ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹരി  അരയമ്മാക്കൂല്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കര്‍ക്കിടക സന്ധ്യയില്‍ മഴ തൂങ്ങി നില്‍ക്കുകയായിരുന്നു. പെട്ടെന്നാണ് പടിഞ്ഞാറെവിടെയോ മേഘപാളികള്‍ക്കുള്ളിലൂടെ ചാഞ്ഞിറങ്ങിയ അസ്തമയകിരണങ്ങള്‍ തൊടിയിലാകെ വെള്ളിവെളിച്ചം വിതറാന്‍ തുടങ്ങിയത്. വരാന്തയില്‍ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു വീരഭദ്രന്‍ മജിസ്‌ട്രേറ്റ്. മുമ്പ് കോടതിയില്‍ പോകാറുള്ള കാലത്തുള്ള ശീലമാണ് വൈകുന്നേരത്തെ ഈ നീണ്ട വായന. മണിക്കൂറുകള്‍ നീളുന്ന ഇംഗ്ലീഷ് പത്രപാരായണം. രാവിലെ ഒന്ന് കണ്ണോടിക്കും; വിശദവായന വൈകുന്നേരം മാത്രം. 

നേരം വൈകുന്നതു കൊണ്ടൊന്നും വീരഭദ്രന് വാര്‍ത്തകള്‍ പഴഞ്ചനാകാറില്ല. മറിച്ച് നേരത്തോടുനേരം പതംവന്ന വാര്‍ത്തകള്‍ അപ്പോള്‍ അയാളുടെ സൂക്ഷ്മപഠനത്തിനായി കാത്തിരിക്കുകയായിരിക്കും. അയാള്‍ വായന നിര്‍ത്തി. മൂവന്തിക്ക് പൊടുന്നനെ തെളിഞ്ഞുവന്ന തന്റെ പറമ്പിന്റെ വിശാലതയിലേക്ക് അയാളുടെ ശ്രദ്ധ തിരിഞ്ഞു. അസ്തമയനാളങ്ങള്‍ തൊടിമുഴുവന്‍ നിറഞ്ഞുനിന്ന ഇലച്ചാര്‍ത്തുകള്‍ക്ക് മീതെ നിറക്കൂട്ട് തീര്‍ത്തു. നഗരത്തിന് നടുക്കുള്ള ഇത്രയും വലിയ സ്ഥലം ജില്ലാകോടതിയില്‍നിന്നും വിരമിച്ച ഒരു ജഡ്ജിയ്ക്ക് സ്വപ്നതുല്യം തന്നെ . താഴെ ഗെയിറ്റിനപ്പുറത്ത് ട്രാഫിക് കുരുക്കില്‍ കുടുങ്ങി ഒച്ച വയ്ക്കുന്ന വാഹനങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇതൊരു നഗരം തന്നെയാണെന്നുപോലും ആര്‍ക്കും തോന്നില്ല. അയാള്‍ക്ക് എന്തോ പെട്ടെന്ന് അച്ഛനെ ഓര്‍മ വന്നു. എല്ലാം അച്ഛന്റെ അനുഗ്രഹം; ഔദാര്യം.

വൈകുന്നേരത്തോടെ അത്താഴവും തയ്യാറാക്കിവച്ച് പാചകക്കാരിപ്പെണ്ണ് തിരിച്ചു പോയാല്‍ പിന്നെ പൂമുഖത്തു തന്റെ ഓര്‍മകളോടൊപ്പം വീരഭദ്രന്‍ ഒറ്റക്കാവും. ചില നേരങ്ങളില്‍ അയാള്‍ നീളന്‍ വരാന്തയയുടെ നടുക്കായി തൂക്കിയ പഴയ ആള്‍കണ്ണാടിയുടെ മുമ്പില്‍ പോയി നില്‍ക്കും. കണ്ണാടിയുടെ മുകള്‍ ഭാഗത്ത് ഫ്രെയിമിനു തൊട്ടുതാഴെ വെള്ള പെയിന്റുപയോഗിച്ചെഴുതിയ ' Are you properly dressed?' എന്ന വാചകം അങ്ങിങ്ങായി പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. 

