Asianet News MalayalamAsianet News Malayalam

Malayalam Short Story : മരണമൊഴി, കെ.ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. കെ.ആര്‍ രാഹുല്‍ എഴുതിയ ചെറുകഥ

chilla malayalam  short story by KR Rahul
Author
First Published Sep 14, 2023, 1:54 PM IST

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

തലവേദന അല്‍പം കുറഞ്ഞെന്നേയുള്ളൂ. ഇപ്പോഴും തല കുനിയുമ്പോള്‍ തലയ്ക്കകത്ത് ഒരു വിങ്ങല്‍ അനുഭവപ്പെടും. നെറ്റിയുടെ ഇരുഭാഗത്തും രക്തക്കുഴലുകളിലൂടെ പമ്പ് ചെയ്യുന്നത് വേദനകള്‍ ആണ്.

കൃത്യമായി ഉറങ്ങാന്‍ പറ്റാത്തത് കൊണ്ടുള്ള തലവേദനയും ബുദ്ധിമുട്ടും വേറെയുമുണ്ട്. കഴിഞ്ഞ 14 ദിവസമായി ഇത് തുടങ്ങിയിട്ട്.  അടുപ്പിച്ച് അരമണിക്കൂര്‍ ഉറങ്ങാന്‍ പറ്റുന്നില്ല. മനസ്സുവിട്ട് ഉറങ്ങി എന്ന് തോന്നുമ്പോള്‍ വലിയ ഒച്ചയും കൂട്ടക്കരച്ചിലും ചെവിയില്‍ മുഴങ്ങും. അടുത്ത ഒരാഴ്ചയിലെ ഉറക്കം നഷ്ടപ്പെടാന്‍ ആ സ്വപ്നം തന്നെ ധാരാളമായിരുന്നു.  ഞെട്ടിവിറച്ച്  കട്ടിലില്‍ നിന്നും പലവട്ടം നിലത്ത് വീഴുകയും ചെയ്തു.  ബസ് അപകടത്തിന് ശേഷം ഇതാണ് അവസ്ഥ. അപകടത്തില്‍ നിന്ന് 
അത്ഭുതകരമായി രക്ഷപ്പെട്ടത് സത്യമാണ്. എന്നാല്‍ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്ന പോലെ  അതിന്റെ ശേഷിപ്പ് ഒരു കുരിശു മരണത്തിന്റെ ഓര്‍മ്മയായി നിത്യവും വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

കഷ്ടകാല സമയത്താണ് കെഎസ്ആര്‍ടിസിയില്‍ എറണാകുളത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോകാന്‍ തോന്നിയത് എന്ന് അല്‍ന ഓര്‍ത്തു. കെഎസ്ആര്‍ടിസിയിലെ യാത്രയുടെ വൈബ് എന്നൊക്കെ ഭ്രാന്ത് പറഞ്ഞ് യാത്ര അതില്‍ മതിയെന്ന് നിര്‍ബന്ധിച്ചത്  ആരോണ്‍ ആണ്. 

വ്യത്യസ്തമായ ഒരു യാത്രാനുഭവം കിട്ടട്ടെ എന്നേ അവന്‍ കരുതിയിട്ടുണ്ടാവൂ. വെറും വ്യത്യസ്തതയ്ക്ക് വേണ്ടി മാത്രമാണ് നീയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അതിന് സമ്മതിച്ച നല്ല സുഹൃത്തും കൂടിയാണ് അവന്‍.

'ഞാനായത് നന്നായി, മറ്റു വല്ലവരും ആണെങ്കില്‍ ആസിഡോ പേനാക്കത്തിയോ എടുത്ത് പുറകെ വന്നേനെ'
എന്ന് ചിരിച്ചുകൊണ്ടു പറഞ്ഞ് എന്റെ വ്യത്യസ്തതകളെ അംഗീകരിച്ചവനാണ്. അടച്ചിട്ട് എസിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് ശുദ്ധവായുകൊണ്ട് പോകുന്നതാണ് എന്ന് അവന്റെ വിശദീകരണം ശരിയാണെന്ന് തോന്നുകയും ചെയ്തു.

പാലക്കാട് എത്തുന്നത് വരെ അവന്റെ ആശയം നല്ലത്   തന്നെയായിരുന്നു.  കൃത്യമായി പറഞ്ഞാല്‍ പാലക്കാട് എത്തുന്നതിന് 22 കിലോമീറ്റര്‍ മുമ്പ് വരെ.

