ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ദാവീദിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞ പാതിരയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വര്‍ഗീസ് പുണ്യാളന്‍ കൂച്ചുവിലങ്ങിട്ട് പിടിച്ച് ജീപ്പിലേക്കെറിഞ്ഞ മൂന്നുപേരെ പിന്നീട് കോടതിയിലേക്കും തുടര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകത്തിനുമേല്‍ ജീവപര്യന്തം തടവിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും  കൊണ്ടുപോകെ ജീപ്പിന്റെ ഇരമ്പല്‍ പറ്റി അവര്‍ ഇരുന്നു. 

കോടതിവളപ്പിലെ അത്തിമരച്ചോട്ടില്‍ വടി താളം പിടിച്ച് നില്‍ക്കുകയായിരുന്നു ഇത്തിരി എന്ന ഇമ്മാനുവല്‍. വാര്‍ത്തയറിഞ്ഞതും ഒരിക്കലും ഭാവങ്ങള്‍ വെളിപ്പെടാത്ത അയാളുടെ മുഖത്തു ആശ്വാസത്തിന്റേതായൊരു ചിരി വഴുതിത്തെറിച്ചു. 

ഇത്തിരിയെ പ്രഭാകരനും സുധാകരനും ഞാനുമുള്‍പ്പെടുന്ന മൂവര്‍ സംഘം വെറുക്കാന്‍ മൂന്നു കാര്യങ്ങളാണുള്ളത്. 

ഒന്ന്: കാലങ്ങളോടു കാലം കഷ്ടപ്പെട്ടതിന്റെ ആകെത്തുകയായ ആ അഞ്ചേക്കര്‍ മണ്ണ് എന്നെന്നേക്കുമായി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. 

രണ്ട്: അവന്‍ ദാവീദ് മുതലാളിയുടെ മരണത്തിന് സാക്ഷി പറഞ്ഞു. 

മൂന്നാമത്തേത് ജയിലിലാക്കപ്പെടുക എന്ന ദുര്‍ഘടസന്ധിയും നിയമ സമാസവും നോക്കി പരിഹസിച്ചു. 

ഒരുമിച്ച് പരോളിലിറങ്ങുന്ന ദിവസം സാക്ഷിയുടെ പടം ചിത്രനിഘണ്ടുവില്‍നിന്നുതന്നെയങ്ങ് മാറ്റിക്കളയാമെന്ന സുധാകരന്റെ ഭാഷ്യത്തോട് ഞങ്ങള്‍ രണ്ടുപേരും കൈവച്ച് സമ്മതം പാസാക്കി. 

കുറ്റിക്കാട് പിടിച്ചതും അലങ്കാരവും വൃത്തവും നഷ്ടപ്പെട്ടതുമായ ആ പഴയ വീടിന്റെ മുറ്റത്ത് പറമ്പിന്റെ അരമതില്‍ വളവില്‍ പ്രഭാകരനും സുധാകരനും ഒട്ടിപ്പിടിച്ച് ഇരിപ്പു തുടങ്ങിയിട്ട് കുറെ നേരമായിരുന്നെങ്കിലും കാലു കഴച്ചപ്പോള്‍ മടിച്ച് മടിച്ച് ഞാനും ഇരുന്നു. ഇഷ്ടമുള്ളവരേക്കാള്‍ നമ്മളോര്‍ക്കുക ശത്രുക്കളെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. ജയിലിലെ ഉറക്കത്തിലും ഉണര്‍വിലും തെളിഞ്ഞുവരുന്ന അവന്റെ മുഖവും വെള്ളാരം കല്ലുകള്‍ പോലെ ആടുന്ന മണികളും ഞങ്ങളെ ഭ്രാന്തോളം ദേഷ്യത്തിലേക്ക് എത്തിച്ചിരുന്നു. 

പുറത്തിറങ്ങിയാല്‍ തീര്‍ക്കേണ്ടതിനെ പറ്റി പദ്ധതി തയ്യാറാക്കലായിരുന്നു പ്രധാന പണി, അപ്പൊഴൊന്നും കൃത്യമായ പദ്ധതി ഉരുത്തിരിഞ്ഞില്ലെങ്കിലും. ജയിലില്‍ അന്തേവാസികള്‍ക്കിടയില്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയിരുന്നു. 

ബാലാത്സംഗക്കാര്‍ കഴിഞ്ഞാല്‍ പിന്നെ കൊലപ്പുള്ളികള്‍ക്കാണ് അവിടെ വില. അതില്‍ തന്നെ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കുവേണ്ടി അകത്താക്കപ്പെട്ടവരാണെങ്കില്‍ അവര്‍ക്ക് കൊലപ്പുള്ളികളില്‍ തന്നെ പ്രത്യേക സ്ഥാനമുണ്ട്, ഈ ജമീന്ദാറുകളൊക്കെ ഉണ്ടല്ലോ അതുപോലെ. അതൊക്കെ പോട്ടെ. എന്തിന് കാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നു. അതൊക്കെ അങ്ങിനെ കിടക്കും. സമയാസമയത്ത് ഭക്ഷണം കിട്ടും. പിന്നെ ചപ്പാത്തിക്ക് കുഴച്ചോ വാഴയ്ക്ക് തടമെടുത്തോ കഴപ്പങ്ങ് തീര്‍ക്കും.  

കുറ്റിപ്പുറത്ത് നടപ്പിലിരിക്കുന്ന ദാവീദ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ക്ലാര്‍ക്ക് ജോലിയില്‍ കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി കയറ്റങ്ങളേ ഇല്ലാതെ പണിയെടുത്തതാണ്. അവന്റെ ക്ണാപ്പിലെ കമ്പനിയില്‍ രണ്ടര പതിറ്റാണ്ടിലേറെ കുത്തിമറഞ്ഞതൊക്കെ ഒരു നിമിഷംകൊണ്ട് മറന്ന് പുറത്താക്കിയാല്‍ പിന്നെ ഞാനെന്തോ വേണം. ഭൂതകാലദിനത്തെയോര്‍ത്ത് പ്രഭാകരന്‍ വിറച്ചു. 