ഡബിള്‍മുണ്ടിനു മേല്‍ കയ്യുള്ള ബനിയന്‍ മാത്രം ധരിച്ചു അയാള്‍ കുറെ നേരം കണ്ണാടിക്കു മുമ്പില്‍ ചെന്നുനിന്നു സ്വയം വീക്ഷിക്കും. അറുപത്തഞ്ചു കഴിഞ്ഞിട്ടും വീരഭദ്രന്‍ അരോഗദൃഢഗാത്രനാണ്. ആയുസ്സും, ആരോഗ്യവുമെല്ലാം ഒരു പരിധിവരെയെങ്കിലും പാരമ്പര്യമായി കിട്ടുന്നതാണ് . കൃത്യമായ ജീവിതശൈലിയിലൂടെ ആരോഗ്യസംരക്ഷണം നടത്തിയാല്‍ പിന്നെ ഒന്നും പേടിക്കേണ്ടതില്ല. അയാള്‍ സ്വയം ബലപ്പെടുത്താന്‍ ഒരു ശ്രമം നടത്തും. അച്ഛനും അങ്ങിനെതന്നെയായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ തൊണ്ണൂറു കഴിഞ്ഞിരുന്നു. 

സുപ്രീംകോടതിയിലെ പ്രസിദ്ധനായ ബാരിസ്റ്റര്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമായപ്പോഴും ഏകമകനായ തന്നെയും അമ്മയെയും മലബാറിലെ ഈ നഗരമധ്യത്തിലെ വീട്ടില്‍ തന്നെ നിര്‍ത്തുകയായിരുന്നല്ലോ.

വേനലവധികളില്‍ മാത്രം നാട്ടില്‍ വരുന്ന അച്ഛന്‍. എപ്പോഴെങ്കിലും ഡെല്‍ഹിയ്ക്ക് പോകുന്ന അമ്മയും മകനും. പട്ടര് വക്കീലിന്റെ നാട്ടിലെ വീട്ടില്‍ അന്നൊക്കെ എപ്പോഴും തിരക്കായിരുന്നു. വലിയ വീടിന്റെ ഒരു ഭാഗം സുപ്രീംകോടതി വക്കീലിന്റെ കേരളത്തിലെ ഓഫീസായും പ്രവര്‍ത്തിച്ചിരുന്നു. 

ഡല്‍ഹിയിലേക്കുള്ള പറിച്ചുനടല്‍ കാത്തിരുന്ന ജൂനിയര്‍മാര്‍ കാലത്ത് ഒമ്പതു മണിയാകുമ്പോള്‍ തന്നെ ഹാജരാകും; തിരിച്ചു പോകുമ്പോള്‍ സന്ധ്യ കഴിഞ്ഞിരിക്കും. എല്ലാവര്‍ക്കും കൂടെ ഒരേയൊരു വക്കീല്‍ ഗുമസ്തന്‍; നീണ്ടുമെലിഞ്ഞു വെള്ളയുടുത്തുവരുന്ന കുഞ്ഞനന്തന്‍ നായര്‍. കുഞ്ഞനന്തന്‍ ഒരു സ്റ്റീരിയോടൈപ്പ് വക്കീല്‍ ഗുമസ്തന്‍ തന്നെയായിരുന്നു. തടിച്ച രജിസ്റ്ററുകള്‍ക്കിടയില്‍ തല താഴ്ത്തിയിരിക്കുന്ന മിതഭാഷിയായ അയാള്‍ കൃത്യസമയത്ത് നിയമവശങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ മാത്രം വായ തുറക്കും. സുപ്രീം കോടതിയിലുള്ള തങ്ങളുടെ കേസുകളില്‍ അച്ഛന്റെ വക്കാലത്തുതേടി ഭവ്യതയോടെ ഗേറ്റ് കടന്നു വരുന്ന കക്ഷികള്‍, ഒരിക്കലും നിലക്കാത്ത ടൈപ്പ് റൈറ്ററിന്റെ ചിലപ്പ്, ഡല്‍ഹിയിലേക്ക് ഉച്ചത്തിലുള്ള ട്രങ്ക് കോള്‍ വിളികള്‍. അകത്തുവന്നു അമ്മയെ കണ്ട് വണങ്ങുന്ന രാഷ്ട്രീയക്കാരും മന്ത്രിമാരും.

പിന്നീടെപ്പോഴോ അച്ഛന്‍ വക്കീലില്‍ നിന്നും മജിസ്‌ട്രേറ്റ് മകനിലേക്ക് കൈമാറ്റം ചെയ്തപ്പോഴാണ് വീട് ഉറങ്ങിപ്പോയത് . വക്കീലിന്റെ വാചാലതയില്‍ നിന്നും മജിസ്‌ട്രേറ്റിന്റെ അല്പഭാഷിത്വത്തിലേക്ക് വീടും ചുരുങ്ങിപ്പോയതുപോലെ. സുപ്രീംകോടതിയും കേസും മാത്രമായി ജീവിച്ചുമരിച്ച കീര്‍ത്തിമാനായ അച്ഛന്റെ ഈ ഒറ്റമകന് ജില്ലാ കോടതി വരെ മാത്രമേ ഉയരാന്‍ കഴിഞ്ഞുള്ളൂ എന്നതില്‍ വീരഭദ്രന് ഖേദമൊന്നുമില്ല.