മൊബൈലില്‍ കളിച്ചിട്ട് ഒന്നും മയങ്ങിയത് ഓര്‍മ്മയുണ്ട്. സമയം ഏതാണ്ട് പത്തര കഴിഞ്ഞിരുന്നു. ഉച്ചത്തില്‍ പാട്ടുവച്ച് എത്തിയ ഒരു ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത് ബസിന്റെ മധ്യത്തിലേക്ക് ആയിരുന്നു. നല്ല ഉറക്കത്തില്‍ ആയിരുന്നതുകൊണ്ട് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വലിയ വ്യക്തതയില്ല. കൂട്ട നിലവിളികള്‍ക്കിടയില്‍ ബസ് ചരിയുന്നതും റോഡിന് കുറുകെ മറിയുന്നതും ഓര്‍മ്മയുണ്ട്. തൊട്ടു മുന്നിലെ സീറ്റിലെ കമ്പിയിലാണ് തലയിടിച്ചത്. ഏതാനും നിമിഷത്തേക്ക് ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരരഹിതയായി. നിലവിളി, കനത്ത ഇരുട്ട്, ചോരയുടെയും ഡീസലിന്റെയും ഗ്രീസിന്റെയും മണം, ഓടിക്കൂടിയെത്തിയ ആളുകളുടെ വര്‍ത്തമാനങ്ങള്‍, ആംബുലന്‍സിന്റെ ശബ്ദം.

 

Also Read: മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

 

അപകടത്തിന്റെ ഓര്‍മ്മകള്‍ ഇങ്ങനെയാണ്. 

കൈകളില്‍ കോരിയെടുത്ത് ആംബുലന്‍സിലേക്ക് കയറ്റിയത് ഓടിക്കൂടിയ നാട്ടുകാരാണ്. പത്തിലേറെ പേര്‍ 
അപകടത്തില്‍ മരിച്ചു എന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന ആളുകള്‍ പറഞ്ഞു കേട്ടത്. 

അബോധത്തില്‍ അന്ന് കേട്ട നിലവിളികളും സംസാരവും ആണ്  ഇപ്പോള്‍ ഉറക്കത്തില്‍ വര്‍ത്തിച്ചുവരുന്നത് എന്ന് അല്‍ന തിരിച്ചറിഞ്ഞു.

രാവിലെ ഓര്‍മ്മ തെളിഞ്ഞപ്പോള്‍ താലൂക്ക് ആശുപത്രിയിലെ വാര്‍ഡില്‍ ആയിരുന്നു. അന്നത്തെ പത്രത്തില്‍ നിന്നാണ് അപകടത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വായിച്ചറിഞ്ഞത്. സചിത്രവിവരണം നല്‍കാന്‍ ഓരോ പത്രങ്ങളും മത്സരിച്ചു. ഏഴു പേരാണ് മരിച്ചത്. കളമശ്ശേരിയില്‍ ഉള്ള ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ  ബസ് ആയിരുന്നു അപകടത്തില്‍പ്പെട്ടത്. അതില്‍ ഉണ്ടായിരുന്ന അഞ്ചു കുട്ടികളും ഒരു അധ്യാപികയും മരിച്ചു. കെഎസ്ആര്‍ടിസിയില്‍ ഉണ്ടായിരുന്ന ഒരു യുവാവും.

മരിച്ച ആളുകളുടെ ചിത്രത്തിലേക്ക് നോക്കി.

ഒരുവട്ടമേ നോക്കാന്‍ കഴിഞ്ഞുള്ളൂ. പരിചയക്കാരെ പോലെ തോന്നി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഏതൊക്കെയോ പത്രക്കാര്‍ വന്ന് അപകടത്തിന്റെ ഓര്‍മ്മകളെക്കുറിച്ച് ചോദിച്ചിട്ട് പോയി. പിറ്റേദിവസം അത്  തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ജില്ലാ വാര്‍ത്തയായും ഓണ്‍ലൈനില്‍ പ്രധാന വാര്‍ത്തയായും വന്നിരുന്നത്രേ. പരിചയക്കാര്‍ ഒരുപാട് പേര്‍ വിളിച്ചുപറഞ്ഞു. പക്ഷേ നോക്കാന്‍ തോന്നിയില്ല.

അതിനുശേഷം ഇന്നുവരെ ടിവി വാര്‍ത്ത കാണുകയോ പത്രം വായിക്കുകയോ മൊബൈലില്‍ നോക്കുകയോ ചെയ്തിട്ടില്ല.

