Asianet News MalayalamAsianet News Malayalam

Malayalam Short Story ; അപ്പന്റെ ചുവന്ന മമ്മട്ടികള്‍, ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗ്രിന്‍സ് ജോര്‍ജ് എഴുതിയ ചെറുകഥ

chilla malayalam short story by grince george
Author
First Published Nov 25, 2022, 7:21 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by grince george

 

ആ സെമിത്തേരിക്കൊരു ശവപ്പെട്ടിയുടെ ആകൃതിയാണ്. വെളുത്തനിറം പൂശിയ ചുറ്റുമതില്‍.

ജാസ്മിന്‍ ബസ് സെമിത്തേരിക്കുന്നു കയറിത്തുടങ്ങിയപ്പോള്‍ വിന്‍ഡോസീറ്റിലിരുന്നു ഞാന്‍ പുറത്തേക്കുനോക്കി. 'സ്വര്‍ഗ്ഗകവാടം' എന്നു നീലനിറത്തിലെഴുതിയ വെളുത്ത കമാനം. കമാനത്തിനപ്പുറം കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്ത കല്ലറകളില്‍ മരിച്ചവര്‍ സുഖമായി ഉറങ്ങുന്നു. അവര്‍ക്കൊപ്പം എന്റെ അപ്പനും. ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു.

ഞാന്‍ പ്രശസ്തമായ പി.ഡി മാര്‍ബിള്‍സിന്റെ കമ്പനിയിലാണു വര്‍ക്കു ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ ഇരിട്ടിയുടെ ഹൃദയഭാഗത്താണ് എന്റെ കമ്പനി. മാര്‍ബിള്‍സിന്റെ മൊത്തവ്യാപാരം. കമ്പനിക്കു പുറകില്‍ നീളത്തിലുള്ള ശീതീകരിച്ച ഗോഡൗണില്‍ മാര്‍ബിള്‍പ്പാളികള്‍ അടുക്കിയിരിക്കുന്നു.

സെയില്‍സും സര്‍വ്വീസും. അതാണെന്റെ ജോലി. കമ്പനി ബൈക്കില്‍ നാടുനീളെ കറങ്ങി കമ്പനിയുടെ മന്ത്‌ലിടാര്‍ഗെറ്റു കംപ്ലീറ്റു ചെയ്യണം. ഓരോ മാസം കഴിയുംതോറും അവര്‍ ടാര്‍ഗറ്റു കൂട്ടിത്തരും. കഴിഞ്ഞമാസത്തെ ടാര്‍ഗറ്റ് മുപ്പത്തിയഞ്ചു ലക്ഷമായിരുന്നു.

മുപ്പത്തിയഞ്ചു ലക്ഷം!

'മുപ്പതുവര്‍ഷം പണിയെടുത്താല്‍ നിനക്കാ തുക തികച്ചും കാണാനൊക്കുമോടാ?'

കഴിഞ്ഞമാസം ടാര്‍ഗറ്റാകാത്തതിനാല്‍ എ.സി ക്യാബിനില്‍ മുതലാളിയുടെ വായിലിരിക്കുന്നതു കേട്ടു തലകുനിച്ചു നില്‍ക്കുമ്പോള്‍ മരിച്ചുപോയ അപ്പന്‍ എന്റെ ചെവിയില്‍ വന്നു ചൊറിഞ്ഞു.

'കേട്ടോണ്ടു നിക്കാതെ നല്ല നാലെണ്ണമങ്ങു പറഞ്ഞു കൊടുക്കെടാ മൈത്താണ്ടീ..'

ഞാന്‍ ഒന്നും മിണ്ടാതെ നിന്ന് അയാളുടെ വായിലിരിക്കുന്നതു മൊത്തം മേടിച്ചുകൂട്ടുന്നത് അപ്പനു തീരെ പിടിച്ചിട്ടുണ്ടാകില്ല. ഞാന്‍ ആവശ്യത്തിനു പോലും വാ പൊളിക്കില്ലെന്നു നന്നായി അറിയാവുന്ന അപ്പനിതെന്തിന്റെ കേടാ.

കൂളിംഗ്-ഗ്ലാസു വെച്ച് നരച്ച തലമുടിയുള്ള, കൈയില്‍ കട്ടിയുള്ള ബ്രേസ്-ലെറ്റു കെട്ടിയ തടിയന്‍ മുതലാളിക്ക് എത്ര കിട്ടിയാലും ആക്രാന്തം മാറില്ല.

'കളഞ്ഞിട്ടു വല്ല തൂമ്പാപ്പണിക്കും പോകെടാ ദുഃഖക്കനീ..'

ജോലിയുടെ പ്രഷര്‍ സഹിക്കാന്‍ കഴിയാതെ പൊരിവെയിലില്‍ വിയര്‍ത്തുകുളിച്ചു നാരങ്ങാവെള്ളം മോന്തുമ്പോള്‍ മനസ്സെന്നെ അപ്പന്റെ സ്വരത്തില്‍ വീണ്ടും ഉപദേശിക്കും.

എനിക്കങ്ങനെ എളുപ്പം പണി കളയാനൊക്കില്ലായിരുന്നു. ബിബിഎ കംപ്ലീറ്റഡു വിത്ത് ഇരുപത്തിയാറു 'സപ്ലി' കഴിഞ്ഞിട്ട് ഇതിപ്പോള്‍ നാലാമത്തെ കമ്പനിയാണ്. ആള്‍ക്കാരെ കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങുന്ന എനിക്കങ്ങനെ എളുപ്പം ജോലി കിട്ടുമോ? ബിബിഎ ആണെന്നും പറഞ്ഞ് അക്കൗണ്ടിങ് ജോലിക്കു കയറിയ പെട്രോള്‍പമ്പിലെ മുതലാളി ഞാന്‍ വരച്ചു വച്ച 'ബാലന്‍സ്ഷീറ്റു' വലിച്ചെറിഞ്ഞലറിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്.

'ഗോ റ്റു ഹെല്‍!' ഞാന്‍ എഴുതിവച്ചത് അങ്ങേര്‍ക്കു വായിക്കാന്‍ പറ്റുന്നില്ലപോലും.

'അതാ ഞാന്‍ പറയുന്നേ തൂമ്പായെടുക്കാന്‍. നിനക്കു ജീവിക്കാനുള്ളത് ഈ മണ്ണു തരും.'

മണ്ണു പറ്റിയ മെല്ലിച്ച കൈ മടക്കിക്കുത്തിയ കൈലിയേല്‍ തൂത്തേച്ച് അപ്പന്‍ പറയുന്നു.

കടുംചുവപ്പു നിറമുള്ള ഷര്‍ട്ടും വെളുത്തനിറമുള്ള പാന്റും. അതാണു കമ്പനിയുടെ യൂണിഫോം. പോരെങ്കില്‍ കാലിലൊരു പാള ഷൂ.. കഴുത്തിലൊരു കറുത്ത ടൈ. ഈ വേഷം എന്റെ  കറുത്തു മെല്ലിച്ച ഉടലിന് ഒട്ടും ചേരില്ല.

എനിക്കാള്‍ക്കാരോടു സംസാരിക്കാന്‍ നല്ല വൈമുഖ്യമുണ്ട്.

നാണം. ഭയം.

വല്ലാത്ത കോംപ്ലക്‌സ്. സംസാരിച്ചു തുടങ്ങുമ്പോള്‍ ഭയമെന്റെ മെലിഞ്ഞൊട്ടിയ കവിളില്‍ ഫെവിക്കോള്‍ പശപോലെ വന്നൊട്ടിപ്പിടിക്കുന്നതു ഞാനറിയും. എന്റെ വാക്കുകള്‍ മുറിയും. സ്വരം ഇടറും. ഈ ജോലിക്കതു പറ്റില്ല. സെയില്‍സ് രംഗത്തു വിജയിക്കണമെങ്കില്‍ കസ്റ്റമേര്‍സിനെ കൈയിലെടുക്കാന്‍ കഴിയുന്ന ഇമ്പമുള്ള ശബ്ദം വേണം. നല്ല കട്ടിമീശയും ക്ലീന്‍ഷേവു ചെയ്തു കണ്ണാടിപോലെ തിളങ്ങുന്ന കവിള്‍ത്തടങ്ങളും വെളുത്തനിറവും വേണം.

'മാര്‍ട്ടിന്‍.. യു ആര്‍ ടോട്ടലി അണ്‍ഫിറ്റ് ഫോര്‍ ദിസ് കമ്പനി. നീ വേറെ വഴി നോക്കിക്കോ..'

ഇടയ്ക്കിടയ്ക്കു ക്യാബിനിലേക്കു വിളിപ്പിച്ചു മുതലാളി പറയും.

'സര്‍ പ്ലീസ്.. അടുത്ത തവണ ഞാനെന്തായാലും ടാര്‍ഗറ്റാക്കും.'

ഞാന്‍ നാണംകെട്ടു തടിയനു മുന്നില്‍ കെഞ്ചും. അപ്പന്‍ ചെവിയിലിരുന്നു ചിരിക്കും.

'നിന്നെ ഈ വേഷത്തിലിപ്പോ എടുത്തു ചിമ്മിനിക്കാട്ടുകാരുടെ കണ്ടത്തോട്ടു വയ്ക്കാന്‍ കൊള്ളാം.'

മുതലാളിയെ പിന്നേം സഹിക്കാം. അപ്പന്റെ സ്ഥാനത്തും ആസ്ഥാനത്തുമുള്ള ചൊറിച്ചിലാ അസ്സഹനീയം.

ഞാന്‍ പല്ലു കടിച്ചുകൊണ്ടു പുറത്തേക്കു നോക്കി. ജാസ്മിന്‍ ബസ്സിപ്പോള്‍ ആറളം പാലത്തിന്റെയടുത്തു നിര്‍ത്തിയിട്ടിരിക്കുകയാണ്. മെല്ലിച്ചു പൊക്കം കൂടിയ ഒരാള്‍ ബസ്സിലേക്കു കയറുന്നതു കണ്ടു. മെലിഞ്ഞിട്ടെങ്കിലും നെഞ്ചു നിവര്‍ത്തിപ്പിടിച്ച നടപ്പ്. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു. സൂചി കുത്തിക്കയറുന്നതു പോലെയുള്ള നോട്ടം. പെട്ടെന്നെനിക്കെന്റെ അപ്പനെ പോലെ തോന്നിച്ചു.

ഡബിള്‍ ബെല്ലടിച്ചു. ജാസ്മിന്‍ പതിയെ നീങ്ങിത്തുടങ്ങി. പാലം കഴിഞ്ഞു വളവുതിരിഞ്ഞ ബസ്സു പതിയെ അയ്യപ്പന്‍കാവു റോഡിലേക്കു പ്രവേശിച്ചു. നാലുകിലോമീറ്റര്‍ കൂടി കഴിഞ്ഞാലതു  'ഹാജിറോഡില്‍' ചാടും. വൈകാതെ ഇരിട്ടിയിലേക്ക്.. ഓഫീസ് അടുക്കുംതോറും നെഞ്ചു പടപടാ മിടിക്കുന്നതു ഞാനറിഞ്ഞു. ഇന്നും എന്തേലും കാരണത്തിനു മുതലാളിയുടെ വായിലിരിക്കുന്നതു കേള്‍ക്കേണ്ടി വരും. എന്റെ പാവം പിടിച്ച സ്വഭാവവും ആളെ കാണുമ്പോഴുള്ള വിറയലും തലയില്‍ കേറിയിരുന്നു തൂറാനുള്ള ലൈസന്‍സാണെന്നാ അങ്ങേരുടെ വിചാരം. സഹപ്രവര്‍ത്തകരുടെ അടക്കിപ്പിടിച്ച ചിരികള്‍ എന്റെ മുന്നില്‍ വന്നു വീണു റബറിന്‍കായ്കള്‍പോലെ പൊട്ടി. ഞാന്‍ വീണ്ടും പല്ലു കടിച്ചു. 

