Asianet News MalayalamAsianet News Malayalam

Malayalam Short Story : ഹാഷ് ടാഗ്, ലിസ ലാലു എഴുതിയ ചെറുകഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ലിസ ലാലു എഴുതിയ ചെറുകഥ

chilla malayalam short story by Lisa lalu
Author
Thiruvananthapuram, First Published Aug 10, 2022, 3:17 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Lisa lalu

 

ആകാശത്തിന്റെ അതിരുകളില്‍ നിലാവ് പരന്നു. ചെരിവുകളില്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തുടങ്ങി.

'കുഞ്ഞേ, നീ എങ്ങനെയാണിവിടെയെത്തിയത്?'

അവളല്‍പ്പം ഉറക്കെ ചോദിച്ചു. അവളവിടെ എത്തിയിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളൂ.
വെളുത്ത പൂക്കളുടെ ഇടയില്‍ അനേകം കുഞ്ഞുങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന എഴുവയസ്സുള്ള ആണ്‍കുട്ടി അവളുടെ അടുത്തേക്ക് ഓടിയെത്തി. അവരില്‍ അവളെ ശ്രദ്ധിച്ചത് അവനായിരുന്നു.

'എന്താ ചേച്ചി ചോദിച്ചത്?'

ബാല്യത്തിന്റെ നിഷ്‌കളങ്കത അവനില്‍ വിരിഞ്ഞു. തലയില്‍ ഒരിടത്തു വടിച്ച മുടിയും ഒട്ടിച്ചേര്‍ത്ത വടുക്കളും കണ്ടു അവളതോര്‍ത്തു. അവന്‍ കൈ നീട്ടി.


#തൊടുപുഴയിലെ കുട്ടി! അവളവന്റെ കരം ഗ്രസിച്ചു.

എന്തായിരുന്നു അവന്റെ പേര്?

രണ്ടാനച്ഛന്റെ കൈകള്‍ വലിച്ചെറിഞ്ഞു തലയോട്ടി പിളര്‍ന്നവന്‍!

അവനതറിയുന്നുണ്ടാകുമോ?

അമ്മയുടെ മൗനസമ്മതത്തില്‍ സ്വര്‍ഗം പൂകിയവന് അനിയനെ ഓര്‍മ്മയുണ്ടാകുമോ?

ഓര്‍മ്മകള്‍ക്ക് മുകളില്‍ മൂടുപടം ഇട്ടാണ് കുഞ്ഞുങ്ങളെ മാലാഖമാര്‍ അകത്തു കയറ്റുന്നത്. ഭൂമിയിലെ ദുഃഖങ്ങള്‍ക്ക് വിട!

രണ്ട്

അവള്‍ ഡയറി തുറന്നു. എഴുതിത്തുടങ്ങി.

#ഫീനിക്‌സ് - അവന്‍ ഞാന്‍ അങ്ങനെ വിളിക്കുന്നു. ഇവിടെ എത്തി ആദ്യം മിണ്ടിയത് അവനോടാണ്. കടും ചുവപ്പ്. തലയോട്ടിയില്‍ നിന്നൊഴുകിയ രക്തത്തിന്റെ നിറം. എത്ര നൊന്താകാം കുഞ്ഞേ നീ മരിച്ചത്. നൂറ്റാണ്ടുകളായി അണഞ്ഞ ചാരത്തില്‍ നിന്നു നീ ഉയിര്‍ക്കട്ടെ.

#നളിനിയും* നോയ്‌ലാനിയും*

പൂക്കള്‍ക്കിടയില്‍ തുടകളടുപ്പിക്കാതെ രണ്ടു പെണ്‍കുട്ടികള്‍ നടക്കുന്നുണ്ട്. എത്രയോ വേദനകളുടെ ബാക്കിയാകാം അവരിലെ ഈ വൈകല്യമെന്നു അവളോര്‍ത്തു. കഴുത്തില്‍ കയറുരഞ്ഞ നീളന്‍ വരകള്‍ ആഭരണമായി മാറി. വെളുത്ത പെറ്റിക്കോട്ടുകളിട്ട കുട്ടികള്‍ക്ക് ഒരേ മുഖം. ശാന്ത ഭാവമുള്ള മുഖത്ത് വിളര്‍ച്ചയുടെ വേനല്‍ വെയില്‍ മിന്നിമായുന്നു.

കയ്യില്‍ ഉരുട്ടിപിടിച്ച കല്ലുകളുമായി ഇടയ്ക്ക് നോക്കി അവര്‍ കളിക്കാന്‍ തുടങ്ങി. കടം വച്ചു കളിക്കുന്ന അവരുടെ ആഹ്ലാദത്തിന്റെ ശബ്ദം അവളോളമെത്തി. എത്ര കടങ്ങളാണ് ഇവരെ കൊന്നവര്‍ വീട്ടിത്തീര്‍ക്കുക.
വാളയാറില്‍ പൊലിഞ്ഞവര്‍!

കുട്ടികള്‍ക്ക് ഓര്‍മ്മകളില്ലാതിരിക്കട്ടെ.

സ്വര്‍ഗത്തിലെയും ഭൂമിയിലെയും നിശബ്ദതയും മഞ്ഞിന്റെ കുളിരുമായ കുഞ്ഞുങ്ങള്‍ മിണ്ടാതെ കളിതുടര്‍ന്നു.

# കത്വാ*
എട്ടുവയസ്സുകാരി തട്ടം തലയിലൊതുക്കി.

...
4...
5...
...
...
...
എഴുതി തീര്‍ക്കാന്‍ കഴിയാത്ത നക്ഷത്രങ്ങളായി അവര്‍ നിറഞ്ഞു.

സ്വപ്നങ്ങള്‍ കണ്ണില്‍ നിറച്ചു ഒരു പെണ്‍കുട്ടി അവളുടെ അടുത്തിരുന്നു. നെറ്റിയില്‍ വീണു കിടക്കുന്ന മുടിയിഴകള്‍.

വിവാഹം നിശ്ചയിച്ചിരുന്നു. പൊന്നും പട്ടും പൂവും ചൂടിയിറങ്ങാനുള്ള സ്വപ്നങ്ങളുടെ പാളം മുന്നില്‍ തെളിഞ്ഞു.ഓര്‍മ്മയിലൊരു തീവണ്ടി കൂകിപ്പാഞ്ഞു. സൗമ്യമായി നിശ്വസിച്ചു പെണ്‍കുട്ടി കുട്ടികള്‍ക്കിടയിലേക്ക് നടന്നു.

#സൗമ്യ
നക്ഷത്രത്തിനിടാന്‍ അതിനെക്കാള്‍ നല്ല പേരൊന്നുമില്ല.


'നിങ്ങള്‍ ഒരു പത്രക്കാരി അല്ലേ? നിങ്ങളെ ഞാന്‍ വായിച്ചിട്ടുണ്ടല്ലോ. എങ്ങനെ ഇവിടെയെത്തി?'
ഒരു ചോദ്യം കാതിലലച്ചു.

'അല്ലെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ ആകില്ല. എങ്കിലും വ്യവസ്ഥിതിയില്‍ ഒരു പ്രതീക്ഷയാണ്.' 

#ജിഷ. അവള്‍ കുറിച്ചു.

രാത്രിയുടെ മറവില്‍ ഞെരുങ്ങി അമര്‍ന്നു പിടഞ്ഞവള്‍ മുന്നില്‍ നില്പുണ്ട്. കാമാന്ധത കശക്കിയെറിഞ്ഞവരുടെ കൂട്ടത്തിലേക്ക് അവളും നിരന്നു.

'ജനനേന്ദ്രിയത്തില്‍ കമ്പിപ്പാര കയറിയ വേദന അറിയുമോ.. കൂട്ടുകാരനെ കെട്ടിയിട്ട് അഞ്ചുപേര്‍ ഭയപ്പെടുത്തിയിട്ടുണ്ടോ?'

വീല്‍ ചെയറില്‍ വരുന്നവളെ കണ്ടപ്പോള്‍ അവള്‍ എഴുതിത്തുടങ്ങുന്നതില്‍ അവര്‍ക്ക് അമര്‍ഷം വന്നെന്നു തോന്നുന്നു.

#നിര്‍ഭയ - അവള്‍ പേര് വെട്ടിക്കളയാന്‍ ശ്രമിച്ചു.

ഒടിഞ്ഞ കഴുത്തു നേരെ വെക്കാന്‍ നിര്‍ഭയ പരിശ്രമിച്ചു പരാജയപ്പെട്ടു.

'ഐ നോ യു. (I know you).
നിങ്ങളെത്ര കാലമായി? എന്താണെഴുതുന്നത്? എഴുതിയത് കൊണ്ടു എന്തുണ്ടായി? നീതി രാജ്യത്തിനു പുറത്താണ്. തെരുവുകള്‍ ഉണര്‍ന്നിട്ടു കാര്യമില്ല. വസ്ത്രമോ ഇരുട്ടോ കാരണമല്ല ഞാന്‍ മരണപ്പെട്ടത്. പുരുഷന്റെ മനസാണ് കാരണം. പെണ്ണിനെ സദാചാരം പഠിപ്പിക്കാന്‍ വരിനില്‍ക്കുന്നവര്‍ ആണ്‍മക്കളെ സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിച്ചു വളര്‍ത്തിയെങ്കില്‍...'

ഗദ്ഗദം മുറിഞ്ഞു.


