ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ. പ്രേംരാജ് കെ കെ എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പ്രധാനനിരത്തിന് സമാന്തരമായി വേറെ ഒരു പാതയുണ്ട്. അതിലൂടെ കുറെ അധികം വാഹനങ്ങള്‍ കടന്നു പോകാറുണ്ട്. കാരണം അതിലൂടെ പോയാല്‍ ഒന്നോ രണ്ടോ ട്രാഫിക് സിഗ്‌നലുകള്‍ ഒഴിവാക്കാം, പിന്നെ പോലീസുകാരും ഉണ്ടാകില്ല. 

ഈ സമാന്തര നിരത്തില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ബഹുനില കെട്ടിടങ്ങളുടെ നിരയാണ്, രണ്ടുവശത്തും. 

അതുകൊണ്ടുതന്നെ ഈ വഴിയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നതും കാണാം. ഇപ്പോള്‍ അത് ഈ ബെംഗലൂരില്‍ എന്നല്ല എല്ലാ നഗരങ്ങളിലും സര്‍വ സാധാരണമാണല്ലോ. കൂടാതെ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍ ധാരാളം.

ഈ ഭാഗത്ത് ബാച്ചിലേഴ്സ് വളരെ കൂടുതല്‍ താമസിക്കുന്നുണ്ട്. പല കോളേജുകളും വ്യവസായ സ്ഥാപനങ്ങളും അടുത്തുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണവുമായി വരുന്ന വാഹനങ്ങള്‍ വളരെ കൂടുതലാണ്. ചില അപ്പാര്‍ട്ട്‌മെന്റുകള്‍ ബാച്ചിലേഴ്സ് മാത്രം താമസിക്കുന്നവയും ഉണ്ട്. 

ശ്രദ്ധിക്കൂ, ഒരു ചെറിയ ആണ്‍കുട്ടി ചില വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നു. നിര്‍ത്താന്‍ ആവശ്യപ്പെടുന്നതുപോലെ. എന്നാല്‍ ആരും അവനെ ശ്രദ്ധിക്കുന്നതേയില്ല. അവരെല്ലാവരും അവരവരുടെ വണ്ടിയില്‍ ഇരിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള തിരക്കിലാണ്. അപ്പോഴാണ് ശ്രദ്ധിച്ചത് ആ കുട്ടി എല്ലാ വണ്ടിക്കും കൈ കാണിക്കുന്നില്ല. ഭക്ഷണം വിതരണം ചെയ്യുന്ന വണ്ടികള്‍ക്കു നേരെയാണ് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്.

ആ കുട്ടി നില്‍ക്കുന്നത് ഒരു ഒഴിഞ്ഞ ഇടത്തിനു മുന്നിലാണ്. അല്ല, അതൊരു ഒഴിഞ്ഞ ഇടമല്ല. ആ ഇടത്തിനു നടുവില്‍ ഒരു ടെന്റ് കെട്ടിയിരിക്കുന്നുണ്ട്. നീല ഷീറ്റ് വിരിച്ച ടെന്റ്. ആ ടെന്റിനു മുന്നിലായി ഒരു ചെറിയ അയയില്‍ ഏതാനും വസ്ത്രങ്ങള്‍ കാറ്റിലാടുന്നുണ്ട്. ഒരു സാരിയും ഒരു ഷര്‍ട്ടും പിന്നെ ഏതാനും കുട്ടികളുടെ ഉടുപ്പും.

ഉപയോഗിച്ചുദ്രവിച്ച കളിപ്പാട്ടങ്ങളും ടിന്നുകളും കാണാം. 

ഈ ആണ്‍കുട്ടി അവിടെ ഉള്ളവനാണ് എന്ന് മനസിലാക്കാം. ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ തല മാത്രം ടെന്റിന്റെ ഷീറ്റ് വാതിലിലൂടെ വെളിയിലേക്ക് കാണാം. അവള്‍ അവളുടെ ചേട്ടനെയാണ് നോക്കുന്നത്. അവന്‍ ചെയ്യുന്നത് അവള്‍ ശ്രദ്ധിക്കുന്നുണ്ട്.

