചത് നിന്റെ ഭാഗ്യം'', എന്നമട്ടില്‍ വേണ്ടുവോളം കിട്ടി, ഉപദേശങ്ങള്‍.
അതിലെ ആന്തരാര്‍ത്ഥങ്ങളാര്‍ക്കും എളുപ്പം പിടികിട്ടും.

കൗതുകത്താല്‍ പരീക്ഷണത്തിനൊരുങ്ങിയ നിഷ്‌ക്കളങ്ക കന്യകയുടെ ദുരന്തത്തിന്റെ കഥയാണ് ഓര്‍മ്മിപ്പിക്കുന്നത്.

അതായിരുന്നു തുടക്കം. ഒരു ചെറിയ കൗതുകത്തിനു വിലയായി കിട്ടിയത് വിധവകള്‍ മാത്രമായൊരു ഭാരതഖണ്ഡം!

അന്നേ നിനക്ക് തടയാമായിരുന്നു ജാഹ്നവീ, നിനക്കുമാത്രമേ അത് സാധിക്കുമായിരുന്നുള്ളു.

ഒരു മോചനം ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും തെറ്റോ? നോവുകള്‍ അറിയുവാന്‍ ആരുമില്ലാതെ, ഏകാന്തതയുടെ തടവറയില്‍ മനസ്സുപിടഞ്ഞു. യൗവനം ശാപരൂപത്തില്‍ തന്നെപ്പൊതിഞ്ഞു. എവിടെ രക്ഷാക്കവചങ്ങള്‍?

പത്മവ്യൂഹത്തിലകപ്പെട്ട പെണ്‍മനസ്സിന് മോചനമെവിടെ, കൃഷ്ണാ? പഞ്ചാഗ്‌നി നടുവിലെരിയുന്ന ആത്മാവിനെവിടെ മോക്ഷം? എന്റെ ജീവിതത്തില്‍നിന്നും ഉരുതിരിഞ്ഞുവന്നതല്ലേ കുഞ്ഞേ, നിന്റെ ഗീതങ്ങള്‍? അവന്‍ പകര്‍ന്ന പാഠങ്ങളുടെ പ്രണവം എന്നില്‍നിന്നായിരുന്നുവല്ലോ ദേവീ...

എവിടെയും ഒന്നും അവസാനിക്കുന്നില്ല. ഉള്ളതൊന്നും നശിക്കുന്നുമില്ല. ഒടുവില്‍, ഷണ്ഡനെ ഭര്‍ത്താവായി സ്വീകരിച്ചവളുടെ ദുര്‍ഗതിയുടെ തുടര്‍ക്കഥയായി മാറി ജീവിതം. പിഴച്ചുപെറ്റ കുന്തിയ്ക്കുള്ള ശിക്ഷ ഷണ്ഡന്റെ ഭാര്യാപദവി! നിയതി ചിരിച്ചു, ഇവളെ നോക്കി പരിഹസിച്ചു...

എന്നിട്ടോ ദേവീ, അവിടെയും അനപത്യദുഃഖം മാറാന്‍ അന്യപുരുഷന്മാരെ സ്വീകരിച്ചു ഗര്‍ഭം ധരിക്കുവാനുള്ള ഔദാര്യം ഹസ്തിനപുരിയിലെ അധികാരവൃന്ദം നല്‍കിയതെന്തിന്, ആരുടെ വംശം നിലനിര്‍ത്താന്‍, പരാശരന്റെയോ ശന്തനുവിന്റെയോ?''

കുന്തി ചിരിച്ചു. ഗംഗാദേവി കരഞ്ഞു. അവള്‍ അലതല്ലിയാര്‍ത്തു കരഞ്ഞു, ''മകനേ, ഗംഗാദത്താ, കുഞ്ഞേ, ദേവവ്രതാ...'

കുന്തിയില്‍ സഹതാപം തുളുമ്പി. മനസ്സുവിതുമ്പി, ''മകനേ, കര്‍ണ്ണാ...'

അവള്‍ കണ്ണുതുടച്ചു. ഒരു വിക്ഷുബ്ധസമുദ്രത്തെ ഉള്ളിലൊതുക്കി. ആത്മഗതം തുടര്‍ന്നു. സ്വരം കനത്തു.