അല്ലെങ്കിലും വിഖ്യാതനായ ഏത് അച്ഛന്റെ മക്കളാണ് അച്ഛനെക്കാള്‍ വലുതായത! അത് ലോ ഓഫ് ആവറേജ്. ഒരു ഭാഗം വലുതാകുമ്പോള്‍ മറുഭാഗത്തെ ചെറുതാക്കി നിര്‍ത്തുന്ന പ്രകൃതിനിയമം. അച്ഛന്റെ പ്രഭയില്‍ നിറം മങ്ങി ഒന്നുമല്ലാതായിപ്പോകുന്ന എത്രയോ മക്കളുണ്ട്. പിതാവിന്റെ പ്രശസ്തിക്കുമുമ്പില്‍ ചൂളിപ്പോകാതെ പിടിച്ചുനില്‍ക്കാന്‍ പറ്റിയത് തന്നെ തന്റെ ഭാഗ്യം.

പൂര്‍വികരുടെ പേരിനു ക്ഷതം തട്ടാതെ നിലനിര്‍ത്തി, കുടുംബ തൊഴിലായ നിയമത്തിന്റെ ലോകത്ത് ഉറച്ചുനിന്നു ജില്ലാ കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്തത് തികച്ചും അഭിമാനപൂര്‍വം തന്നെയാണ്. മജിസ്‌ട്രേറ്റ് വീരഭദ്രന്‍ ഹൈക്കോടതിയില്‍ എത്താഞ്ഞത് കുറുക്കുവഴികള്‍ തേടാഞ്ഞത് കൊണ്ട് മാത്രമാണെന്ന് ലീഗല്‍ ഫ്രെറ്റെണിറ്റി പരക്കെ അംഗീകരിച്ച കാര്യമാണ്. വീരഭദ്രനെക്കുറിച്ച് സീനിയര്‍ വക്കീലന്മാര്‍ പലരും പലപ്പോഴും പരസ്യമായിതന്നെ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എങ്കിലും വിരമിയ്ക്കല്‍ ചടങ്ങില്‍ വച്ച് ഒളിയമ്പ് അയക്കാനും മറന്നില്ല. 

സ്വന്തം കാഴ്ചപ്പാടുകള്‍ സാധൂകരിക്കാന്‍ നിയമത്തെ ഉപയോഗിക്കുന്നതില്‍ അഗ്രഗണ്യനാണ് വീരഭദ്രന്‍ ജഡ്ജ് എന്നാണ് ഒരു വഷളന്‍ വക്കീല്‍ തട്ടിവിട്ടത്. മജിസ്‌ട്രേട്ടിന്റെ കീഴില്‍ കോടതിസ്റ്റാഫ്, പ്രത്യേകിച്ചും ബെഞ്ച് ക്ലാര്‍ക്കുമാര്‍, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ശിരസ്തദാറും സൂചിപ്പിച്ചിരിന്നു. പക്ഷെ അതെല്ലാം നിയമത്തോടും റൂള്‍സിനോടുമുള്ള അയാളുടെ അചഞ്ചലമായ പ്രതിപത്തികൊണ്ടാണെന്ന് അവര്‍ക്കു തന്നെ അറിയാവുന്നതാണ് . 

പിന്നെ സര്‍ക്കാര്‍ സര്‍വീസില്‍ റിട്ടയര്‍മെന്റ് ചടങ്ങ് പലര്‍ക്കും ഈര്‍ഷ്യ തീര്‍ക്കാനുള്ള ഒരവസരം കൂടിയാണല്ലോ; മേലുദ്യോഗസ്ഥന്‍ പടിയിറങ്ങുമ്പോള്‍ അരിശം തീര്‍ക്കാനുള്ള ഒരു വേദി. പ്രസംഗത്തിനിടയില്‍ പരോക്ഷമായി ചില താങ്ങലുകളൊക്കെ ഉണ്ടാകും. അതൊന്നും അത്ര കാര്യമാക്കേണ്ട. അണുകിട വിടാതെയുള്ള തന്റെ രീതികളൊന്നും എല്ലാവര്‍ക്കും എപ്പോഴും പിടിച്ചുകാണണമെന്നില്ല.

കോടതിമുറിയിലെ ജഡ്ജി അദ്വിതീയനാണ്. വീരഭദ്രന് വിസ്താരം കേള്‍ക്കലും , വിധി എഴുതലുമൊന്നും ഒരു തൊഴില്‍ മാത്രമായിരുന്നില്ല. കുറ്റമറ്റ നീതിന്യായവ്യവസ്ഥ മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനു തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് അയാള്‍ സ്വയം ഓര്‍മ്മപ്പെടുത്താറുണ്ട്. അതിലൊരു പ്രധാന കണ്ണിയായതില്‍ അയാള്‍ അഭിമാനിച്ചു. 

ആ നിലയ്ക്ക് നോക്കിയാല്‍ അച്ഛനെന്ന വക്കീലിനെക്കള്‍ എത്രയോ ഉയരെയായിരുന്നു ന്യായാധിപന്‍ എന്ന തന്റെ പദവി.

നിയമം, നീതി, ന്യായം ..... ചില സമയങ്ങളില്‍ എല്ലാം അയാള്‍ക്കു വലിയ തമാശയായി തോന്നും. സഹജീവിയായ ഒരു വെറും മനുഷ്യന്റെ വാക്കും നിരീക്ഷണവും ഉത്തരവുമെല്ലാം ഉള്ളുകീറി പെറുക്കിയെടുത്താണല്ലോ നാടും സമൂഹവും ശരിയും തെറ്റും അളന്നെടുക്കുന്നത്!

നിയമവശം മാത്രം നോക്കിയുള്ള വീരഭദ്രന്റെ ന്യായവിധികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അധികമൊന്നും മാറ്റിയെഴുതേണ്ടി വന്നിട്ടില്ല. വിധിയെഴുത്തിലെ സുതാര്യതയ്ക്കും , ആശയവിനിമയത്തിലെ കൃത്യതയ്ക്കും, ഇംഗ്ലീഷ് ഭാഷയിലെ നൈപുണ്യത്തിനും പലപ്പോഴും മേല്‍ക്കോടതികളില്‍ നിന്നും അയാള്‍ക്ക് അംഗീകാരവും ലഭിച്ചിട്ടുണ്ട്.


അങ്ങിനെയൊക്കെയാണെങ്കിലും , കോടതിയ്ക്ക് പുറത്ത് ഒരു ധൈര്യക്ഷയം അയാളെ എന്നും അലട്ടിയിരുന്നു. കോര്‍ട്ട് കോംപ്ലക്‌സിനുള്ളിലെത്തിയാല്‍ സുരക്ഷിതമായ ഒരു വലയത്തിനുള്ളിലെന്നപോലെ അയാള്‍ ശാന്തനാകും. പുറത്ത് ഭ്രാന്തിളകിയ റോഡിലേക്ക് വീണ്ടുമൊന്നിറങ്ങിയാല്‍ മതി അനിശ്ചിതത്വം പിടിമുറുക്കാന്‍. മുന്‍ സീറ്റില്‍ ഇരിക്കുന്ന ഡ്രൈവര്‍ പോലും ഏതു നിമിഷവും തന്നെ അപായപ്പെടുത്തുമെന്ന ശങ്കയാല്‍ അയാളുടെ മനസ്സു കനക്കും. കാറിനു മുമ്പില്‍ ചുകന്ന അക്ഷരത്തില്‍ എഴുതിയ ജില്ലാ ജഡ്ജി' യുടെ ബോര്‍ഡ് മാത്രമാണ് ആ സമയത്ത് അല്‍പമെങ്കിലും ആശ്വാസം നല്കുക.

റിട്ടയര്‍മെന്റിനുശേഷം അസ്വസ്ഥതകള്‍ ഇരട്ടിയായി വീരഭദ്രന്റെ മനസ്സിനെ മതിച്ചുകൊണ്ടേയിരിന്നു. പ്രത്യേകിച്ച്, പടിഞ്ഞാറു മുഖമായി, താഴേക്ക് പരന്നു കിടക്കുന്ന ഈ വീടിനും പറമ്പിനും മേലെ ഇരുട്ട് അറച്ചറച്ചു കയറി വരുന്ന ഇങ്ങനെയുള്ള സായന്തനങ്ങളില്‍. 

ഇരുപത്തേഴാം വയസ്സില്‍ അരങ്ങുണര്‍ത്തി നടത്തിയ കല്യാണം തന്നെ എടുക്കാം. കല്‍പാത്തിയില്‍ നിന്നും കോഴിക്കോടുവരെ ഒരു ഡസന്‍ അംബാസഡര്‍ കാറുകളുടെ അകമ്പടിയോടെ കൊണ്ടുവന്ന വധു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ ബാധ്യതയായി മാറി. അമ്മയുടെ സാന്നിധ്യം തുടക്കത്തില്‍ അനുരഞ്ജനത്തിന്റെ ചില സാധ്യതകളൊക്കെ തുറന്നുതന്നിരുന്നു. 