'അവളെ നോക്കൂ. നിങ്ങളറിഞ്ഞു കാണുമല്ലോ കൂട്ടിയിട്ടു കത്തിച്ചത്. ദളിതന്റെ മകളും ഒന്‍പതു മാസത്തിനു ശേഷമാണു പെറ്റുവീഴുന്നത്. ദളിതന്റെ ചോരയ്ക്കും ചുവപ്പ് നിറമാണ്. എല്ലാ മനുഷ്യരും എന്നും ചോരയും നീരും ഒരുപോലെയുള്ള മനുഷ്യരാണ്. ഞങ്ങളുടെ ചോര കൊണ്ടാണ് ചക്രവാളം ചുവന്നത്..' അവള്‍ പറയാന്‍ പാടുപെട്ടു.

'ജാതിക്കോമരങ്ങള്‍ അവളുടെ നാവു പിഴുതുകളഞ്ഞു. നിങ്ങളോട് മിണ്ടാന്‍ അവള്‍ക്കാകില്ല. '

എത്ര പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളാണ് ഈ ചരിവില്‍ നക്ഷത്രങ്ങളായി മിന്നുന്നത്.

#ഹാഥറസ് (Hathras)
ഉരിയാടാനാകാത്ത ഈ നക്ഷത്രം അവിടെ നിന്നാണ്.

അവള്‍ക്കുവേണ്ടി ശബ്ദിച്ചതിനാണ് താനിവിടെ എത്തിയതെന്നു അവള്‍ക്കു പറയണമെന്ന് തോന്നി. മാതാപിതാക്കള്‍ പോലും കാണാതെ രാത്രിയില്‍ വെളിമ്പ്രദേശത്തു എരിച്ചുകളഞ്ഞ ഒരുവള്‍ക്ക് വേണ്ടി ശബ്ദിച്ചു.

സര്‍വകലാശാലയില്‍ ചര്‍ച്ചയ്ക്കു പോയി തിരിച്ചു വരികയായിരുന്നു.

കല്‍ബുര്‍ഗിയെ കൊന്നവര്‍!

അക്ഷരങ്ങളെ ഭയക്കുന്നവരുടെ കൂട്ടം വളഞ്ഞു.

ചുവന്ന ചക്രവാളത്തിലെ നക്ഷത്രങ്ങളായി മനുഷ്യരുടെ കാഴ്ചകള്‍ക്കുമപ്പുറം വെളുത്ത ലില്ലിപ്പൂക്കള്‍ക്കൊപ്പം അവര്‍ പടര്‍ന്നു. വാഗ്വാദങ്ങള്‍ അരങ്ങൊഴിഞ്ഞു. ന്യായവും വിധിയും നിരന്നു.

ഭൂമിയില്‍ അപ്പോളും ഹാഷ്ടാഗ് നിരത്തി ജനം അവള്‍ക്ക് വേണ്ടി മുറവിളികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

#ന്യൂസ്റിപ്പോര്‍ട്ടര്‍മര്‍ഡര്‍
#ജസ്റ്റിസ്‌ഫോര്‍ സൈറ.

അടുത്തയാളെ കിട്ടുന്നതുവരെ പ്രതിഷേധങ്ങളുടെ ചിലമ്പൊലികള്‍ വാര്‍ത്തകളിലും സ്‌ക്രീനുകളിലും നിറഞ്ഞുകൊണ്ടിരുന്നു.

ദൂരെ തലസ്ഥാന നഗരിയില്‍ ശബ്ദിക്കുമെന്നു ഭയന്നൊരുവളെ കാക്കിക്കുപ്പായം ഉരിഞ്ഞെടുത്തൊരുകൂട്ടം മേലാളന്മാര്‍ തന്നെ കശാപ്പ് ചെയ്യുകയായിരുന്നപ്പോള്‍. കാക്കിക്കുപ്പായങ്ങള്‍ അവളുടെ ചോരയാല്‍ ചുവന്നു. തെറിച്ചു വീഴുന്ന മാംസത്തുണ്ടുകള്‍ പുറം കൈയാല്‍ അവര്‍ തുടച്ചു നീക്കി.

അവയവങ്ങളും മാറിടവും അറുത്തു മാറ്റപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ശബ്ദിക്കുവാന്‍ ആരുമില്ലായെന്നവള്‍ അറിഞ്ഞിരുന്നില്ല.

അവള്‍ നുറുക്കപ്പെടുമ്പോള്‍ അവസാന കാഴ്ചയിലും നീതിദേവത കണ്ണുമൂടിത്തന്നെ നിലകൊള്ളുന്നുണ്ടായിരുന്നു.


*നക്ഷത്രത്തിന്റെ പേര്
1.Phoenix - deep red എന്നര്‍ത്ഥം.
2.Nalani -  Silence of heaven
Noilani - mist of heaven.
3.ആസിഫ ബാനു - കാശ്മീര്‍.

Follow Us:
Download App:
  • android
  • ios