''ഹോ, കന്യാമാതാവിന് പൂരുവംശത്തിന്റെ ഔദാര്യമായിരുന്നു പരപുരുഷസംയോഗത്തിനുള്ള അനുവാദം. വംശം നിലനിര്‍ത്തുവാനുള്ള ത്വരയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും തത്വസംഹിതകളും സൗകര്യപൂര്‍വ്വം മറന്നുവച്ച പുരുവംശത്തിന്റെ സൗജന്യമായിരുന്നു പരപൂരുഷര്‍ ദാനമായ് നല്‍കിയ രേതസ്സ്. സ്ത്രീ എന്നും ഭിക്ഷയെടുക്കേണ്ടവള്‍ തന്നെ!

ഔദാര്യത്തിന്റെ പങ്കുപറ്റാന്‍ മാദ്രിയെയും കൂട്ടിയല്ലോ ഈ കുന്തി. പാപത്തിന്റെ കനി അവളും ഭക്ഷിച്ചു.
കഷ്ടം, വിധിഹിതം മാറ്റാന്‍ ആര്‍ക്കുകഴിയുമല്ലേ? കാട്ടുചോലയില്‍ സ്നാനത്തിനായി വിവസ്ത്രയായ മാദ്രിയില്‍ കാമമോഹിതനായ ഷണ്ഡന്റെ ദുരന്തവും അപഹാസ്യമായി. കാമത്തിന്റെ ഉച്ചക്കോടിയില്‍ രക്തധമനികള്‍ പൊട്ടിത്തെറിച്ചു മൃത്യുവെ പുല്‍കിയല്ലോ പാണ്ഡു. കുറ്റബോധത്താല്‍ ഉടന്തടിചാടി സതിയാചരിച്ചു മാദ്രിയും. എല്ലാഭാരവും ഇവളില്‍ ശേഷിച്ചു.

ആത്മാവില്‍ നിന്നും മുക്തി നേടിയല്ലോ, അഗ്‌നിശുദ്ധിയാല്‍ മാദ്രി!

കര്‍ത്തവ്യങ്ങളില്‍ നിന്നും കര്‍മ്മപാശങ്ങളില്‍നിന്നും കുന്തിയ്ക്കപ്പൊഴും മുക്തിയില്ല!

പറക്കമുറ്റാത്ത പഞ്ചപാണ്ഡവരുടെ ചുമതലയുമായി ഹസ്തിനപുരിയില്‍ ഇവള്‍ ഒറ്റയ്ക്ക്... വിധി പരിഹസിച്ചതോ, ശിക്ഷ വിധിച്ചതോ!

അര്‍ദ്ധരാത്രിയില്‍ ഗംഗയില്‍ ഉപേക്ഷിച്ച ഔരസപുത്രനു പകരമോ മാദ്രിയുടെ ഇരട്ടകുഞ്ഞുങ്ങള്‍? അവരെയും തോളിലേറ്റി ഹസ്തിനപുരിയില്‍, കൊട്ടാരത്തില്‍ ഗാന്ധാരിയുടെ തണലില്‍ ശിഷ്ടജീവിതം മുഴുവന്‍ കഴിഞ്ഞു. അവഗണനയുടെയും അപമാനത്തിന്റെയും തമസ്സില്‍ ഔദാര്യം ഒരു മിന്നാമിനുങ്ങായി.
അവതാരപുരുഷനായ കൃഷ്ണന്റെ മാതുലയുടെ ദുര്യോഗം, അതോ നിയതി ഒരുക്കിയ പാഠമോ ഞാന്‍?

 

...................................

Read Mor: കൗന്തേയം, ഡോ. അജയ് നാരായണന്‍ എഴുതിയ കഥ

...................................

 

ഇനിയും തീര്‍ന്നില്ല ദുരന്തങ്ങള്‍. പരദൂഷണത്തിന്റെ ഗാഥകള്‍ മുക്കിലും മൂലയിലും പടര്‍ന്നു. കൗരവരും പാണ്ഡവരും തമ്മിലുള്ള ശീതസമരം വൈരാഗ്യമായി ജ്വലിച്ചു. പ്രമാണകോടികള്‍ പലവട്ടം ആവര്‍ത്തിച്ചു. മക്കളുടെ മരണവാര്‍ത്ത കേള്‍ക്കുമോയെന്ന് ഓരോ നിമിഷവും ഭയന്നു. മുപ്പത്തിമുക്കോടി ദേവകളോടും ത്രിമൂര്‍ത്തികളോടും പഞ്ചഭൂതങ്ങളോടും സുരഗോളങ്ങളോടും പ്രാര്‍ത്ഥിച്ചു, എന്റെ പുത്രന്മാരുടെ ജീവന്‍ രക്ഷിക്കണേ...