അമ്മ പോയതില്‍ പിന്നെ ഇരയും, സാക്ഷിയും മധ്യസ്ഥനും എല്ലാം താന്‍ മാത്രമായി മാറി. കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യം വിഗ്രഹമില്ലാത്ത ശ്രീകോവിലായി. ഒരിക്കല്‍പോലും കുടുംബകോടതിയില്‍ ജഡ്ജി ആകാഞ്ഞത് ഭാഗ്യമായി. അല്ലെങ്കില്‍ പലപ്പോഴും ദാമ്പത്യ കേസുകളിലെ തീര്‍പ്പുകല്‍പ്പനകളെ തന്റെ സ്വകാര്യ അനുഭവങ്ങളും, അഭിപ്രായങ്ങളും സ്വാധീനിച്ചു നിറം കെടുത്തിയേനെ.

മറ്റാരുമറിയാതെ, കോടതിമുറിയിലെ ആദരവിലും ചേംബറിന്റെ ഗരിമയിലും സ്വകാര്യതയിലും അയാള്‍ അഭയംതേടി. ന്യായാധിപന്റെ മുറിയ്ക്കുള്ളിലെ തണുത്ത മൗനം നിറഞ്ഞ കുലീനത അയാള്‍ക്ക് എന്നും ആശ്വാസമായി. തിരിച്ചു വീട്ടിലെത്തുമ്പോഴുള്ള സാധാരണത്തമാണ് അയാളെ മടുപ്പിച്ചത്. ഒരു വെറും ഭര്‍ത്താവായി സ്വയം ചുരുങ്ങേണ്ട അവസ്ഥ. വിധി പറഞ്ഞു തീര്‍പ്പ് കല്‍പ്പിക്കേണ്ട ജഡ്ജി, വീട്ടുകാരിയുമായി നിസ്സാരമായ തര്‍ക്കങ്ങളില്‍പ്പെട്ടു നിന്ദ്യനായിപ്പോകേണ്ട ഗതികേട്.

അംബുജത്തിന്റെ മരണത്തിനു ശേഷമാണ് ഈ വീടിന് പഴയ പ്രതാപം വീണ്ടുകിട്ടിയത്. അവള്‍ ആശുപത്രിയിലെത്തുന്നതിനു മുമ്പേ മരിച്ചിരുന്നു. ചേതനയറ്റ അംബുജത്തിന്റെ കണ്ണുകള്‍ തുറന്നുവച്ച നിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാതെ മറ്റൊരു മാര്‍ഗവും വീരഭദ്രനുമുമ്പില്‍ ഇല്ലായിരുന്നു. പോലിസ് ഇന്‍സ്‌പെക്ടറെ ഇടനിലക്കാരനാക്കി ഡോക്ടറുടെ അടുത്തേക്ക് അയയ്ക്കുകയായിരുന്നു. മുറുമുറുപ്പോടെയാണെങ്കിലും ഡോക്ടര്‍ സമ്മതം മൂളി. ആദ്യം ബ്രോട്ട് ഡെഡ് എന്നെഴുതിയത് പിന്നീടയാള്‍ തിരുത്തിയെഴുതി. ഇന്‍സ്‌പെക്ടറുടെയും, ഡോക്ടരുടെയും മുമ്പില്‍ ചെറുതായിപ്പോയ അഭിശപ്തനിമിഷങ്ങള്‍ അയാള്‍ മറക്കാന്‍ ശ്രമിച്ചു. വെള്ളപുതപ്പിച്ചു കിടത്തിയ അംബുജത്തിന്റെ ജഡം ഒരു വലിയ ചോദ്യചിഹ്നം പോലെ അയാള്‍ക്ക് മുമ്പില്‍ മലര്‍ന്നുകിടന്നു.

അതെ, ഔദ്യോഗിക പദവി അന്ന് ആദ്യമായി ദുരുപയോഗം ചെയ്തു!