സ്വസ്ഥമായി ഉറങ്ങാന്‍ കഴിക്കുന്ന ഗുളികകളുടെ ഡോസ് കൂട്ടുന്നത് അല്ലാതെ കാര്യമായ പ്രയോജനമില്ല. ചടഞ്ഞു കൂടി ഇരിക്കുന്നതിനേക്കാള്‍ നല്ലത് ജോലിക്ക് പോകുന്നത് തന്നെയാണ് എന്ന ഡോക്ടറുടെ ഉപദേശത്തെ തുടര്‍ന്നാണ് മൂന്നുദിവസമായി ജോലിക്ക് പോയി തുടങ്ങിയത്. അന്നു തുടങ്ങിയതാണ് ഫോണ്‍ വിളി കൊണ്ടുള്ള ഉപദ്രവവും.

ജാലി ചെയ്തുകൊണ്ടിരിക്കുമ്പോഴും രാത്രി ഗുളികയുടെ ഹാങ്ങ് ഓവറില്‍ കഷ്ടപ്പെട്ട് കണ്ണടഞ്ഞു പോകുമ്പോഴും  ഫോണ്‍ റിങ്ങ് ചെയ്യും. കുലീനമായി സംസാരിച്ച് ശല്യം ചെയ്യുന്ന ഒരു അപരിചിതനാണ് അങ്ങേതലയ്ക്കല്‍.

അയാള്‍ക്ക് ഒരുവട്ടം നേരില്‍ കാണണം എന്നാണ് ആവശ്യം.  കാര്യം പറയാന്‍ പലവട്ടം പറഞ്ഞപ്പോഴും വിനീത വിധേയനായി 'ഒരു അഞ്ചുമിനിറ്റ് മതി മാഡം പ്ലീസ്' എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നു. പലതവണ അറ്റന്‍ഡ് ചെയ്തിട്ടും വിളിക്കുന്നയാള്‍ എന്തിനാണ് കാണണം എന്ന് ആവശ്യപ്പെടുന്നത് എന്ന് അവള്‍ക്ക് മനസ്സിലായില്ല. സഹികെട്ട് ഇടയ്ക്ക് നല്ലതുപോലെ ചൂടാവുകയും ചെയ്തു.

-സോറി മാഡം മാഡത്തിന്റെ ഒരു ദിവസം നശിപ്പിച്ചെങ്കില്‍ ക്ഷമിക്കണം

എന്ന മറുപടി കൊണ്ട് അപരിചിതന്‍ അവളെ തളര്‍ത്തി കളഞ്ഞു. ചീത്ത പറഞ്ഞപ്പോള്‍ തിരിച്ചും ഒരു ചീത്തയാണ് പ്രതീക്ഷിച്ചത്. അങ്ങനെയെങ്കില്‍ വാക്കുകളിലൂടെ അവനെ പടവെട്ടി തോല്‍പ്പിക്കാന്‍ പര്യാപ്തമായ പദസമ്പത്ത് തന്റെ നാവില്‍ ഉണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു.

'സ്ത്രീകള്‍ക്ക്  ഇന്റ്യൂഷന്‍ കൂടുതലാണ് . എനിക്ക് സാധാരണയില്‍ കവിഞ്ഞ് ഒരല്പം കൂടുതലും. അതുകൊണ്ട് മോനെ നീയൊക്കെ മനസ്സില്‍ എന്ത് കരുതുന്നു അത് എനിക്ക് വ്യക്തമായി മാനത്ത് കാണാന്‍ പറ്റും.'

അമ്മയെ കാണാനായി പെരുമ്പിലാവിലേക്ക്  പോകുമ്പോള്‍ ഒരു മെഡിക്കല്‍ സ്റ്റോറില്‍ മുന്നില്‍ പെട്ടെന്ന് കാര്‍ ചവിട്ടി നിര്‍ത്തി 

ചെറിയ തൊണ്ടവേദന, ഒരു വിക്‌സ് മിട്ടായി വാങ്ങട്ടെ എന്നു പറഞ്ഞ് ഇറങ്ങാന്‍ പോയ ആരോണിനെ തടഞ്ഞുനിര്‍ത്തി കൈയ്യില്‍ ഉണ്ടായിരുന്ന മൂഡ്‌സ് പാക്കറ്റ് കാണിച്ചുകൊടുത്തു ഞെട്ടിച്ചുള്ള ചരിത്രം അവള്‍ ഓര്‍ത്തു. 