പെട്ടന്ന് വഴിയിലൂടെ പോകുന്ന ഒരു ഭക്ഷണ വിതരണ വാഹനം അവനടുത്തു നിര്‍ത്തി. അവനെയൊന്നു നോക്കി. ആ ടെന്റ് വീട്ടിലേക്കും നോക്കി. അയാള്‍ ആ കൊച്ചു പെണ്‍കുട്ടിയുടെ മുഖം കണ്ടു. ഉടന്‍ തന്നെ അയാള്‍ തന്റെ വാഹനം ഓടിച്ചുപോയി. 

ആ ആണ്‍കുട്ടി വീണ്ടും വാഹനങ്ങള്‍ക്കു കൈ കാണിച്ചുകൊണ്ടേയിരുന്നു. പല വാഹനങ്ങള്‍ കടന്നുപോയി. നേരം ഉച്ചയോടടുത്തു. 

അതാ, അയാള്‍ വീണ്ടും വന്നു ആ കുട്ടിയുടെ അടുത്ത് അയാളുടെ ഇരുചക്ര വാഹനം നിര്‍ത്തി. പുറകുവശത്തെ ബാഗില്‍ നിന്നും രണ്ടു ഭക്ഷണ പാക്കറ്റുകള്‍ ആ കുട്ടിയുടെ കൈയിലേക്കു നീട്ടി. അപ്പോള്‍ ടെന്റിന്റെ ഉള്ളില്‍ നിന്നും ആ പെണ്‍കുട്ടി ഓടിവന്ന് ആണ്‍കുട്ടിയുടെ അടുത്തുനിന്നു. 
അവളുടെ കണ്ണുകള്‍ വികസിച്ചു. നാവുകൊണ്ട് ചുണ്ടുകള്‍ തുടച്ചു. അവള്‍ ആ പാക്കറ്റുകളും അതു കൊടുത്ത ആ മനുഷ്യനേയും മാറി മാറി നോക്കി. 

ആണ്‍കുട്ടി അയാളോട് അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് തന്റെ വീട്ടിലേക്കോടി. ആ പെണ്‍കുട്ടി വീട്ടിലേക്കുപോകണോ അല്ല അവിടെത്തന്നെ നില്‍ക്കണോ എന്ന സംശയത്തിലായി. 

പെട്ടന്നുതന്നെ ആണ്‍കുട്ടി തിരികെ വന്നു. ഒരു പാക്കറ്റ് അവന്‍ തന്നെ തുറന്നു. അതില്‍ ഇഡലികള്‍ ആയിരുന്നു. 

അവന്‍ ആ തുറന്ന ഭക്ഷണ പാക്കറ്റ് അയാളുടെ കൊടുത്തു. അയാള്‍ സംശയത്തോടെയും അതിലേറെ അത്ഭുതത്തോടെയും അവനെ നോക്കി. 

അവന്‍ തന്റെ കീശയില്‍ നിന്ന് ഒരു പഴയ കുഞ്ഞുമെഴുകുതിരി പുറത്തെടുത്തു. പിന്നെ അയാളെ നോക്കി. അവന്‍ ആ മെഴുകുതിരി ഒരു ഇഡ്ലിയില്‍ തിരുകിവെച്ചു. 

അപ്പോള്‍ അയാളുടെ മുഖത്ത് ചിരി പടര്‍ന്നു. 

ആ ആണ്‍കുട്ടി വീണ്ടും കീശയില്‍ കൈ തിരുകി ഒരു തീപ്പെട്ടിയെടുത്തു. അതില്‍ ഏതാനും കൊള്ളികള്‍ മാത്രമേയുള്ളൂ. അവന്‍ ഒരു കൊള്ളിയെടുത്ത് ഉറച്ചു. തീ കത്തിയില്ല. അയാള്‍ തീപ്പെട്ടി വാങ്ങി മെഴുകുതിരി കത്തിച്ചു. 

അവന്‍ അവളെ വിളിച്ചു.. അവള്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി. അവന്‍ അവളോട് പറഞ്ഞു 'ഊത്' അവള്‍ ഊതുമ്പോള്‍ അവന്‍ കൈകൊട്ടിക്കൊണ്ട് ഉറക്കെയുറക്കെ ചിരിച്ചു.. ആ ചിരി അവിടെയുള്ള കെട്ടിടങ്ങളുടെ ചുവരില്‍ തട്ടി മുഴങ്ങി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...