അംബുജം മരിച്ചതോടെ അശാന്തിയുടെ വീര്‍പ്പുമുട്ടല്‍ ഒഴിഞ്ഞു വീട് വീണ്ടും പഴയ മട്ടിലായി. അടുക്കളപ്പാത്രങ്ങളുടെ ഭ്രാന്ത് പിടിപ്പിക്കുന്ന പ്രതിഷേധ കലമ്പലും ച്ചത്തിലുള്ള കതക് അടയ്ക്കലുമൊക്കെ ഒറ്റയടിക്ക് നിന്നു. പക്ഷെ പുതിയ ചില ദുഷ്ചിന്തകള്‍ താമസിയാതെ ഉരുണ്ടുകൂടി അയാളുടെ മനസ്സമാധാനം കെടുത്താന്‍ തുടങ്ങി ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും ഒരു തീരാപാപം പോലെ തികട്ടിവരുന്ന ഉത്കണ്ഠകള്‍. തന്റെ കാലശേഷം ഈ വീടും പറമ്പും അന്യം നിന്ന് അര്‍ത്ഥമില്ലാതായി പോകുന്നതിലുള്ള ധര്‍മ്മസങ്കടം. തലമുറകളായി തുടര്‍ന്നുപോന്ന കടുംബതൊഴിലായ നിയമത്തിന്റെ ലോകത്ത് ഒരു പിന്തുടര്‍ച്ചക്കാരനില്ലാതെ കുറ്റിയറ്റുപോകുന്നതിലെ നിസ്സഹായത. വാര്‍ദ്ധക്യത്തില്‍ പരിചാരകരെ മാത്രം ആശ്രയിക്കേണ്ടി വരുമോ എന്ന അസ്വസ്ഥ ചിന്തകള്‍.

പുറത്ത് ഇരുട്ടിന് നിറം കൊടുക്കുന്ന വര്‍ഷകാല സന്ധ്യയുടെ ചെപ്പടിവിദ്യ തുടരുകയാണ്. പ്രപഞ്ചമാകെ ചായം പൂശുകയാണ് മൂവന്തിയിലെ ഈ മാസ്മരികതിളക്കം. പെയ്യാന്‍ മുട്ടിയിട്ടും ഒരു വാശിക്കാരിയെപ്പോലെ പിടിച്ചുനില്‍ക്കുകയാണ് മഴ. മുറ്റത്തെ മന്ദാരം വളര്‍ന്ന് ചെറിയ വൃക്ഷമായിരിക്കുന്നു. മറ്റു പൂച്ചെടികളും, ചെടിച്ചട്ടിയും നിറവൈവിധ്യങ്ങളുമില്ലാത്ത വലിയ മുറ്റത്തെ അടക്കിവാഴുകയാണ് വെള്ള പൂക്കുന്ന ഒറ്റയാന്‍ മന്ദാരം.. എത്ര കാലമായി ആ കുറ്റിച്ചെടി ഈ നില്‍പ്പ് തുടരുന്നു. സന്ധ്യാശോണിമ തട്ടി വെള്ള മന്ദാര പൂക്കളില്‍ ഒരു തരം അഭൗമചാരുത പടര്‍ന്നിരിക്കുന്നു. മന്ദാരത്തിന്റെ കൊമ്പിലിരിക്കുന്ന മൂങ്ങയെ അപ്പോഴാണ് വീരഭദ്രന്‍ ശ്രദ്ധിച്ചത്. ചാരനിറത്തില്‍ വെള്ള വരകളോടുള്ള ചിറകുകള്‍ അടുപ്പിച്ചു കൂട്ടി വലുപ്പമുള്ള വട്ടക്കണ്ണുകള്‍ തറപ്പിച്ചു വീരഭദ്രനെ സൂക്ഷിച്ചു നോക്കുകയാണ് നത്ത്. 

നിശാചരന്‍ ഇന്ന് നേരത്തെ തന്നെ പുറത്തിറങ്ങിയിരിക്കുകയാണോ!ഈ നഗരമദ്ധ്യത്തില്‍ ഇത്തരം പക്ഷികള്‍ക്കും , ജീവികള്‍ക്കുമുള്ള ഒരേയൊരു പറുദീസയാണല്ലോ തന്റെ പുരയിടം. 

ഇടയ്ക്കു കഴുത്ത് ഒന്ന് ചുഴറ്റി കൂമന്‍ വീണ്ടും വീരഭദ്രനെ നോക്കി. എല്ലാ രഹസ്യങ്ങളും അറിയാമെന്ന ആ ഭാവം അയാളെ അലോസരപ്പെടുത്തി. വീരഭദ്രന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു കയ്യിലുള്ള പത്രം വീശി അതിനെ പറത്തിവിട്ടു. മൂങ്ങ ചിറകടിച്ചു പറന്നു പോയപ്പോള്‍ അയാള്‍ക്ക് ആശ്വാസമായി. പക്ഷെ തട്ടുകളായി താഴെ റോഡുവരെ ഇറങ്ങിക്കിടക്കുന്ന പറമ്പിനു മുകളില്‍ ഒന്ന് വട്ടമിട്ടു പറന്നു വീണ്ടുമത് മന്ദാര ചില്ലയില്‍ അതെ സ്ഥാനത്ത് വന്നിറങ്ങി. വീരഭദ്രന് എന്തോ ഒരു പന്തികേട് തോന്നി. 