പിതാവ് എബ്രഹാമില്‍നിന്ന് എംഡി എന്ന രണ്ട് അക്ഷരങ്ങളുടെ ഒട്ടിപ്പിലേക്ക് ദാവീദ് കയറിയിരിക്കുമ്പോള്‍ അയാള്‍ മകന് കാതില്‍ ഉപദേശിച്ചത്രേ, സത്യവും അഹിംസയും നിന്റെ ചിന്തയിലുണ്ടാവണം ദാവീദേന്ന്. സുധാകരന്‍ കാലിന്റെ പുറംഭാഗംകൊണ്ട് അരമതിലില്‍ ആഞ്ഞുചവുട്ടി.

ദാവീദ്, ആ ചെറ്റയുണ്ടല്ലോ, സുധാകരാ ഞാന്‍ കള്ളിന്‍പുറത്ത് പറയണതല്ല വാപ്പ പറഞ്ഞതിനെ മറ്റൊരു ആംഗിളിലൂടെയാണ് കണ്ടത്. സത്യം പറയാത്തവനെയും കമ്പനിക്ക് ഉപദ്രവമുണ്ടാക്കുന്നവനെയും അങ്ങ് പുറത്താക്കുക. ഇരുപത്തിയാറ് വര്‍ഷത്തെ സേവനമെന്താ ചെറുതാണോ. പ്രഭാകരന്‍ അരമതിലില്‍നിന്ന് ചാടിയിറങ്ങി തൊടിയിലേക്ക് വിരലുകള്‍ക്കിടയിലൂടെ തുപ്പി.

പ്രഭാകരന്റെ കണ്ണുകളിലെ പകയൊടുങ്ങാത്ത തീയിന്റെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. 

പത്തിരുപത് കൊല്ലമായി അതേ കമ്പനിയില്‍ ഡ്രൈവറായി വേലചെയ്യുന്ന സുധാകരന്‍ ശരിവച്ചുകൊണ്ട് തലയാട്ടി. 
പിന്നെ അവര്‍ രണ്ടുപേരുടെയും നോട്ടം എന്റെ നേര്‍ക്കായി, നിനക്കോടാ എന്ന മട്ടില്‍. ഞാനൊരു സിസര്‍ ഫില്‍റ്ററിന്റെ കേട് മുഴുവന്‍ ചുണ്ടറ്റത്ത് വച്ച് വലിച്ചൂതി മൂക്കിലൂടെ വിട്ട് പോയകാലത്തിലേക്ക് വ്യസനത്തില്‍ കാലുപിണച്ച് ഇരിപ്പായിരുന്നു. ജയിലിലെ ചുമരില്‍ ഈര്‍പ്പം പിടിച്ച പച്ചപ്പുനോക്കി തറയില്‍ കിടന്നതിന്റെ ഏനക്കേടാണ് ദേഹത്തിനിപ്പോള്‍. 

വാതമാണെന്ന് തോന്നുന്നു. തീര്‍ച്ചപ്പെടുത്താന്‍ ഡോക്ടറുടെ അടുത്തു പോവലുണ്ടായിട്ടില്ല. ഇപ്പൊഴത്തെ പ്രശ്‌നമെന്താണെന്നു പറയാം: കുറച്ചു നേരം എവിടെയെങ്കിലും ഇരിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. നമ്മള്‍ വെറുതെയിങ്ങനെ കാലൊക്കെ തൂക്കിയിട്ടാല്‍ മതി, ഒരു തരിപ്പ് കാലിന്റെ അടിവാരത്ത് നിന്ന് കയറാന്‍ തുടങ്ങും. രണ്ടെണ്ണം അടിച്ചതിന്റെ ഒരിതൊക്കെ ഉണ്ടാവും ആദ്യമൊക്കെ. പിന്നെ മെല്ലെ മെല്ലെ അത് അരക്കെട്ടിനു ചുറ്റും ചിലന്തിവലപോലെ ഒരവസ്ഥ നെയ്യും. എന്നിട്ടും ഇരിപ്പു തുടര്‍ന്നാല്‍ നട്ടെല്ല് വഴി ആനവണ്ടി കയറിപ്പോവുന്നതുപോലെ അത് ഇഴഞ്ഞു നീങ്ങും. എഴുന്നേറ്റ് നില്‍ക്കാമെന്ന് കരുതിയാലോ കാലൊട്ട് നിലത്ത് ഉറയ്ക്കത്തുമില്ല. പിന്നെ രണ്ടു ചെവിയും തിരുമ്മി ചൂടാക്കിയാല്‍ ഇത്തിരി ആശ്വാസം കിട്ടും. 

പോലീസ് തൊട്ടതിന്റെയും തോണ്ടിയതിന്റെയും പാടുകള്‍ നീല നിറത്തില്‍ പാതിയില്‍ ഒഴുക്കറ്റ പുഴപോലെ അവിടാവിടങ്ങളില്‍ കിടപ്പുണ്ട്. അത് മാത്രമോ, ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ വരെ കാനന ഛായയില്‍ പാടണം. അതൊക്കെ പോട്ടെ, തരിപ്പൊക്കെ സുഖമുള്ള ഏര്‍പ്പാടാണല്ലോ. ഒരു വേദന വരാനുണ്ട്, സൂചി കയറ്റിയതുമാതിരി. ഞരമ്പുകളൊക്കെ അങ്ങ് തന്നത്താന്‍ വലിഞ്ഞു മുറുകിക്കളയും. എങ്കിലും കരച്ചില് ജയിലില്‍ കിടക്കുന്നവന് ചേര്‍ന്നതാണോ? അതുകൊണ്ടെന്റെ അണപ്പല്ലുകള്‍ തേഞ്ഞിരിക്കുന്നു. 
 
കാല്പനികസൗധത്തിലിരുന്ന് സ്വപ്നം കാണുകയെന്ന തെറ്റിദ്ധാരണ എന്റെയാ കാലുകള്‍ പിണച്ചുള്ള ഇരിപ്പില്‍ തോന്നുക സ്വാഭാവികമാണെങ്കിലും പ്രഭാകരനും സുധാകരനും തീര്‍ത്തും യാഥാസ്തികരാണ്. 

