ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ജിലൂഷ് കെപി എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഈ വാതിലിനുമപ്പുറം ഒരു ലോകമുണ്ട്. മുറ്റത്ത് പ്രാവുകള്‍ കുറുകുന്നുണ്ട്. എങ്കിലും ഇതിനിപ്പുറം നില്‍ക്കുമ്പോള്‍ ഒരു മനസ്സമാധാനമുണ്ട്, ഓര്‍മ്മകള്‍ കൂട്ടിനുണ്ട്. ജനല്‍ച്ചില്ലിലൂടൂര്‍ന്നുവീഴുന്ന മഴത്തുള്ളികളും, ഹിമകണങ്ങളും, ഇലകള്‍ പൊഴിക്കുന്ന തേക്കുമരങ്ങളും കാലങ്ങളെ അടയാളപ്പെടുത്തി കടന്നുപോകും. ജനലഴികളിലൂടെ തരണിതന്‍ താപവും, നനുത്ത നിലാവും വിരുന്നുകാരായി വന്ന് പുറംലോകത്തേക്ക് ക്ഷണിക്കാറുണ്ട്. ഓര്‍മ്മകളുടെ മഞ്ചലില്‍ ആടിയുലയുമ്പോള്‍, ഗ്ലാസില്‍ നാലാമത്തെ ഐസ് ക്യൂബും വീണുകഴിഞ്ഞാല്‍ അവള്‍ വരും. വാതിലിനപ്പുറമുള്ള ലോകത്തെ മറികടന്ന് ഞങ്ങള്‍ സഞ്ചരിക്കും. 

മകരമഞ്ഞിന്റെ അവസാന നാളുകളില്‍ ഇലപൊഴിക്കാന്‍ തുടങ്ങിയ തേക്കിന്‍ കാടുകള്‍ ചില്ലകള്‍ മാത്രമായവശേഷിച്ച് രൂക്ഷമായ പകല്‍ വെളിച്ചത്തെ മുറിയിലേക്ക് കടത്തിവിടുന്നതൊഴിച്ചാല്‍ ഈ മുറിയില്‍ വേറെ പരാതിയോ പരിഭവമോ ഇല്ല. അകലങ്ങളില്‍ നിന്നും ആരെങ്കിലും അയയ്ക്കുന്ന സന്ദേശങ്ങളില്‍ അവളുടെ ഓര്‍മ്മകള്‍ കുരുങ്ങിക്കിടക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ മനസ്സ് അത്രമേല്‍ അസ്വസ്ഥമാകുന്നത്. ഒരു കുഞ്ഞരുവിയായ് വന്ന് പുഴയായ്മാറി, സാഗരത്തിലെ നിലയില്ലാ കയത്തില്‍ പലപ്രാവശ്യമെന്നെ മുക്കിത്താഴ്ത്തിയിട്ടുണ്ട്. ഉപ്പുകുടിച്ചു, കണ്ണുതുറിച്ച്, ശ്വാസം മുട്ടുമ്പോള്‍ കൈകളുയര്‍ത്തി രക്ഷനേടാന്‍വേണ്ടി അപ്പോഴൊക്കെ അലറി വിളിക്കാറുണ്ടായിരുന്നു. ചുവന്ന കണ്ണുകളോടെയും പാതിചത്ത ഉടലോടെയും മൂന്നാംപക്കം കരയ്ക്കടുക്കും.

വെള്ളിടിവെട്ടിയ തലയിലേക്ക് ചിന്തകള്‍ചോദ്യങ്ങളായിമാറി നാഗനൃത്തം ചെയ്യും. ഛര്‍ദിമണം മനം പുരട്ടുന്ന ഇടനാഴിയില്‍ ഓര്‍മ്മകളടച്ചു വയ്ക്കുന്ന ചില്ലുകളടര്‍ന്നുവീഴും. പാതിചത്ത ഉടലില്‍ കരിക്കിന്‍വെള്ളം ഊര്‍ന്നിറങ്ങുമ്പോള്‍ ജീവനവശേഷിച്ച കോശങ്ങള്‍ എഴുന്നേറ്റുനിന്ന് മൃതപ്രായമായവയെ കൈപിടിച്ചുയര്‍ത്തും. ഒരു ചാന്ദ്രമാസത്തിന് ശേഷം വീണ്ടുമൊരു മൂന്നാംപക്കം ഉയിരെടുക്കും.

ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ഞാന്‍ മുങ്ങിപ്പോകും എന്നറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈക്കൊണ്ട തീരുമാനമായിരുന്നു അകമടങ്ങുക എന്നത്. നിലയില്ലാക്കയത്തില്‍ ആണ്ടുപോകുന്നതിലും നല്ലതായിരുന്നു അങ്ങനെയൊരു പിന്മാറ്റം. വര്‍ഷങ്ങളായി എന്റെ ഓര്‍മകളുടെ മച്ചിന്‍പുറത്ത് ആരുമറിയാതെ ഞാനടക്കിവച്ചവ, കൂട് തുറന്നു പുറത്തുവന്നപ്പോള്‍, ഒരു കുറ്റബോധം നിഴലിച്ചു നിന്നിരുന്നു. ചുറ്റുപാടുകളില്‍ നിന്നും ഓടി ഒളിക്കാന്‍ നോക്കി; രക്ഷകനെന്നു നടിച്ചവന്റെ കാല്‍ക്കല്‍വീണ് യാചിച്ചു. ഫലമുണ്ടായില്ല വര്‍ഷങ്ങള്‍ക്കിപ്പുറം മനസ്സിന്റെ ഇടനാഴിയില്‍ എന്റെ പേനയ്‌ക്കൊപ്പം അവളും ചലിച്ചു തുടങ്ങി! 

പകര്‍ന്നാട്ടങ്ങളില്ലാത്ത ജീവിതത്തില്‍ വിരുന്നുകാരിയായി വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു.

ജനല്‍വഴി അരിച്ചിറങ്ങിയ ചന്ദ്രിക, പുസ്തകത്തില്‍ മുരിങ്ങയിലയുടെ കറുത്ത വട്ടപ്പൊട്ടുകള്‍ തീര്‍ത്തു. പുസ്തകത്തിലവയെ നൃത്തംചെയ്യിക്കുന്ന പാതിരാ കാറ്റ് കാതോരം വന്ന് മന്ത്രിച്ചുകൊണ്ട് കടന്നുപോയി. മദ്യം പകര്‍ന്നുവച്ച ഗ്ലാസെടുത്ത് രുചിനോക്കി, എഴുത്ത് നിര്‍ത്തി, എന്റെ ചുമലില്‍ പതിച്ച കയ്യില്‍ ഞാന്‍ എന്റെ കൈ ചേര്‍ത്തു വച്ചു. അരികിലുണ്ടായിരുന്ന കസേരയില്‍ അവള്‍ ഇരിപ്പുറപ്പിച്ചു. 

'ഒരാള്‍ മാത്രമുള്ള മുറിയില്‍ എന്തിനാണ് രണ്ടു കസേരകള്‍..?'

എന്ന് കൂടെ താമസിക്കുന്നവര്‍ ചോദിക്കുമ്പോള്‍ ഒന്ന് കാല് വയ്ക്കാന്‍ ആണെന്ന് ഞാന്‍ കള്ളം പറയും. രണ്ട് തലയിണകള്‍ അവരില്‍ ചോദ്യങ്ങളൊന്നും ബാക്കിവച്ചില്ല അവരെല്ലാം കെട്ടിപ്പിടിച്ചാണ് ഉറങ്ങാറുള്ളത്.

അവളുടെ വിരലുകള്‍ മകരമാസത്തിലെ പ്രഭാതം പോലെയാണ്. ചിരിക്കുമ്പോള്‍ മിഴിവേകുന്ന നുണക്കുഴിയില്‍ ഉമിനീര് പടര്‍ന്ന ചുണ്ടുകളാല്‍ ഉമ്മകള്‍ വയ്ക്കുമ്പോള്‍ അവള്‍ എന്നെ തന്നെ നോക്കി ഇരിക്കും. നെറ്റിത്തടത്തില്‍ തെളിഞ്ഞു കാണുന്ന, ഉയിരുപറിച്ചെറിഞ്ഞ മുറിവില്‍ മിഴികളുടക്കി ഞാന്‍ അസ്വസ്ഥനാക്കും; ബസ്സിന്റെ ഹോണടിയില്‍ അവളും. 

ചിന്തകളുടെ ശ്രദ്ധതിരിക്കാനെന്നോണം പേന പകര്‍ന്ന അക്ഷരക്കൂട്ടുകള്‍ അവള്‍ വായിക്കും, തിരുത്തും. അവ തെളിഞ്ഞുനില്‍ക്കും. കൈപ്പടയില്‍ എഴുതുന്ന എന്റെ അക്ഷരങ്ങള്‍ ആദ്യമായി കാണുന്നത് അവളാണ്. ഒരര്‍ത്ഥത്തില്‍ അവള്‍ മാത്രമേ എന്റെ കൈയ്യെഴുത്തുപ്രതി വായിക്കാറുള്ളൂ...