തൊട്ടു മുന്നിലുള്ളവന്റെ പ്രതികരണം തിരിച്ചറിഞ്ഞ് അടുത്ത നിമിഷം എന്ത് സംഭവിക്കും അല്ലെങ്കില്‍ എന്തായിരിക്കും പറയുക എന്ന് കണക്കുകൂട്ടാനുള്ള കഴിവ് എല്ലാ സ്ത്രീകള്‍ക്കും ഉണ്ട്. അതില്‍ അത്ഭുതം ഒന്നുമില്ല. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല സംഗതി. ഓര്‍മ്മകളെ ക്രമമായി അടുക്കാന്‍ പോയിട്ട്  ചെറുതായി ക്രമപ്പെടുത്താന്‍ പോലും കഴിയുന്നില്ല. അതുകൊണ്ടാണ് അപരിചിതന്റെ ഫോണ്‍ വിളിയെ എങ്ങനെ നേരിടണം എന്ന ആശയക്കുഴപ്പം ഉണ്ടായത്.

സാധാരണഗതിയില്‍ ഇത്തരം കോളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാമായിരുന്നു, അവള്‍ ഓര്‍ത്തു. പക്ഷേ ഇപ്പോള്‍ ഒന്നിനും പറ്റുന്നില്ല. ദിനചര്യകള്‍ പോലും, നഷ്ടപ്പെട്ട എന്തോ തിരികെ പിടിക്കുന്നതുപോലെ ശ്രമകരമായാണ് ചെയ്തുതീര്‍ക്കുന്നത്. അതിന്റെ ഇടയിലാണ് ഈ മാരണം എന്നവള്‍ ഓര്‍ത്തു. 

 

Also Read: പ്രേമം, ലെനിനും സാര്‍ ചക്രവര്‍ത്തിയും ഒരുപോലെ സ്‌നേഹിച്ച ഒരെഴുത്തുകാരിയുടെ കഥ

 

ഇപ്പോള്‍ ചെറിയ ശബ്ദങ്ങള്‍ പോലും ഭയപ്പെടുത്തുന്നുണ്ട്. ഒരു ഉറക്കത്തിനുശേഷം ഫാന്‍ തിരിയുന്ന ശബ്ദവും, അസമയത്തെ ഫോണ്‍ റിങ്ങും, കുക്കറിന്റെ വിസിലു പോലും ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ ഇടയിലാണ് 156 ല്‍ അവസാനിക്കുന്ന  നമ്പറില്‍ നിന്നുള്ള കോളുകളുടെ ശല്യം.

ഫോണ്‍ എടുക്കാതെയപ്പോള്‍ ശല്യം വാട്‌സാപ്പ് മെസേജിലൂടെയായി. പൊതിഞ്ഞുകെട്ടിയ ഭവ്യതയോടെ 'ഒരു പ്രധാന കാര്യം സംസാരിക്കാനാണ് മാഡം ഒരഞ്ചുമിനിറ്റ് മാത്രം'  എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

ശല്യമായപ്പോഴാണ് സരുണിനോടും പ്രിയയോടും കാര്യം പറഞ്ഞത്. ആരോണിനോട് പറയാതിരുന്നത് മന:പൂര്‍വമാണ്. ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങളും തന്റേതാണ് എന്ന് കരുതി തലയിലെടുത്ത് വച്ച് മന:സമാധാനം കളയുന്ന സ്വഭാവത്തിനൊപ്പം ഒരു കാര്യം കൂടി കൊടുക്കണ്ട എന്ന് തോന്നി.

എന്നാല്‍ ഒരു തമാശ കേള്‍ക്കുന്ന പോലെ സരുണും പ്രിയയും  ഞാന്‍ പറയുന്നത് കേട്ട് ചിരിച്ചു.കാര്യമായി ഒരു കാര്യം പറയുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണന തരുന്നില്ല  എന്ന് തോന്നിയപ്പോള്‍ പൊട്ടിക്കരച്ചിലോടെ പ്രതിഷേധിച്ച് അല്‍ന അവരില്‍ നിന്നും അകന്നുമാറി. 

ആ രംഗം അവര്‍ക്ക് പുതുമ ഉള്ളതായിരുന്നു! 'കുന്നുകുലുങ്ങിയാലും കൂത്തിച്ചി കുലുങ്ങില്ല' എന്ന് അല്‍നയെപ്പറ്റി അവളുടെ അമ്മ തന്നെ പറഞ്ഞത് രണ്ടുപേരും കേട്ടിട്ടുണ്ട്. അപ്പന്റെ 41 ചരമദിനത്തിന് പ്രാര്‍ത്ഥന ചൊല്ലിക്കാന്‍ പോകുന്ന അന്നായിരുന്നു അത്.  അമ്മയ്ക്ക് വേണ്ടിയിരുന്നത് ബന്ധുക്കളും നാട്ടുകാരും വരുമ്പോള്‍ കരഞ്ഞ് കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്ന ഒരു മകളെ ആയിരുന്നു. എന്നാല്‍ തന്റേടത്തോടെ ഓടിനടന്ന് കാര്യങ്ങള്‍ ചെയ്യുന്ന, ഭക്ഷണത്തിനായി അതിഥികളെ വിളിച്ചിരുത്തുന്ന അവളെ അമ്മയ്ക്ക് പേടിയും ബഹുമാനവും ആയിരുന്നു. 

ഒന്ന് ബ്ലോക്ക് ചെയ്തു അവസാനിപ്പിക്കാവുന്ന  ഫോണ്‍കോള്‍ കൈകാര്യം ചെയ്യാന്‍ അവള്‍ക്ക് കഴിയുന്നില്ല എന്ന തിരിച്ചറിവ് അവരെ കര്‍മ്മനിരതരാക്കി. ഒന്നുകില്‍ അപകടത്തില്‍ അവള്‍ക്ക് പഴയ അവളെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.  അല്ലെങ്കില്‍ ഭയപ്പെടേണ്ട എന്തോ ഒന്ന് ആ ഫോണ്‍വിളിയില്‍ ഉണ്ട്. അത് അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു സാഹചര്യങ്ങളും അല്പം ഭയപ്പെടേണ്ടതാണ്. എന്തായാലും അപരിചിതനെ നേരില്‍ കാണാന്‍ അവര്‍ തീരുമാനിച്ചു.

പിന്നെ അവര്‍ പറഞ്ഞത് അനുസരിച്ചാണ്  പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ മുന്നിലെ ലെമണ്‍ കഫേയിലേക്ക് വന്നാല്‍ കാണാമെന്ന് അല്‍ന സമ്മതിച്ചത്.

സമയം രാവിലെ 10 മണി.

അതിവിനയമുള്ള സംസാരവും ഉറച്ച ശബ്ദവും കൊണ്ട് അപരിചിതന് ചുരുങ്ങിയത് 35 വയസ്സിനു മുകളില്‍ പ്രായമുണ്ടാകും എന്നവള്‍ ഊഹിച്ചു. 

മെസേജിലെ ഭാഷ കാണുമ്പോള്‍ മോശമല്ലാത്ത വിദ്യാഭ്യാസമുണ്ടെന്നും തോന്നി. 

പത്തുമണി ആകാന്‍ അഞ്ചു മിനിറ്റു ഉള്ളപ്പോള്‍ അപരിചിതന്‍ എത്തി. ധാരണകള്‍ക്കപ്പുറം ഏറ്റവും പുതിയ മഹീന്ദ്ര എസ്.യു.വി.യില്‍ നീലജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ച് ലാവണ്ടര്‍ മണവും പരത്തി ഒരാള്‍ ടേബിളിനരികില്‍ എത്തി. ചുരുണ്ടു തിങ്ങിയ കുരുവി കൂടുപോലെയുള്ള മുടിയുടെ ഒരു ഭാഗം നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്നുണ്ട്. മറ്റേ ഭാഗം കഷണ്ടി ആകാനുള്ള യാത്രയില്‍ ഉയര്‍ന്നാണ് ഇരിക്കുന്നത്. അച്ചടിച്ചത് പോലുള്ള മുഷിപ്പിക്കുന്ന ഭവ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ 'ഇരുന്നോട്ടെ' എന്ന് വന്നയാള്‍ അനുവാദം ചോദിച്ചു.

അനുവാദം ലഭിച്ചതിനുശേഷം മാത്രം ഇരുന്നു.

ചില്ല് വാതിലിന്റെ നേരെ എതിര്‍ഭാഗത്ത്, പുതിയ മെനു കാര്‍ഡ് ഒട്ടിച്ച ഭിത്തിയോട് ചേര്‍ന്നുള്ള  ടേബിളിലാണ് അല്‍നയും പ്രിയയും ഇരുന്നത്. തൊട്ടപ്പുറത്തെ ടേബിളില്‍ അപരിചിതനെ പോലെ സരുണും ഓഫീസിലെ ആദര്‍ശും ഉണ്ടായിരുന്നു. ആദര്‍ശിന്റെ സുഹൃത്തുക്കളില്‍ ചിലരും ഏതൊക്കെയോ ടേബിളുകളില്‍ ഇരുന്നിരുന്നു. അത് ആരൊക്കെയാണെന്ന് അല്‍നക്കും പ്രിയക്കും അറിയില്ല. ഒരു മസാല സിനിമയിലെ സ്റ്റണ്ട് രംഗം പോലെ സീന്‍ ക്രിയേറ്റ് ചെയ്തു വെച്ചത് കണ്ടപ്പോള്‍ അല്‍നക്ക് തന്നെ ചളിപ്പ് തോന്നി.