എന്തെടാ... പ്രഭാകരന്റെ കണ്ണുകളില്‍ ഇടവഴിയിലെ വിളക്കുകാല്‍ പ്രകാശിച്ചു. 

തെറിക്കൊപ്പം തെറിച്ച തുപ്പല്‍ കൈത്തണ്ടയില്‍നിന്നും തുടയ്‌ക്കെ ഞാന്‍ പ്രഭാകരനെ ദയനീയമായി നോക്കി. പുരയുടെ ഉത്തരത്തില്‍ തൂങ്ങിനിന്നിരുന്ന വവ്വാലുകള്‍ ഇറങ്ങി ഓടി. തൊട്ടപ്പുറത്തെ മുളംകൂട്ടത്തില്‍ പാട്ടുപാടുകയായിരുന്ന കുയില്‍ പലായനം ചെയ്തു. 
     
അവനെ, ആ ഇത്തിരിയെ അങ്ങ് തട്ടണം. അതില്‍ കുറവോ കൂടുതലോ ഇല്ല. സത്യത്തില്‍ ദാവീദ് മുതലാളി എന്നാ ചെയ്തു. അങ്ങോര് അങ്ങോരുടെ പണി ചെയ്തു. പക്ഷെ അവനോ? മൂന്നുപേരെ വഴിയാധാരമാക്കിയിട്ട് അവനിപ്പൊ നല്ല പുള്ള. സുധാകരന്‍ നയം വ്യക്തമാക്കി.

എന്തിനും ഏതിനും ഞാന്‍ റെഡി. എവിടേലും അധികനേരം നില്‍ക്കാനോ ഇരിക്കാനോ മാത്രമേ ഏനക്കേടുള്ളു, പണിയാനൊരു മടിയുമില്ല. ഞാന്‍ പറഞ്ഞു.

ദാവീദ് മുതലാളിയെ തീര്‍ത്തത് ഏതാണ്ട് തുയ്യത്തെ കനാലിലെ വെള്ളം കുടിച്ചിട്ട് പട്ടച്ചാരായത്തിന്റെ പേരില്‍ ജയിലില്‍ കിടന്ന പോലായി, ഫോണിലെന്തോ പരതിക്കൊണ്ട് പ്രഭാകരന്‍ പറഞ്ഞു. 

അല്ലെങ്കില്‍ തന്നെ ആ കുടവയറനും സമാധാന പ്രിയനുമായ തലനരച്ചവനെ പള്ളയ്ക്ക് കയറ്റിയത് വലിയ കുറച്ചിലായിപ്പോയെന്ന് എനിക്കും തോന്നി.

എന്നാ നടത്തിയ ഇടപാട് ഗുണം ചെയ്‌തോ, അതും ഇല്ല. ഒക്കെയാ നശിച്ചവന്‍ കാരണമാ. സുധാകരന്‍ കാലിന്റെ തുടയിലേക്കരിച്ച കട്ടുറുമ്പിനെ ഞെരിച്ചു തെറ്റി വിരല്‍ മണത്തു.    

നല്ല വെയിലുള്ള ദിവസമായിരുന്നു അത്. സമയം പതിനൊന്നായിട്ടെ ഉള്ളുവെങ്കിലും ഓഫീസില്‍ ഇരിക്കാന്‍ വയ്യാത്തത്ര ചൂട്. വായു പുറത്തേക്ക് പോവാന്‍ കൂട്ടാക്കാതെ ശ്വാസംമുട്ടുകാരനെപോലെ തമ്പടിച്ചു. ഞാനൊന്ന് പുറത്തുകടന്ന് സിഗരറ്റിന് തീ കൊടുക്കുമ്പോള്‍ സുധാകരനും പ്രഭാകരനും സ്ഥലമിടപാടില്‍ തന്നെ ചര്‍ച്ചയെ നിഗൂഢവിസ്തൃതമാക്കുകയായിരുന്നു. 

അത് മുതലാളിക്കിരിക്കേണ്ട പറമ്പായിരുന്നു, ചെറിയ ഒടിവിദ്യയില്‍ ഞങ്ങളാ കച്ചവടം അങ്ങ് മറിച്ചു. കാശൊക്കെ മുതലാളിയുടെ തന്നെ. അല്ലാതെ ഞങ്ങളുടെ അടുത്തെവിടുന്നാ അത്ര വലിയ തുക. ഇത്തിരിയാണ് മുതലാളി വിളിക്കുന്നു എന്ന് വന്നു പറഞ്ഞത്. ഇരുനിറത്തില്‍ തുടുത്ത കവിളുകളുള്ള ആ കുറിയ മനുഷ്യന്‍ ഞങ്ങളോടൊന്നും സംസാരിച്ചില്ല. എന്നുമാത്രമല്ല ഏതൊരു കടലാസും കൈമാറുന്ന ലാഘവത്തില്‍ ഞങ്ങളെ പിരിച്ചു വിട്ടതറിയിച്ചുകൊണ്ടുള്ള കത്ത് തരികയും ചെയ്തു. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് അന്നേരം അതും വാങ്ങി പുറത്തിറങ്ങി. 

സാമ്പത്തികമെന്ന് പറയാമെങ്കിലും നേരിട്ടങ്ങിനെ അല്ലാത്തതും എന്നാല്‍ വെട്ടിപ്പില്‍ പെടുത്താവുന്നതുമായ ഏതാണ്ട് 
നൂറോളം തേക്കുകളുള്ള അഞ്ചേക്കര്‍ സ്ഥലമല്ലേ സേലത്തുകാരന്‍ സിദ്ധരാമയ്യ വഴി ഇങ്ങു പോന്നത്. അതറിഞ്ഞിട്ടും മുഖത്ത് ദേഷ്യം കരുതാത്ത ദാവീദിനെ പറ്റിയായിരുന്നു എന്റെ ചിന്ത. പിന്നെപ്പിന്നെ മുഖം ചോത്തു വരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ പഴകി ദ്രവിച്ചതും ചുമരില്‍ നിന്നേതാണ്ട് പാതിയോളം അടര്‍ന്നതുമായ മരക്കോവണിയില്‍ ഓരോ ചുവടും സൂക്ഷ്മത്തില്‍ വച്ചുകൊണ്ട് ഇറങ്ങി. പുറത്തിറങ്ങിയപ്പൊ ആകെപ്പാടെ ഒരങ്കലാപ്പ്. ഓരോരുത്തന്മാരുടെ നോട്ടം കാര്യമറിഞ്ഞിട്ടാണോന്ന്. 

എടെ പ്രഭാകരാ, വഞ്ചനാ കുറ്റത്തിന് എത്രയാണ്ട് അകത്ത് കേടാക്കണമെന്നാ? 

ഏറിയാ രണ്ട് വര്‍ഷം. പ്രഭാകരന്‍ പറഞ്ഞു. 

അത് കോടതി തീരുമാനിക്കുമ്പോലാടാ കഴുവേറി. സുധാകരന് ദേഷ്യം വന്നു.    

പോലീസിനെ അയാള്‍ വിവരമറിയിക്കാനുള്ള സാധ്യത ആദ്യം മങ്ങിയെന്ന് കത്തിയത് സുധാകരനാണെങ്കിലും പിന്നീട് ഭവിഷത്ത് തെളിഞ്ഞുവന്നത്  പ്രഭാകരനാണ്. 

ധനകാര്യ സ്ഥാപനമായതുകൊണ്ട് രാത്രികളില്‍ ഇടയ്ക്ക് അധികസമയം ചിലവഴിക്കേണ്ടിവരും. അതുകൊണ്ട് ആ സമയത്തും അയാള്‍ അവിടെത്തന്നെ ഉണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയാം.

അക്കൗണ്ടന്റ് കൃഷ്ണ കൈമള്‍ എന്നും അഞ്ചുമണിക്ക് തന്നെ സ്ഥലം വിടും. അതുകൊണ്ട് ഞങ്ങള്‍ അഞ്ചുപേരല്ലാതെ വേറാരും അവിടെ ഉണ്ടായിരുന്നില്ല. കവലയില്‍നിന്നും ആളുകള്‍ ഒഴിഞ്ഞിട്ടും സമയം ഏറെയായിരുന്നു. വീടുകളൊക്കെ കവലയില്‍നിന്ന് അകലെയാണ്. മൂന്നുപേര്‍ ചേര്‍ന്ന് നടത്തിയ വെട്ടിപ്പില്‍ നാലാമതൊരാളായ ഉടമസ്ഥന്‍ എതിര്‍ത്ത സ്ഥിതിക്ക് ഞങ്ങള്‍ക്ക് അതല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. 

ഞങ്ങള്‍ ചെല്ലുമ്പോള്‍ ദാവീദ് മുതലാളി കണക്കുകള്‍ പരിശോധിക്കുന്ന തിരക്കിലായിരുന്നു. ഒന്ന് വിരട്ടിക്കളയാമെന്ന് കരുതിയിട്ടാണ് പോയതെങ്കിലും അവന്റെ മൊട കണ്ടപ്പൊ കൂട്ടത്തില്‍ ദേഷ്യക്കാരനായ സുധാകരന്‍ കത്തിയെടുത്ത് നെഞ്ചിന്‍കൂടിനിട്ടൊന്ന് മിന്നിച്ചു. ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ അയാളുടെ സില്‍വര്‍ ക്ലോത്ത് ജുബ്ബയിലൂടെ നിഴലിച്ച രണ്ടായിരത്തിന്റെ നോട്ടുകീറി പാഞ്ഞുപോയ കത്തി ഹൃദയത്തില്‍നിന്നും ഒരു കഷണം ഇറച്ചി അറ്റത്തു കൊരുത്ത് മടങ്ങി. 
        
ഒരു നിലവിളിക്ക് പോലും സാധ്യതയില്ലാത്തവിധം തോര്‍ത്തു വായില്‍ തിരുകിക്കളഞ്ഞിരുന്നു പ്രഭാകരന്‍. ദാവീദിന്റെ പിടയ്ക്കുന്ന ചെവിയില്‍ പ്രഭാകരന്റെ നിശ്വാസം തൊട്ടു. മരണത്തെ ആസ്വദിച്ച് മണത്തതിന്റെ ചിരിയോടെ അവന്‍ ഇടംകണ്ണിട്ട് എന്നെ നോക്കി.  

ഇത്തിരി അന്നേരം ഓഫീസിന്റെ ഒരു മൂലയ്ക്കലിരുന്ന് ടേബിള്‍ ഫാനിന്റെ മെറൂണ്‍ ഇലകള്‍ തുടയ്ക്കുകയായിരുന്നു. അവനാ കാഴ്ച കണ്ടിട്ടില്ല. ഞങ്ങള്‍ വന്നത് അറിയാന്‍ മാത്രം ബഹളങ്ങളൊന്നും അവിടെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിച്ചതുമാണ്. പിന്നെ എങ്ങിനെ അവന്‍ ഞങ്ങള്‍ക്കെതിരെ സാക്ഷി പറഞ്ഞു എന്നതിന് ഒരെത്തുംപിടിയുമില്ല.
ബീവറേജസിനുമുന്നിലെ ക്യൂ ഒരേ സമയം അലിയുകയും അതെ സമയം നീണ്ടുവരികയും ചെയ്തു. അതിനരികിലെ തുരുത്തിലേക്ക് കയറി മിച്ചറും കൂട്ടി മൂന്നെണ്ണം അകത്താക്കിയപ്പോഴാണ് നാണക്കേട് സുനാമികൂട്ട് ആഞ്ഞടിച്ചത്.
ഇനിയെങ്ങാന്‍ അതാണോ കാരണം ഞാനോര്‍ത്തു,

പണ്ട്, എന്നു പറഞ്ഞാല്‍ ഏതാണ്ട് ആദ്യ പ്രളയത്തിനും ഒരു മൂന്നുമാസം മുന്‍പ് വെയിലിനെ പ്രാകിക്കൊണ്ട് ഗാന്ധിപ്രതിമ നില്‍ക്കണേടത്തുനിന്ന് പടിഞ്ഞാട്ട് തിരിഞ്ഞ്  പഞ്ചായത്തു വക ഈ അടുത്തകാലത്ത് സ്ലാബിട്ട കനാലിനരികിലൂടെ ചാലപ്പുറം കോളനിയിലേക്ക് നടക്കുകയായിരുന്നു. കുറിപ്പൈസ പിരിക്കേണ്ടത് എന്റെ ചുമതലയില്‍ പെട്ട കാര്യമായിരുന്നു. വേഷത്തില്‍ ഞങ്ങള്‍ ഫിനാന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍. പീറ്റര്‍ ഇംഗ്ലണ്ടിന്റെ ഷര്‍ട്ടും പാന്റും ടൈയുമൊക്കെ ധരിക്കുമെങ്കിലും അടിസ്ഥാനപരമായി ഒരു ഗുണ്ട ഉള്ളില്‍ത്തന്നെയുണ്ട്. കുറി വിളിച്ചു കഴിഞ്ഞവര്‍, വായ്പ്പയെടുത്തവര്‍ തവണകള്‍ മുടക്കിയതിനു ശേഷം, പൊട്ടിചെനയ്ക്കുന്ന നിരവധി ഊടുവഴികളുള്ള ആ സ്ഥലത്ത് കണ്മുന്നില്‍ എന്നമട്ടില്‍ വന്നുനിന്നിട്ട് പൊടുന്നനെ അപ്രത്യക്ഷരാവും. ആഴ്ചയില്‍ പോയി കാശ് പിരിച്ചു വരണം. വരവ് കണ്ടില്ലെങ്കില്‍ അക്കൗണ്ടന്റും ദാവീദ് മുതലാളിയുടെ വിശ്വസ്തനുമായ കൃഷ്ണ കൈമളിന്റെ ചുവപ്പുമഷിക്ക് ഇരയാവും. സമയനഷ്ടം, ധനനഷ്ടം, മാനനഷ്ടം എന്നീ വകുപ്പുകള്‍ ചുമത്തി ശമ്പളത്തില്‍നിന്ന് പിടിക്കുകയോ അനുവദനീയമായ ലീവുകളില്‍ വെട്ടിനിരത്തല്‍ നടപ്പാക്കുകയോ ചെയ്യും.  

കോളനി തുടങ്ങുന്നതിന്റെ വക്കിനാണ് ദാവീദ് ഫിനാന്‍സ് ലിമിറ്റഡിലെ പ്യൂണ്‍ ഇത്തിരി താമസിക്കുന്നതെന്ന് ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. ദാവീദ് മുതലാളിയും ഞാനും ഇത്തിരിയും ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ചതായിരുന്നു അഞ്ചാംക്ലാസുവരെ. ഇത്തിരിക്ക് കുറ്റിപ്പുറം ഗവണ്മെന്റ് സ്‌കൂളില്‍ അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പനിവന്നു. പതിവിലേറെ മഴയും പകര്‍ച്ചവ്യാധികളുമൊക്കെ വന്ന കാലം കൂടിയായിരുന്നു അക്കൊല്ലം. കുറെ ദിവസം ഇത്തിരി സ്‌കൂളില്‍ വന്നില്ല. പഠിക്കാന്‍ മിടുക്കനല്ലാത്തതുകൊണ്ടോ തല്ലുകൊള്ളിയായതുകൊണ്ടോ എന്നറിയില്ലെങ്കിലും ആരും അവനെ അന്വേഷിച്ച് പോയതുമില്ല. പിന്നെ തിരുപ്പിറവിയുടെ പത്തുനാള്‍ നീണ്ട ആഘോഷമൊക്കെ കഴിഞ്ഞ് സ്‌കൂളില്‍ വന്നപ്പൊഴാണ് വനജ പറഞ്ഞത് ഇത്തിരിക്ക് രാപ്പകല്‍ വ്യത്യാസമില്ലാതായെന്ന്. പിന്നീട് ഇത്തിരിയെ ഞാന്‍ കാണുന്നത് ദാവീദിന്റെ ഫിനാന്‍സ് കമ്പനിയില്‍ ജോലിക്ക് ചെല്ലാന്‍ തുടങ്ങിയതു മുതലാണ്. 

ഇത്തിരിയുടെ വീടിനു മുന്നിലെ ഇടവഴിയില്‍ വച്ച് പാമ്പിനെ കണ്ടപ്പോള്‍ മുറ്റത്തേക്ക് കയറിയതായിരുന്നു. 'ഠ' പോലെ വട്ടപ്പെട്ട മുറ്റം. മുറ്റത്തിന് അതിര്‍ത്തിയിലായി പലനിറത്തിലുള്ള പനിനീര്‍ പൂവുകള്‍, ചെമ്പരത്തിയുടെ കാട്, ഒരു മൂലയ്ക്ക് നാരകത്തിന്റെ മുള്ളുകള്‍ നിറഞ്ഞ മരം, വിട്ടുവിട്ട് ഒട്ടുമാവുകള്‍, ചെറിയ സിമന്റു ടാങ്കിലെ വെള്ളത്തില്‍ പരല്‍ തൊട്ട് കരിമീന്‍ വരെയുള്ള മീനുകള്‍. ആകെ ഒരിരുപത് സെന്റ് സ്ഥലമേ കാണു. അതിലാണ് അവന്‍ വീടും കിണറും കിഴിച്ച് ബാക്കിയുള്ള സ്ഥലത്ത് കൃഷിത്തോട്ടം ഉണ്ടാക്കിയിരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് അത്ഭുതമായി. 

ഇത്തിരി മാവിന്‍ ചോട്ടിലിരുന്ന് ചെറിയ പാരകൊണ്ട് കുഴിയെടുക്കുകയായിരുന്നു. ഞാന്‍ മുറ്റത്ത് കാല് തൊട്ടതും എന്നെ എങ്ങിനെ തിരിച്ചറിഞ്ഞു എന്ന് അറിയാന്‍ വയ്യാത്ത വിധം ആശ്ചര്യത്തോടെ അവന്‍ ചോദിച്ചു: 'നാരായണന്‍ സാറോ?'
 
ഞാന്‍ ഒന്ന് ചുമയ്ക്കുകകൂടി ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുണ്ട്. യാതൊരു തരത്തിലും എന്റെ വരവ് വെളിപ്പെടുത്താതെ പാമ്പ് പോയെന്ന് ഉറപ്പായാല്‍ നടത്തം തുടരണമെന്നേ പദ്ധതി ഉണ്ടായിരുന്നുള്ളു. പക്ഷെ അവന്‍ ആളെ തിരിച്ചറിഞ്ഞിരിക്കുന്നു. 

ഇത്തിരി എഴുന്നേറ്റ് ഞാന്‍ നില്‍ക്കുന്നിടത്തേക്ക് വന്ന് അകത്തേക്ക് വരാന്‍ പറഞ്ഞു. പറയത്തക്ക തരത്തിലുള്ള ഒരകമൊന്നും അവിടെയില്ലെങ്കിലും ആകെപ്പാടെയുള്ള വൃത്തികണ്ട് ഞാന്‍ അമ്പരന്നു. മനുഷ്യരുടെ ഒഴികെയുള്ള ശബ്ദങ്ങളല്ലാതെ ചുറ്റുപാട് മൂകമായിരുന്നതിനാല്‍ അവിടെ അയാള്‍ തനിച്ചാണെന്ന് മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല. 

രണ്ട് സ്റ്റീല്‍ ഗ്ലാസ്സുകളില്‍ ചായയുമായി ഇത്തിരി പുറത്തേക്ക് വന്നു. 

ഈ ചെടികളൊക്കെ, നീയതെങ്ങിനെ തിരിച്ചറിയുന്നു, പലതരം റോസിനെ പലതരം ചെമ്പരത്തിയെ, പലതരം നാരകത്തെ, എന്തിന് എന്നെ പോലും? ഒരിക്കലും തൂത്തുപോവാത്ത കുനുട്ടുകൊണ്ട് കഷണ്ടി തടവി പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് പായിച്ചു. 

അവനപ്പോള്‍ മുകളിലോട്ടു കഴുത്തൊന്ന് പൊക്കി, താടി തടവി വെള്ളാരം കല്ലുപോലത്തെ ഇരു കണ്ണുകളും കണക്കൊക്കാതെ ചലിപ്പിച്ചുകൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ഗന്ധം! ഒരേ ഇനമാണെങ്കില്‍ കൂടി ഓരോ പൂവിനും ഓരോ മണമുണ്ട് നമ്മളത് ശ്രദ്ധിക്കുന്നില്ലെന്നേ ഉള്ളു. എന്തിന്, സാറിനും എനിക്കും രണ്ടുതരം മണമല്ലേ. എന്നെ മണത്താല്‍ കിട്ടുന്നതാണോ സാറിനെ മണത്താല്‍ കിട്ടുക. 

അവന്റെ ഫോണ്‍ അന്നേരം ഒന്ന് ശബ്ദിച്ചു. അതൊരു മുഴക്കം പോലെയാണ് എനിക്ക് തോന്നിയത്. ആ ഫോണിനും ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ബ്രെയില്‍ ലിപിയില്‍ ചിട്ടപ്പെടുത്തിയ അതിന്റെ കീബോഡില്‍ പരതിക്കൊണ്ട് അവന്‍ വന്ന മെസേജിന് മറുപടി അയച്ച് സംസാരത്തില്‍ വന്ന് ഇരുന്നു. 

അന്ന് അവന്റെ വീട്ടില്‍നിന്ന് മടങ്ങമ്പോള്‍ തേക്കിലകൊണ്ട് കുമ്പിള്‍ കുത്തി ആപ്പിള്‍ ചാമ്പക്കയും അരിനെല്ലിക്കയുമൊക്കെ തന്നത് ഓര്‍മ്മയില്‍ പച്ചയായി നില്‍പ്പുണ്ട്.    

സുധാരാ, ഞാന്‍ ദാവീദിനെ മാത്രം കുറ്റം പറയേല. ഈ കടുംകൈ അവനെക്കൊണ്ട് ചെയ്യിച്ച ലവനെ ഞാനങ്ങ് തട്ടാന്‍ പോവാ. പ്രഭാകരന്‍ മുണ്ട് മടക്കിക്കുത്തി.

ഇത്തിരിയെ തട്ടുക എന്ന നീക്കത്തിലേക്ക് ഞങ്ങള്‍ ആ രാത്രി നടന്നു. ഗാന്ധി പ്രതിമയുടെ അവിടുന്ന് കോളനി റോഡിലേക്ക് തിരിഞ്ഞ് അവന്റെ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ഞങ്ങള്‍ കടന്നു. 

കണ്ണുകാണാത്ത ആ കഴുവേറി എങ്ങിനാടാ നമുക്കെതിരെ, പ്രഭാകരന് ദേഷ്യത്തിനിടയ്ക്ക് ശബ്ദമിടറി. 
കനാലിലേക്ക് ബീഡിതെറ്റിച്ച് മയക്കത്തിലേക്കാണ്ടുപോയിരുന്ന പാതിയലിഞ്ഞ ചന്ദ്രന്‍ പിടയുന്നത് നോക്കി സുധാകരന്‍ നെടുവീര്‍പ്പിട്ടു. ദാവീദിനെ ഒറ്റക്കുത്തിന് മലര്‍ത്തിയെങ്കില്‍ ഇവന് അരക്കുത്ത് തന്നെ അധികം. സുധാകരന്‍ ഇരുട്ടിലേക്കുള്ള കവാടം തുറന്നുകൊണ്ട് പറഞ്ഞു. 

ഭൂതത്തെപോലെ ആവിപ്പുക ഊതി മരീചികതീര്‍ക്കുന്ന ശിവമണിയുടെ ചായക്കടയിലെ സമാവാറിനരികില്‍ ഇരുമ്പു സ്റ്റാന്റില്‍ റേഡിയോ ''ചക്രവര്‍ത്തിനി...', പാടി. ശിവമണി സമാവാറിന്റെ വശത്തൂടെ നിത്യാഭ്യാസപാടവം കാണിച്ചുകൊണ്ട് മുറുക്കാന്‍ നീട്ടിത്തുപ്പി. മുറ്റത്ത് വിളക്കുവയ്ക്കുകയായിരുന്ന സരസമ്മാള്‍ കണ്ണിറുക്കിക്കൊണ്ട് അയാള്‍ക്ക് അടയാളം കൊടുത്തു. 

കോലത്തില്‍ ചവിട്ടാതെ നടക്കെടോ. ശിവമണി മുറുക്കാന്‍ കവിളിന്റെ ഒരുവശത്തേക്കാക്കി കാറിക്കൊണ്ട് പറഞ്ഞു. 
 
മുട്ടന്‍ തെറിയൊരെണ്ണം നിലത്തുടഞ്ഞ് പൊട്ടി. സരസമ്മാള്‍ കാതുരണ്ടും പൊത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് പോയി. 

കണ്ണ് കാണില്ലെങ്കിലും വീര്യമുള്ള പാമ്പാ ഒറ്റ കൊത്തിന് മൂന്നും കരിവീട്ടി പോലെ കിടക്കും, സൂക്ഷിച്ചേക്കണം. കുരുടനെയും കുരുടിയെയും പറ്റി പണ്ടുകേട്ട കഥയോര്‍ത്ത് ഞാന്‍ പറഞ്ഞു.

ഫ... സുധാകരന്‍ ഒരാട്ട് നീട്ടിയെറിഞ്ഞു. നിന്റെ ജ്ഞാനം കാട്ടാനുള്ള ആ ത്വരയങ്ങ് തുപ്പിക്കളഞ്ഞേര്. അല്ലെങ്കില്‍ ഈ തുരുമ്പ് നിന്റെ പള്ളയ്ക്കിരിക്കും. കത്തി ഇരുട്ടില്‍ മുണ്ടിനിടയിലേക്ക് തിരുകുന്നതിനിടയില്‍ അയാള്‍ പറഞ്ഞു.

''ധൈര്യമാണ് ധനം, അതില്ലാത്തവന്‍ പിണം''. പ്രഭാകരന്‍ വേദാന്തിയായി പരിണമിക്കുക വളരെ പെട്ടന്നാണ്. പൂവിനെ ഉമ്മവയ്ക്കാനും ഞെരിക്കാനും അവന് ഒരേസമയം സാധിക്കും. പഴയകാല ഓര്‍മ്മകളില്‍ നിന്നും ഞാന്‍ അങ്ങിനെയൊരു നിഗമനത്തില്‍ ചെന്ന് നിന്നു. 

ആ പഴയ വീടിന്റെ സ്ഥാനത്ത് കൊട്ടാരമെന്ന് തോന്നത്തക്കവിധമൊരു കെട്ടിടമാണ്. വിശാലമായ ഗേറ്റും കടന്ന് മുറ്റത്തെത്തുമ്പോള്‍ എനിക്ക് ഉറപ്പായിരുന്നു അവന്‍ ഇവിടം വിട്ട് പോയിക്കാണുമെന്ന്. അവന്‍ മുങ്ങിയെന്നാ തോന്നുന്നത് പ്രഭാകരാ. ഞാന്‍ പറഞ്ഞു. 

ഏത് പാതാളസന്നിധിയില്‍നിന്നാണേലും അവനെ നമ്മള് പൊക്കും സുധാകരന്‍ കത്തിയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ച് രണ്ടടി മുന്നോട്ടു നടന്നു. 

ഞാനവിടുത്തെ മരങ്ങള്‍ നോക്കി സ്ഥലമൊന്നുകൂടി ഉറപ്പാക്കുകയായിരുന്നു. 

നിങ്ങള്‍ വരാന്‍ താമസിച്ചപ്പോള്‍ ഇന്നിനി വരവുണ്ടാവില്ലെന്ന് കരുതി. പരോളില്‍ വന്നതൊക്കെ ഞാന്‍ അറിഞ്ഞായിരുന്നു. അങ്ങോട്ട് വന്നു കാണണമെന്ന് ആദ്യം വിചാരിച്ചു. പിന്നെ കരുതി നിങ്ങടെ തിരക്കൊഴിയട്ടെ എന്ന്. എങ്കിലും ഇത്ര നേരവും നിങ്ങള്‍ വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുവായിരുന്നു. പൊടുന്നനെ ഇത്തിരിയുടെ ശബ്ദം തിരശീല നീക്കി കടന്നുവന്നു.  

സുധാകരന്‍ എവിടെ നിന്നാണ് ശബ്ദമെന്ന് മനസ്സിലാവാതെ ഇറയത്തേക്ക് നോക്കി. 

കയറിയിരിക്ക് സുധാകരാ അവരേം കൂട്ടി. ഇത്തിരി ചിരിച്ചു.  

ഞങ്ങള്‍ 'ഇറങ്ങി വാടാ' എന്ന മട്ടില്‍ മുറ്റത്തുതന്നെ നിന്നു. 

'കേറിയിരിക്കെടാ... '.അതൊരലര്‍ച്ചയായിരുന്നു.' 

ഇവിടുന്ന് കൊടുങ്ങല്ലൂരേക്ക് നൂറിന്റടുത്ത് കിലോമീറ്ററുണ്ട്. കാവുതീണ്ടലിന് ഇനി ഏഴെട്ടു മാസമുണ്ട്. എന്നിട്ടും ആ വാചകത്തിലെ ഒറ്റപ്പെട്ട വാക്കില്‍ ഞങ്ങള്‍ ഉമ്മറത്തിണ്ടത്തേക്ക് കയറിയിരുന്നു. കുഞ്ഞന്‍ ഇരിക്കുന്ന കസാരയ്ക്കും ഞങ്ങള്‍ക്കുമിടയില്‍ ദീര്‍ഘചതുരത്തിലുള്ളൊരു ടീപ്പോയി ഉണ്ട്. അവന്റെ ഇടതു വശത്തായി ഒരു പൂച്ച അതിന്റെ ചാരക്കണ്ണുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുരളുന്നുണ്ട്. പൂച്ചയുടെ വലിപ്പത്തില്‍ എനിക്ക് വിശ്വാസക്കുറവുണ്ടായിരുന്നു. പക്ഷെ ഞാനൊന്നും പറയാന്‍ പോയില്ല. വന്ന വിഷയം വഴിമാറിപ്പോവരുതല്ലോ. 

അപ്പൊ, എന്റെ അധ്യായം ഇതോടെ തീരണം. കോടതീല് സാക്ഷിപറയരുത്, അത്രയല്ലേ ഒള്ളു. അതിനിപ്പോ ഒന്നുകൂടെയൊക്കെ ജനിച്ചേച്ച് വരാന്‍ നിനക്കൊക്കെ ഒക്കുവോടാ. ഇത്തിരി അമര്‍ത്തിച്ചിരിച്ചു. 

നീ ആരാന്നാടാ നിന്റെ വിചാരം എന്ന് പറഞ്ഞു തീരുന്നതിന് മുന്‍പ് പൂച്ച പ്രഭാകരന്റെ മുഖത്ത് വരമ്പുകെട്ടി. അയാളുടെ കണ്ണുകളില്‍ ജലം മുറിഞ്ഞു പൊട്ടി.

എന്തെങ്കിലും കുടിക്കാതെങ്ങിനാ? ഒരു മധ്യസ്ഥ ചര്‍ച്ചയൊക്കെയാവുമ്പൊ. ഇത്തിരി അകത്തേക്ക് നടന്നു. പൂച്ച ആ ഇരിപ്പ് തുടര്‍ന്നു. 

ഞങ്ങള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന് വിയര്‍ത്തു. പിന്നെ സുധാകരന്‍ എന്റെ കാതിലേക്ക് കഴുത്തു നീട്ടി ശബ്ദം താഴ്ത്തി പറഞ്ഞു: ''നീ അവനെയങ്ങ് പിറകീന്ന് പിടിക്കണം, പള്ളയ്ക്കിട്ട് താങ്ങുന്ന കാര്യം ഞാനേറ്റു.'' 

പൂച്ച മാര്‍ജാര വംശത്തിനേ പരിചിതമല്ലാത്ത ശബ്ദത്തില്‍ മൂരി നിവര്‍ന്നു. പ്രഭാകരന്‍ നീറ്റലില്‍ തൊട്ടുകൊണ്ട് മിണ്ടാതിരിക്കാന്‍ കണ്ണനക്കി കാണിച്ചു. 

നല്ല മുന്തിയ വീഞ്ഞാ. രണ്ടര പതിറ്റാണ്ട് പഴക്കം ഉറപ്പ്. ആദ്യ ശമ്പളത്തില്‍ നിന്ന് വേടിച്ച പൈനാപ്പിളുകൊണ്ട് ഞാന്‍ തന്നെ ഉണ്ടാക്കിയതാ. 

ഇത്തിരിയുടെ കണ്ണുകളിലെ വെളുത്ത മണികള്‍ അയാളുടെ പറച്ചിലിനോട് യോജിക്കാത്ത വിധം കിടന്ന് ഓടിക്കളിച്ചു. ഞങ്ങള്‍ മടിച്ചു മടിച്ചാണെങ്കിലും പൂച്ചയെ നോക്കിക്കൊണ്ടുതന്നെ അര ഗ്ലാസ്സ് വീഞ്ഞ് അകത്താക്കി. ഒന്ന് ഉഷാറായെന്ന് തോന്നി. ശത്രുവിനെ ഉണര്‍വ് കൊടുത്ത് വെല്ലുവിളിക്കുന്ന ഇവന്‍ ചില്ലറക്കാരനല്ലല്ലോ എന്ന് മനസ് പറയുന്നുണ്ടെങ്കിലും ഞാനതിനെ പ്രസിദ്ധപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു. ഈ നിന്നെയാണോ ഇത്തിരീ, കൂട്ടിയ കണക്കൊക്കെ നിന്റെ കാര്യത്തില്‍ പിഴച്ചല്ലോ.  

എടാ കഴുവേറികളെ, മൂന്നിനേം ഒരേ സമയം പരോളിലിറക്കാന്‍ ഞാനെത്ര ചൊളയെറിഞ്ഞെന്നോ. പിന്നെ നിങ്ങള് മറിച്ച ആ സ്ഥലമിപ്പൊ, ദാവീദ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളാണ്. നിങ്ങള്‍ക്കിട്ട് എട്ടിന്റെ പണിയും തന്ന് നിങ്ങളെ കൊണ്ടുതന്നെ അയാളെയങ്ങ് യമപുരിയിലേക്ക് അയക്കാമെങ്കില്‍, സാക്ഷി പറയാനാണോ പാട്. 

പൂച്ച അസാധാരണ സാഹചര്യത്തില്‍ അസാധാരണമാം വിധം ഒന്ന് കരഞ്ഞു. 

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

''ആളെ പരിചയമുണ്ടോ സ്‌കൂളിന്റെ മാനേജരും കമ്പനിയുടെ എംഡിയുമാണ.്'' 

ഇത്തിരി ചൂണ്ടിയ ദിക്കിലെ ജനലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ കൃഷ്ണ കൈമളിന്റെ തളര്‍ന്ന ഉടലില്‍നിന്നും നാക്ക് കുഴഞ്ഞ തല എന്തോ പറയാനൊരുങ്ങി, വീണ്ടും ഉറക്കത്തിലേക്ക് മറിഞ്ഞു.  

പ്രഭാകരനാണ് ആദ്യമിറങ്ങിയത്, പിമ്പെ ഞങ്ങളും. 

കുറെ ദൂരം ആ പൂച്ചേടെ ശബ്ദവും അണപ്പും ഞങ്ങളുടെ കാതുകളിലുണ്ടായിരുന്നു. 

വാര്‍ഡന്‍ ഉറങ്ങിയിരുന്നില്ല: എന്തെരടെ നേരത്തെ, അങ്ങ് പോയല്ലേ ഒള്ളു. ജെയിലെന്തെടെ നെന്റെയൊക്കെ തന്തയുടെ വകയാ, തെക്കുനിന്നും വടക്കോട്ടുവന്ന കേരളത്തിന്റെ ഭൂപടംപോലത്തെ അയാളുടെ മീശ കിടന്ന് വിറച്ചു. 

അതിന് മറുപടിയൊന്നും പറയാന്‍ ഞങ്ങള് മിനക്കെട്ടില്ല. 

തെയ്യത്തിന്റെ പുറപ്പാട് കൊട്ടല്‍ അന്തരീക്ഷത്തിലാകെ പരന്നൊഴുകുന്നുണ്ടായിരുന്നു...