'അനഘ നീ എന്താ നോക്കുന്നത്..?'

'നീയെന്താ എഴുതിവച്ചിരിക്കുന്നത്..? ഇതൊന്നും കൊള്ളില്ല!'

എന്നും പറഞ്ഞ് അവള്‍ തിരുത്തുന്നത് ഗ്ലാസ് ചുണ്ടോടടുപ്പിച്ചുകൊണ്ട് ഞാന്‍ നോക്കി നില്‍ക്കും. രക്ഷകനുള്ളില്‍ നുരഞ്ഞുപതയും. തിരുത്തിയതെല്ലാം എന്നെ വായിച്ചു കേള്‍പ്പിക്കും. കിളിനാദത്താലുള്ള വായന മുറിയില്‍ പരന്നൊഴുകും. കാതുകള്‍ക്ക് അതിനേക്കാള്‍ നല്ല ഒരു സംഗീതം വേറെയില്ല. കൈയ്യിലെരിയുന്ന സിഗരറ്റുകുറ്റി നോക്കി അവള്‍ പരിഭവിക്കും.

' നിന്നോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല...'

പരിഭവത്താല്‍ തുടുക്കുന്ന മുഖം കാണാന്‍ വേണ്ടി മാത്രം കത്തിയ സിഗരറ്റ് ആഷ്ട്രേയില്‍ ഞെരിഞ്ഞമരും. തുടുത്ത കവിളില്‍ ചുണ്ടുകള്‍ ചേര്‍ക്കുമ്പോള്‍ തണുത്ത കാറ്റ് മൂക്കിലേക്ക് അടിച്ചു കയറും, ചുണ്ടുകള്‍ തണുത്തുറയും.

ഓരോ ദിവസത്തെയും തിരുത്തലുകളും കഥപറച്ചിലും കഴിയുമ്പോള്‍ അവള്‍ എന്റെ ചുമലില്‍ തല ചായ്ക്കും. കൈകള്‍ എന്റെ കയ്യില്‍ ചേര്‍ത്തു വയ്ക്കും. ഞങ്ങളുടെ ചൂടും തണുപ്പും തമ്മില്‍പ്പടരും. ഒരു തണുത്ത കാറ്റായി അവള്‍ എന്നിലേക്ക് ചേര്‍ന്ന് നില്‍ക്കും. ചെമ്പകത്തിന്റെ പരിമളം പരത്തുന്ന മുടിയിഴകള്‍ കാറ്റില്‍ എന്നെ തഴുകി കടന്നു പോകും. ഇനിയും ഇരുന്നാല്‍ എന്റെ തോളുകള്‍ ഉപ്പു രുചിക്കും. കിടക്ക കുടഞ്ഞു വിരിച്ചതും, എന്നെ കിടത്തിയതും അവളാണ്. ചില രാത്രികളില്‍ തണുത്ത നിശ്വാസവായു എന്റെ നെഞ്ചില്‍ തട്ടി കണ്ണുനീരിന്റെ ഉപ്പുകുറുക്കാന്‍ ശ്രമിക്കും. 

മറ്റുചിലപ്പോള്‍ അവളുടെ കരങ്ങള്‍ പെരുമ്പാമ്പ് കണക്കെ എന്നെ വരിഞ്ഞു മുറുക്കും. എങ്കിലും ഓര്‍മ്മകള്‍ വസിക്കുന്ന ഇടനെഞ്ചിലെ ഒരു കുഞ്ഞു നെരുപ്പ് എന്റെ നിശ്വാസ വായുവിനാല്‍ എരിഞ്ഞുതുടങ്ങാനാണ് അവള്‍ക്ക് ഏറെ ഇഷ്ടം. 

മുറിയിലുള്ള തലയിണകളും, കസേരകളും, വൈന്‍ഗ്ലാസുകളും സാക്ഷിയായി ഞങ്ങള്‍ ഞായറാഴ്ചയെ വരവേല്‍ക്കാനായി ഉറക്കത്തിലേക്ക് വീഴും. ഒരിക്കല്‍ യാഥാര്‍ഥ്യമാകാതെ പോയ താപസംവഹനം നടക്കും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...