അപ്പോഴും നെഞ്ചുനീറിയിരുന്നു ഗംഗേ, നിന്നെയേല്‍പ്പിച്ച കര്‍ണ്ണന്‍ ശത്രുപാളയത്തില്‍ സുയോധനന്റെ ആത്മബന്ധുവായി വാഴുമ്പോള്‍ കര്‍മ്മബന്ധം ബന്ധനമായി മാറിയല്ലോ ദേവീ...

വൈരുധ്യങ്ങളുടെ കേദാരമോ ഇവളുടെ ജന്‍മം? പറയാനേറെയുണ്ട്, പക്ഷേ ഞാന്‍ തളരുന്നു അമ്മേ.
പരപുരുഷ സംഗമത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ ഭര്‍തൃനാമത്തില്‍ ഉപനയനം ചെയ്ത ഒരമ്മയുടെ നിസ്സഹായതയുടെ കഥയ്ക്കു മറുകുറിപ്പുമുണ്ടാവുമല്ലോ, ഇല്ലേ?

മത്സരത്തില്‍ വിജയിച്ചുനേടിയ വരവര്‍ണ്ണിനിയെ അഞ്ചായി പങ്കിട്ടെടുത്തനുഭവിക്കാന്‍ കല്പിച്ച സൂത്രശാലിനിയായ കുന്തിയുടെ കൗടില്യത്തിന്റെ കാരണം എന്തെന്നും ആരാനും തിരക്കിയോ?
അധികാരമോഹത്തിന്നടിമയായി പാണ്ഡവരെ യുദ്ധത്തിനൊരുക്കിയ അമ്മയുടെ സ്വാര്‍ത്ഥതയിലും നീതിയുണ്ടാവില്ലേ?

യുദ്ധത്തിന്നൊടുവില്‍ നായും നരിയും തിന്നുതീര്‍ക്കുന്ന ജഡങ്ങള്‍ക്കിടയില്‍ ഔരസപുത്രനെ തിരയുന്ന ഒരമ്മയുടെ നിസ്സഹായതയുടെ ഗാഥയിനിയും വ്യാസമഹാശയനു പറയാനുണ്ടാവില്ലേ?

എന്നിട്ടോ ഗംഗേ, എല്ലാം പറഞ്ഞുതീര്‍ത്തിട്ടെന്തു ചെയ്യും, ഈ പുണ്യതീര്‍ത്ഥത്തില്‍ മുങ്ങി മോക്ഷം നേടുവാന്‍ അര്‍ഹതയില്ലല്ലോ, എനിക്ക്.

കഥ ഇനിയും ബാക്കിയാണ്. കുരുക്ഷേത്രത്തിന്റെ ബാക്കിപത്രം മൊഴിയുന്നത് ഗാന്ധാരിയാകും, കേട്ടില്ലേ അവളുടെ ശാപം?

എല്ലാറ്റിനും കാരണഭൂതനായ മാധവനെ ശപിക്കുന്ന ഗാന്ധാരി കൃഷ്ണദ്വൈപായനെയും അദ്ദേഹത്തിന്റെ മാതാവ് സത്യവതിയെയും മറക്കുന്നു. അതാണ് ഗാന്ധാരി, കണ്ണുമറച്ചു ജീവിക്കുന്നവള്‍! സത്യം നേരിടുവാന്‍ കേള്‍പ്പില്ലാത്തവള്‍. അവളുടെ നാമം വാഴ്ത്തിപ്പെടട്ടെ. ആര്യാവര്‍ത്തത്തിലെ സ്‌നുഷകളില്‍ പുണ്യവതിയല്ലോ ഗാന്ധാരി''.

കുന്തി ഒന്നുനിര്‍ത്തി ഗംഗയുടെ ആഴങ്ങളിലേക്ക് ഉറ്റുനോക്കി. പിന്നെയും അവളുടെ ആത്മനൊമ്പരങ്ങള്‍ തുടര്‍ന്നു.

എത്ര എളുപ്പമാണ് ചരിത്രം മറയുന്നത്. ആരംഭം മറക്കുന്നു, പൂരുവംശത്തിലെ സ്വാര്‍ത്ഥതകളെ മറക്കുന്നു, പുരുഷന്മാരുടെ ഷണ്ഡത്വവും അന്ധതയും മറക്കുന്നു.

ചൂണ്ടുവിരല്‍ പക്ഷേ, നീളുന്നത് യാദവകുലത്തിലേക്ക്. ശപിക്കുന്നതും ഞങ്ങളെ മാത്രം. കുന്തിയെയും കുന്തിയുടെ സഹോദരപുത്രനേയും! ഹോ, മനുഷ്യര്‍ എത്രമാത്രം അന്ധരാണ്. സ്വന്തം നഷ്ടത്തിനും കാരണഭൂതര്‍ അന്യരത്രേ...

മന്ദാകിനീ, മതിയീ ജന്മം. ചുറ്റിലും ചൂണ്ടുവിരലുകള്‍. കബന്ധങ്ങള്‍, ശാപോക്തികള്‍. ദേവീ, യാത്രയാകട്ടെ! എന്റെ ജന്മത്തിലെ ശാപവും പേറി ഒരു യാത്ര... അന്ധദമ്പതികള്‍ക്ക് താങ്ങായി ഒരു വനയാത്ര, മോക്ഷം തേടിയുള്ള യാത്ര, ആത്മസാക്ഷത്കാരം തേടിയുള്ള തീര്‍ത്ഥയാത്ര ഇവിടെനിന്നും തുടങ്ങാം.

എല്ലാം കഴിഞ്ഞു. ഈ ജന്മത്തിലെ നിരാസത്തിന്റെ ഫലവും പേറിയൊരു യാത്രയുടെ ആരംഭമായി.

കുന്തി ഒരുമാത്ര നിശ്വസിച്ചു. ഗംഗ നിശ്ചലയായി അവളെ നോക്കി അനുതപിച്ചു, ''ഒന്നോര്‍ത്താല്‍, അവളും തന്റെ പ്രതിഛായയല്ലേ...'

കുന്തി നിസ്സംഗഭാവത്തില്‍ ചുണ്ടുകോട്ടി.

''ഭാഗീരഥി, നീയില്ലാതെയൊരു യാത്ര ഞാന്‍ തുടങ്ങുന്നു! ഇനിയൊരിക്കലും നിന്നെത്തേടി ഞാന്‍ വരില്ല ഗംഗേ. ഒഴുക്കുവാന്‍ ഇനിയൊരു പാപഭാരവുമില്ലയീ നെഞ്ചില്‍.

പോകുന്നു ദേവീ. വിട പറയട്ടെ. ഇനിയൊരു കുന്തിയും ഈ ഭാരതഭൂമിയില്‍ ജനിക്കാതിരിക്കട്ടെ, നിന്റെ മാറില്‍ തീരാവ്യഥയുടെ ഭാണ്ഡം ഇനിയും ഒഴുകാതിരിക്കട്ടെ. ഇനിയൊരു കുരുക്ഷേത്രവും ഈ ആര്യാവര്‍ത്തത്തില്‍ സംഭവിക്കാതിരിക്കട്ടെ. യാത്ര!

വാനപ്രസ്ഥത്തിന്റെ മന്ത്രവും ചൊല്ലി കൃഷ്ണദ്വൈപായനന്‍ പാതിമയക്കത്തിലാണ്, അന്ത്യത്തില്‍നിന്നത്രെ ആരംഭവും...

മഹാശയന്‍ കഥ തുടങ്ങുന്നത് ത്രേതായുഗത്തിന്റെ അന്ത്യത്തില്‍ നിന്നും, എന്റെ ഭാഗിനേയന്റെ മരണത്തില്‍ നിന്നും...

മൃത്യോ മാ അമൃതം ഗമയാ...

കുന്തി കല്പടവില്‍നിന്നും കൈകുത്തി എഴുന്നേറ്റു. അനവരതം ഒഴുകുന്ന ജലാശയത്തിലേക്കുറ്റുനോക്കി. പിന്നെ നടന്നു, തിരിഞ്ഞുനോക്കാതെ നടന്നു. വിലപിക്കുന്ന സ്ത്രീജനങ്ങള്‍ക്കിടയില്‍ ഗാന്ധാരിയെ തിരഞ്ഞുകൊണ്ട് കുന്തി വേച്ചുവേച്ചു നടന്നു.

എല്ലാം അറിയുന്ന യാദവകുലജാതന്‍ നിശ്ശൂന്യഭാവത്തില്‍ കാലത്തിനും പ്രകൃതിയ്ക്കുമൊപ്പം നോക്കിനിന്നു, പൃഥയെ.


 

Follow Us:
Download App:
  • android
  • ios