മുഖവുരയൊന്നും കൂടാതെ അപരിചിതന്‍ സംസാരിച്ചു തുടങ്ങി.

'നിങ്ങള്‍ വന്നിട്ട് ഒരുപാട് നേരമായോ? എന്തെങ്കിലും ഓര്‍ഡര്‍ ചെയ്തിരുന്നോ? ഒരു കോഫി പറയട്ടെ?'

ചോദ്യങ്ങളുടെ ഒരു പ്രവാഹം മാത്രം.

 

Also Read: വേഷം, രാജേഷ് ആര്‍. വര്‍മ്മ എഴുതിയ കഥ

 

'നിങ്ങള്‍ ആദ്യം വന്ന കാര്യം പറയൂ, ബാക്കി വിശേഷം പിന്നീട് ആലോചിക്കാം'

പ്രിയയാണ് പറഞ്ഞു തുടങ്ങിയത്.

അത് കേട്ടപ്പോള്‍ അല്‍നക്ക് ചെറിയ ആശ്വാസവും ആത്മവിശ്വാസവും തോന്നി.

എങ്ങനെ സംസാരിച്ചു തുടങ്ങും എന്നത് സംബന്ധിച്ച ഒരു ആശയക്കുഴപ്പമുണ്ടായിരുന്നു അത് തീര്‍ന്നു.മറുപടിക്കായി രണ്ടുപേരും അപരിചിതനെ നോക്കി.

ഒട്ടും സൗഹാര്‍ദ്ദപരമല്ലാത്ത എടുത്ത് അടിച്ചത് പോലുള്ള മറുപടിയില്‍ അപരിചിതന്‍ ചെറുതായി കുഴങ്ങി.തങ്ങളില്‍ നിന്നും ഇപ്രകാരമുള്ള ഒരു സംസാരമല്ല ആള്‍ പ്രതീക്ഷിച്ചതെന്ന് മുഖഭാവത്തില്‍ നിന്നും ഇരുവര്‍ക്കും മനസ്സിലായി.

'ചേട്ടന്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറ, ഞങ്ങള്‍ക്ക് പോയിട്ട് ധൃതിയുണ്ട്'

പ്രിയ തന്നെയായിരുന്നു ഇതും പറഞ്ഞത്.

തൊട്ടടുത്ത ടേബിളില്‍ അവരുടെ സംസാരം കേള്‍ക്കാവുന്ന അകലത്തില്‍ തന്നെയാണ് സരുണും ആദര്‍ശും ഇരുന്നിരുന്നത്.

എന്നാല്‍ അപരിചിതന്റെ മൊത്തം ലുക്കും ഔട്ട്ഫിറ്റും കണ്ടപ്പോള്‍ വന്നത് എന്തിനായിരിക്കും എന്ന്  ഇരുവര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല. നോട്ടത്തിലൂടെ അവര്‍ ആ ധാരണ പങ്കുവയ്ക്കുകയും ചെയ്തു.

തികച്ചും നാടകീയമായി ദേഹത്തിട്ട ക്രോസ് ബാഗില്‍ നിന്നും ഒരു മാതൃഭൂമി പത്രം പുറത്തെടുത്തു. ഒന്നും സംസാരിക്കാതെ പത്രത്തിന്റെ നാലാമത്തെ പുറം തുറന്ന് അല്‍നയുടെ മുന്നിലോട്ട് നീട്ടി. ബസ് അപകടം കഴിഞ്ഞ് മൂന്നാമത്തെ ദിവസവും അതിന്റെ ഫോളോ അപ്പ് ന്യൂസ് ഉണ്ടായിരുന്നു. അതാണ് തുറന്നുവച്ച പത്രഭാഗത്തുണ്ടായിരുന്നത്.

'അപകടത്തിന്റെ സ്മരണ പങ്കുവെച്ച വാര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ അല്‍നയെ ഒന്ന് നേരില്‍ കാണണമെന്ന് ഉണ്ടായിരുന്നു. ഒരു കാര്യം ചോദിച്ചറിയാന്‍ വേണ്ടിയാണ. ഒരു മനസ്സമാധാനത്തിന് വേണ്ടി'

അപരിചിതന്‍ പറഞ്ഞു.

മുന്നിലേക്ക് നീട്ടിപ്പിടിച്ച പത്രത്തില്‍ എന്താണ് എഴുതിയത് എന്ന് അല്‍ന വായിച്ചു നോക്കിയില്ല. പറഞ്ഞുകൊടുത്തത് പൂര്‍ണമായും ഓര്‍മ്മയുണ്ട്.

പലവട്ടം വായിച്ച് പരിചിതമായതുകൊണ്ട് പ്രിയയും അത് നോക്കിയില്ല. രണ്ടുപേരും അപരിചിതനെ നോക്കി.

'പെട്ടെന്ന് ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ബസ് മറിഞ്ഞിരുന്നു. എന്റെ തൊട്ടടുത്ത സീറ്റില്‍, ഒരു യുവാവ് ഇരുന്ന ഭാഗത്തായിരുന്നു ബസ് വന്നിടിച്ചത്. അയാള്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു'

ഓര്‍മ്മയില്‍ നിന്ന് ഒരക്ഷരം തെറ്റാതെ അപരിചിതന്‍ ആ ഭാഗം പറഞ്ഞു.

ഒരല്‍പം പതറിയ ശബ്ദത്തില്‍ ചോദിച്ചു. 'ആ യുവാവ് പെട്ടെന്ന് മരിച്ചിരുന്നോ? നിലവിളിക്കുകയോ പിടയുകയോ ചെയ്തതായി ഓര്‍ക്കുന്നുണ്ടോ? അവന്‍ എന്താണ് അവസാനമായി പറഞ്ഞത് എന്ന് കേട്ടിരുന്നോ?

വീണ്ടും ചോദ്യങ്ങള്‍ മാത്രം.

പക്ഷേ ഇപ്രാവശ്യം ഒരു വ്യത്യാസം. ഒരു ചോദ്യം കഴിഞ്ഞ് അടുത്ത ചോദ്യത്തിന്റെ ആരംഭത്തിലേക്കുള്ള ഇടവേളയില്‍ അപരിചിതന്‍ തകര്‍ന്നുവീഴുന്നതും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും കണ്ടു. 

എന്താണ് സംഭവം എന്ന് പൂര്‍ണമായും മനസ്സിലാകാതെ അല്‍നയും പ്രിയയും അമ്പരപ്പോടെ പരസ്പരം നോക്കി.

ആ സമയത്ത് അയാളുടെ ഫോണ്‍ റിങ് ചെയ്തു.

ഫോണ്‍ അറ്റന്‍ഡ് ചെയ്ത് മടുപ്പിക്കുന്ന ശാന്തതയില്‍ ഹ്രസ്വമായ ഒരു സംസാരം. അതിനുശേഷം കട്ട് ചെയ്ത ഫോണ്‍ സൈലന്റ് മോഡിലേക്ക് മാറ്റി. ഫോണ്‍ പോക്കറ്റില്‍ വച്ചു.

അപരിചിതന്റെ കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണടയ്ക്ക് അടിയിലൂടെ കണ്ണുനീര്‍ ഒഴുകിയെത്തിയത് അവര്‍ കണ്ടു. ടേബിളില്‍ നിന്നും ടിഷ്യൂ വലിച്ചെടുത്ത് കണ്ണും മുഖവും തുടച്ച് ഉന്മേഷം നടിച്ച് അപരിചിതന്‍ വീണ്ടും ചോദിച്ചു.

'പെട്ടെന്ന് തീര്‍ന്നിരുന്നോ അതോ ഒരുപാട് നേരം വേദനിച്ചു കിടന്നിട്ടുണ്ടാവുമോ?'

നിങ്ങളാരാണ് സാര്‍?

ഇപ്രാവശ്യവും ചോദ്യം പ്രിയയുടേതു തന്നെ. പക്ഷേ മുന്‍പ് ഉണ്ടായിരുന്നത് പോലെ കഠിനമല്ല,  ആര്‍ദ്രമായിരുന്നു. 