അനുസരണയില്ലാത്ത പക്ഷി. അല്ലെങ്കിലും കൂമനെ ഒരു പക്ഷി എന്ന് വിളിക്കാന്‍ പറ്റുമോ! പറവകള്‍ മനസ്സിന് ആനന്ദം തരുന്നവയാണ്. ഈ ജീവിയോ! ക്രോസ് വിസ്താരം നടത്തുമ്പോള്‍ മജിസ്‌ട്രേറ്റ് ഇരിക്കുന്ന മട്ടിലാണ് കൂമന്‍ ആസനസ്ഥനായിരിക്കുന്നത്. തെല്ലും ഭയമില്ലാത്ത കൂസലില്ലാത്ത ഭാവം. വിട്ടുകൊടുക്കാതെ വീരഭദ്രനും തന്റെ നേരെ തിരിച്ചുവെച്ച ആ ഉണ്ടക്കണ്ണുകളിലേക്ക് തുറിച്ചുനോക്കി. കോടതിക്കൂട്ടില്‍ ഒരു സാധുവിനെ പോലെ അഭിനയിക്കുന്ന ചില കൊടും ക്രിമിനലുകളുണ്ട് , അവരുടെ കണ്ണുകളാണ് പലപ്പോഴും അവരെ ഒറ്റിക്കൊടുക്കുക. നത്തിന്റെ കണ്ണിലും ആ ഒരു താന്തോന്നിത്തം ഉണ്ട്. ഇളകാതെ വികസിച്ചു വരുന്ന കറുത്ത കൃഷ്ണമണിക്ക് ചുറ്റും മഞ്ഞ നിറഞ്ഞ തീഷ്ണമായ ദ്രിഢപടലം. കണ്ണുകള്‍ക്ക് മുകളില്‍ ത്രികോണാകൃതിയില്‍ താഴേക്കിറങ്ങിയ നെറ്റി രോമങ്ങള്‍ വിരിച്ചുവച്ചുള്ള ഒരുതരം വികല്പഭാവം .

എന്തിനാണ് ഒരു ഒഴിയാബാധപോലെ ആ ദുഷ്ടദ്രൃഷ്ടികള്‍ ഇങ്ങോട്ട് തന്നെ തിരിച്ചുവചിരിക്കുന്നത് ! 

നിറം മങ്ങി സന്ധ്യയ്ക്ക് കട്ടി കൂടി വന്നു. കറുത്ത് വരുന്ന ഇരുട്ട് മൂങ്ങയുടെ ക്രോധത്തിന്റെ മൂര്‍ച്ച കൂട്ടി. ആ തുറിച്ചു നോട്ടം അയാളെ അസ്വസ്ഥനാക്കി.

പറത്തിവിട്ടിട്ടും പോകാതെ തിരിച്ചെത്തിയ മൂങ്ങയുടെ വട്ടമുഖവും, ധിക്കാരത്താല്‍ ഉയര്‍ന്നു വളയുന്ന പുരികങ്ങളും, സാരിപ്പുള്ളിപോലുള്ള ചിറകുകളും അയാളില്‍ എന്തോ ഒരു ഉള്‍ക്കിടിലമുണ്ടാക്കി. അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി. മഴപ്പെയ്ത്തിനു തൊട്ടുമുമ്പുള്ള അതിശക്തമായ വിയര്‍ക്കല്‍. ഉല്‍ക്കണ്ഠയുടെ തരംഗങ്ങള്‍ അയാളുടെ ഞരമ്പുകളെ വലിഞ്ഞുമുറുക്കി. രക്തം ശിരസ്സിലേക്ക് ഇരച്ചുകയറുന്നത് പോലെ തോന്നി.

ഇരുകൈകളും കസേരക്കയ്യില്‍ അമര്‍ത്തി കാലൊച്ചയുണ്ടാക്കാതെ എഴുന്നേറ്റു വീരഭദ്രന്‍ അകത്തേക്ക് പോയി. അച്ഛന്റെ ഓര്‍മകളില്‍ അടഞ്ഞുകിടന്ന മുറിയുടെ വാതില്‍ പതുക്കെ തള്ളിത്തുറന്നു. 

ആഴ്ചയിലൊരിക്കല്‍മാത്രം അടിച്ചു തുടയ്ക്കാന്‍ തുറക്കുന്ന ആ മുറിയില്‍ എല്ലാംതന്നെ കൃത്യമായി തന്നെ അടുക്കി വച്ചിട്ടുണ്ട്. അയാള്‍ മേശ വലിപ്പ് തുറന്നു. ഉള്ളില്‍ നിന്നും ജര്‍മന്‍നിര്‍മിത എയര്‍ ഗണ്‍ കയ്യിലെടുത്തു. അയാളുടെ ഉള്ളംകൈയ്യില്‍ പച്ചയിരുമ്പിന്റെ തണുപ്പ് പരന്നു. മുകളില്‍ കത്തിനിന്ന കത്തി നിന്ന ബള്‍ബിന്റെ മഞ്ഞവെളിച്ചം തോക്കിന്റെ ബാരലില്‍ തട്ടി പ്രതിഫലിച്ചു. അടുത്തുതന്നെ ഭദ്രമായി അടച്ചുവച്ച വെള്ള പ്ലാസ്റ്റിക് പാത്രത്തില്‍ നിന്നു നാല് പെല്ലറ്റുകള്‍ എടുത്തു ഓരോന്നായി മാഗസിനുള്ളില്‍ നിറച്ചു. ഒരു മധ്യവേനലവധിക്കാലത്ത് അമ്മയോടൊപ്പം ഡല്‍ഹിയില്‍ പോയപ്പോള്‍ വീരഭദ്രനെ അച്ഛന്‍ തുഗ്ലാക്കബാദ് ഷൂട്ടിംഗ് റേഞ്ചില്‍ രണ്ടുമാസത്തെ പരിശീലനത്തിന് അയച്ചിരിന്നു. ഡല്‍ഹിയില്‍നിന്ന് മടങ്ങുമ്പോള്‍ ഷൂട്ടിംഗ് കമ്പക്കാരനായ അച്ഛന്റെ ഉത്തരേന്ത്യന്‍ വക്കീല്‍ സുഹൃത്ത് അവന്റെ ചുമലില്‍ തട്ടി ഓര്‍മപ്പെടുത്തിയിരുന്നു. 'Shooting is a perishable skill. You must practice regularly'. പക്ഷെ വീരഭദ്രന്‍ പിന്നീട് ഒരു റൗണ്ട് പോലും ഫയര്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഉന്നമെടുക്കുന്നതിലുള്ള തന്റെ കണിശതക്കുറിച്ച് അയാള്‍ക്ക് നല്ല ഉറപ്പില്ലായിരുന്നു.

അയാള്‍ മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങി വീണ്ടും വരാന്തയിലേക്ക് വന്നു. ഇരുട്ട് പരന്നിരിക്കുന്നു. മേല്‍ക്കൂരയില്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ട്യൂബ് ലൈറ്റ് ഓണ്‍ ചെയ്തു. കൂമനെ മരച്ചില്ലയില്‍ കണ്ടില്ല . അപകടം മണത്തറിഞ്ഞു അത് സ്ഥലം വിട്ടിരിക്കുകയാണോ? വീരഭദ്രന്‍ ട്യൂബ് ലൈറ്റ് കെടുത്തി തോക്കുമായി തരിഞ്ഞു നടക്കാന്‍ തുടങ്ങിയിരിന്നു. പെട്ടന്നാണ് മുറ്റത്ത് മന്ദാരത്തിനടിയില്‍ പഴന്തുണിപോലുള്ള വെള്ളനിറത്തില്‍ എന്തോ ചുരുണ്ടുകിടക്കുന്നത് കണ്ണില്‍ പെട്ടത്.

അയാള്‍ മുറ്റത്തിറങ്ങി. വശം ചേര്‍ന്നു നിലത്തു വീണുകിടന്ന കൂമനെ കണ്ടു അയാള്‍ ഞെട്ടിപ്പോയി . കൊമ്പിലിരുന്ന മൂങ്ങ എങ്ങിനെയാണ് തനിയെ ചത്തുവീണതെന്നു ആലോചിച്ചപ്പോള്‍ അയാളുടെ തല പെരുത്തു. അയഞ്ഞു കിടന്ന ചിറകിനുള്ളിലൂടെ അതിന്റെ ഒരു കാല്‍ പുറത്തേക്ക് തള്ളിവന്നിരുന്നു. കൂര്‍ത്തു നീണ്ട നഖങ്ങള്‍ കൂമ്പിപ്പോയിരിന്നു. വട്ടമുഖം ഒരു അര്‍ദ്ധവൃത്തമായി തറയില്‍ പതിഞ്ഞുകിടന്നു . പാതിയടഞ്ഞു വന്യത വറ്റിപ്പോയ കണ്ണ് ഒരു യോഗിയുടെതുപോലെ അക്ഷോഭ്യമായിരിക്കുന്നു.