ഇരുവശങ്ങളിലും തിങ്ങിനില്‍ക്കുന്ന മരങ്ങളുടെ നിഴല്‍വീണു കറുത്ത റോഡിലൂടെയാണു ബസ്സിപ്പോള്‍ നീങ്ങുന്നത്. വശങ്ങളില്‍ കൂടുതലും റബ്ബറാണ്. കുന്നിനു മുകളില്‍ തഴച്ചുനില്‍ക്കുന്ന അവയുടെ തലപ്പുകള്‍ അനന്തതയിലേക്കു നീളുന്നു. അത് എന്റെ അപ്പന്‍ വെച്ച റബ്ബറാണ്. അന്ന് ആറളംപാലം വന്നിട്ടില്ല. കടത്തു കടന്നു വെളുപ്പാംകാലത്തു കുന്നു കേറും അപ്പന്‍.

'മോനേ ജീവിക്കുമ്പോള്‍ നല്ല അന്തസ്സോടെ ജീവിക്കണം. എന്റെ അപ്പനെപ്പോലെ.. തലയുയര്‍ത്തിപ്പിടിച്ചു നടക്കണം. എന്തു പണിയായാലും..'

ഏതോ വേനലവധിക്കാലത്തു വിയര്‍ത്തുകുളിച്ചു കുന്നിന്‍മുകളില്‍ കൊത്തിയ പ്ലാറ്റ്‌ഫോമിലിരിക്കുമ്പോള്‍ അപ്പന്‍ എന്നോടു പറഞ്ഞ വാക്കുകള്‍.

'പയഞ്ചേരി മുക്ക്.. പയഞ്ചേരി മുക്ക്.''

കണ്ടക്ടര്‍ വിളിക്കുന്ന ശബ്ദം. ഇത്ര പെട്ടെന്ന് ഇരിട്ടിയെത്തിയോ? ഞാന്‍ സീറ്റില്‍നിന്നു ഞെട്ടിപ്പിടഞ്ഞെണീറ്റു. നഗരമധ്യത്തില്‍ കൃസ്ത്യന്‍പള്ളിയുടെയടുത്താണ്  ഓഫീസ്. പതിയെ നടക്കാന്‍ തുടങ്ങി. നടന്നിട്ടും നടന്നിട്ടും ഒരിക്കലും ഓഫീസെത്തരുതേയെന്നു മനസ്സു പ്രാര്‍ത്ഥിക്കുന്നു. ഹോംവര്‍ക്കു ചെയ്യാതെ പോയ ദിവസം ഇംഗ്ലീഷ് പിരിയഡിനു തൊട്ടുമുന്‍പു മനസ്സില്‍ നിറയുന്ന ഒരുതരം ഭയം ഓരോ ചുവടിലും ഉള്ളില്‍ വളരുന്നതു ഞാനറിഞ്ഞു. ഒരിക്കലും നടക്കില്ലെന്നറിയാമെങ്കിലും ജീവിതത്തില്‍ പലപ്പോഴും നമ്മളങ്ങനെ പ്രാര്‍ത്ഥിച്ചു പോകും. പക്ഷേ ഒരിക്കലും നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല. മലയാളം പിരിയഡു കഴിയും. കൈയില്‍ വടിയുമായി ഇംഗ്ലീഷ് സാര്‍ വരും!

ഓഫീസ് എത്താനായി. ഓഫീസില്‍നിന്നു കുറച്ചുമാറി റോഡിന്റെ എതിര്‍വശത്തുള്ളയൊരു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുറത്തു 'ഡിസ്‌പ്ലേയില്‍' മമ്മട്ടിത്തൂമ്പാകളിരിക്കുന്നതു ഞാന്‍ കണ്ടു. ചുവന്നനിറമടിച്ച പുതിയ മോഡല്‍ മമ്മട്ടികള്‍. ആ ഹൈപ്പര്‍മാര്‍ക്കറ്റ് അടുത്ത ഇടയ്ക്കു തുടങ്ങിയതാണ്. എനിക്കു വീണ്ടും അപ്പനെ ഓര്‍മ്മവന്നു.

'ഇങ്ങനെ പേടിക്കാതെടാ.. എന്റെ അപ്പനു മനുഷ്യനായിപ്പിറന്ന ഒരു മൈത്താണ്ടിയേയും പേടിയില്ലായിരുന്നു.'

 അപ്പന്‍ ഉറച്ചശബ്ദത്തില്‍ പറയുന്നു. അപ്പന്റെ പരിഹാസം കേള്‍പ്പിക്കാന്‍ മനസ്സു ബോധപൂര്‍വ്വം കാണിച്ചു തന്നതാണോ ആ ചുവന്ന മമ്മട്ടികളെ? ഇതുവരെയും കണ്ടിട്ടില്ലാത്ത വിശേഷപ്പെട്ട കാഴ്ച!

ഷൂ റാക്കില്‍ ചെരുപ്പഴിച്ചു വച്ചു ഞാന്‍ പതിയെ ഓഫീസിലേക്കു പ്രവേശിച്ചു. കഷ്ടകാലത്തിനു ഷൂവിടാന്‍ മറന്നുപോയിരിക്കുന്നു. മുതലാളി കണ്ടാല്‍ ഇന്നത്തേക്ക് അതുമതി. അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചു ഞാന്‍ എന്റെ ക്യൂബിക്കിളിലേക്കു കയറി. സെയില്‍സ് വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്കു ഫീഡ് ചെയ്യാന്‍ തുടങ്ങി. ഫീഡിങ് കംപ്ലീറ്റാക്കിയാല്‍ റൂട്ടിലേക്കു പോകണം.

'എന്നാ ചെരയ്ക്കലാടാ ഉവ്വേ?'

നാശം! അപ്പന്‍ ഇതിന്റെയകത്തും സ്വസ്ഥത തരില്ല.

'മാര്‍ട്ടിനെ സാര്‍ വിളിക്കുന്നു.'

ഗ്ലാസ് ഡോറിനകത്തേക്കു തല മാത്രമിട്ടു നില്‍ക്കുന്നതു രമ്യയാണ്. അവളുടെ ചുണ്ടിന്റെ കോണില്‍ പരിഹാസച്ചിരി. ഇപ്പോള്‍ മനസ്സില്‍ ഓര്‍മ്മവരുന്നതു ദിലീപ് ആത്മഹത്യ ചെയ്യാന്‍ വേണ്ടി നടക്കുന്ന ഒരു സിനിമയാണ്. 'ചിരിച്ചോടീ പട്ടിപ്പുല്ലേ..'

'സര്‍'

ഞാന്‍ പതിയെ വിളിച്ചു. മുതലാളി കമ്പ്യൂട്ടര്‍ മോണിറ്ററില്‍നിന്നു തലയുയര്‍ത്തി എന്നെ തറപ്പിച്ചു നോക്കി. ആ നോട്ടത്തില്‍ത്തന്നെ ഉടലു മെല്ലെ വിറച്ചു തുടങ്ങുന്നതു ഞാനറിഞ്ഞു.

'മാര്‍ട്ടിന്‍.. വാട്ട് ആര്‍ യൂ ഡൂയിംഗ് ഇന്‍ ദിസ് ഓഫീസ്? താനെന്തു ചെരയ്ക്കാനാ ഈ ഓഫീസില്‍ ജോലി ചെയ്യുന്നത്? നിന്നെയൊക്കെ ജോലിക്കെടുത്ത എന്നെ പറഞ്ഞാല്‍ മതി. കഴിഞ്ഞദിവസം നീ സെയില്‍സോര്‍ഡറെടുത്ത ഒരു കോണ്‍ട്രാക്ട് ക്യാന്‍സലായി.'

അയാളുടെ കവിള്‍ത്തടങ്ങള്‍ ദേഷ്യം കൊണ്ടു വിറയ്ക്കുകയാണ്. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി.

'സര്‍ അതു ഞാന്‍ അറിഞ്ഞി..' എന്റെ ശബ്ദം വല്ലാണ്ടു പതറി.

'നോ മോര്‍ എക്‌സ്പ്ലനേഷന്‍..'

അയാള്‍ എന്നെ കൈയുയര്‍ത്തി തടഞ്ഞു ഷൗട്ടിംഗ് തുടരുകയാണ്. പുറത്തുനിന്നു സഹപ്രവര്‍ത്തകര്‍ എത്തിനോക്കുന്നു. എന്റെ ശരീരം വിയര്‍ത്തുകുളിക്കുന്നതു ഞാനറിഞ്ഞു. തലചുറ്റി നിലത്തു വീഴുമെന്നു തോന്നിയ ഒരുനിമിഷം എന്റെ കണ്ണടഞ്ഞു. അപ്പോള്‍ അപ്പന്‍ മുന്നില്‍വന്നു നില്‍ക്കുന്നതുപോലെ എനിക്കു തോന്നി.

'എടാ എന്റെയപ്പനു മനുഷ്യനായിപ്പിറന്ന ഒരു മൈത്താണ്ടിയെയും പേടിയില്ലായിരുന്നു.' വിയര്‍പ്പില്‍ കുതിര്‍ന്ന ലുങ്കി വാരിച്ചുറ്റി അങ്ങേരു പറയുന്നു :

'ഒരുത്തന്റേം മുന്നില്‍ തല കുനിക്കരുത്.'

'പ്ഫാ നിര്‍ത്തെടാ പന്നക്കഴ്‌വര്‍ട മോനേ..' എന്റെ തലയുയര്‍ന്നു. ഞാന്‍ ഉച്ചത്തില്‍ അലറി. മുതലാളി ഞെട്ടിത്തരിച്ചിരിക്കുന്നതു ഞാന്‍ കണ്ടു.

'എനിക്കു നിന്റെ കോപ്പിലെ പണി വേണ്ടെടാ..'

ടൈ വലിച്ചൂരി ഞാനയാളുടെ മുഖത്തു വലിച്ചെറിഞ്ഞു. പിന്നെ ക്യാബിന്റെ വാതില്‍ തുറന്ന് അമ്പരന്നുനില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കു മുന്നിലൂടെ പുറത്തേക്ക്. കൃസ്ത്യന്‍പള്ളിയുടെ ഗ്രോട്ടോയില്‍ ബാലകനായ ഈശോയെ മടിയിലിരുത്തിയ യൗസേപ്പിതാവിനെ കണ്ടതും മനസ്സു ശാന്തമാകുന്നതു ഞാനറിഞ്ഞു.  ഇത്തവണ ചെവിയില്‍ ചൊറിഞ്ഞത് അപ്പനാകാന്‍ സാധ്യതയില്ല. അത് അപ്പന്റെ അപ്പന്‍ കുഞ്ഞൂഞ്ഞാകും. അങ്ങേരു പണ്ടു വെളിമാനം കവലയില്‍വച്ച് ഒരുത്തനെ ഒറ്റയിടിക്കു തൂറിച്ചിട്ടുള്ളതാ. ആലോചിച്ചപ്പോള്‍ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.

ഞാനാ ഹൈപ്പര്‍മാര്‍ക്കറ്റിലേക്കു മെല്ലെ നടന്നു. ചുവന്ന മമ്മട്ടികള്‍ എന്റെ കണ്ണില്‍ നിറഞ്ഞു.

'എനിക്കൊരു മമ്മട്ടിത്തൂമ്പാ വേണം.'

കടക്കാരന്‍ തിരക്കിലായിരുന്നു. അതു ശ്രദ്ധിക്കാതെ ഉറച്ച ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. 


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios