ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മണികണ്ഠന്‍ അണക്കത്തില്‍ എഴുതിയ ചെറുകഥ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

സെക്കന്‍റ് ഷോ കഴിഞ്ഞുവരുന്ന വഴിയരികേയാണ് ആദ്യമായി ഞാന്‍ അവരെ കാണുന്നത്. വളരെ മെലിഞ്ഞ് ഉയരത്തില്‍, സാരിയുടുത്ത ഒരു സ്ത്രീ. വെളുത്ത നിറമുള്ള ആ സ്ത്രീയുടെ തലമുടി എണ്ണതേച്ചു മിനുക്കിയത് പോലെയായിരുന്നു. ചെവികള്‍ക്കരികില്‍ നിന്നും അല്പം മുടിയെടുത്ത് മെടഞ്ഞ് പിന്‍ഭാഗത്തെ മുടി ഒതുക്കിവെച്ചിരുന്നു.

അന്ന്, ആരെയോ പ്രതീക്ഷിച്ചെന്ന പോലെയാണ് ആ സ്ത്രീ അവിടെ നിന്നിരുന്നത്. നാഷണല്‍ ഹൈവേയിലെ നാലും കൂടിയ റോഡരികില്‍ ഈ അര്‍ദ്ധരാത്രിയില്‍ ആരെയാണ് അവര്‍ കാത്തുനില്ക്കുന്നത്? ആ സ്ത്രീയ്ക്ക് ഉയരക്കൂടുതലുള്ളതിനാലോ അതോ, അവരുടുത്തിരുന്ന പഴയസാരിയ്ക്ക് വീതി കുറഞ്ഞതിനാലോ എന്തോ, അവരുടെ കണങ്കാലിലെ കിലുങ്ങുന്ന കൊലുസുകള്‍ക്കും മേലേയായാണ് സാരി ഞൊറിഞ്ഞിട്ടിരുന്നത്. സിനിമ കഴിഞ്ഞ് തിരികെ പോകുന്ന പുരുഷന്മാരില്‍ അവര്‍ അര്‍ത്ഥം വെച്ച നോട്ടമെറിയുന്നുണ്ടായിരുന്നു.

'അവള്‍ പിശകുതന്നെ.'

എന്‍റെ മനസ്സു മന്ത്രിച്ചതാണെങ്കിലും ശബ്ദം പുറത്തുവന്നോ എന്നു സംശയം തോന്നി. മാറുമറയ്ക്കുന്ന ചേലയെ അവള്‍ മാറിനിടയിലൂടെ ഒതുക്കി തോളിലേയ്ക്ക് വലിച്ചിടുന്നുണ്ടായിരുന്നു.

എനിക്ക് മുമ്പേ പോയ ചിലരൊക്കെ അവളെ നോക്കി എന്തൊക്കെയോ പരിഹസിക്കുന്നത് കേട്ടു. ആളൊഴിഞ്ഞ പീടികത്തിണ്ണയുടെയരികില്‍ പ്രതീക്ഷയോടെ അവള്‍ കാത്ത് നില്പുണ്ട്.

ആവശ്യക്കാരനെ തേടുകയാവാം. അവരില്‍നിന്ന് ഏറെ ദൂരെയെത്തിയിട്ടും ഇടയ്ക്കിടെ ഞാന്‍ തിരിഞ്ഞുനോക്കി.

'ആരായിരിക്കും ഇന്നത്തെ ഇര? ഇരയോ അതോ, വേട്ടക്കാരനോ? ഏയ്, ഇല്ല. ഇവിടെ ഇരയുമില്ല, വേട്ടക്കാരനുമില്ല. പകരം ആവശ്യക്കാര്‍ മാത്രമാണുള്ളത്.'

അതെ. അവരെ ആവശ്യമുള്ളവരും അവര്‍ക്കാവശ്യമുള്ളവരും. പക്ഷേ, ഒന്നു വ്യക്തമാണ്. സ്വന്തം ശരീരസുഖത്തിനല്ല മറിച്ച്, പട്ടിണിമാറ്റാനോ, ഒരു നേരത്തെയെങ്കിലും വിശപ്പടക്കാനോ ആയിരിക്കും അവള്‍ ഈ രാത്രിയില്‍ തെരുവിലെത്തിയത്.

പിന്നീട് പലപ്പോഴും ഞാന്‍ അവളെ അതേയിടത്തോ പരിസരങ്ങളിലോ കണ്ടിട്ടുണ്ട്. ചില പകല്‍വേളയിലും അവള്‍ അതുവഴി തിരക്കുപിടിച്ച് നടക്കുന്നത് കാണുവാനിട വന്നിട്ടുണ്ട്. കൈയില്‍ ചെറിയൊരു തുണിസഞ്ചിയില്‍ എന്തെങ്കിലുമായാണ് പകല്‍ അവളെ കണാറുള്ളത്.

ഒരു ദിവസം ആ കവലയിലെ ആളൊഴിഞ്ഞ കടയുടെ പിറകുവശത്ത് അവള്‍ അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടു.

'ഓ, അവളിവിടെയാണോ താമസം? അവള്‍ക്ക് വീടില്ലേ? ഇത്രയുംകാലം അവളെവിടെയായിരുന്നു താമസിച്ചിരുന്നത്?'

അനാവശ്യമെന്ന് തോന്നിയേക്കാമെങ്കിലും, ഇത്തരം ചിന്തകള്‍ എന്നിലേക്ക് ചേക്കേറാന്‍ തുടങ്ങി.

നാളുകള്‍ പലതും പിന്നിട്ടു. വീണ്ടുമൊരിക്കല്‍ കാണുമ്പോള്‍, അവള്‍ ഗര്‍ഭിണിയായിരുന്നു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിശ്ശബ്ദം അവള്‍ നോക്കിനിന്ന്, വീണ്ടും തിരിഞ്ഞുനടക്കുന്നത് ഞാന്‍ കണ്ടു. ആരോ അവളില്‍ മറ്റൊരു ജീവന്‍റെ വിത്തുപാകിയിരിക്കുന്നു. വിശന്നിട്ടാവാം, അവള്‍ അങ്ങനെ നിന്നത്.

അവള്‍ക്ക് എന്തെങ്കിലും കഴിയ്ക്കാന്‍ വാങ്ങിക്കൊടുത്താലോ. മനസ്സ് മന്ത്രിച്ചു. ഏയ്, വേണ്ട. ആരെങ്കിലും കണ്ടാല്‍ തെറ്റിദ്ധരിക്കും. ഞാനും അവളുടെ നഗ്‌നതയെ മുതലെടുത്തിട്ടുണ്ടെന്ന് കരുതിയേക്കാം. എങ്കിലും മനസ്സില്‍ അവളുടെ നില്‍പ്പ് ദയനീയതയുടെ നേര്‍ക്കാഴ്ചയായി അവശേഷിച്ചു.

'ആ സ്ത്രീ ഇങ്ങോട്ട് തന്നെ നോക്കിനില്‍പുണ്ട്.' ഹോട്ടലില്‍ നിന്ന് ചായയും വടയും കഴിച്ച് പൈസ ഹോട്ടലുടമയെ ഏല്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.

'ആ, ഞാന്‍ ഇടയ്ക്ക് എന്തെങ്കിലും കൊടുക്കാറുണ്ട്. അതാ.'

'അതിന് വീടില്ലേ?'

'ഏയ്. അകല്യെങ്ങാണ്ടായിരുന്നു ആ പെണ്ണിന്‍റെ വീട്. വീട്ടീന്ന് പ്രേമിച്ചോന്‍റെ കൂടെ എറങ്ങിപ്പോന്നതാ. കൊറച്ചൂസം അതിനേം കൊണ്ട് ചുറ്റി, അവന്‍റെ പൂതി മതിയായപ്പൊ ഏതോ ഒരു അമ്പലത്തിന്‍റ അടുത്താക്കി പോയി. പിന്നെ വന്നില്ല.'

മനസ്സില്‍ സഹതാപം കൂടിവന്നു.

'ഇപ്പോ ഗര്‍ഭിണിയാണല്ലോ.'

'ഉം. അതിപ്പൊ ആരെട്യാന്ന് അവക്കുതന്നെ നിശ്ചയണ്ടാലിവില്ല്യ.'

'ചേട്ടന്‍ അവര്‍ക്കെന്തെങ്കിലും കഴിക്കാന്‍ കൊടുക്ക്. കാശു ഞാന്‍ തരാം.''

'അതുവേണ്ട. ഞാന്‍ കൊടുത്തോളാം.'

'എന്നാല്‍, അതോടൊപ്പം ഈ നൂറുറുപ്യ അവര്‍ക്ക് കൊടുക്കണം. കാശിനും, എന്തെങ്കിലും ആവശ്യം കാണില്ലേ?'

നൂറുരൂപ കടക്കാരനെയേല്പിച്ച് പോരുമ്പോള്‍, അവളുടെ മറ്റൊരു ചിത്രമായിരുന്നു മനസ്സില്‍. സ്വപ്നങ്ങളും പ്രതീക്ഷകളുമായിക്കഴിഞ്ഞ അവളുടെ പഴയചിത്രം!

ആരും സ്വയം ഈ തൊഴിലിനിറങ്ങില്ല. സാഹചര്യങ്ങളാണ് അതിനുത്തരവാദി. ചതിക്കുഴികളോ, നിവൃത്തികേടോ ആയിരിക്കാം, തെരുവിന് മക്കളെ സമ്മാനിക്കുന്നത്.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അവളെ കാണുമ്പോള്‍ ഒരു കുഞ്ഞുകൂടി അവളുടെ വിരല്‍ത്തുമ്പില്‍ പിടിച്ചു നടപ്പുണ്ടായിരുന്നു; ഒരാണ്‍കുട്ടിയാണ്. ഏകദേശം മൂന്ന് വയസ്സു പ്രായമുണ്ട്.

ഭാഗ്യം! അവള്‍ക്കൊരു ആണ്‍കുഞ്ഞിനെയാണല്ലോ ഈശ്വരന്‍ നല്കിയത്! അതു നന്നായി. അതൊരു പെണ്‍കുഞ്ഞായിരുന്നുവെങ്കില്‍! ചിന്തിക്കാന്‍കൂടി വയ്യ. എന്തെല്ലാം കാമപ്പേക്കൂത്തുകളാണ് നിത്യേനയെന്നവണ്ണം പത്രങ്ങളില്‍ അച്ചടിച്ചുവരുന്നത്. അവള്‍ എന്‍റെ ആരുമല്ലെങ്കിലും, എന്‍റെ ആരെയോ ദൈവം രക്ഷിച്ചു എന്ന തോന്നലാണാദ്യം ഉദിച്ചത്. എന്നാല്‍ ആ തോന്നലിന് ആയുസ് ക്രമേണ കുറഞ്ഞുവന്നു.

ആ കുഞ്ഞിനെ അവളെങ്ങനെ വളര്‍ത്തും? പതിവുപോലെ രാത്രിയില്‍...? അവളെ കാണാറുള്ള പീടികയുടെ പുറകുവശത്തേയ്ക്ക് എന്‍റെ ദൃഷ്ടികള്‍ പാഞ്ഞു. അവിടെ മരച്ചില്ലയില്‍, സാരി വലിച്ചുകെട്ടിയ നിലയില്‍ ഒരു തൊട്ടില്‍ കാണപ്പെട്ടു. കൂടാതെ, കടയോട് ചേര്‍ന്ന് ഒരു മറയും. മരത്തണലിലായി ഒരു അടുപ്പുമുണ്ട്.

ഇല്ല. അവള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല, ഒരു കുഞ്ഞുണ്ടായി എന്നതൊഴികെ. ആ നാട് മുഴുവന്‍ പരിഹാസപൂര്‍വ്വം അവളെക്കുറിച്ച് പറഞ്ഞു. പകല്‍വെട്ടത്തില്‍ പരിഹാസശരങ്ങളെയ്തവര്‍ തന്നെ അന്തിക്കൂട്ടിന് അവളെ സമീപിച്ചു. മുമ്പ് ഏതോ കഥയില്‍ വായിച്ചത് പോലെ, ഇടത് കരത്താല്‍ കുഞ്ഞിനെയുറക്കാന്‍ തൊട്ടിലാട്ടിക്കൊണ്ട് അന്യപുരുഷന്‍റെ രതിവൈകൃതങ്ങള്‍ക്ക് അവള്‍ വഴങ്ങിയിരിക്കാം. ഇടയ്‌ക്കെങ്ങാനും ആ കുഞ്ഞുണര്‍ന്ന് കരഞ്ഞാല്‍!

'കുറച്ചുകൂടി വലുതായാലറിയാം, അത് ആരുടെ വിത്താണെന്ന്. ആരുടെയായാലും അത് നല്ല വഴിയ്ക്കാവാന്‍ സാദ്ധ്യതയില്ല. ഇവളുമാരുടെയടുത്തൊക്കെ പോകുന്നവന്‍ അത്ര തെളിഞ്ഞ പുള്ളിയൊന്നുമാവില്ലല്ലോ?'

ജനസംസാരം അങ്ങനെ പലവഴിയ്ക്ക് നീണ്ടുപോയി.

ഒരു ദിവസം ഞാന്‍ വീണ്ടും ആ കവലയില്‍ ചെന്നു. ചായ കുടിക്കാന്‍ കയറിയപ്പോഴേ കടക്കാരന് എന്നെ ഓര്‍മ്മവന്നു.

'ഈ വഴി വന്നിട്ട് കുറേയായല്ലോ? നാട്ടിലുണ്ടായിരുന്നില്ലേ?'- അയാള്‍ ചോദിച്ചു.

'ഇല്ല, ഞാന്‍ ദുബായിലായിരുന്നു. ഇപ്പോള്‍ ലീവിന് വന്നതാ.'

'ആ സ്ത്രീയ്ക്ക് ആണ്‍കുഞ്ഞാണല്ലേ?' ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.

'ഏത്? ആ... മറ്റേത്. അതെ. ഏതോ കൊള്ളാവുന്നവന്‍റെ വിത്താണെന്നാ തോന്നുന്നത്. നല്ല ചെറുക്കന്‍.'

'ഇപ്പോഴും അവള്‍ ഈ കടയില്‍ വരാറുണ്ടോ?'

'ആ, ഇടയ്ക്കുവരും. കൂടെ ആ ചെറുക്കനും കാണും.'

'ഏതെങ്കിലും അനാഥാലയത്തില്‍ ചേര്‍ക്കാനാകില്ലേ, ആ കുട്ടിയെ?'

'ആ, അവളെന്തെങ്കിലും കാണിക്കട്ടെ. നമ്മളെന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടിറങ്ങിയാല്‍പ്പിന്നെ അതുമതി പൊല്ലാപ്പിന്. നാട്ടുകാര് പറയും കൊച്ചന്‍ എന്‍റെതാണെന്ന്. എന്തിനാ ആ പുലിവാലിന് പോകണത്?'

മറുത്തെന്തെങ്കിലും പറയാനായില്ല. അയാളുടെ സംസാരത്തിലെ ധ്വനി എനിക്ക് മനസ്സിലായി. പിന്നീട് യാതൊന്നും ഞങ്ങള്‍ സംസാരിച്ചില്ല; പിന്നീടൊരിയ്ക്കലും.

കുഞ്ഞേ, നിന്‍റെ വിധി ഇങ്ങനെയായിരിക്കാം. ഞാനും ഈ സമൂഹത്തിലെ ഒരു സാധാരണക്കാരനാണ്. ആരുടെയും വായ് മൂടിക്കെട്ടാന്‍ എനിക്കാവില്ല. തിരികെ നടക്കുമ്പോള്‍ കഥയിലെ ചിത്രമായിരുന്നു മനസ്സുനിറയെ.

പിന്നെയും ഋതുക്കള്‍ മാറിവന്നു. ബസ് യാത്രകള്‍ കുറവായി. ടൂവീലറുകളും ആഡംബരക്കാറുകളും നിരത്തിനെ കൈയടക്കി. കവലകള്‍ക്ക് മാറ്റം സംഭവിച്ചു. ഷോപ്പിങ് മാളുകളും ബഹുനിലക്കെട്ടിടങ്ങളും ഹൈവേയെ മോടിപിടിപ്പിച്ചു. നാടിന്‍റെ മാറ്റങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ വിധിക്കപ്പെട്ടലരിലൊരാളായിരുന്നു ഞാനും.

ഒരു ദിവസം അതേ സ്ഥലത്ത് കൂടി കാറില്‍ യാത്ര ചെയ്യവേ ഞാന്‍ അവളെ തിരഞ്ഞു. പക്ഷേ, പഴയ കടകളൊന്നും ഇപ്പോഴില്ല. വല്ലാത്ത മാറ്റം ആ പരിസരത്ത് ദൃശ്യമായി. അവളെ കാണാറുള്ള സ്ഥലം ഏതാണെന്ന് പോലും എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. അവള്‍ എന്‍റെ ആരുമല്ലായിരുന്നുവെങ്കിലും എന്തുകൊണ്ടോ, വല്ലാത്ത നിരാശതോന്നി. അവളിപ്പോള്‍ ഏതു തെരുവിലായിരിക്കും? അവളുടെ മകന്‍ വളര്‍ന്ന് വലുതായിരിക്കും. അവനിപ്പോള്‍ എന്തെങ്കിലും ജോലി ചെയ്ത് അമ്മയെ സംരക്ഷിക്കുകയായിരിക്കുമോ? അതോ.. ആ കുഞ്ഞിനെന്തെങ്കിലും...? മനസ്സ് വീണ്ടും അസ്വസ്ഥമായി.

ആ കടക്കാരനെ തിരഞ്ഞു കണ്ടുപിടിക്കണം. ഈ കെട്ടിടങ്ങളിലൊന്നില്‍ അയാളും ഉണ്ടായേക്കാം. ഹോട്ടലുകളിലെല്ലാം കയറിനോക്കണം. കാണാതിരിക്കില്ല.

ഒരു ജ്വല്ലറിയുടെ പാര്‍ക്കിങ്‌ സ്‌പേസില്‍ ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തിറങ്ങി. അധികം തിരയേണ്ടി വന്നില്ല. ഞാന്‍ കയറിയ രണ്ടാമത്തെ ഹോട്ടല്‍ അയാളുടേതായിരുന്നു. ആ ഹോട്ടലിന്‍റെ ക്യാഷ് കൗണ്ടറിന് മുകളില്‍, ചുവരിലായി മാലചാര്‍ത്തിയ അയാളുടെ ചിത്രമുണ്ടായിരുന്നു. നിരാശയോടെയാണ് ഞാന്‍ ഒരു ചായ മാത്രം ഓര്‍ഡര്‍ ചെയ്തത്.

'കഴിക്കാന്‍ എന്താ വേണ്ടത്?'

ഏകദേശം ഇരുപത്തഞ്ച് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു. അപ്പോഴാണ് ആ ചെറുപ്പക്കാരന്‍റെ മുഖം പരിചിതമായി തോന്നിയത്. ഇവനെ ഞാന്‍ എവിടെയോ മുമ്പ് കണ്ടിട്ടുണ്ടല്ലോ. എവിടെയാണ്...?

'ഒരു വെജിറ്റബിള്‍ കട്ട്‌ലെറ്റ് തരൂ.'

ആ ചെറുപ്പക്കാരന്‍ നേരേ പോയത് കിച്ചണ്‍ സൈഡിലേക്കിയിരുന്നു. അതിനഭിമുഖമായാണ് ഞാന്‍ ഇരുന്നുത്. അധികം ദൂരമില്ലാത്ത ആ കിച്ചണിലെ പാചകക്കാരുടെ സംസാരവും എനിക്ക് കേള്‍ക്കാമായിരുന്നു.

'അമ്മേ, വെജിറ്റബിള്‍ കട്ട്‌ലെറ്റായില്ലേ ഇതുവരെ? ആള്‍ക്കാര് ചോദിച്ച് തുടങ്ങി.'

'ഇപ്പത്തരാ മോനെ. ഒരഞ്ച് മിനിറ്റിരിക്കാന്‍ പറയ്.'

ആ സ്ത്രീശബ്ദം അവന്‍റെ അരികിലേക്കുവന്നു പറഞ്ഞു. ഒരു നിഴല്‍പോലെ ആ സ്ത്രീരൂപം ഞാന്‍ കണ്ടു. ഉയരത്തില്‍, മെലിഞ്ഞ് വെളുത്ത നിറമുള്ള മുടിനരച്ച് തുടങ്ങിയ ഒരു സ്ത്രീ.

അത് അവളായിരുന്നു. എന്തിനെന്നറിയാതെ ഇത്രയും നാള്‍ ഞാന്‍ തിരഞ്ഞ് നടന്ന ആ പേരില്ലാത്തവള്‍. ഇതുവരെ കൊണ്ടുനടന്ന പഴയ ചിത്രത്തിന് പകരം ആ പുതിയ ചിത്രം എന്‍റെ മനസ്സില്‍ സ്ഥാനം പിടിക്കുകയായിരുന്നു. അതോടൊപ്പം, മാല ചാര്‍ത്തിയ നിലയില്‍ കാണപ്പെട്ട ആ ഹോട്ടലുടമയുടെ ചിത്രവും. ചിലര്‍ അങ്ങനെയാണ്. വാക്കുകളേക്കാള്‍ പ്രവൃത്തിയ്ക്ക് മുന്‍തൂക്കം കല്പിക്കുന്നവര്‍. മനസ്സിലെ നന്മ വറ്റാത്തവര്‍!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...