'ആ ആക്‌സിഡന്റിന്റെ ഓര്‍മ്മയില്‍ ഇവളാകെ കുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ പോലും അതില്‍ നിന്നും റിക്കവര്‍ ആയിട്ടില്ല. ഞങ്ങള്‍ ബോധപൂര്‍വ്വം ആ വിഷയങ്ങള്‍ സംസാരിക്കാനോ ഓര്‍മ്മിപ്പിക്കാനോ മെനക്കെടാറില്ല. എന്തിനേറെ പറയുന്നു, അതിനുശേഷം ബസ്സില്‍ പോലും പോകാന്‍ അവള്‍ക്ക് ഭയമാണ്.'പ്രിയ പറഞ്ഞത് ക്ഷമയോടെ കേട്ടിരുന്നതിനു ശേഷം അയാള്‍ പറഞ്ഞു.

അന്ന് കെ എസ് ആര്‍ ടി സി ബസ്സില്‍ മരിച്ച പയ്യന്‍- ദീപക്, എന്റെ അനുജനായിരുന്നു. പൂജ അവധി കഴിഞ്ഞ് ജോലിക്ക് തിരിച്ചു പോയതാണ്. യാത്രയുടെ സുഖം അറിയണമെങ്കില്‍ വിന്‍ഡോ സീറ്റ് തന്നെ വേണമെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌തെടുത്തതാണ് ആ സീറ്റ്. ബസില്‍ കയറിയപ്പോള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. പിന്നീട് അപകടത്തിന്റെ വിവരമറിഞ്ഞ് ഓടിപ്പിടിഞ്ഞ് ഞാന്‍ എത്തുമ്പോഴേക്കും താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ അവന്‍ മരവിച്ചു കിടക്കുകയായിരുന്നു. അതിനുശേഷം  പത്രത്തില്‍ അല്‍നയുടെ ഓര്‍മ്മക്കുറിപ്പ് വായിച്ചത്. അപ്പോള്‍  ഒന്ന് കാണണമെന്ന് തോന്നി. അവന്റെ അവസാനം എങ്ങനെയായിരുന്നു എന്ന് അറിയണമെന്ന് തോന്നി. അതാണ് ബുദ്ധിമുട്ടിച്ചത്.'

മറുപടി എന്താണ് പറയേണ്ടത് എന്നറിയാതെ അവള്‍ കുഴങ്ങി.

'വണ്ടി ഇടിച്ചതും മറിഞ്ഞതും പെട്ടെന്നായിരുന്നു . രണ്ടുമൂന്നു മിനിറ്റ് കൊണ്ട് തന്നെ ആളുകള്‍ ഞങ്ങളെ പുറത്തെടുത്തു തുടങ്ങി. അപ്പോഴേക്കും....'

പറഞ്ഞത് പാതിയില്‍ നിര്‍ത്തി അവളും ഒരു ടിഷ്യൂ പേപ്പര്‍ എടുത്തു.

'അപ്പോള്‍ പെട്ടെന്ന് കഴിഞ്ഞിട്ടുണ്ടാകുമല്ലേ. നന്നായി. വേദന ഒട്ടും സഹിക്കാത്തവനാണ്.'

അല്പ നിമിഷങ്ങളിലെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ചോദിച്ചു.

'ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം . അവനെ അവസാനമായി കണ്ട ആളോട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് വന്നത്. ഇതുകൊണ്ട്  എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടല്ല . ചില കാര്യങ്ങളുണ്ട് ജീവിതത്തില്‍. ഒരു പ്രയോജനം ഇല്ലെങ്കിലും അറിയണമെന്ന് തോന്നും.
വന്നതിന് ഒരുപാട് നന്ദി. കൂട്ടുകാരിക്കും നന്ദി ട്ടോ.'

അതിനുശേഷം. വലിച്ച് ചുരുട്ടിയത് പോലെ പേപ്പര്‍ ബാഗിലേക്ക് തിരികെ കയറ്റി, തിരിഞ്ഞു നോക്കാതെ അയാള്‍ പതുക്കെ ഇറങ്ങിപ്പോയി. 

യാന്ത്രികമായി അവര്‍ എഴുന്നേറ്റു. പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. ചാറ്റല്‍ മഴയിലേക്ക് വണ്ടിയോടിച്ച് അപരിചിതന്‍ പേരുപോലും പറയാതെ മറഞ്ഞു.

മരിക്കും മുമ്പ് ആ പയ്യന്‍ പിറുപിറുത്തിരുന്നത് 'ചേട്ടാ' എന്നായിരുന്നില്ലേ എന്ന് സംശയമുണ്ടെന്ന് അയാളോട് പറയാത്തതില്‍ അവള്‍ക്ക് കുറ്റബോധം തോന്നി.

പുറത്ത് മഴ കനത്തു. അകത്ത് കസേരയിലേക്ക് അവള്‍ പെയ്തു വീണു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios